Sanatana Dharmapadavali – Part 9
പലര്‍ക്കുമുള്ള ഗൗരവമായ സംശയമാണ് സ്ത്രീകള്‍ക്ക് ഗായത്രീമന്ത്രം ചൊല്ലാമോ? സ്ത്രീകള്‍ക്ക് വേദം പഠിക്കാമോ? സ്ത്രീകള്‍ക്ക് യജ്ഞം ചെയ്യാമോ? എന്നെല്ലാം എന്താണിതിന്റെ യാഥാര്‍ത്ഥ്യം? സ്ത്രീകള്‍ വേദം പഠിക്കരുതെന്ന് വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ, ആരണ്യകങ്ങളിലോ, ബ്രാഹ്മണങ്ങളിലോ പറഞ്ഞിട്ടുണ്ടോ? വേദങ്ങളേ സംബന്ധിച്ചും വൈദിക മന്ത്രങ്ങളേ സംബന്ധിച്ചും ഏറ്റവും വലിയ പ്രമാണം വേദം തന്നെയാണ്. സൂര്യനേക്കാണാന്‍ വേറെ ടോര്‍ച്ച് അടിച്ചു നോക്കേണ്ട കാര്യമില്ലല്ലൊ. വേദങ്ങളില്‍ സ്ത്രീകള്‍ക്ക് വേദം പഠിക്കാനും, പൂണുനൂലിടാനും, യജ്ഞമനുഷ്ഠിക്കാനും അനുവാദം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
നോക്കൂ അഥര്‍വ്വത്തില്‍ ഇക്കാര്യം പറയുന്നത്
1. സുമംഗലീ പ്രതരണീ ഗൃഹാണാമ് (അഥര്‍വ്വവേദം 14.2.26)
2. ശുദ്ധാഃ പൂതാ യോഷിതോ യജ്ഞിയാ ഇമാഃ (അഥര്‍വ്വവേദം 11.1.17)
അര്‍ത്ഥം: 1. നാഭികള്‍ ശുഭരാണ്. മംഗളകാരിണികളാണ്. ഗൃഹസ്ഥരുടെ പരിത്രാണനം നടത്തി മംഗളം ചെയ്യുന്നവരാണ്. 2. അവര്‍ ശുദ്ധരും പവിത്രരും യജ്ഞാദി അഖില ശുഭകര്‍മ്മങ്ങള്‍ക്കും അധികാരിണികളും പൂജാര്‍ഹരുമാണ്. വീണ്ടും നമുക്ക് അഥര്‍വ്വവേദത്തിലേക്ക് നോക്കാം.
ഭീമാ ജായാ ബ്രാഹ്മണസ്യോപനീതാ
ദുര്‍ധാമ് ദധാതി പരമേവ്യോമന്‍.
(അഥര്‍വ്വവേദം 5.17.6)
അര്‍ത്ഥം: ശത്രുക്കള്‍ക്കും പാപകര്‍മ്മങ്ങള്‍ക്കും ഭയങ്കരിയായ യജ്ഞോപവീതധാരിണിയും വിദുഷിയുമായ ബ്രാഹ്മണ പത്‌നി, എത്രയോ മഹാദുഷ്ട ജീവിതങ്ങളില്‍ നിന്ന് പാപാചരണത്തെ മാറ്റി അവയെ പരിവര്‍ത്തനം ചെയ്യുന്നു.
അപ്പോള്‍ വേദങ്ങള്‍ തന്നെ സ്ത്രീകള്‍ക്ക് പൂണുനൂല്‍ ധരിക്കാമെന്നും യജ്ഞങ്ങള്‍ അനുഷ്ഠിക്കാമെന്നും സുവ്യക്തമായി പറയുന്നു. ഇനി ധര്‍മസൂത്രങ്ങള്‍ പരിശോധിച്ചാല്‍ അവിടേയും സ്ത്രീകള്‍ക്ക് വേദാധ്യയനവും ഉപനയനവും പറഞ്ഞതുകാണാം. കാണൂ
ദ്വിവിദ്യാ സ്ത്രീയോ ഭവന്തി. ബ്രഹ്മവാദിന്യഃ സദ്യോ വധ്വശ്ച. തത്ര ബ്രഹ്മവാദിനീനാമുപനയനം; അഗ്നീന്ധനം, വേദാധ്യയനം, സ്വഗൃഹേഭിക്ഷാചര്യാശ്ച
സദ്യോ വധൂനാനൂപസ്ഥിതേ വിവാഹേ, കഥഞ്ചിദുപനയനം കൃത്വാ വിപാകാര്യഃ
(ഹാരീത ധര്‍മ്മസൂത്രം 21-20, 24)
അര്‍ത്ഥം: സ്ത്രീകള്‍ രണ്ടു തരത്തില്‍ ഉണ്ട്. ബ്രഹ്മവാദിനി, സദ്യോവധൂ. ഇവയില്‍ ബ്രഹ്മവാദിനികള്‍ ശരിയായ സമയത്തു തന്നെ ഉപനയിക്കപ്പെടണം. അഗ്നിഹോത്രവും വേദാധ്യയനവും നടത്തണം. സദ്യോവധുക്കള്‍ക്കും പൂണൂല്‍ ധരിക്കണം. ഏതെങ്കിലും കാരണവശാല്‍ ഉപനയനം നടന്നില്ലെങ്കില്‍ വിവാഹസമയത്ത് ഉപനയനം നടത്തിയശേഷമേ വിവാഹം ആകാവൂ.
ഹാരീതമഹര്‍ഷി എന്തുകൊണ്ട് സ്ത്രീകള്‍ വേദം പഠിക്കുകയും ഉപനയനം നടത്തുകയും വേണമെന്ന് പറയുന്നുണ്ട്. അതു കൂടി കാണുക.
‘ന ശൂദ്രസമാഃ സ്ത്രീയഃ നഹി ശൂദ്രയോ നൗ ബ്രാഹ്മണ ക്ഷത്രിയ വൈശ്യാഃ ജായന്തേ. തസ്മാച്ഛന്ദസാസ്ത്രിയഃ സംസ്‌ക്കാര്യാഃ’
അര്‍ത്ഥമിങ്ങനെ: സ്ത്രീകള്‍ ശൂദ്രസമാനരല്ല. ശൂദ്രയോനിയില്‍ നിന്ന് വിദ്യാഭ്യാസരഹിതരായ സ്ത്രീകളില്‍ നിന്ന്- ബ്രാഹ്മണ ക്ഷത്രിയ വൈശ്യര്‍ ജന്മമെടുക്കുകയില്ല. അതുമൂലം വേദാധ്യായനത്താല്‍ എല്ലാ സ്ത്രീകളും സംസ്‌കൃതരാകേണ്ടതാണ്. ഗോഭിലഗൃഹ്യസൂത്രത്തിലും സ്ത്രീകളെ ഉപനയിക്കണമെന്ന് പറയുന്നുണ്ട്. (കാണുക ഗോഭിലഗൃഹ്യസൂത്രം 2-1-22)
സര്‍വ്വ പൗരാണികരും ഒരുപോലെ അംഗീകരിക്കുന്ന ‘നിര്‍ണയസിന്ധു’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതു കാണൂ.
”പുരാണകല്‌പേഷു നാരീണാം
മൗജീബന്ധനമിഷ്യതേ
അധ്യാപനം ച വേദാനാം
സാവിത്രീ വാചനം തഥാ ”
(നിര്‍ണയ സിന്ധു പേജ് 414)
അതായത് പുരാകല്പഗ്രന്ഥങ്ങളില്‍ സ്ത്രീകളെ യജ്ഞോപവീതധാരണം ചെയ്യിക്കണമെന്നും വേദാധ്യയനം, ഗായത്രി ജപം എന്നിവ ചെയ്യിപ്പിക്കണമെന്നും വിധിച്ചിട്ടുണ്ട്.
പുരാണങ്ങളില്‍ സ്ത്രീകളായ അനേകം ദേവതകളുടെ ഉപനയന കഥ വര്‍ണിക്കുന്നുï് സ്ഥലപരിമിതി മൂലം അവയെല്ലാം ഇവിടെ എഴുതാന്‍ കഴിയില്ലെങ്കിലും ഒന്നു രണ്ടു സൂചനകള്‍ എഴുതാം.
പാര്‍വതിയുടെ ഉപനയനത്തെക്കുറിച്ച് ശിവപുരാണത്തിലും (47/1) സരസ്വതിയുടെ ഉപനയനം കാശ്യപശില്പം (48.115) എന്ന ഗ്രന്ഥത്തിലും രുക്മിണി, ലക്ഷ്മിണി എന്നിവയുടെ ഉപനയനം കല്പപുരാണ (3.17.30) ത്തിലും പറഞ്ഞുകാണാം. യോഗിനീതന്ത്രത്തില്‍ (ദ്വിതീയ ഭാഗം, ഷഷ്ഠപടലം) ദേവിയ്ക്ക് യജ്ഞോപവീതം സമര്‍പ്പിക്കാന്‍ പറയുന്നുണ്ട്.
വ്യോമസംഹിത എന്ന പ്രാചീനമായ ഗ്രന്ഥം ഇന്നു ലഭ്യമല്ല. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ നിന്ന് അനേകം ഉദ്ധരണികള്‍ മധ്വാചാര്യന്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്.
“ആഹുരപുത്തമസ്ത്രീണാ
മധികാരം തു വൈദികേ
യഥോര്‍വശീ ച്ചീചൈവ
ശമ്യാ ദ്യാ സ്തഥാപരാ”
(ബ്രഹ്മസൂത്രഭാഷ്യം, കുംഭകോണം എന്നിവയില്‍ പേജ് 84)
അര്‍ത്ഥം; ഉത്തമ സ്ത്രീകള്‍ക്ക് വേദാധ്യയനത്തിലും വൈദിക കര്‍മകാണ്ഡത്തിലും അധികാരമുï്. ഉര്‍വ്വശി, യമി, ശമി, തുടങ്ങിയ ഋഷികമാര്‍ പ്രാചീന കാലത്തുണ്ടായിരുന്നതു പോലെ.
ഇനിയും സംശയം തീരുന്നില്ലെങ്കില്‍ ക്രിയകളെക്കുറിച്ച് ആധികാരികമായി പറയേï ഗോഭിലഗൃഹ്യസൂത്രത്തിലെ മറ്റൊരു പ്രസ്താവം ഉദ്ധരിക്കാം.
“കാമം ഗൃഹ്യേളഗ്നൗ പത്‌നീ ജൂഹുയാത്
സാമം പ്രാതര്‍ഹോമൗ, ഗൃഹപത്‌നീ ഗൃഹ്യ ഏഷോഗ്നിര്‍ ഭവതീതി. ”
(ഗോഭിലഗൃഹ്യസൂത്രം 1.4.15)
അര്‍ത്ഥം: പത്‌നി രുചിപൂര്‍വം സായംകാലത്ത് ഗൃഹ്യാഗ്നിയില്‍ അഗ്നിഹോത്രം ചെയ്യണം. ഈ അഗ്നിയെ ഗൃഹ്യാഗ്നി എന്നു പറയുന്നു.
യമസ്മൃതിയില്‍ നിന്ന് മറ്റൊരു പ്രമാണം കൂടി തരാം.
“പുരാകല്‌പേകുമാരീണാമനംജി
ബന്ധനമിഷ്യതേ
അധ്യപനാം ച വേദാനാം
സാവിത്രീ വാചനം തഥാ ”
(യമസ്മൃതി)
പ്രാചീനകാലത്ത് കുമാരിമാരെ ഉപനയിക്കുകയും പൂണൂല്‍ ധരിപ്പിക്കുകയും വേദാധ്യാപനം ചെയ്യുകയും ഗായേ്രത്യാപദേശം നടത്തുകയും ചെയ്തിരുന്നു.
മനുകോഷ്ഠത്തില്‍ പറയുന്നതുകൂടി നോക്കുക.
അഗ്നിഹോത്രസ്യ ശുശ്രൂഷാ സന്ധ്യോപാസന മേവച
കാര്യം പത്‌ന്യാ പ്രതിദിനം ബലികര്‍മ്മ നൈത്യികമ്
അര്‍ത്ഥം; അഗ്നിഹോത്രം, സന്ധ്യോപാസനാ, ബലിയജ്ഞം ഈ വൈദികയജ്ഞങ്ങള്‍ പത്‌നി പ്രതിദിനം അനുഷ്ഠിക്കേണ്ടതുണ്ട്. (ചൗഖംബാ സംസ്‌കൃതസീരീസ്, 1992-മനുകോഷ്ഠം ഒന്ന്)
ഇത്രയും വൈദികവും പൗരാണികവുമായ പ്രകണങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് വേദം പഠിക്കാനും, ഉപനയനം നടത്താനും, യജ്ഞം നടത്താനും ഗായത്രി ജപിക്കാനുമൊക്കെ അധികാരമുണ്ടെന്ന് മനസ്സിലാക്കാം. സ്ത്രീകള്‍ ജപിക്കരുതെന്ന് ആരാനും പറഞ്ഞാല്‍ അത് വേദവിരുദ്ധവും നാസ്തികവുമാണെന്ന് കൂടി തിരിച്ചറിയുക.