എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍

മുപ്പത്തിമുക്കോടി ദേവതളുണ്ട് ഹിന്ദുധര്‍മ്മത്തില്‍. എന്നാല്‍ ഇത്രയും ദേവതകളും ഈശ്വരനും ഒന്നാണോ? ലളിത ഭാഷയില്‍ ഉത്തരം പറയാതെ ആദ്ധ്യാത്മിക വിഷയങ്ങള്‍ സങ്കീര്‍ണമായി അവതരിപ്പിക്കുകയാണ് പലരും. ഇതൊരു വലിയ ചതിയാണ്. നേരാം വണ്ണം ഇതു പഠിപ്പിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാകും എന്താണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്ന്.
രണ്ടില്ലാത്തവിധം ഒന്നാണ് ബ്രഹ്മം. അതിന് ഇന്ദ്രന്‍ തുടങ്ങിയ പേരുകളുമുണ്ട്. പ്രകൃതി തുടങ്ങിയ പദാര്‍ത്ഥങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്നവന്‍ ദിവ്യനാണ്. എല്ലാവരെയും പാലിച്ചു പോറ്റുന്നതിനാല്‍ അതേ ഈശ്വരന് സുപര്‍ണന്‍ എന്നൊരു പേരുണ്ട്. മഹാനായതുകൊണ്ട് ഈശ്വരന്റെ മറ്റൊരുപേരാണ് ഗരുത്മാന്‍. വായുവിനെപ്പോലെ അതിശക്തിശാലിയായതിനാല്‍ ഈശ്വരന്‍ മാതരീശ്വരനണ്. ഇങ്ങനെ ഒന്നിനെത്തന്നെ വിശേഷ പ്രജ്ഞയുള്ളവര്‍ പല പേരുകളിട്ടുവിളിക്കുന്നു.(1)(ഋഗ്വേദം 1.164.46)
കൂടാതെ അഥര്‍വ്വവേദത്തില്‍ മറ്റൊരു പ്രസ്താവം കൂടി നമുക്ക് വായിക്കാം. ‘ രണ്ടില്ല, മൂന്നില്ല, നാലുമില്ല അവന്റെ കാര്യത്തില്‍. അവന് അഞ്ചാമനില്ല, ആറാമനില്ല, ഏഴാമനുമില്ല. അവന് എട്ടാമനോ, ഒമ്പതാമനോ, പത്താമനോ ഇല്ല.’ അവന്‍ ഏകനാണ്. തികച്ചും പൂര്‍ണനും ഏകനുമാണ് ഈശ്വരന്‍. അവനില്‍ സര്‍വ്വദേവതകളും ലയിച്ചു ഒന്നായിത്തീരുന്നു.
അപ്പോള്‍ എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍ എന്നൊരു ചോദ്യം സാധാരണമായിത്തന്നെ ഉയര്‍ന്നുവരും. വേദങ്ങളില്‍ 33 ദേവതകളെക്കുറിച്ച് പറയുന്നതില്‍ നിന്നാണ് മുപ്പത്തിമുക്കോടി എന്ന സങ്കല്പം ഉലെടുത്തത്. ‘ ദിവ്് ‘ എന്ന ധാതുവില്‍ നിന്നാണ് ‘ ദേവത ‘ എന്ന വാക്കുണ്ടാകുന്നതെന്ന് പറഞ്ഞുവല്ലോ. അതിനര്‍ത്ഥം പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നെല്ലാമാണെന്നും പറഞ്ഞു. ഈ മുപ്പത്തിമുക്കോടി ദേവതകള്‍ എന്താണെന്ന് പറയാം.
ഭൂമി, ജലം, വായു, ആകാശം, ചന്ദ്രന്‍, സൂര്യന്‍, അഗ്‌നി, നക്ഷത്രങ്ങള്‍, എന്നിവ സൃഷ്ടിയുടെ വാസസ്ഥാനമാണ്. അതിനാല്‍ ഇവയെ വസുക്കള്‍ എന്നും വിളിക്കും. എട്ടാണ് വസുക്കള്‍. നമ്മുടെ ശരീരത്തില്‍ പത്തുപ്രാണനുകളുണ്ട്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, നാഗന്‍, കൂര്‍മ്മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നിങ്ങനെ. ഇതു കൂടാതെ ജീവാത്മാവും നമ്മുടെ ശരീരത്തിലുണ്ട്. ഇവയെ ഏകാദശരുദ്രന്മാര്‍(11)എന്നു വിളിക്കുന്നു. ഒരു വര്‍ഷത്തില്‍ 12 മാസങ്ങളാണ്. ഇവ ആയുസ്സിനെ ആഹരിക്കുന്നു. അതിനാല്‍ ദ്വാദശ ആദിത്യന്മാര്‍(12) ദേവതകളാണ്. മിന്നല്‍ ഒരു ദേവതയാണ്. മഴ, വെള്ളം, വായു, ഔഷധികള്‍ എന്നിവയെ ശുദ്ധീകരിക്കുന്ന യജ്ഞം 33 ാത്തെ ദേവതയാണ്. പ്രജാപതി എന്നാണ് ഈ ദേവതയുടെ പേര്.
ഇതൊന്നും ഈശ്വരനാണെന്ന് ഒരു ഗ്രന്ഥത്തിലും കാണാനാവില്ല. ഈ 33 ആണ് അവാന്തരവിഭാഗങ്ങളായി 33 കോടിയൊക്കെ ആയത്.

Leave a Reply

Your email address will not be published. Required fields are marked *