ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല ആഹ്ലാദിപ്പിക്കുന്നതാണെന്ന കുട്ടിക്കൃഷ്ണമാരാരുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരു നിമിഷം സര്‍വ്വതന്ത്രസ്വതന്ത്രമായി നമ്മുടെ ആത്മാവ് അനുഭവിക്കുന്ന അവാച്യമായ അനുഭൂതി കലാദര്‍ശനം നമുക്ക് സമ്മാനിക്കുന്നുവെന്ന് ഭാരതീയ സൗന്ദര്യദര്‍ശനം പറയുന്നു. ഹൈമന്‍, മമ്മടന്‍, വിശ്വനാഥന്‍, ധനഞ്ജയന്‍ തുടങ്ങിയ പ്രാചീന സൗന്ദര്യശാസ്ത്രകാരന്മാരുടെ ഐകകണ്ഠ്യമായ അഭിപ്രായം കലയുടെ വീണക്കമ്പികളില്‍ ആധ്യാത്മികത തുളുമ്പുന്നുവെന്നത്രെ.

മറ്റേത് ദര്‍ശനത്തിലേതുമെന്നപോലെ കലാദര്‍ശനത്തിന്റെ മൂലവും ഭാരതത്തില്‍ വേദംതന്നെ. ത്രേതായുഗത്തില്‍ ധര്‍മ്മം നഷ്ടമായ ജനങ്ങളില്‍ ധര്‍മ്മ പ്രക്ഷേപം നടത്തുവാന്‍വേണ്ടിയാണ് ബ്രഹ്മാവ് നാട്യശാസ്ത്രം രചിച്ചതെന്ന് നാട്യശാസ്ത്രത്തില്‍ ഭരതമുനി ചൂണ്ടിക്കാട്ടുന്നുണ്ട്. നാലു വേദങ്ങളെ ആശ്രയിച്ചാണത്രെ ഇതുണ്ടാക്കിയത്. ഭരതമുനി ഇത് വ്യക്തമാക്കുന്നത് കാണുക. ധര്‍മ്മത്തെ സാധിക്കുന്നതും അര്‍ത്ഥിക്കപ്പെടത്തക്കതും കീര്‍ത്തിയുണ്ടാക്കുന്നതും ഉപദേശങ്ങളുള്‍ക്കൊള്ളുന്നതും പ്രത്യക്ഷമായി കാണാവുന്നതുകൊണ്ട് വ്യക്തമായി മനസ്സിലാക്കാവുന്നതും ഭാവിലോകത്തിന് എല്ലാ കര്‍മ്മങ്ങളേയും തുടര്‍ച്ചയായി കാണിച്ചുകൊടുക്കുന്നതും നൃത്തഗീതവാദ്യാദികളായ സകല ശാസ്ത്രങ്ങളും ചേര്‍ന്നതും ചിത്രം, കൊത്തുപണി മുതലായ സര്‍വ്വ ശില്പങ്ങള്‍ക്കും പ്രോത്സാഹനം കൊടുക്കുന്നതും ഇതിഹാസ വിശേഷങ്ങളെ അവലംബിക്കുന്നതുമായ നാട്യം എന്ന അഞ്ചാമത്തെ വേദം താന്‍ രചിക്കുന്നുവെന്ന് (നാട്യശാസ്ത്രം 1.15) ഭരതമുനി പ്രഖ്യാപിക്കുന്നു. ഇത് ഓരോ വേദത്തില്‍നിന്നും ഓരോ വസ്തുതകള്‍ സ്വീകരിച്ചാണ് നിര്‍മ്മിച്ചത്. ‘ഋഗ്വേദത്തില്‍നിന്ന് ഇതിവൃത്തവും സാമവേദത്തില്‍നിന്ന് സംഗീതവും യജുര്‍വേദത്തില്‍നിന്ന് അഭിനയഭേദങ്ങളും അഥര്‍വവേദത്തില്‍നിന്ന് രസങ്ങളുമെടുത്താണ് നാട്യവേദം തീര്‍ത്തത്.” (നാട്യശാസ്ത്രം -1.17)

ഭാരതീയ കലയിലെ പ്രാണന്‍ രസമാണ്. രസമില്ലാതെ ഒരു സംഗതിയും നടക്കുന്നില്ലെന്നും ഭരതമുനി പ്രസ്താവിക്കുന്നു. ഇവിടെ രസമെന്താണെന്ന ചോദ്യം ഉയര്‍ന്നുവരാം. ആസ്വദിക്കപ്പെടുന്നത് രസം. രസം ബ്രഹ്മമാണെന്ന് തൈത്തിരീയോപനിഷത്ത് പറയുന്നു. കലാസ്വാദനത്തിലൂടെ പ്രാപിക്കുന്നതും ബ്രഹ്മാനന്ദംതന്നെ. രസം വിഷയനിഷ്ഠമല്ല മറിച്ച് ആത്മനിഷ്ഠമാണ്. രസാനുഭൂതിയുടെ സ്വരൂപം തന്മയീഭാവമാണ്. തന്മയീഭാവമാകട്ടെ വിഷയത്തിന്റെ ആത്മാകാരമായ പരിണാമവും. ഈ തന്മയീഭാവത്തില്‍ ചിത്തം ആത്മാവില്‍ വിശ്രാന്തിയടയുന്നു. രസാനുഭൂതിയുടെ സ്വരൂപം സംവിത് വിശ്രാന്തിയാണെന്ന് അഭിനവഗുപ്തന്‍ പറയുന്നു. അഖണ്ഡമായ സ്വസ്വരൂപമാണ് ‘സംവിത്’.

സംവിത് വിശ്രാന്തിയാണ് രസാനുഭൂതിയെങ്കില്‍ സ്വാഭാവികമായി ആത്മനിരുപാധികമെന്നപോലെ കലയും ദേശകാലനിരപേക്ഷകമായിരിക്കേണ്ടതാണ്. എന്നാല്‍ പാശ്ചാത്യവും ഭാരതീയവുമായ കലകള്‍ക്കു തമ്മില്‍ അന്തരം കാണുന്നവരുണ്ട്. സഹജാവബോധത്തില്‍നിന്ന് ഉത്പന്നമാകുന്ന കലയ്ക്ക് പ്രധാനമായും നാലു വഴിക്ക് വ്യത്യാസങ്ങള്‍ വരാമെന്ന അരവിന്ദഘോഷിന്റെ കണ്ടെത്തല്‍ ഈ അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ ഹേതു വ്യക്തമാക്കുന്നു. അവ (1) ബാഹ്യരൂപവും സങ്കേതവും വഹിക്കുന്ന പങ്ക്, (2) സഹജജ്ഞാനത്തിന് വിഷയമാകുന്ന വസ്തു. (3) അതിന്റെ കാഴ്ചയും ധ്വനിയും നിര്‍വ്വഹണത്തില്‍ കൊണ്ടുവരുന്ന രീതി. (4) മനുഷ്യ മനസ്സിലേയ്ക്ക് വിനിമയം ചെയ്യുന്ന രീതി എന്നിവയാണ്.

പ്രകൃതിയിലോ ജീവിതത്തിലോ ഉള്‍പ്പെടുന്ന ബാഹ്യരൂപങ്ങളാണ് യൂറോപ്യന്‍ സഹജജ്ഞാനത്തിന്റെ പ്രമേയമാകുന്നത്. വികാരനിര്‍ഭരതയുടെയും ഭാവനയുടെയും ബുദ്ധിയുടെയും ചമയം ചാര്‍ത്തിയാണ് യൂറോപ്യന്‍ കലയുടെ നിലനില്‍പ്പ്. യൂറോപ്പിന്റെ വീക്ഷണം – ജീവിതവും കര്‍മ്മവും പ്രകൃതിയും ആശയവും അവയ്ക്കുവേണ്ടിതന്നെയാണെന്നും അവയില്‍നിന്ന് സൗന്ദര്യാനുഭൂതി ഉളവാകുന്നുവെന്നുമാണ്. ആത്മാവിന്റെ സുചേതന കലയുടെ പൂര്‍ണ്ണതയ്ക്ക് അന്തര്യാമിയായി നിലകൊള്ളേണ്ടതില്ലെന്ന വിചാരമാണ് യൂറോപ്യന്‍ കലയ്ക്കുള്ളത്. എന്നാല്‍ ഭാരതീയകലയ്ക്ക് ഇതര ഭാരതീയ സംസ്‌കാരമെന്നപോലെ ആധ്യാത്മികത അതിന്റെ പ്രാണനാണ്. ശ്രീ. രാമാനുജ ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നത് കാണുക- ‘ആത്യന്തികസത്യത്തെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായി കല എപ്പോഴും കണക്കാക്കപ്പെട്ടിരുന്നു. വീക്ഷണത്തില്‍ ആധ്യാത്മികവും ആവിഷ്‌കരണത്തില്‍ ആദര്‍ശനിഷ്ഠവും വ്യാഖ്യാനത്തില്‍ ഉദാത്തവുമാണത്. ഐന്ദ്രികസുഖത്തിന്റെ കാര്യം മാത്രമല്ല അത്. അത് പ്രഭുക്കന്മാരുടെ ആഡംബരവുമല്ല. കേവലം വിനോദത്തിനുള്ള വല്ലതും എന്നതില്‍ കവിഞ്ഞ് അതിന് ആഴത്തിലുള്ള ഒരു ഉദ്ദേശ്യവുമുണ്ട്. ഭക്തിയും ജ്ഞാനവും പ്രേമവുംപോലെ മാനവപുരോഗതിക്ക് അനുപേക്ഷണീയമായി അത് കരുതപ്പെട്ടുപോന്നു.” (Basic Principles of Indian Art. P.P. 137-38) ഇവിടെ ഈശ്വരചിന്തകളുടെ കേവലമായ പ്രതിഫലനം മാത്രമാണ് ബാഹ്യപ്രതിഭാസങ്ങള്‍. വസ്തുതകളെ യഥാര്‍ഥ രൂപത്തില്‍ കാണുക ആവശ്യമാണെന്നിരിക്കെ കലാകാരന് പ്രാതിഭാസികലോകത്തിനും അപ്പുറത്തുള്ള പാരമാര്‍ത്ഥിക സത്യത്തെ സാക്ഷാത്കരിക്കലാണാവശ്യം. കലാകാരന്റെ ദര്‍ശനത്തില്‍ സര്‍വ്വ വസ്തുക്കള്‍ക്കും നവമായ ഒരു അര്‍ത്ഥമുണ്ട്. കലാകാരനുവേണ്ടി ഈ വസ്തുക്കളുടെ കൈവശം ഒരു സന്ദേശമുണ്ടെന്ന് അയാള്‍ ഗ്രഹിക്കുന്നു. തന്റെ കലാസൃഷ്ടിയിലൂടെ കലാകാരന്‍ ദീപ്തമാക്കുന്നത് ഈ സന്ദേശമാണ്. ഇതാണ് ഭാരതീയ മതം. ഈ ദീപ്തമായ ആത്മീയ സന്ദേശം യൂറോപ്യന്‍ കലകളില്‍ സ്പന്ദിക്കുന്നില്ലെന്ന് വ്യക്തമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ പ്രദര്‍ശനമാണ് ഇവിടെ കല. അതുകൊണ്ടുതന്നെ ഇതര കലകളില്‍നിന്ന് വേര്‍തിരിച്ചുകാണിക്കുന്ന ആധ്യാത്മിക സമ്പ്രദായം അതിന്നുണ്ട്. ഇത് അരവിന്ദ മഹര്‍ഷി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഏതു ദര്‍ശനത്തെയും ജീവിതദര്‍ശനമായി ഉള്‍ക്കൊണ്ട് ഈശ്വരസാക്ഷാത്കാരം മുഖ്യമായ ലക്ഷ്യമായിത്തീരുന്ന ഭാരതീയ സാംസ്‌കാരിക പ്രഭാവം സൗന്ദര്യശാസ്ത്രത്തെയും ആ അങ്കി എടുത്തണിയിക്കുന്നുവെന്നര്‍ത്ഥം. സംഗീതവും കലയും എത്രയോ ആത്മാക്കളിലൂടെ ഒഴുകി അവയെ പവിത്രതരമാക്കി. ഭരതമുനി നാട്യത്തിലൂടെ മോക്ഷത്തെ പ്രാപിച്ചപ്പോള്‍ ത്യാഗരാജന്‍ സംഗീതത്തിലൂടെ പരമപദം പൂകി. സത്യം – ശിവം – സുന്ദരം- ഭാരതീയ ദര്‍ശനത്തിലെ ഉണ്മയുടെ നിര്‍വചനത്തില്‍ ഈ സത്യമെല്ലാം ഉള്‍ക്കൊള്ളുന്നു. അതാണ് നമ്മുടെ സൗന്ദര്യശാസ്ത്രത്തിന്റെ സന്ദേശവും.

Leave a Reply

Your email address will not be published. Required fields are marked *