Sanatana Dharmapadavali – Part 16
ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് വേദമന്ത്രങ്ങളിലൂടെ
വേദം പഠിക്കുകയും വേദമന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നത് ക്ഷേത്ര വിരുദ്ധമാണോ? അതോ ക്ഷേത്രചൈതന്യത്തെ വേദമന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ? പലരുടേയും തെറ്റിദ്ധാരണ വേദപഠനം ക്ഷേത്രാരാധനയ്ക്ക് വിരുദ്ധമാണെന്നാണ്. ഇതൊരു വിധി വിപര്യയമാണ്. കാരണം ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങളില്‍ ഏറിയ കൂറും വേദമന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ക്ഷേത്രങ്ങളില്‍ പൂജ നടക്കുമ്പോള്‍ ബ്രഹ്മാര്‍പ്പണം ചെയ്യുന്ന അവസരമുണ്ട്. ആ ബ്രഹ്മാര്‍പ്പണത്തിന് വേദമന്ത്രമാണ് ചൊല്ലുന്നത്. പുഷ്പാഞ്ജലി ചെയ്യാന്‍ ഉപയോഗിക്കുന്നതും വേദമന്ത്രം തന്നെ. പുരുഷസൂക്തം ഋഗ്വേദത്തില്‍ നിന്നും യജുര്‍വ്വേദത്തില്‍ നിന്നും എടുത്താണ് പൂജാരി ചൊല്ലുന്നത്. ഭാഗ്യസൂക്തം യജുര്‍വ്വേദത്തില്‍ നിന്ന് എടുത്താണ് ചൊല്ലുന്നത്. സപ്തശുദ്ധിയില്ലാതെ പൂജ എങ്ങനെ ക്ഷേത്രങ്ങളില്‍ നടക്കും?
ക്ഷേത്രത്തിലെ പുണ്യാഹമന്ത്രങ്ങള്‍ വേദത്തില്‍ നിന്ന്
ക്ഷേത്രത്തില്‍ പുണ്യാഹം നടത്താന്‍ വേദമന്ത്രങ്ങള്‍ ഇല്ലാതെ സാധിക്കില്ല.
ഓം ആപോ ഹി ഷ്ഠാ മയോ ഭുവസ്താനളഊര്‍ജേ
ദധാതന. മഹേരണായ ചക്ഷസേ…..
തുടങ്ങിയ യജുര്‍വ്വേദമന്ത്രങ്ങളാണ് യജുര്‍വേദികളായ പൂജാരിമാര്‍ ക്ഷേത്രത്തില്‍ പുണ്യാഹത്തിന് ഉപയോഗിക്കുന്നത്. ഈ പുണ്യാഹം ഇല്ലാതെ ഒരിക്കലും ക്ഷേത്രങ്ങളില്‍ പൂജ നടത്താനാകില്ല. അപ്പോള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ക്ഷേത്ര ചൈതന്യ വര്‍ദ്ധനവിന് ഏറ്റവും അനിവാര്യം വേദമന്ത്രങ്ങളാകുന്നൂവെന്ന് മനസ്സിലാക്കാം. വേദമന്ത്രങ്ങള്‍ യാഗാദികളില്‍ സ്വരിച്ചു ചൊല്ലുമ്പോള്‍ ക്ഷേത്രപൂജയില്‍ സ്വരത്തോടെ വേണമെന്ന നിര്‍ബന്ധമില്ലെന്ന് തന്ത്രവിദ്യാപീഠത്തിന്റെ മുന്‍സാരഥിയായ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട് പറയുന്നു.
ക്ഷേത്രങ്ങളിലെ ഓത്തൂട്ടും ത്രിസന്ധയും വേദങ്ങളില്‍ നിന്നു തന്നെ
വേദമന്ത്രങ്ങള്‍ സദാ മുഴങ്ങുന്നതുകൊണ്ട് ക്ഷേത്രചൈതന്യം വര്‍ദ്ധിക്കുമെന്നതുകൊണ്ടാണ് പ്രാചീന കാലത്ത് ക്ഷേത്രങ്ങളില്‍ വെച്ച് വേദം ചൊല്ലിപ്പഠിപ്പിച്ചിരുന്നത്. കാരണം വേദത്തെ സംരക്ഷിക്കാന്‍ എന്തു കാണിക്കാനും വിരോധമില്ലാത്തവരായിരുന്നു പൂര്‍വ്വികന്മാര്‍. ഓത്തൂട്ടും ത്രിസന്ധയുമൊക്കെ വേദങ്ങളിലായിരുന്നു നടന്നത്. അതായത് ഋഗ്വേദം സംഹിത, പദം, ക്രമം, എന്നിങ്ങനെ മൂന്നു വിധം പ്രയോഗമാണ് ത്രിസന്ധ. ഋഗ്വേദം പൂര്‍ണ്ണമായും തീരാന്‍ എട്ടു മാസമെടുക്കും. ഇതെല്ലാം ക്ഷേത്രത്തില്‍ വെച്ച് നടത്തിയത് ക്ഷേത്രചൈതന്യം വര്‍ദ്ധിക്കുന്നതിനുവേണ്ടിയായിരുന്നു. ക്ഷേത്രങ്ങളിലെ ത്രിസന്ധ ഋഗ്വേദമാണെങ്കില്‍ ഓത്തൂട്ട് യജുര്‍വേദമായിരുന്നു.
1. മഹാഗണപതിമന്ത്രം
ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിം കവീനാമുപമശ്രവസ്തമമ്.
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനമ്.
2. ദുര്‍ഗ്ഗ (ദേവീക്ഷേത്രങ്ങള്‍)
ഓം ജാതവേദസേ സുനവാമ സോമ
മരാതീയതോ നി ദഹാതി വേദഃ.
സ നഃ പര്ഷദതി ദുര്ഗാണി വിശ്വാനാവേവ സിന്ധും ദുരിതാത്യഗ്നിഃ.
3. ശിവക്ഷേത്രങ്ങളില്‍
ഓം നമഃ ശംഭവായ ച മയോ ഭവായ ച നമഃ ശങ്കരായ ച
മയസ്‌കരായ ച നമഃ ശിവായ ച ശിവ തരായ ച
4. വിഷ്ണുക്ഷേത്രങ്ങളില്‍
ഓം വിഷ്‌ണോര്‍നു കം വീര്യാണി പ്ര വോചം യഃ പാര്‍ഥിവാനി വിമമേ രജാംസി.
യോ അസ്‌കഭായദുത്തരം സധസ്ഥം വിചക്രമാണ സ്‌ത്രേധോരുഗായഃ.
വിഗ്രഹവും അഗ്നിയും തന്ത്രസമുച്ചയവും
ക്ഷേത്രാരാധനയുടെ ശാസ്ത്രീയവിധാനങ്ങളെ നേരാംവണ്ണം വിശദീദീകരിക്കുന്ന ഗ്രന്ഥമാണ് തന്ത്രസമുച്ചയം. തന്ത്രസമുച്ചയത്തിലെ ഒന്നാം പടലത്തിലെ പ്രസ്താവന ഏതൊരു താന്ത്രികനും പഠിക്കേണ്ടതാണ്.
‘ഗുര്‍വ്വീ ധീരരവാസ്ഫുലിംഗ
ബഹുളാ ന്യഗ്രോധബോധിച്ഛദ
പ്രഖ്യാബിംബ വിധൈ വിശാല
ബഹുളാ ഗ്രാഹ്യാശിലാ പൗരുഷീ
രംഭാപത്രനിഭാ നചാതി ബഹുളാ
സ്‌നിഗ്ദ്ധസ്വരാ ശീതളാ
സ്‌ത്രൈണീ പീഠവിധൗ ദ്വിലക്ഷ്മഭിദുരാ
ക്ലൈബീ പദാബ്ജാര്‍പ്പണേ’
(തന്ത്രസമുച്ചയം – ഒന്നാം പടലം )
ബിംബം ഉണ്ടാക്കാനുള്ള ലക്ഷണമാണ് ഈ പറഞ്ഞത്. ഇതനുസരിച്ച് ബിംബം ഉണ്ടാക്കാനുള്ള ശില തീ പറക്കുന്നതായിരിക്കണം. അതായത് അഗ്നി തന്നെയാണ് ബിംബമെന്നര്‍ത്ഥം. ബിംബമാകുന്ന അഗ്നിയില്‍ നമ്മള്‍ ചെയ്യുന്ന കര്‍മ്മമെല്ലാം ഹോമം തന്നെയെന്ന് താന്ത്രികാചാര്യന്മാരും വിശ്വസിക്കുന്നു. ഋഗ്വേദം ആരംഭിക്കുന്നതാകട്ടെ ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടും.
‘ഓം അഗ്നിമീളേ പുരോഹിതമ് യജ്ഞസ്യ ദേവമൃത്വിജമ്
ഹോതാരമ് രത്‌നധാതമമ്.’ (ഋഗ്വേദം 1.1.1)
അപ്പോള്‍ വിഗ്രഹത്തെ വേദത്തിലെ അഗ്നിസമാനമായാണ് ക്ഷേത്രത്തില്‍ സങ്കല്പിക്കുന്നതെന്ന് തന്ത്രസമുച്ചയവും സാക്ഷിതരുന്നു. വിഷ്ണുസംഹിതയില്‍ ദേവനെ വിതാനാഗ്നിയോടാണ് ഉപമിച്ചിട്ടുള്ളത്.
ദവ്യകലശവും വേദവും
ക്ഷേത്രത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ കര്‍മമാണല്ലോ ദ്രവ്യകലശം? ആ ദ്രവ്യകലശത്തിന്റെ വൈദിക പാരമ്പര്യമെന്താണെന്നറിയണം.
ഒരു കലശം മുതല്‍ ആയിരം കലശം വരെയുള്ള കലശസമ്പ്രദായങ്ങള്‍ കേരളത്തില്‍ നടപ്പിലുണ്ട്. ആയിരം കലശമാണെങ്കിലും ഖണ്ഡഖണ്ഡമായിത്തിരിച്ചുള്ള സമ്പ്രദായമാണ് നിലവില്‍. ഓരോ ഖണ്ഡത്തിന്റേയും നടുവിലത്തെ കലശത്തിന് ബ്രഹ്മകലശമെന്നാണ് പേര്. ചുറ്റുമുള്ള കലശങ്ങള്‍ക്ക് പരികലശം എന്നു പേര്‍. സൗരയൂഥത്തിന്റെ അഭിനയമാണ് ഈ കലശമെന്ന് ഒറ്റനോട്ടത്തിലറിയാം. ഇത് ഗായത്രീ മന്ത്രത്തിന്റെ വിശദമായ രൂപമാണ്. ഇങ്ങനെ ധാരാളം ഖണ്ഡങ്ങളാല്‍ ബ്രഹ്മാണ്ഡ സ്വരൂപവും കാണാം. ഏറ്റവും നടുവിലെ കലശം ബ്രഹ്മകലശമാണ്. എങ്കിലും ആ കലശപൂജ വളരെ വലുതും വിസ്താരമുള്ളതുമാണ്. മഹാബ്രഹ്മന്‍ എന്ന് നമുക്ക് വിളിക്കാം.
കലശപൂജകളെല്ലാം കഴിഞ്ഞ് അഗ്നിവാസഹോമ സമ്പാദം എല്ലാ കലശങ്ങളിലും സ്പര്‍ശിക്കുന്നു. എല്ലാ കലശങ്ങളേയും സ്പര്‍ശിച്ച് പുല്ലുകൊണ്ടും ചമത കൊണ്ടും കൂട്ടിത്തൊടീച്ച് കോടി വസ്ത്രങ്ങളെക്കൊണ്ട് എല്ലാ കലശങ്ങളേയും ഒന്നിച്ചു മൂടി. ‘കലാശാധിവാസം’ എന്ന ക്രിയ നടത്തുന്നു. പിറ്റേദിവസം രാവിലെ അധിവാസം വിടര്‍ത്തി എല്ലാ ഖണ്ഡങ്ങളേയും വേറെയാക്കി സങ്കല്പിച്ച് അഭിഷേകം ചെയ്യും. നടുവിലെ ബ്രഹ്മകലശത്തിലും ഖണ്ഡ ബ്രഹ്മകലശങ്ങളിലും ഓരോരോ ദ്രവ്യങ്ങള്‍ നിറയ്ക്കും. ഓരോ കലശമാടുമ്പോഴും ഓരോ ഋഗ്വേദമന്ത്രങ്ങള്‍ ജപിക്കും. വ്യത്യസ്ത ദേവതകള്‍ക്ക് വ്യത്യസ്ത വേദമന്ത്രങ്ങളാണ് ജപിക്കുക. പാലിനാണെങ്കില്‍ ‘ഓം ആപ്യായസ്വ സമേധയ………..’ എന്ന വേദമന്ത്രം ചൊല്ലും. തൈരാണെങ്കില്‍ ‘ഓം ദധിക്രാവിണ്ണോ അകാരിഷം…….’ എന്ന ഋഗ്വേദമന്ത്രമായിരിക്കും ചൊല്ലുക. ക്ഷേത്രചൈതന്യം കൂട്ടാനാണ് കലശമാടുന്നത്. ഇത് വേദമന്ത്രമില്ലാതെ സാധ്യമല്ല. ഇങ്ങനെ കലശമാടുമ്പോള്‍ ബിംബത്തിലെ ചൈതന്യം വളരെ വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. പൂജകളിലോ പൂജാദ്രവ്യങ്ങളിലോ വൈകല്യം വന്നുപെട്ടാല്‍ അത് ഇല്ലാതാക്കാനാണ് ഈ ദ്രവ്യകലശം. അപ്പോള്‍ വേദമന്ത്രങ്ങള്‍ ഇല്ലെങ്കില്‍ എങ്ങനെ ക്ഷേത്രചൈതന്യം വീണ്ടെടുക്കാനാകും?
വേദമന്ത്രങ്ങള്‍ കൂടാതെ പുഷ്പാഞ്ജലിയോ, കലശമോ, പുണ്യാഹമോ, പ്രതിഷ്ഠയോ തന്നെ നടക്കില്ല. അപ്പോള്‍പ്പിന്നെ വേദപഠനം ക്ഷേത്രനിലനില്‍പിനു തന്നെ അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കണം. വേദം
നശിച്ചാല്‍ ക്ഷേത്രവും ക്ഷേത്രചൈതന്യവും എല്ലാം നശിക്കും.