വേദങ്ങളിലെ പുനര്‍ജന്മസിദ്ധാന്തം
ഹൈന്ദവരുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തില്‍ പുനര്‍ജന്മസിദ്ധാന്തമില്ലെന്നും മറിച്ച് തങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുംപ്രകാരമുള്ള സ്വര്‍ഗ-നരകാദികളെക്കുറിച്ചാണ് വേദങ്ങളിലും വര്‍ണ്ണിക്കുന്നതെന്നും ഒട്ടേറെ സെമിറ്റിക് മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടുകാണാറുണ്ട്. ഹൈന്ദവര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സ്വര്‍ഗ-നരകങ്ങളോ പുനര്‍ജന്മമോ, ഇതിലേതാണ് യഥാര്‍ത്ഥത്തില്‍ വൈദികസിദ്ധാന്തമനുസരിച്ച് മരണാനന്തരം സംഭവിക്കുന്നത്? നമുക്ക് വേദങ്ങളെടുത്ത് പരിശോധിക്കാം.
വേദങ്ങളില്‍ പുനര്‍ജന്മത്തെയും സ്വര്‍ഗനരകാദികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരേപോലെ കടന്നുവരുന്നുണ്ട്. എന്നാല്‍ വേദങ്ങളില്‍ പറയുന്ന സ്വര്‍ഗനരകങ്ങള്‍ പുരാണങ്ങളിലോ അന്യമതഗ്രന്ഥങ്ങളിലോ വര്‍ണ്ണിച്ചിരിക്കുന്നതുപോലെയുള്ള ബാഹ്യലോകങ്ങളല്ല. വിശേഷപ്പെട്ട സുഖവും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ സ്വര്‍ഗമെന്നും ദുഃഖത്തെയും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ നരകമെന്നും വിളിക്കുന്നുവെന്നുമാത്രം. ഈ ഭൂമിയില്‍തന്നെ സ്വര്‍ഗവും നരകവും നമുക്കു കാണാമെന്നു സാരം. അതുകൊണ്ടുതന്നെ അവ പുനര്‍ജന്മസിദ്ധാന്തത്തിന് വിരുദ്ധവുമല്ല. സുഖമോ ദുഃഖമോ ഇല്ലാതെ ആനന്ദമെന്ന അനുഭൂതി മാത്രമുള്ള അവസ്ഥയെ മോക്ഷം അഥവാ മുക്തിയെന്നും വേദം വിളിക്കുന്നു.
ഉപനിഷത്തുക്കളിലും ഷഡ് ദര്‍ശനങ്ങളിലും ഭഗവദ്ഗീതയിലുമെല്ലാം തെളിഞ്ഞുകാണുന്ന പുനര്‍ജന്മസിദ്ധാന്തത്തിന്റെ അടിവേരിരിക്കുന്നത് വേദങ്ങളിലാണ്. അഥര്‍വവേദത്തിലെ ചില മന്ത്രങ്ങള്‍ കാണൂ.
‘ഹേ ജീവാത്മാവേ, നീ സ്ത്രീയാകുന്നു. നീ പുരുഷനുമായിത്തീരുന്നു. കുമാരനാകുന്നതും കുമാരിയാകുന്നതും നീതന്നെ. ജരാവസ്ഥയെ (ജീര്‍ണാവസ്ഥയെ) പ്രാപിക്കുമ്പോള്‍ നീ ഊന്നുവടിയുമേന്തി നടക്കുന്നു. അങ്ങനെ വിവിധ ജന്മങ്ങളില്‍, ഉത്പന്നമാകുന്ന ശരീരത്തിനനുസരിച്ച്, അവയെ ധരിച്ച നീ അനേകരൂപത്തില്‍ സര്‍വത്ര പ്രത്യക്ഷനാകുന്നു.’
‘ഹേ ജീവാത്മാവേ, നീ ഇവന്റെ (മറ്റൊരു ജീവാത്മാവിന്റെ) അച്ഛനാകുന്നു. മകനാകുന്നതും നീ തന്നെ. ജ്യേഷ്ഠനും അനുജനുമായി നീ മാറുന്നു. ലോകലോകാന്തരങ്ങള്‍ക്കുള്ളില്‍ വിസ്തരിച്ചിരിക്കുന്ന ദേവന്‍, പരമേശ്വരന്‍, അവന്‍തന്നെയാണ് ഈ സകലജന്മങ്ങളിലും നിന്റെ മനസ്സില്‍ പ്രവിഷ്ടമായിരിക്കുന്നത്.’ (അഥര്‍വ വേദം 10.8.27, 28 മന്ത്രങ്ങള്‍)
ഇപ്രകാരം ജീവാത്മാവിന്റെ പുനര്‍ജന്മത്തെക്കുറിച്ച് അഥര്‍വവേദത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു. മരണമെന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ശേഷം പുതിയ ശരീരം തേടിയുള്ള ആത്മാവിന്റെ ഗതിയെക്കുറിച്ചുമെല്ലാം വര്‍ണ്ണിക്കുന്ന ചില യജുര്‍വേദമന്ത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
‘അല്ലയോ ജീവാത്മാവേ, നിന്റെ ഈ ശരീരം യജ്ഞയോഗ്യമായിരിക്കണം. (അങ്ങനെ യജ്ഞീയമായ പുതിയ ശരീരത്തെ പ്രാപ്തമാക്കുന്നതിനായി) ഞാന്‍ നിന്നെ ഈ സ്ഥൂലശരീരത്തില്‍നിന്നും വേര്‍പെടുത്തുന്നു. എന്നാല്‍ സൂക്ഷ്മശരീരത്തെ നിനക്ക് പുനര്‍ജനിക്കാന്‍ പാകത്തിന് നിന്നോടൊപ്പം തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. നിനക്ക് സര്‍വവിധ ദുഃഖത്തെയും മറികടക്കുന്നതിനായി യജ്ഞയോഗ്യമായ ഒരു പാര്‍ഥിവശരീരത്തെ നല്‍കുന്നു. അതില്‍ പ്രവേശിച്ചാലും അതിലൂടെ ഉന്നതിയെ പ്രാപിച്ചാലും.’
‘ഹേ അഗ്നേ, ഇതു മരണമാകുന്നു. ഞങ്ങള്‍ ഇപ്പോള്‍ സുഷുപ്തിയിലേക്ക് പ്രവേശിക്കുകയാണ്. നീ ഞങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നാലും. (സൂക്ഷ്മശരീരത്തിലെ സൂക്ഷ്മതത്വങ്ങളെ) പ്രമാദരഹിതമായി സംരക്ഷിച്ചാലും. പ്രകൃഷ്ട ജ്ഞാനപ്രാപ്തിക്കായി ഞങ്ങളെ വീണ്ടും നയിച്ചാലും.’
‘വീണ്ടും (ഈ ജന്മത്തിലും) മനസ്സും അതിലൂടെ ക്രിയാമയമായ ജീവിതവും എനിക്കു പ്രാപ്തമാകട്ടെ. വീണ്ടും പ്രാണനും പ്രാണസാധനയിലൂടെ ആത്മജ്ഞാനവും എനിക്ക് പ്രാപ്തമാകട്ടെ. വീണ്ടും കാഴ്ചയും കേള്‍വിയും എനിക്ക് പ്രാപ്തമാകട്ടെ. ശരീരസംരക്ഷകനായ വൈശ്വാനരാഗ്നി ഞങ്ങളെ ദുര്‍ഗതിയില്‍ നിന്നും പാപങ്ങളില്‍ നിന്നും സംരക്ഷിക്കട്ടെ.’
(യജുര്‍വേദം 4.13 മുതല്‍ 15 വരെ മന്ത്രങ്ങള്‍)
പുതിയൊരു ജന്മവും ആ ജന്മത്തിലും ഉത്തമമായ ഇന്ദ്രിയങ്ങളോടുകൂടിയ ശരീരത്തെയും, പ്രാണനെയും, മനസ്സിനെയും, ദീര്‍ഘായുസ്സിനെയും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഋഗ്വേദത്തിലും കടന്നുവരുന്നുണ്ട്. കാണുക.
‘അല്ലയോ സൗമ്യശീലനായ പരമേശ്വരാ, ഞങ്ങളെ മരണലോകത്തിന്റെ ഇരുട്ടില്‍ ഉപേക്ഷിക്കാതെ, ജീവിതത്തില്‍ ഉദിച്ചുയരുന്ന പ്രജ്ഞാസൂര്യനെ അനുഭവിക്കാന്‍ അനുഗ്രഹിക്കണേ. വിവിധ ജന്മങ്ങളില്‍ അവസാനം വന്നുചേരുന്ന വൃദ്ധാവസ്ഥ ഞങ്ങള്‍ക്ക് സുഖകരമായിരിക്കണമേ. ദുര്‍ഗതി ഞങ്ങളില്‍നിന്നും അകന്നുപോകണേ.’
‘അല്ലയോ പ്രാണദായകനായ പരമേശ്വരാ, വീണ്ടും ഞങ്ങള്‍ക്ക് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ നല്‍കിയാലും. വീണ്ടും പ്രാണനെ നല്‍കിയാലും. ഈ ജന്മത്തിലും തുടര്‍ന്നുള്ള ജന്മങ്ങളിലും ഞങ്ങള്‍ ഉത്തമഭോഗങ്ങള്‍ അനുഭവിക്കട്ടെ. അതനുഭവിക്കാന്‍ പാകത്തിനുള്ള ദീര്‍ഘായുസ്സ് ഞങ്ങള്‍ക്ക് പ്രാപ്തമാകട്ടെ. സമസ്ത വ്യക്തികള്‍ക്കും മാനം നല്‍കുന്ന ഭഗവാനേ, എല്ലാ ജന്മങ്ങളിലും ഞങ്ങളെ സുഖികളാക്കി സ്വസ്തരാക്കിയാലും.’
‘ഞങ്ങള്‍ക്ക് വീണ്ടും, വരും ജന്മങ്ങളിലും, അന്നമയ-പ്രാണമയ-മനോമയ-വിജ്ഞാനമയ-ആനന്ദമയ കോശങ്ങളോടുകൂടിയ ശരീരത്തെ നല്‍കിയാലും. ശരീരത്തെ പോഷിപ്പിക്കുന്നതിനാവശ്യമായ പഥ്യഭോജനത്തെയും നല്‍കി ആ ജന്മങ്ങളിലും ഞങ്ങള്‍ക്കു സ്വസ്തിയേകിയാലും.’
(ഋഗ്വേദം 10.59.4,6,7 മന്ത്രങ്ങള്‍)
ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലുമെല്ലാം മരണശേഷമുള്ള രണ്ടു മാര്‍ഗങ്ങളായ പിതൃയാനത്തെയും ദേവയാനത്തേയുംകുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ മാര്‍ഗങ്ങളെക്കുറിച്ച് ആദ്യമായി വിവരിച്ചതും വേദങ്ങള്‍തന്നെയാണ്. ഒരു ഋഗ്വേദവചനം കാണൂ.
ദ്വേ സ്രുതീ അശൃണവം പിതൃണാമഹം
ദേവാനാമുത മര്ത്യാനാമ്. (ഋഗ്വേദം 10.88.15)
അര്‍ഥം: ‘ജീവാത്മാക്കള്‍ക്ക് മരണശേഷം സ്വീകരിക്കാന്‍ യോഗ്യമായ രണ്ട് വഴികളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഒന്ന് പിതൃക്കള്‍ തുടങ്ങിയ മര്‍ത്യരുടെയും രണ്ട് ദേവന്മാരുടെയും. ഇതേ മന്ത്രം സ്വല്പം ഭേദത്തോടെ യജുര്‍വേദത്തിലും കടന്നുവരുന്നുണ്ട്’ (യ. 19.47). നീചകര്‍മങ്ങള്‍ ചെയ്യുന്നവര്‍ എന്നാല്‍ ഈ രണ്ടു മാര്‍ഗങ്ങള്‍ക്കും കീഴെയുള്ള ‘ജായസ്വ-മ്രിയസ്വ’ എന്ന് ഉപനിഷത്ത് വിളിക്കുന്ന മാര്‍ഗത്തിലൂടെയാണ് അടുത്ത ജന്മം സ്വീകരിക്കുന്നത്. അങ്ങനെയുള്ളവര്‍ നീചയോനികളില്‍ ചെന്നുപതിക്കുകയും ചെയ്യുന്നു. യജുര്‍വേദം ഈ അന്ധകാരലോകത്തെ വിളിക്കുന്ന പേര് ‘അസുര്യാ ലോകം’ എന്നാണ്. (യജുര്‍വേദം 40.3). ഇങ്ങനെ പുനര്‍ജന്മസിദ്ധാന്തത്തെ സുവ്യക്തമായിത്തന്നെ വേദങ്ങളില്‍ വരച്ചുവെച്ചിരിക്കുന്നതായി കാണാം.
രാത്രിയെ മരണമായും പകലിനെ ജീവിതമായും വേദങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. രാത്രിയും പകലും മാറിമാറി കടന്നുവരുംപോലെ തന്നെ മരണവും ജനനവും നടന്നുകൊണ്ടേയിരിക്കുന്നു. പ്രപഞ്ചവും അപ്രകാരം തന്നെ നിരന്തരമായ സൃഷ്ടി-സംഹാരങ്ങള്‍ക്കു പാത്രമാകുന്നു. എല്ലാം സ്വാഭാവികമായും ചാക്രികമായി നടന്നുകൊണ്ടേയിരിക്കുന്നു. ഒരു വൃത്തത്തിലൂടെയുള്ള ആ സഞ്ചാരത്തെ, അതിന്റെ ഭാവത്തെയാണ് ഋഗ്വേദത്തിലെ ‘ഭാവവൃത്തം’ ദേവതയായുള്ള പ്രസിദ്ധമായ അഘമര്‍ഷണസൂക്തത്തില്‍ നമുക്കു കാണാനാവുക.