ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട് ? 

അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യവ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത് പലപ്പോഴും അയ്യപ്പന്‍മാര്‍ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോള്‍ അത് മറികടക്കാന്‍ വേണ്ടി  നേരത്തെ തന്നെ മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും. ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണമെങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്‌നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല്‍ 41 ദിവസത്തെ വ്രതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള്‍ എന്താണ്?

ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ എങ്ങനെയായിരിക്കണം എന്ന് മീമാംസദര്‍ശനത്തില്‍ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിക്കേണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പന്‍ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങനെ നോക്കിയാല്‍ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഈ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനമെന്താണ്?  ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദര്‍ശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിന്റെ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നര്‍ത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളില്‍ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ് വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകള്‍ രൂപപ്പെടും. സ്മൃതിശക്തി വര്‍ദ്ധിക്കും. ബ്രഹ്മചര്യം കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഫലം സ്മൃതി ശക്തി വര്‍ദ്ധിക്കുമെന്നതാണ്. ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നര്‍ത്ഥം.

41 ദിവസത്തെ വ്രതത്തില്‍ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യവ്രത ലംഘനങ്ങള്‍ മാനസിക ഊര്‍ജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാള്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം.? അയാളുടെ ശരീരത്തിലെ മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിന്റെ മൊത്തം കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിയെടുക്കാം?  രോഗങ്ങള്‍ക്ക് എങ്ങനെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും? പുതിയ ആരോഗ്യവസ്ഥ എങ്ങനെ ഉണ്ടാക്കാം തുടങ്ങിയതെല്ലാം ഉദ്ദേശിച്ചാണ് ബ്രഹ്മചര്യത്തെ വ്രതത്തിന്റെ ഭാഗമായി പൂര്‍വ്വികര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ 

ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി. 

സ ദാധാര പൃഥിവീം ദിവം ച സ 

ആചാര്യം തപസാ പിപര്തി.

(അഥര്‍വവേദം 11.5.1)

അര്‍ത്ഥം: ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂര്‍വ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.

ബ്രഹ്മചര്യത്തെ പാലിക്കുന്നതിലൂടെ മാനസിക തലത്തില്‍ അസാധാരണ ശക്തി ഉണ്ടാവുകയും ഓര്‍മശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ഓജസ്സ് ക്ഷയിക്കാതെ അതിനെ ശക്തിയാക്കി മുന്നോട്ട് കൊണ്ടുപോകാം. ഓജസ് വര്‍ദ്ധിക്കുന്നതിലൂടെ മറ്റൊരു പ്രധാന ലാഭം കൂടിയുണ്ട്. ഓജസ്സ്  എങ്ങനെ നമുക്ക് വളര്‍ന്നുവരുന്നോ അത്ര കണ്ടായിരിക്കും ആയുസ്സിന്റെ ദൈര്‍ഘ്യം. ഒരു വര്‍ഷത്തില്‍ 41 ദിവസം ബ്രഹ്മചര്യം നാം പാലിക്കുന്നു അതായത് ആ  ഒരു വര്‍ഷത്തില്‍ 41 ദിവസം ബ്രഹ്മചര്യം പാലിക്കുകയാണ്. ഇത് കൃത്യമായി പാലിക്കുന്നതിലൂടെ ഓരോ വര്‍ഷവും നമുക്ക് ഉണ്ടാകുന്ന ഓജസ്സിന്റെ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ സാധിക്കുമെന്ന് പ്രാചീനന്‍ വിശ്വസിച്ചു. ഇത് അയ്യപ്പന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി കൊടുത്ത ദീക്ഷ അനുസരിച്ച് അദ്ദേഹത്തില്‍ എത്തിയിരിക്കുന്ന ബീജം മൂലാധാരത്തില്‍ നിന്നാണ് പ്രവൃത്തിക്കുന്നത്. ആ മൂലാധാരത്തില്‍ നിന്ന് പ്രവൃത്തിക്കുന്ന അയ്യപ്പന്റെ മൂലമന്ത്രം അദ്ദേഹത്തിന്റെ ബ്രഹ്മചര്യത്തിലൂടെയാണ് സാഫല്യത്തില്‍ എത്തുക. അത് ബ്രഹ്മചര്യത്തിലൂടെ വികസിപ്പിച്ചിട്ടാണ് പിന്നീട് തന്റെ മൊത്തം കഴിവുകളേയും സഹസ്രാരത്തിലേക്ക് അഥവാ ഇരുമുടിക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്. തലച്ചോറിലാണ് സഹസ്രാരം ഉള്ളത്. അവിടേക്ക് തന്റെ ബ്രഹ്മചര്യശക്തി കൊണ്ടുപോവുകയാണ് ഒരു സാധകന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മചര്യം എന്നാല്‍ നാം അറിയുന്നതിനും അപ്പുറത്തുള്ള അതീവ രഹസ്യമായ സാധനാപദ്ധതിയാണെന്ന് ഓരോ അയ്യപ്പനും മനസ്സിലാക്കണം. അതു കൊണ്ടുതന്നെ ബ്രഹ്മചര്യം സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എന്നു മാത്രമല്ല ഒരിക്കലും ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം വിസ്മരിക്കരുതു താനും.

Leave a Reply

Your email address will not be published. Required fields are marked *