Sanatana Dharmapadavali – Part 15
വേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത യജ്ഞങ്ങളില്‍ മൂന്ന് ഹോമകുണ്ഡങ്ങള്‍ കാണാം. ഒന്ന് വട്ടത്തില്‍ ഒന്ന് ചതുരത്തില്‍ ഇനിയൊന്ന് അര്‍ദ്ധ ചന്ദ്രാകൃതിയില്‍. ഇവയാണ് ഗാര്‍ഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നി ഈ അഗ്നികളെയാണ് പിന്നീട് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ആയതിനാല്‍ ക്ഷേത്രങ്ങളുടെ ശ്രീകോവിലിനും ഈ ഹോമകുണ്ഡങ്ങളുടെ രൂപമാണ്. വട്ടശ്രീ കോവില്‍, ചതുരശ്രീ കോവില്‍ ഗജപൃഷ്ഠശ്രീകോവില്‍. ഇവയ്ക്കു പുറമെ രണ്ട് ഗൃഹ്യാഗ്നികള്‍ വേറെയുമുണ്ട്. അവയാണ് ഔപാസനാഗ്നി, സഭ്യാഗ്നി. ഉപാസനാദികള്‍ക്ക് വിനിയോഗിക്കുന്ന അഗ്നി ഔപസനാഗ്നി. വിദ്യാഭ്യാസത്തിന് വിനിയോഗിക്കുന്നത് സഭ്യാഗ്നി. പഠിക്കുന്നത് സഭ്യാഗ്നിക്ക് മുന്‍പിലിരുന്നുവേണം. ഇങ്ങനെയുള്ള അഗ്നികളെ സൂക്ഷിച്ചിരുന്ന ഒരു പാരമ്പര്യം ഭാരതത്തിലുണ്ടായിരുന്നു. അന്ന് ഐശ്വര്യവും സമൃദ്ധിയും ഈ രാഷ്ട്രത്തില്‍ നിറഞ്ഞിരുന്നു. ഈ അഞ്ച് അഗ്നികളാണ് പ്രതീകാത്മകമായി നമ്മള്‍ നിലവിളക്കിലെ അഞ്ചു തിരികളാക്കി മാറ്റിയത്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും ആയതിനാല്‍ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ്.