Course, Sanatana Dharmapadavali

Sanatana Dharmapadavali – Part 11

ഭാരതീയ സംസ്‌ക്കാരത്തില്‍ അനശ്വര പ്രഭ ചൊരിയുന്ന ഉപനിഷത്തുക്കള്‍ ലോകത്തെ പല ദാര്‍ശനികരേയും ആകര്‍ഷിച്ചവയാണ്. മുഗള്‍ രാജകുമാരനായ ദാരാശിക്കോഹും, ഷോപ്പനറുമൊക്കെ ആ പട്ടികയില്‍പ്പെടും. വേദപ്രതിപാദിതമായ ബ്രഹ്മവിദ്യയാണ് ഉപനിഷത്തുക്കളിലുള്ളത്. വേദമെന്നാല്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ്.
ആ ജ്ഞാനം ഋക്, യജുസ്സ്, സാമം എന്നീ രൂപത്തില്‍ ത്രയീവിദ്യയാണ്. അതായത് ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ പദ്യം, ഗദ്യം, ഗാനം എന്നിങ്ങനെ ത്രയി വിദ്യയായി അറിയപ്പെടുന്നു. ഇതിനെ സംഹിത എന്നാണ് വിളിക്കുന്നത്. ബ്രഹ്മമെന്നും വേദത്തിന് പേരുണ്ട്.
chap 11 photo
ബ്രഹ്മത്തിന്റെ അഥവാ വേദത്തിന്റെ വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങള്‍. അതേപോലെ ആരണ്യകങ്ങളും. ഈ ബ്രാഹ്മണ ആരണ്യകങ്ങളുടെ ഭാഗമാണ് ഉപനിഷത്തുക്കള്‍. ഇതിന് വ്യത്യസ്തമായി ഒരു ഉപനിഷത്തേ ഉള്ളു അത് ആത്മോപനിഷത്ത് എന്നറിയപ്പെടുന്ന ഈശാവാസ്യോപനിഷത്താണ്. ഈ ഈശാവാസ്യത്തിന്റെ വ്യാഖ്യാനമാണ് മറ്റ് ദശോപനിഷത്തുക്കള്‍
ഋക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിവ സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരനില്‍ നിന്ന് നിശ്വാസം പോലെ ഉണ്ടായതാണെന്ന് ശതപഥ ബ്രാഹ്മണത്തില്‍ യാജ്ഞവല്ക്യന്‍ മൈത്രേയിയ്ക്ക് ഉപദേശിക്കുന്നുണ്ട്. ആ ഉപദേശം കാണുക:
“ഏവം വാ അരേളസ്യ മഹതോഭൂതസ്യ നിശ്വസിതമേതദ്
യദൃഗ്വേദോ യജുര്‍വ്വേദഃ സാമവേദോളഥര്‍വാങ്ഗിരസഃ
(ശതപഥബ്രാഹ്മണം 14.5 . 4.10)

ഉപനിഷത്തുക്കള്‍ എങ്ങനെ ഏതെല്ലാം ബ്രാഹ്മണ ആരണ്യകങ്ങളുടെ ഭാഗമായിരിക്കുന്നൂവെന്ന് താഴെ എഴുതാം.
1. കേനോപനിഷത്ത് – സാമവേദ ഭാഷ്യമായ തലവകാര ബ്രാഹ്മണം
2. കഠോപനിഷത്ത് – കൃഷ്ണയജുര്‍വ്വേദീയ കാഠകശാഖ
3. പ്രശ്‌നോപനിഷത്ത്
4. മുണ്ഡകോപനിഷത്ത്
5. മാണ്ഡൂക്യോപനിഷത്ത്
(അഥര്‍വ്വവേദീയ ബ്രാഹ്മണം)

6. തൈത്തീരിയോപനിഷത്ത്- കൃഷ്ണ യജുര്‍വ്വേദീയ തൈത്തീരിയ ബ്രാഹ്മണം.
7. ഐതരേയോപനിഷത്ത് : ഋഗ്വേദീയമാ യ ഐതരേയ ആരണ്യകം
8. ബൃഹദാരണ്യകോപനിഷത്ത് : യജുര്‍ വ്വേദീയ ശതപഥ ബ്രാഹ്മണം
9. ഛാന്ദോഗ്യപോനിഷത്ത് : സാമവേദീ യ തലവകാര ബ്രാഹ്മണം
ഈ ഉപനിഷത്തുക്കളെല്ലാം പരമപ്രമാണമായി വേദങ്ങളെ അംഗീകരിക്കുന്നു. കൂടാതെ വേദങ്ങള്‍ ത്രയീവിദ്യയാണെന്നും അവ ഈശ്വരനില്‍നിന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായതാണെന്നും സുവ്യക്തമായി ഉപനിഷത്തുക്കള്‍ പറയുന്നുണ്ട്. നമുക്ക് ഓരോ ഉപനിഷത്തായി പരിശോധിക്കാം.

കേനോപനിഷത്ത് വേദത്തെ വാഴ്ത്തുന്നു
സര്‍വ്വോത്തമമായ രീതിയില്‍ ബ്രഹ്മവിദ്യ ഉപദേശിക്കുന്ന ഉപനിഷത്താണ് കേനോപനിഷത്ത്. ബ്രഹ്മവിദ്യ ലഭിക്കുന്നതിന് വേണ്ട വിശേഷമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഗുരു ശിഷ്യനെ ഉപദേശിക്കുന്നതു കാണുക.
“തസൈ്യ തപോ ദമഃ കര്‍മേതി പ്രതിഷ്ഠാ വേദാഃ സര്‌വാങ്ഗാനി സത്യമായതനമ് ”
(കേനോപനിഷത്ത് 4.8)

അര്‍ത്ഥം: ബ്രഹ്മവിദ്യയ്ക്കായി തപസ്, ഇന്ദ്രിയ നിഗ്രഹം, നിഷ്‌ക്കാമ കര്‍മം ഇവ സാധനകളാണ്. അത് വേദ വേദാങ്ഗങ്ങളില്‍ പ്രതിഷ്ഠിതവും അതിന്റെ ആധാരം സത്യവുമാണ്.
ഇവിടെ ഋക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നീ വേദങ്ങളെക്കുറിച്ചും, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഃ ശാസ്ത്രം എന്നീ ആറ് അംഗങ്ങളെക്കുറിച്ചുമാണ് പറഞ്ഞതെന്ന് സുവ്യക്തമാണ്.

കഠോപനിഷത്തും വേദത്തെപ്രകീര്‍ത്തിക്കുന്നു
കഠോപനിഷത്തിലും വേദങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് പാടുന്നത് കാണുക;
“സര്‌വേ വേദാ യത്പദമാമനന്തി
തപാങ്‌സി സര്‌വാണി ച യദ്വദന്തി
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ
പദങ് സംഗ്രഹേണ ബ്രവീമ്യോമിത്യേത്”
(കഠോപനിഷത്ത് 2.15)

അര്‍ത്ഥം: ഏതു പദമാണോ എല്ലാ വേദങ്ങളും സദാ പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്, ഏതിനെയാണോ സര്‍വ്വതപസ്സും പ്രകീര്‍ത്തിക്കുന്നത്, ഏതിനെ ആഗ്ര
ഹിച്ചാണോ ബ്രഹ്മചര്യം അനുഷ്ഠിച്ചു പോരുന്നത്. ആ പദത്തെ ഞാന്‍ സംഗ്രഹിച്ചു പറഞ്ഞുതരാം. അത് ഓം കാരമാകുന്നു. ഋഗ്വേദാദി വേദങ്ങളിലെ മന്ത്രങ്ങളത്രയും ബ്രഹ്മപ്രാപ്തിയെ ഉദ്ദേശിച്ചുതന്നെയാണ്. സര്‍വ്വ തപസ്സുകളുടേയും ബ്രഹ്മചര്യത്തിന്റേയും ലക്ഷ്യവും മറ്റൊന്നല്ല. ഇക്കാര്യം ഋഗ്വേദത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
“ഋചോ അക്ഷരേ പരമേ വ്യോമന്
യസ്മിന്ദേവാ അധി വിശ്വേ നിഷേദുഃ
യസ്തന്ന വേദ കിമൃചാ കരിഷ്യതി യ
ഇത്തദ്വിദുസ്ത ഇമേ സമാസതേ ”
(ഋഗ്വേദം 1.164.39)

അര്‍ത്ഥം: പരമമായ ആകാശത്തേപ്പോലെ വ്യാപിച്ച ബ്രഹ്മത്തില്‍ ഋക്കുകള്‍ നിലനില്‍ക്കുന്നു. ദേവതകളുടെ വാസവും അവിടെത്തന്നെയാണെന്ന് അറിയാത്തവന്‍ വേദമന്ത്രങ്ങളെക്കൊണ്ട് എന്തു ചെയ്യാനാണ്? ആരാണോ തീര്‍ച്ചയായും അതിനെ അറിഞ്ഞിരിക്കുന്നത് അവന്റെ ഇരിപ്പാണ് ഇരിപ്പ്. ഇതേ മന്ത്രം ശ്വേതാശ്വതരോപനിഷത്തില്‍ (4.8) ആവര്‍ത്തിച്ചുവരുന്നുണ്ട്.
കഠോപനിഷത്തിലെ മന്ത്രത്തില്‍ സര്‍വ്വവേദങ്ങളുമെന്ന് പറയുന്നതിലൂടെ വേദമന്ത്രങ്ങളുടെ ഉച്ചാവസ്ഥയെ പ്രകടമാക്കുകയാണ് ഉപനിഷദ് ഋഷി. സര്‍വ്വവേദങ്ങളും ഈ ബ്രഹ്മവിദ്യയെത്തന്നെയാണ് സ്ഫുടീകരിക്കുന്നതെന്നര്‍ത്ഥം.

മുണ്ഡകോപനിഷത്തും വേദവും
“അഗ്നിര്‍ മുര്ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോേ്രത വാഗ്വിവൃതാശ്ച വേദാഃ
വായു പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‌വഭൂതാന്തരാത്മാ ”
(മുണ്ഡകം 2.1.4)

അര്‍ത്ഥം: ആ ഈശ്വരന്‍ പ്രകാശ സ്വരൂപനും ജ്യോതിര്‍മയനും സൂക്ഷ്മാതിസൂക്ഷ്മവും നിരാകാരനും അമൂര്‍ത്തനുമാകുന്നു. ആ പുരുഷനില്‍ നിന്ന് പ്രാണന്‍, മനസ്, സര്‍വ്വ ഇന്ദ്രിയങ്ങള്‍, എന്നിവയും ആകാശം, വായു, പ്രകാശമയമായ അഗ്നി, ജലം സര്‍വ്വത്തിന്റേയും ആധാരമായ പൃഥി വരെയും ഉണ്ടാകുന്നു. ദ്യൗലോകം ആ പുരുഷന്റെ മൂര്‍ദ്ധാവാകുന്നു. സൂര്യചന്ദ്രന്‍മാര്‍ ഇരു കണ്ണുകളാണ്. സര്‍വ്വവ്യാപകനായ ഭഗവാന്‍ സര്‍വ്വ ഭൂതങ്ങളുടേയും ഹൃദയത്തില്‍ രമിച്ച് മസ്തിഷ്‌ക്കത്തില്‍ അഗ്നിയായിരിക്കുന്നു. അവന്റെ കണ്ണുകള്‍ സൂര്യ ചന്ദ്രന്മാരാണെന്ന് സാരം. ആ പുരുഷന്റെ ചെവി ദിശകളും ആ പുരുഷന്റെ വാണിയാകട്ടെ വിസ്തൃതമായ വേദങ്ങളും. അവനില്‍ നിന്നാണ് ഋഗ്വേദവും യജുര്‍വ്വേദവും സാമവേദവും അഥര്‍വ്വവേദവും ഉണ്ടായത്. ഈ വേദങ്ങളിലാകട്ടെ ദീക്ഷാ, യജ്ഞം, മഹായജ്ഞം, ദക്ഷിണാ, കാലവിഭാഗം, യജ്ഞം എന്നീ വ്യത്യസ്ത ലോകങ്ങളെക്കുറിച്ച് പറയുന്നു.

തെത്തീരിയോപനിഷത്തും വേദങ്ങളും
ഇനിയും നമുക്ക് തൈത്തീരിയോപനിഷത്തിലേക്കു വരാം. അവിടെ ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം എന്നീ വേദത്രയിയെക്കുറിച്ച് സുവ്യക്തമായി പറയുന്ന ഭാഗം കാണുക.
“ഭൂരിതി വാ ഋചഃ ഭുവ ഇതി സാമാനി.
സുവരിതി യജുങ്ഷി. മഹ ഇതി ബ്രഹ്മ ”
(തൈത്തീരിയം 1.5.2)

ഭൂഃ ശബ്ദം ഋഗ്വേദത്തേയും ഭുവഃ ശബ്ദം സാമവേദത്തേയും സ്വഃ ശബ്ദം യജുര്‍വ്വേദത്തേയും കുറിക്കുന്നു. ബ്രഹ്മം മഹഃ ആകുന്നു. ബ്രഹ്മമെന്നാല്‍ പരമാത്മാവ് ആ പരമാത്മാവിനാലാണ് ഋഗ്വേദം തുടങ്ങിയ നാല് വേദങ്ങളും സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായത്. ‘ബ്രഹ്മണ വാവ സര്‍വ്വേ വേദാ മഹീയന്തേ’ എന്ന പ്രസ്താവന ഓര്‍ക്കുക. അങ്ങനെ ഓരോ ഇടത്തും ഉപനിഷത്തുക്കള്‍ വേദമഹിമയെ വിവിധ രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈശ്വരീയ വാണിയായതിനാലാണ് ഇങ്ങനെ വാരം വാരം ഈ വര്‍ണനയ്ക്ക് ഉപനിഷദ് ഋഷിമാര്‍ തയ്യാറാകുന്നത്. നാസ്തികരില്‍ നാസ്തികരായ ബുദ്ധിമാന്മാര്‍ പോലും സംഹിത ഈശ്വരീയ വാണിയാണെന്ന് ഉപനിഷത്ത് പഠിച്ചു മനസ്സിലാക്കും. തൈത്തീരിയത്തില്‍ത്തന്നെ മറ്റൊരിടത്ത് ‘യഃ ഛന്ദസാം ഋഷഭഃ’ (1.4.3) എന്ന് എഴുതിക്കാണാം. അതായത് വേദങ്ങളില്‍ ശ്രേഷ്ഠമെന്ന് ഓതിയ ഈശ്വരനെ എന്നര്‍ത്ഥം

ഛാന്ദോഗ്യോപനിഷത്തും വേദങ്ങളും
ബ്രാഹ്മണ ഗ്രന്ഥങ്ങളില്‍ വേദങ്ങളെ ഏതു വിധത്തിലാണോ ഈശ്വരകൃതമെന്ന് പറഞ്ഞിരിക്കുന്നത് അതേപോലെ ഛാന്ദോഗ്യോപനിഷത്തില്‍ രണ്ടിടത്ത് വേദങ്ങള്‍ ഈശ്വരനില്‍ നിന്ന് ഉണ്ടായെന്ന് പറയുന്നുണ്ട്. സാമവേദീയമായതാണ് ഛാന്ദോഗ്യമെന്ന് ഓര്‍ക്കുകയും വേണം.
“പ്രജാപതിര്‌ലോകാനഭ്യതപത്തേഭ്യോളഭിത
പ്‌തേഭ്യസ്ത്രയീവിദ്യാ സംപ്രാസ്രവത്.
താമഭ്യ തപത്തസ്യാ അഭിതപ്തായാ
ഏതാന്യക്ഷരാണി സംപ്രാസ്രവന്ത ഭൂര്ഭുവ സ്വരിതി ”
(ഛാന്ദോഗ്യം 2.23.2)

അര്‍ത്ഥം: ചരാചരങ്ങളുടെ അധിപനായ സ്രഷ്ടാവ് ലോകങ്ങളെ രചിച്ച് പ്രകാശിപ്പിച്ചു. അവ ദീപ്തമായപ്പോള്‍ ഋക്, യജുസ്സ്, സാമം എന്നീ ത്രയീ വിദ്യകളും പ്രകാശനം ചെയ്തു. അവ പ്രകാശിതമായതിനുശേഷം ഭൂഃ, ഭുവഃ, സ്വഃ എന്നീ അക്ഷരങ്ങള്‍ പ്രകടമായി.

ബൃഹദാരണ്യകോപനിഷത്തും വേദങ്ങളും
“സ തയാ വാചാ തേനാത്മനേദങ്‌സ്യേ
കനീയോളന്നം കരിഷ്യ ഇതി സ തയാ
വാചാ തോത്മനേദങ് സര്‌വമസൃജത
യദിദ കിം ചര്‌ചേ യജുങ്ഷി സാമാനി
ച്ഛന്ദാങ്‌സി യജ്ഞാന്‍പ്രജാഃ പശൂന്‍.
സ യദ്യദേവാസൃജത തത്തദത്തുമഘ്രീയത സര്‌വം വാ അത്തീതി തദദിതേരദിതിത്വങ് സര്‌വസൈ്യ തസാത്താ ഭവതി സര്‌വമസ്യാന്നം
ഭവതി യ ഏവമേതഭദിതേരദിതിത്വം വേദ”
(ബൃഹദാരണ്യകം 1.2.5)

അര്‍ത്ഥം: ബ്രഹ്മന്‍ ആ വാണിയാല്‍ ഇതിനെയെല്ലാം സൃഷ്ടിച്ചു. അല്പം ഉണ്ടായത് ഋഗ്വേദമന്ത്രങ്ങള്‍, യജുര്‍വ്വേദമന്ത്രങ്ങള്‍, സാമവേദമന്ത്രങ്ങള്‍, ഛന്ദസ്സ് എന്ന പേരുള്ള അഥര്‍വ്വവേദമന്ത്രങ്ങള്‍, യജ്ഞങ്ങള്‍, പ്രജകളും പശുക്കളുമാണ്.
ശ്വേതാശ്വതരോപനിഷത്തില്‍ ഈശ്വരനാല്‍ പ്രകാശിതമാണ് വേദങ്ങളെന്ന് പറയുന്നതു കാണൂ.
യോ ബ്രഹ്മാണാം വിദധാതി പൂര്‍വ്വം
യോ വൈ വേദാംശ്ച പ്രഹിണോതി തസ്‌മൈ (ശ്വേതാശ്വതരം 6.18)
അര്‍ത്ഥം: ഏതൊരു ഈശ്വരനാണോ ആദ്യമായി ബ്രഹ്മ വേദവേത്താവിനെ സൃഷ്ടിച്ചത്, അദ്ദേഹത്തിന് വേദങ്ങളെ പ്രദാനം ചെയ്തത്- ആ ആത്മാവിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ദേവനില്‍ ഞാന്‍ മോക്ഷാര്‍ത്ഥിയായി ശരണം പ്രാപിക്കുന്നു.

പ്രശ്‌നോപനിഷത്തും വേദങ്ങളും
“പശ്‌നോപനിഷത്ത് ഈ വേദമഹിമയെ പാരാട്ടുന്നതു കാണൂ
ഋഗ്ഭിരേതം യജുര്ഭിരന്തരീക്ഷം
സാമഭിര്യത്തത് കവയോ
വേദയന്തേ തമോം കാരേണൈ
വായതനേനാന്വേതി
വിദ്വാന്യത്തച്ഛാന്തമജരമമൃതമഭയം
പരം ചേതി. ”
(പ്രശ്‌നോപനിഷത്ത് 5.7)

അര്‍ത്ഥം: അവര്‍ ഋഗ്വേദമന്ത്രങ്ങളാല്‍ മനുഷ്യലോകത്തേയും യജുര്‍വ്വേദമന്ത്രത്താല്‍ അന്തരീക്ഷലോകത്തേയും സാമവേദമന്ത്രങ്ങളാല്‍ വിദ്വാന്മാര്‍ അറിയുന്നതേതോ അതിനേയും അറിയുന്നു. വിദ്വാന്‍ ഓം കാരത്തിന്റെ മന്ത്രം അവലംബത്താല്‍ ശാന്തവും പരിവര്‍ത്തനരഹിതവും അനശ്വരവും ഭയരഹിതവുമെല്ലാറ്റിനും ഉപരിയായി വര്‍ത്തിക്കുന്നതുമായതിനെ കൈവരിക്കുന്നു.
ഈ വേദങ്ങള്‍ എങ്ങനെയാണ് ഉണ്ടായതെന്നും പ്രശ്‌നോപനിഷത്ത് പറയുന്നുണ്ട് ആ വിവരണം കൂടി കാണുക.
“അരാ ഇവ രഥനാഭൗ പ്രാണേ സര്‌വം പ്രതിഷ്ഠിതമ്. ഋചോ യജുംഷി സാമാനി യജ്ഞഃ ക്ഷത്രര ബ്രഹ്മ ച. ”
(പ്രശ്‌നോപനിഷത്ത് 2.6)

ആരക്കാലുകള്‍ രഥത്തിന്റെ നടുക്ക് ചേരുന്നപോലെ പ്രാണനില്‍ എല്ലാം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം എന്നിവയും യജ്ഞം, ക്ഷത്രം, ബ്രഹ്മം എന്നിവയും പ്രാണനില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.