Sanatana Dharmapadavali – Part 5
വേദങ്ങളില്‍ ഐശ്വര്യത്തിന്റെ മാര്‍ഗം
ഉപാസനയെ, ഇല്ലായ്മയുമായി ചേര്‍ത്തുവെക്കുന്ന ഒരു പതിവ് വളരെക്കാലമായി നമുക്കിടയിലുണ്ട്. ഇല്ലായ്മയാണ് ലാളിത്യം എന്നൊരു ധാരണ ഒരു സാംക്രമിക രോഗം പോലെ സനാതനധര്‍മ്മികള്‍ കൊണ്ടു നടക്കുന്നു, പകര്‍ന്നു കൊടുക്കുന്നു. ബലമില്ലാത്തവരും ഭീരുക്കളും അഹിംസയെക്കുറിച്ച് പറയുന്നതുപോലെ മാത്രമാണ് ഇത്. ധീരനും ശക്തിശാലിയുമാണ് അഹിംസയെ കൊണ്ടു നടക്കേണ്ടത്. മറ്റേത് കഴിവുകേടാണ്.
അതുപോലെ ദാരിദ്ര്യത്തില്‍ മുങ്ങിക്കഴിയുന്നവരല്ല ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കേണ്ടത്. ഇതൊന്നും വൈദികമായ കാഴ്ചപ്പാടുകളല്ല. ഈത്തരത്തിലുള്ള നെഗറ്റീവ് ചിന്തകളെ ഋഷിമാര്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. വേദം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കേണ്ടതിന്റെയും ആത്മവിശ്വാസത്തോടുകൂടി ജീവിക്കേണ്ടതിന്റെയും ആവശ്യത്തെ ഊന്നിപ്പറയുന്നു.
ഋഗ്വേദത്തിലെ അവസാനസൂക്തത്തില്‍പ്പോലും ധനം ഉണ്ടാവേണ്ടതിനെക്കുറിച്ച് പറയുന്ന സ നോ വസൂസ്യാ ഭര അവിടുന്ന് ഞങ്ങളില്‍ ധനം നിറച്ചാലും. ധനമെന്നു വെച്ചാല്‍ കേവലം പണമോ പറമ്പോ അല്ല. നമ്മെ ധന്യരാക്കുന്നതെന്തും ധനമാണ്. അത് പണമാകാം, പുത്രനാകാം, സ്വര്‍ണവും രത്‌നവുമാകാം, ആരോഗ്യവും ബുദ്ധിയുമാകാം, ശയസ്സും കീര്‍ത്തിയുമാകാം. ഇതൊക്കെ ധനമാണ്. ഇവയൊന്നും വേണ്ട എന്ന കാഴ്ചപ്പാട് വേദങ്ങള്‍ക്കില്ല. സുഖങ്ങളും സൗഭാഗ്യവും വേണ്ട എന്നു വെക്കുന്നത് ആരാണ്?
എല്ലാം ത്യജിച്ചവര്‍ എന്നു പറയപ്പെടുന്ന സന്യാസിമാരുടെ ആശ്രമങ്ങള്‍ പോലും പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സുഖസൗകര്യങ്ങളോടു കൂടിയതാണ്. എന്നാല്‍ ഗൃഹസ്ഥന്‍ സര്‍വ്വ സംഗ പരിത്യാഗിയല്ല. അവന് എല്ലാം വേണം യജുര്‍വേദം പറയുന്ന ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉതമേധ്യ അഹ്‌നാം’ രാവിലെയും ഉച്ചയ്ക്കും അപരാഹ്നത്തിലും ഞങ്ങള്‍ സുഖസൗഭാഗ്യങ്ങളോട് ചേര്‍ന്നിരിക്കട്ടെ.
യജുര്‍വേദം വീണ്ടും പറയുന്നു. വയം ദേവാഃ ഭഗവന്ത സ്യാമ ഞങ്ങള്‍ ഉത്തമ സ്വഭാവത്തോടുകൂടിയവരും ഐശ്വര്യത്തിന്റെ അധിപതികളുമായിത്തീരട്ടെ. ഐശ്വര്യവും സമൃദ്ധിയും വേണം എന്നു പറയുമ്പോള്‍ത്തന്നെ അത് എങ്ങനെയുള്ളതായിരിക്കണം ഇന്ദ്ര ശ്രേഷ്ഠാനി ദ്രവിണാനി ധേഹി ഞങ്ങള്‍ക്ക് ശ്രേഷ്ഠമായ ധനമാണ് വേണ്ടത്. ഏതൊരു ധനം ഞങ്ങളെ നിത്യസുഖത്തിലേക്കു നയിക്കുമോ, കീര്‍ത്തിയിലേക്ക് നയിക്കുമോ സമൃദ്ധിയിലേക്ക് നയിക്കുമോ അങ്ങനെയുള്ള ധനമാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിന് ശ്രീയും ലക്ഷ്മിയും ഞങ്ങളുടെ ഭാര്യമാരായിത്തീരണം.ശ്രീശ്ച തേ ലക്ഷ്മീശ്ച പത്‌ന്യാവഹേരാത്രേ‘ ഇങ്ങനെ എത്ര കാലം സമൃദ്ധിയാല്‍ ജീവിക്കണം? എല്ലാ സുഖസമൃദ്ധികളുടെയും ഇടയില്‍ അല്പായുസ്സായി ജീവിക്കണോ? വേദം പറയുന്ന പശ്യേമ ശരദഃ ശതം ജീവേമ ശരദശതം നൂറു ശരത്തുകള്‍ ഞങ്ങള്‍ക്കു കണ്ടുകൊണ്ട് നൂറു വര്‍ഷം ഞങ്ങള്‍ക്ക് ജീവിക്കണം. അദീനാ സ്യാമ ശരദ ശതം യാതൊരു രോഗവുമില്ലാതെ നൂറു ശരത്തുക്കള്‍ ജീവിക്കണം. ഇങ്ങനെ ഐശ്വര്യത്തോടുകൂടി ജീവിക്കുമ്പോള്‍ മരണം മുട്ടിവിളിക്കയാണെങ്കിലോ ഋഗ്വേദം പറയുന്നു. ഉപാസകന്‍ ആ മരണത്തോട് ആജ്ഞാപിക്കും പരം മൃത്യോ അനു പരേഹി പന്ഥാം – ഹേ മൃത്യോ ഞങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് ദൂരെ അകന്നു പോകൂ….
ആയുസ്സ്, പ്രാണശക്തി, നല്ല മക്കള്‍, മൃഗസമ്പത്ത്, കീര്‍ത്തി, പണം, ബ്രഹ്മവര്‍ച്ചസ് എന്നിവയെല്ലാം നല്‍കുന്ന വേദഭഗവതി ഉപാസകന് പരമപദമായ മോക്ഷവും നല്‍കുന്നു. സ്തുതാ മയാ വരദാ വേദമാതാ പ്രചോദയന്തീം അതായത് ഭൗതിക ജീവിതത്തിലെ ഉന്നതിയും ആധ്യാത്മികതയുടെ പരമലക്ഷ്യമായ മോക്ഷവും വേദങ്ങള്‍ പ്രദാനം ചെയ്യുന്നു. വരൂ നമുക്കും ഈ വേദമാര്‍ഗത്തിലേക്ക് അനുപ്രവേശിക്കാം.
അടുത്ത അദ്ധ്യായത്തില്‍ ജനനം മുതല്‍ മരണം വരെ സനാതനധര്‍മ്മികള്‍ ആചരിക്കേണ്ട 16 ആചരണങ്ങള്‍ പഠിക്കാം