മനുസ്മൃതിയിലെ കൂട്ടിച്ചേര്‍പ്പ്
പ്രാചീനഗ്രന്ഥങ്ങളിലെ കൂട്ടിചേര്‍പ്പിന് പ്രക്ഷിപ്തമാണ് സാധാരണ പറയാറ്. ഇന്നു കാണുന്ന മനുസ്മൃതി പ്രക്ഷിപ്തങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വിശദമായ പഠനം തന്നെ ആവശ്യമായി വന്നിരിക്കുന്നു. കാരണം അങ്ങനെ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വേണ്ടത്ര നിരൂപണം ചെയ്തിട്ടില്ലെങ്കില്‍ മഹത്തായ ഒരു മാനവ ശാസ്ത്രം നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനാല്‍ മനുസ്മൃതിക്ക് ഇപ്പോള്‍ ഏറ്റ കളങ്കങ്ങള്‍ ഇല്ലാതാക്കി പരിശുദ്ധമാക്കി എഴുതേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയാം. പ്രക്ഷിപ്തങ്ങളായ സംസ്കൃത ശ്ലോകങ്ങള്‍ അടങ്ങിയ മനുസ്മൃതിയെ കണ്ടാണ് ഭാരതീയ സംസ്കാരത്തെ പലരും ഹീനമായി ചിത്രീകരിച്ചത്. ഇതു വായിച്ച പലരും ഭാരതീയ സംസ്കാരം അങ്ങേയറ്റം ഹീനവും വികൃതവും പൈശാചികവുമാണെന്ന് തെറ്റിദ്ധരിച്ചു. പ്രാചീന ഭാരതീയരെ മാംസഭുക്കുകളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മ ഉള്ളവരും ഉച്ചനീചത്വങ്ങള്‍ വച്ച് പുലര്‍ത്തിയവരും ജാതിവ്യവസ്ഥയുടെ പ്രയോക്താക്കളുമായി കൊട്ടിഘോഷിച്ചു. സ്ത്രീകളോട് അവഗണനയും അവരെ അടുക്കളയില്‍ അടച്ചിട്ടവരുമായി പ്രാചീനഭാരതീയര്‍ മാറി. ഈ തരത്തിലുള്ള സിദ്ധാന്തങ്ങള്‍ക്ക് അനുകൂലമായ നിരവധി ശ്ലോകങ്ങള്‍ മനുസ്മൃതിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടു. ഈ ശ്ലോകങ്ങള്‍ മനുസ്മൃതിയുടെ യഥാര്‍ത്ഥ ഭാവമാണോ എന്ന് പരിശോധിക്കാന്‍ പോലും ചരിത്രകാരന്മാര് മെനക്കെട്ടില്ല. ഇന്നും അഭ്യസ്ഥവിദ്യരായ യുവാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ മനുസ്മൃതിയിലെ ഈ പ്രക്ഷിപ്തങ്ങള്‍ ചൂണ്ടുപലകയായി എടുത്ത് നമ്മുടെ പൂര്‍വ്വ പിതാമഹന്മാര് ജാതികുശുംഭന്മാരാണെന്നും സ്ത്രീവിരോധികളായിരുന്നെന്നും ലേഖനങ്ങളില്‍ പടച്ചുവിടുന്നു.
മനുസ്മൃതിയില്‍ ഇന്ന് കാണുന്ന പ്രക്ഷിപ്തങ്ങളെല്ലാം ഒരേ സമയത്ത് എഴുതിചേര്ക്കപ്പെട്ടവയല്ല. വൈദിക സംസ്കാരം ലോപിച്ചപ്പോള് നിരവധി മതമതാന്തരങ്ങള് രൂപപ്പെട്ടു. അത്തരത്തില്‍ കാലാന്തരങ്ങളില്‍ ആവിര്‍ഭവിച്ച മതമതാന്തരങ്ങളിലെ ആചാര്യന്മാര് തങ്ങളുടെ സിദ്ധാന്തങ്ങള്‍ പ്രാമാണികമാകുന്നതിനായി എഴുതി ചേര്‍ത്തവയാണ് ഈ പ്രക്ഷിപ്തങ്ങളെല്ലാം. അതുകൊണ്ട് തന്നെ ഇപ്പോള്‍ നമുക്ക് കിട്ടുന്ന മനുസ്മൃതിയില്‍ വിഷയവിരുദ്ധവും പരസ്പരവിരുദ്ധവും സന്ദര്ഭവിരുദ്ധവും പൂര്‍വ്വാപരബന്ധം ഇല്ലാത്തവയും പുനരുക്തികളും ധാരാളമായി കടന്നുവന്നിട്ടുണ്ട്. ഈ ശ്ലോകങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആധികാരികത മനുസ്മൃതിയില്‍ ഉണ്ടോ എന്ന് പഠിക്കാനുള്ള ഗവേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടുമില്ല. നേരെച്ചൊവ്വേ സംസ്കൃതം പോലും പഠിക്കാത്ത വിദേശ അക്കാഡമിഷന്മാര് എഴുതിവെച്ച ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിച്ച് ലേഖനങ്ങള്‍ എഴുതാന്‍ മാത്രമാണ് പലരും ഒരുമ്പെട്ടത്. ഒരു ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി തൊട്ടടുത്ത ശ്ലോകത്തില്‍ പറഞ്ഞതുകാണാം. മനുവിനെ പോലുള്ള ഒരു മനീഷിയുടെ കൃതിയില്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് തന്നെയാണ് മറ്റ് മഹര്‍ഷിമാര്‍ അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ സംശയം തീര്‍ക്കാന്‍ ഉദ്യമിച്ചത്. അങ്ങനെ മനുസ്മൃതി ഉണ്ടായതും. പ്രക്ഷിപ്തങ്ങള്‍ എഴുതിചേര്‍ത്തവര്‍ പഴയശ്ലോകങ്ങള്‍ നീക്കികളഞ്ഞ് പുതിയത് ചേര്‍ക്കുകയുണ്ടായി. ഉള്ള ശ്ലോകങ്ങളില്‍ പാഠഭേദം വരുത്തി ഉദാഹരണത്തിന് ‘അന്തരപ്രഭവാണാം’ എന്നതിനുപകരം സംകരപ്രഭവാണാം എന്നും ‘ദേഹശുദ്ധി’ എന്നതിനുപകരം ‘പ്രേതശുദ്ധി’ എന്നും ആക്കിതീര്‍ത്തു. ഇത്തരത്തിലുള്ള നിരവധി പാഠഭേദങ്ങള്‍ ഇപ്പോഴത്തെ മനുസ്മൃതിയിലുണ്ട്. മനുസ്മൃതിയിലെ പ്രക്ഷിപ്തങ്ങളെ കുറിച്ച് ഒട്ടെല്ലാ ഭാഷ്യകാരന്മാരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചില്‍ ഈ കാര്യത്തില്‍ ഉണ്ടെന്നു മാത്രമേ ഉള്ളു. കല്ലൂകഭട്ടന്‍ എന്ന ഭാഷ്യകാരന്‍ 170 ശ്ലോകങ്ങള്‍ പ്രക്ഷിപ്തമാണെന്ന് തെളിയിച്ചിട്ടുണ്ട്. മനുസ്മൃതിയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഈ ഗ്രന്ഥത്തെ ബ്രഹ്മാവുമായി ബന്ധപ്പെടുത്തി കുറേ ശ്ലോകങ്ങള്‍ എഴുതി ഉണ്ടാക്കികൂട്ടിചേര്ത്തു. മനുസ്മൃതിയുടെ ഒന്നാം അദ്ധ്യായത്തില്‍ 58ാമതായി കാണുന്ന ശ്ലോകം ഇതിനുദാഹരണമാണ്. (21) ‘സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവ് ഈ ധര്‍മ്മശാസ്ത്രം രചിച്ച് ആദ്യം എന്നെ പഠിപ്പിച്ചു’. പിന്നീട് മരീചി തുടങ്ങിയവരെ ഞാന്‍ പഠിപ്പിച്ചുവെന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം മനുവില്‍ നിന്ന് പഠിച്ചുവെന്നും ഭൃഗുമനുവില് നിന്ന് പഠിച്ചു എന്നുംപറയുമ്പോള് മനുവിന്റെ പരമ്പരയിലുള്ള സര്‍വര്‍ക്കും അംഗീകാരം നേടി കൊടുക്കാനാണ് ഈ ശ്ലോകങ്ങള്‍ കൂട്ടിചേര്‍ത്തവര്‍ ശ്രമിച്ചത്. അതേപോലെ ശൈശവ വിവാഹത്തിനുവേണ്ടിയും ശ്ലോകങ്ങള്‍ എഴുതി ചേര്‍ക്കുകയുണ്ടായി. ഉദാഹരണം നോക്കുക. ‘ഗൃഹസ്ഥ ധര്‍മ്മം ലോപിക്കാതിരിക്കാന് വേണ്ടി 30 വയസ്സുള്ള പുരുഷന് 12 വയസ്സുള്ള സുന്ദരിയായ കന്യകയെയും 24 വയസ്സുകാരന് 8 വയസ്സുകാരിയെയും വിവാഹം കഴിക്കണം’ (മനുസ്മൃതി 9-94)(23) ഇത്തരത്തിലുളള പ്രസ്താവനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രക്ഷിപ്തങ്ങളെ കുറിച്ച് പഠിച്ചാല്‍ സാധിക്കും. അതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുന്നുണ്ട്. 11ാം അദ്ധ്യായത്തില്‍ 54 മുതല്‍ 190 വരെയുള്ള ശ്ലോകങ്ങള്‍ പ്രായശ്ചിത്തവിധിയെക്കുറിച്ച് പറയുന്നുണ്ട്. മനുസ്മൃതിയുടെ മുഖ്യവിഷയങ്ങള്‍ പരിശോധിച്ചാല്‍ പ്രായശ്ചിത്ത വിധികളും അവയുടെ വിഭാഗങ്ങളൊന്നും അതിനു യോജിച്ചതല്ല. ഇവയെല്ലാം സ്വാര്‍ത്ഥ താല്പര്യക്കാരായവര് പിന്നീട് എഴുതിചേര്‍ത്തതാണെന്ന് ഉറപ്പ്.
മനുസ്മൃതിയിലെ ഒരു ശ്ലോകമോ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ ശ്ലോകങ്ങളോ പ്രക്ഷിപ്തങ്ങളാണെന്ന് മനസ്സിലാക്കുന്നതിന് ആറ് വഴികളുണ്ട്. അവ
1) വിഷയ വിരോധം
2) സന്ദര്‍ഭ വിരുദ്ധം
3) ശ്ലോകങ്ങളിലെ പരസ്പര വിരോധം
4) പുനരുക്തി
5) ശൈലീ വിരോധം
6) വേദ വിരുദ്ധം
1. വിഷയ വിരോധം
മനുസ്മൃതിയിലുള്ള ഓരോ അദ്ധ്യായങ്ങളും വേര്‍തിരിച്ചിരിക്കുന്നത് ഓരോ മുഖ്യവിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒന്നാമത്തെ അദ്ധ്യായത്തില്‍ സൃഷ്ടി ഉല്പത്തിയും ധര്‍മ്മോത്പത്തിയുമാണ് വിഷയം. രണ്ടാമത്തെ അദ്ധ്യായത്തില്‍ സംസ്കാരങ്ങളും ബ്രഹ്മചര്യാശ്രമവും വിഷയമാവുന്നു. മൂന്നാമത്തെ അദ്ധ്യായത്തില്‍ ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും കടന്നുവരുന്നു. ഇങ്ങനെ ഓരോ അദ്ധ്യായത്തിലുമുള്ള മുഖ്യവിഷയങ്ങള്‍ എന്താണെന്ന് ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തിലും അവസാനത്തിലും സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഓരോ അദ്ധ്യായത്തിലെയും മുഖ്യവിഷയത്തിന് വിരുദ്ധമായി മറ്റൊരു വിഷയം കടന്നുവന്നാല്‍ അത് പ്രക്ഷിപ്തമാണെന്ന് മനസ്സിലാക്കണം. ഉദാഹരണമായി രണ്ടാം അദ്ധ്യായം 130, 132 ശ്ലോകങ്ങള്‍ പഠിച്ചാല്‍ ഈ കാര്യം വ്യക്തമാകും. ‘ബ്രഹ്മചാരിയുടെ കര്‍ത്തവ്യമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ആ ബ്രഹ്മചാരി അമ്മാവന്, ചിറ്റപ്പന്, ശ്വശുരന്, ഋത്വിക് എന്നിവരെ ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞ് നമസ്കരിക്കണം. അമ്മായി, വലിയമ്മ, കുഞ്ഞമ്മ, അമ്മായിയമ്മ എന്നിവരെ ഗുരുപത്നിയെ പോലെ പൂജിക്കേണ്ടതാണ്. ജ്യേഷ്ഠന്റെ ഭാര്യ സവര്‍ണയാണെങ്കില്‍ അവരുടെ പാദം തൊട്ട് പ്രതിദിനം വന്ദിക്കണം’.(24) ഇതൊരു പ്രക്ഷിപ്ത ശ്ലോകമാണെന്നുറപ്പിക്കാം. കാരണം ബ്രഹ്മചാരി ഉപനയനം മുതല്‍ സമാവര്‍ത്തനം വരെ ഗുരുകുലത്തിലോ ആശ്രമത്തിലോ ആണ് കഴിയുക. ഗുരുകുലത്തില്‍ താമസിക്കുന്ന ബ്രഹ്മചാരി എങ്ങനെയാണ് ബന്ധുക്കളെയൊക്കെ പ്രതിദിനം നമസ്കരിക്കുക? എന്നുമാത്രമല്ല കല്ല്യാണം കഴിക്കാത്ത ബ്രഹ്മചാരിയ്ക്ക് എവിടെ നിന്നാണ് അമ്മായിയമ്മയും അമ്മായിയച്ഛനും ഉണ്ടാവുക. അതിനാല്‍ ഈ പറഞ്ഞിരിക്കുന്ന മൂന്ന് ശ്ലോകങ്ങളും വിഷയ വിരുദ്ധമാണ് ദാര്‍ശനിക വിരുദ്ധമാണ് പരസ്പരവിരുദ്ധമുള്ളതുമാണ്. അതിനാല്‍ തന്നെ ഇവ പ്രക്ഷിപ്തവുമാണ്.
2. സന്ദര്‍ഭ വിരുദ്ധം
ഇനി നമുക്ക് സന്ദര്‍ഭ വിരുദ്ധമായ ശ്ലോകങ്ങള്‍ എങ്ങനെയെന്ന് കണ്ടെത്താം. ഉദാഹരണത്തിന് മനുസ്മൃതി ഒന്നാം അദ്ധ്യായത്തിലെ 65, 66, 67 ശ്ലോകങ്ങളുടെ സാരാര്‍ത്ഥം നമുക്ക് പരിശോധിക്കാം.
മാനുഷികവും ദൈവീ ദിനരാത്രങ്ങളും തിരിക്കുന്നത് സൂര്യനാണ്. രാത്രി പ്രാണികള്‍ക്ക് ഉറങ്ങാനും പകല്‍ കര്‍മ്മം ചെയ്യാനുമുള്ളതാണ് (മനു. 1-65) (25)
മനുഷ്യരുടെ ഒരു മാസം പിതൃക്കളുടെ ഒരു ദിനരാത്രമാണ്. മാസത്തിലെ രണ്ടുപക്ഷങ്ങളില്‍ കൃഷ്ണപക്ഷം പിതൃക്കള്‍ക്ക് കര്‍മ്മം ചെയ്യാനും ശുക്ലപക്ഷം ഉറങ്ങാനുമുളളതാണ്. (1-66) (26)
‘മനുഷ്യരുടെ ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിനരാത്രമാണ് അതില്‍ ആറ് മാസം ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയുമാണ് (1-67)’ (27)
ഈ ശ്ലോകങ്ങളില്‍ 65 ാം ശ്ലോകത്തില്‍ ‘മാനുഷദൈവികേ’ എന്ന് പറയുമ്പോള്‍ മനുഷ്യരുടെയും ദേവന്മാരുടെയും ദിനരാത്രങ്ങളാണ് വിവരിക്കുന്നത്. മനുഷ്യരുടെ ദിനരാത്രങ്ങളുടെ കാര്യം 65-ാം ശ്ലോകത്തില്‍ പറഞ്ഞു. ഇനി 66ാം ശ്ലോകത്തില്‍ ദേവന്മാരുടെ ദിനരാത്രമാണ് പറയേണ്ടത്. എന്നാല്‍ അവിടെ പിതൃക്കളുടെ ദിനരാത്രമാണ് പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് 67 ാം ശ്ലോകത്തിലാണ് ദേവന്മാരുടെ ദിനരാത്രങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. അതിനാല്‍ 66-മത്തെ ശ്ലോകം സന്ദര്ഭവിരുദ്ധമാണ്. അതിനാല്‍ തന്നെ അത് പ്രക്ഷിപ്തവുമാണ്.
ഇനി മറ്റൊരുദാഹരണവും കൂടി നമുക്ക് പരിശോധിക്കാം. മനുസ്മൃതിയില്‍ മൂന്നാം അദ്ധ്യായത്തില്‍ 20 മുതല്‍ 28 വരെയുള്ള ശ്ലോകങ്ങളില്‍ പ്രക്ഷിപ്തങ്ങള്‍ കടന്നുകൂടിയത് എങ്ങനെയാണെന്ന് നോക്കാം. ഇതില്‍ 20 ാം ശ്ലോകത്തില്‍ എട്ടുതരത്തിലുള്ള വിവാഹങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് അവയുടെ പേരുവിവരങ്ങള്‍ 20ാം ശ്ലോകത്തിലും പറയുന്നു. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ പറയേണ്ടത് ആ വിവാഹങ്ങളുടെ സ്വരൂപത്തെ കുറിച്ചാണ് എന്നാല്‍ അതുപറയാതെ 22-ാം ശ്ലോകത്തില്‍ മറ്റൊരു വ്യത്യസ്തമായ സന്ദര്‍ഭം പറഞ്ഞിരിക്കുകയാണ്. കാണുക ”ഓരോരോ വര്ണത്തില്പ്പെട്ടവര്ക്ക് ഏതു വിവാഹം ധര്മ്മ്യമെന്നും ഓരോ തരം വിവാഹത്തിന്റെയും ഗുണദോഷങ്ങളെന്തെന്നും, ഓരോന്നിലും ജനിക്കുന്ന സന്താനങ്ങളുടെ ഗുണദോഷങ്ങള്‍ എന്തെല്ലാമെന്നുമൊക്കെ നിങ്ങളോട് വിസ്തരിച്ചു ഞാന്‍ പറയാം” (മനു.3-22)(28)
22-ാം ശ്ലോകത്തില്‍ ഒന്നാം സന്ദര്‍ഭം അവസാനിപ്പിച്ച് 26ാം ശ്ലോകം വരെ അത് തുടരുകയാണ്. ആദ്യത്തേതിന്റെ ബാക്കിയാകട്ടെ 27-ാം ശ്ലോകം മുതല്‍ 34 വരെയാണ്. അതുകൊണ്ട് തന്നെ 22 മുതല്‍ 26 വരെയുള്ള ശ്ലോകങ്ങള്‍ പ്രക്ഷിപ്തമാണെന്നതിന് യാതൊരു സംശയവും വേണ്ട. മനു വര്ണമനുസരിച്ചുള്ള വിവാഹം അംഗീകരിക്കുന്നില്ല. 39 മുതല്‍ 42 വരെയുള്ള ശ്ലോകങ്ങളില്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മനു അവതരിപ്പിക്കുന്നുണ്ട്. ബ്രഹ്മാദിക്രമത്തില് പറഞ്ഞ നാലുതരം വിവാഹങ്ങളില്‍ നിന്നുമാത്രമേ ബ്രഹ്മവര്ചസ്വികളും ശിഷ്ടപ്രിയന്മാരുമായ പുത്രന്മാര് ജനിക്കുകയുള്ളു. (വേദാധ്യയനം കൊണ്ടും സദാചാരം കൊണ്ടും ഉണ്ടാകുന്ന തേജസ്സാണ് ബ്രഹ്മവര്‍ചസ്), അവര്‍ മനോഹരരൂപം, ബലം, സദ്ഗുണം, സമ്പത്ത്, സത്കീര്‍ത്തി ധാര്മ്മികഭോഗങ്ങള് തുടങ്ങിയവ ഉള്ളവരും ധര്‍മ്മനിഷ്ഠരും ആയിരിക്കും. നൂറുവര്‍ഷം അവര്‍ ജീവിച്ചിരിക്കുകയും ചെയ്യും. മറ്റ് നാല് ദുര്വിവാഹങ്ങളില് നിന്ന് ജനിക്കുന്ന സന്തതികളാകട്ടെ ക്രൂരപ്രവൃത്തികള്‍ ചെയ്യുന്നവരും നുണയന്മാരും വേദദ്വേഷികളും ധര്മ്മനിന്ദകരും ആയിരിക്കും (ആസുരം തുടങ്ങിയ നാല്തരം വിവാഹങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കുട്ടികളെ കുറിച്ചാണ്പറഞ്ഞത്). വിശിഷ്ടമായ വിവാഹത്തില്‍ നിന്നും ജനിക്കുന്ന സന്തതികള്‍ വിശിഷ്ടരും നിന്ദിത വിവാഹത്തില്‍ നിന്നും ജനിക്കുന്നവര്‍ നിന്ദിതരും ആയിരിക്കും, അതുകൊണ്ട് നിന്ദിത വിവാഹങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്.(29) (3-39, 40, 41, 42). അസ്ഥാനത്തുവരുന്ന ഈ ദൃശ ശ്ലോകങ്ങളെല്ലാം മനുസ്മൃതിയില്‍ പ്രക്ഷിപ്തമാണെന്നുമനസ്സിലാക്കണം.
3. പരസ്പരവിരോധം ശ്ലോകങ്ങളില്‍
ഒരു പ്രത്യേക കാഴ്ചപ്പാടിന് വിരുദ്ധമായി മറ്റൊന്ന് കടന്നുവരുമ്പോള്‍ നമുക്കതിന് അന്തര്വിരോധമെന്നു വിളിക്കാം. മനുസ്മൃതിപോലെ ഒന്നില്‍ അത്തരത്തിലൊന്നുവന്നുപെടാന് പാടില്ലാത്തതാണ്. മനുവിന്റെ കാലത്ത് പ്രചാരത്തിലിരുന്നത് വൈദികവിചാരധാരയായിരുന്നു. സര്‍വ്വോത്തമമായിട്ടുള്ളത് പരമഋഷിമാരുടെ സിദ്ധാന്തങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ അക്കാലത്തുള്ള മനുസ്മൃതിയില്‍ പരസ്പര വൈരുധ്യങ്ങള്‍ ധാരാളമുണ്ട്. പരസ്പരവിരോധമുള്ള ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തി ഒരിക്കലും പറയുകയില്ലെന്നുറപ്പാണ്. മനുവിനേപ്പോലുള്ള ധര്‍മ്മാചാര്യന്‍ ഒരിക്കലും സ്ഥിരബുദ്ധിയില്ലാത്ത അത്തരം കാര്യങ്ങള്‍ പറയുകയില്ല. ഈ പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങളില്‍ ഒന്ന് സ്വീകാര്യവും മറ്റൊന്ന് ത്യാജ്യവുമായിരിക്കുമല്ലൊ.
ഉദാഹരണത്തിന് മാംസഭക്ഷണത്തിന്റെ കാര്യം നോക്കാം. രണ്ടാം അദ്ധ്യായത്തില്‍ മാംസ നിഷേധമുണ്ട്. കാണുക: ”തേന്‍, മാംസം എന്നിവ കഴിക്കരുത്. സുഗന്ധവസ്തുക്കളോ മാലയോ ധരിക്കരുത്. അധികം മധുരമുള്ള വസ്തുക്കള്‍ ഭക്ഷിക്കരുത്, സ്ത്രീകളെ പ്രാപിക്കരുത്. പുളിച്ച വസ്തുക്കള്‍ ഉപയോഗിക്കരുത്, പ്രാണികളെ ഹിംസിക്കരുത് (മനു 2-177)(30)” പ്രാണികളെ കൊല്ലാതെ മാംസംകിട്ടുകയില്ല. പ്രാണി ഹിംസ സ്വര്‍ഗ പ്രാപ്തിയ്ക്ക് സഹായിക്കുകയുമില്ല. അതിനാല്‍ മാംസം ഭക്ഷിക്കരുത്. മാംസം ഉണ്ടാകുന്ന വിധത്തേയും പ്രാണികളുടെ വധത്തേയും ബന്ധനത്തേയും നേരാംവണ്ണം ആലോചിച്ച് എല്ലാവിധമാംസ ഭക്ഷണത്തില്‍ നിന്നും വിട്ടു നില്ക്കേണ്ടതാകുന്നു. വിധിയെ ലംഘിച്ച് പിശാചിനെപ്പോലെ മാംസം ഭക്ഷിക്കാതെ ജീവിക്കുന്നവന് ജനങ്ങള്‍ക്ക് പ്രിയനായിരിക്കും. അവന് രോഗങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നവനാവില്ല. കൊല്ലാന്‍ അനുവാദം കൊടുക്കുന്നവന് മാംസത്തെ കഷ്ണം കഷ്ണമാക്കുന്നവന്‍ കൊല്ലുന്നവന്, വാങ്ങുന്നവന്, വില്ക്കുന്നവന്, വെക്കുന്നവന്, വിളമ്പുന്നവന്, തിന്നുന്നവന് ഇവരെല്ലാം കൊലപാതകികളാകുന്നു. നൂറുസംവത്സരം പ്രതിവര്‍ഷം അശ്വമേധയാഗം ചെയ്യുന്നവനും ജീവിതകാലമത്രയും മാംസം ഭുജിക്കാതിരിക്കുന്നവനും കിട്ടുന്ന പുണ്യം തുല്യമാകുന്നു (മനുസ്മൃതി 5-48, 49,50,51,53)(31)
മാംസ ഭക്ഷണത്തെ ഇത്രയും നിശിതമായി വിമര്‍ശിച്ച മനുവിന്റെ ഗ്രന്ഥത്തില്‍ മാംസഭക്ഷണം മൗലികമായ ധര്‍മ്മമാണെന്ന രീതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പഠിതാക്കള്‍ ഇത് പഠിക്കേണ്ടതാണ്. നവാന്നം കൊണ്ടും പശുമാംസംകൊണ്ടും ആരാധിക്കാത്ത അഗ്നിഹോത്രിയുടെ അഗ്നികള്‍ നവാന്നത്തിനും മാംസത്തിനും ആര്‍ത്തിപൂണ്ട് അയാളുടെ പ്രാണങ്ങളെ ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്നു (32) (മനു 4-28). ഇതുപോലെ മനുസ്മൃതിയുടെ അഞ്ചാം അദ്ധ്യായത്തില്‍ 11 മുതല്‍ 47 വരെ ശ്ലോകങ്ങളിലും, മൂന്നാം അധ്യായത്തില്‍ 122 മുതല്‍ 284വരെ ശ്ലോകങ്ങളിലും മാംസ ഭക്ഷണത്തിന്റെ വിധിയും, ശ്രാദ്ധകര്‍മ്മങ്ങളില്‍ എങ്ങനെ മാംസം ഭക്ഷിക്കണമെന്നുള്ള വിശദമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത്രയും ശ്ലോകങ്ങള്‍ വൃഥാസ്ഥൂലമായതിനാല് ഇവിടെ ചേര്‍ക്കാതിരിക്കുകയാണ്. മാംസഭക്ഷണപ്രിയര്‍ പിന്നീട് എഴുതി ചേര്‍ത്തതാണ് ഈ ശ്ലോകങ്ങള്‍ എന്ന കാര്യം ഉറപ്പാണ്. കാരണം വൈദികഋഷിമാര്‍ മാംസ ഭക്ഷണം അരുതെന്ന് വാരംവാരം പറയുന്നുണ്ട്.
4. പുനരുക്തിദോഷം
‘മനുസ്മൃതി’യിലെ പ്രക്ഷിപ്തങ്ങള്‍ കണ്ടെത്താനുള്ള മറ്റൊരു വഴി പുനരുക്തിദോഷം കണ്ടെത്തലാണ്. മനുസ്മൃതി പ്രഭാഷണ ശൈലിയില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥമാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയല്ലൊ അതായത് ആചാര്യന്മാര് മനുവിനോട് ഉപദേശത്തിനുവേണ്ടി ചോദിക്കുമ്പോള്‍ തദനുസൃതമായി മറുപടി നല്കുന്ന ശൈലിയാണ് മനു സ്വീകരിച്ചത്. അതിനാല്‍ ഓരോ വിഷയത്തിന്റേയും തുടക്കത്തില്‍ ഏതു വിഷയമാണ് പറയാന്‍ പോകുന്നതെന്നും അവസാനിപ്പിക്കുമ്പോള്‍ താനിത് പറഞ്ഞു കഴിഞ്ഞുവെന്നും പറയുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ ശൈലിയാണ് മനു തന്റെ സ്മൃതി ഗ്രന്ഥത്തില്‍ തുടര്‍ന്നുവന്നിട്ടുള്ളത് അതായത് ചുരുക്കത്തില്‍ ഈ സ്മൃതിയില്‍ ചില പ്രത്യേകതകളുണ്ട്. അവ എന്താണെന്ന് അക്കമിട്ട് എഴുതാം.
1). മനുവിന് മുന്‍പ് ആരോ എഴുതിയ ഒരു ശാസ്ത്രകൃതിയല്ല ഇത്.
2) ഈ സ്മൃതി മനുമഹര്‍ഷിയുടെ പ്രഭാഷണങ്ങളാണ്.
3) ഈ സ്മൃതി ഒരു ശാസ്ത്രമല്ല. അത്തരത്തിലൊരു അവകാശവാദം ഈ ഗ്രന്ഥത്തിലൊരിടത്തും നമുക്ക് കാണാന്‍ കഴിയില്ല.
4) ഈ പ്രഭാഷണങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പിന്നീടാണ് രൂപാന്തരപ്പെട്ടത്.
5) അതുകൊണ്ട് പൂര്‍വ്വ നിബന്ധ ശാസ്ത്രമെന്ന് ഈ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് പ്രക്ഷിപ്തമാണ്. ഉദാഹരണത്തിന് ഈ വാക്യം നോക്കുക.
ഈ ശാസ്ത്രം പഠിച്ച് അതനുസരിച്ച് വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന ബ്രാഹ്മണന് മനോവാക് കായജങ്ങളായ പാപങ്ങളാല്‍ കളങ്കിതനാവുകയില്ല.(2-104)(33) മറ്റൊരു ശ്ലോകാര്‍ത്ഥം ഇങ്ങനെയാണ്. മോക്ഷപ്രാപ്തി നേടിത്തരുന്ന സമസ്തകര്‍മ്മങ്ങളും വര്ണിച്ചുകഴിഞ്ഞു. ഇനി മാനവ ശാസ്ത്രത്തിന്റെ രഹസ്യം ഉപദേശിക്കാം (12-107) (34)
ഒന്നാമതായി മനു തന്റെ സ്മൃതിയെ ശാസ്ത്രമായി ഗണിക്കുന്നില്ലെന്നിരിക്കെ ഈ ശ്ലോകങ്ങള്‍ സ്മൃതി പരമ്പരയിലെ ശിഷ്യന്മാര് ഈ ഗ്രന്ഥത്തെ പ്രശംസിക്കാനും അതിന്റെ മഹത്വം പെരുപ്പിച്ചുകാണിക്കാനും വേണ്ടി കൂട്ടിചേര്ത്തതായിരിക്കാനേ വഴിയുള്ളു.
മറ്റൊന്ന് ഇതിലെ പ്രഭാഷണശൈലി കണക്കിലെടുക്കുമ്പോള്‍ തന്റെ ഈ ഗ്രന്ഥത്തില്‍ സ്വയം മനുവിന്റെ പേര് പറയരുതാത്തതാണ്. ഭൃഗുവിന്റെ പേരുവരുന്നതും യുക്തിക്കിണങ്ങുന്നതല്ല. അതുകൊണ്ടുതന്നെ മനുവിന്റേയോ ഭൃഗുവിന്റേയോ പേരില്‍ പറഞ്ഞിട്ടുള്ള ശ്ലോകങ്ങളെല്ലാം പ്രക്ഷിപ്തമാണെന്നു കണക്കാക്കാം. ഈ പ്രക്ഷിപ്തങ്ങളായ ശ്ലോകങ്ങളുടെ ഭാഷാശൈലിയും പ്രയോഗശൈലിയും വ്യത്യസ്തമാണ്. അതില്‍ നിന്നു തന്നെ അവ മനുപറഞ്ഞകാര്യങ്ങളുടെ മൂല സങ്കലനമല്ലെന്നും മനസ്സിലാക്കാം. തീര്‍ച്ചയായും അത് മറ്റാരോ മനുവിന്റെ പേരില്‍ എഴുതിയതാണ്. ഈ കൂട്ടികലര്ത്തലില് കുറേ ശ്ലോകങ്ങള്‍ മൂലരൂപത്തിലും കുറച്ച് മനുവിന്റെ പേരിലും വേറെ കുറച്ച് ഭൃഗുവിന്റെ പേരിലും കാണാം. മനുവാണ് ഈ ശ്ലോകങ്ങളെല്ലാം കൂട്ടിചേര്‍ത്ത് ഗ്രന്ഥമാക്കിയതെങ്കില് ഭൃഗുവിന്റെ പേര് എങ്ങനെ ഈ ഗ്രന്ഥത്തില്‍ വന്നു? ഭൃഗുമഹര്‍ഷിക്ക് എന്താണ് മനുസ്മൃതിയില്‍ കാര്യം?
മനുസ്മൃതി രണ്ടാം അദ്ധ്യായത്തിലെ ഏഴാം ശ്ലോകവും എട്ടാം അദ്ധ്യായത്തിലെ 124, 134 ശ്ലോകങ്ങളും മനുവിന്റെ പേരിലാണ്. ഒന്നാം അധ്യായം 59-ാം ശ്ലോകവും അഞ്ചാം അധ്യായം മൂന്നാം ശ്ലോകവും 12-ാം അധ്യായം 126ാം ശ്ലോകവും ഭൃഗുമഹര്‍ഷിയുടെ പേരിലാണ് ഉള്ളത്.
മനുവിനെപ്പോലെ ചിന്താശേഷിയുള്ള ഒരു വ്യക്തി ഒരിക്കലും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത അതിശയോക്തികലര്‍ന്നതും പക്ഷപാതപൂര്‍ണവുമായ നിരവധി ശ്ലോകങ്ങള്‍ ഈ പ്രക്ഷിപ്തശ്ലോകങ്ങളിലുണ്ട്. അതിന് ഒരു ഉദാഹരണം കാണുക. ‘ബ്രാഹ്മണനെ തല്ലാനായി വടി ഉയര്‍ത്തിയാല്‍ നൂറു വര്‍ഷവും തല്ലിയാല്‍ ആയിരം വര്‍ഷവും നരകത്തില്‍ കിടക്കേണ്ടി വരും’ (മനു 11-207) (35)
5. വേദവിരുദ്ധമായ പ്രക്ഷിപ്തങ്ങള്‍
വേദങ്ങളെ ധര്മ്മമൂലമെന്നാണ് മനു തന്നെ വിശേഷിപ്പിച്ചിട്ടുളളത്. തന്റെ സ്മൃതി വേദാനുകൂലമാണെന്നും മനു പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വേദവിരുദ്ധമായി കാണുന്ന ശ്ലോകങ്ങളെല്ലാം പ്രക്ഷിപ്തമാണെന്നു മനസ്സിലാക്കണം. അതിനുളള ഉദാഹരണങ്ങള്‍ എഴുതാം. ‘സ്ത്രീകള്‍ക്ക് ശരീര സംസ്കാരത്തിനു വേണ്ടി ജാതകര്‍മ്മാദി ക്രിയകളൊക്കെ അതതു കാലത്തില്‍ അതതു ക്രമത്തില്‍ മന്ത്രോച്ചാരണം കൂടാതെ ചെയ്യേണ്ടതാകുന്നു.’ (2/66)(36) ‘സായം കാലത്തില്‍ പാകം ചെയ്ത അന്നം കൊണ്ട് ഗൃഹനായിക മന്ത്രോച്ചാരണം കൂടാതെ ബലി അര്‍പ്പിക്കേണ്ടതാകുന്നു. കാരണം വൈശ്വദേവം എന്ന ഈ പ്രക്രിയ ഗൃഹസ്ഥന് സായം കാലത്തും പ്രാത:കാലത്തും വേണമെന്നാണ് വിധി .’ (3/121)(37) ശുദ്രന് സമീപമുളളപ്പോള് വേദാദ്ധ്യയനം പാടില്ല.(38) (4 – 99) എന്നിവയെല്ലാം പ്രക്ഷിപ്തമാണ്. കാരണം യജുര്‍വേദത്തില്‍ സ്ത്രീകളുള്‍പ്പെടെ ഏവര്‍ക്കും വേദമന്ത്രം പഠിക്കാമെന്നും ചൊല്ലാമെന്നും പറഞ്ഞിരിക്കെ സ്ത്രീകളില്‍ നിന്നും ശൂദ്രരില്‍ നിന്നും വേദമന്ത്രം മാറ്റിവെക്കണമെന്നുളള മനുസ്മൃതിയിലെ പ്രസ്താവത്തിന് വേദസാധുതയില്ല. വേദമാണ് പരമ ധര്‍മ്മത്തിന്റെ സ്രോതസ്സെന്ന് മനു തന്നെ പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന പ്രക്ഷിപ്തമാണെന്നു തീര്‍ച്ച.
21 ഇദം ശാസ്ത്രം തു കൃത്വാസൗ മാമേവ സ്വയമാദിതഃ
വിധിവദ്ഗ്രാഹയാമാസ മരീച്യാദീംസ്ത്വഹം മുനീന്
(മനുസ്മൃതി 1-58)
22. ഏതദ്വോളയം ഭൃഗുഃ ശാസ്ത്രം ശ്രാവയിഷ്യത്യശേഷതഃ
ഏതദ്ധി മത്തോളധിജഗേ സര്വമേഷോളഖിലം മുനിഃ
(മനുസ്മൃതി 1-59)
23. ത്രിംശദ്വര്ഷോദ്വഹേത് കന്യാം ഹൃദ്യാം ദ്വാദശ
വാര്ഷികീമ്.
ത്ര്യഷ്ടവര്ഷോളഷ്ടവര്ഷാം വാ ധര്‍മേ സീദതി സത്വരഃ
(മനുസ്മൃതി 9-94)
24. മാതുലാംശ്ച പിതൃവ്യാംശ്ച ശ്വശുരാനൃത്വിജോ ഗുരൂന്
അസാവഹമിതി ബ്രൂയാത് പ്രത്യുത്ഥായ യവീയസഃ
(മനുസ്മൃതി 2.130)
മാതൃഷ്വസാ മാതുലാനീ ശ്വശ്രൂരഥ പിതൃഷ്വസാ
സംപൂജ്യാ ഗുരുപത്നീവത്സമാസ്താ ഗുരുഭാര്യയാ
(മനുസ്മൃതി 2.131)
ഭ്രാതുര് ഭാര്യോപസംഗ്രാഹ്യാ സവര്ണാളഹന്യഹന്യപി
വിപ്രോഷ്യ തൂപസംഗ്രാഹ്യാ ജ്ഞാതി സംബന്ധി
യോഷിതഃ
(മനുസ്മൃതി 2.132)
25. അഹോരത്രേ വിഭജതേ സൂര്യോ മാനുഷദൈവികേ
രാത്രിഃ സ്വപ്നായ ഭൂതാനാം ചേഷ്ടായൈ കര്മ്മണാമഹഃ
(മനുസ്മൃതി 1.65)
26. പിത്രേ്യ രാത്ര്യഹനീ മാസഃ പ്രവിഭാഗസ്തു പക്ഷയോഃ
കര്മചേഷ്ടാസ്യഹഃ കൃഷ്ണഃ ശുക്ലഃ സ്വപ്നായ ശര്‍വരീ
(മനുസ്മൃതി 1.66)
27. ദൈവേ രാത്ര്യഹനീ വര്‍ഷം പ്രവിഭാഗസ്തയോഃ പുനഃ
അഹസ്തത്രോദഗയനം രാത്രിഃ സ്യാദ്ദക്ഷിണായനമ്
(മനുസ്മൃതി 1.67)
28. യോ യസ്യ ധര്മ്യോ വര്ണസ്യ ഗുണദോഷൗച
യസ്യ യൗ തദ്വ സര്‍വം പ്രവക്ഷ്യാമി പ്രസവേ ച
ഗുണാഗുണാന്
(മനുസ്മൃതി 3.22)
29. ബ്രഹ്മാദിഷു വിവാഹേഷു ചതുര്ഷ്വേവാനുപൂര്വശഃ
ബ്രഹ്മവര്ചസ്വിനഃ പുത്രാ ജായന്തേ ശിഷ്ടസമ്മതാഃ
(മനുസ്മൃതി 3.39)
രൂപസത്ത്വഗുണോപേതാ ധനവന്തോ യശസ്വിനഃ
പര്യാപ്തഭോഗാ ധര്‍മിഷ്ഠാ ജീവന്തി ച ശതം സമാഃ
(മനുസ്മൃതി 3.40)
ഇതരേഷു തു ശിഷ്ടേഷു നൃശംസാനൃതവാദിനഃ
ജായന്തേ ദുര്വിവാഹേഷു ബ്രഹ്മധര്മദ്വിഷഃ സുതാഃ
(മനുസ്മൃതി 3.41)
അനിന്ദിതൈഃ സ്ത്രീവിവാഹൈരനിന്ദ്യാ ഭവതി പ്രജാ
നിന്ദിതൈര് നിന്ദിതാ നൃണാം തസ്മാന്നിന്ദ്യാന്വിവര്ജയേത്
(മനുസ്മൃതി 3.42)
30. വര്ജയേന്മധു മാംസം ച ഗന്ധം മാല്യം രസാന് സ്ത്രിയഃ
ശുക്താനി യാനി സര്‍വാണി പ്രാണിനാം ചൈവ
ഹിംസനമ്
(മനുസ്മൃതി 2.177)
31. നാകൃത്വാ പ്രാണിനാം ഹിംസാം മാംസമുത്പദ്യതേ
ക്വചിത് ന ച പ്രാണിവധഃ സ്വര്ഗ്യസ്തസ്മാന്മാംസം
വിവര്‍ജയേത്
(മനുസ്മൃതി 5.48)
സമുത്പത്തിം ച മാംസസ്യ വധബന്ധൗ ച ദേഹിനാമ്
പ്രസമീക്ഷ്യ നിവര്‍ത്തേത സര്വമാംസസ്യ ഭക്ഷണാത്
(മനുസ്മൃതി 5.49)
ന ഭക്ഷയതി യോ മാംസം വിധിം ഹിത്വാ പിശാചവത്
സ ലോകേ പ്രിയതാം യാതി വ്യാധിഭിശ്ച ന പീഡ്യതേ
(മനുസ്മൃതി 5.50) അനുമന്താ വിശസിതാ നിഹന്താ ക്രയവിക്രയീ
സംസ്കര്‍ത്താ ചോപഹര്ത്താ ച ഖാദകശ്ചേതി ഘാതകാഃ
(മനുസ്മൃതി 5.51)
വര്‍ഷേ വര്ഷേളശ്വമേധേന യോ യജേത ശതം സമാഃ
മാംസാനി ച ന ഖാദേദ്യസ്തയോഃ പുണ്യഫലം സമമ്
(മനുസ്മൃതി 5.53)
32. നവേനാര്ച്ചിതാ ഹ്യസ്യ പശുഹവ്യേന ചാഗ്നയഃ
പ്രാണാനേവാത്തുമിച്ഛന്തി നവാന്നാമിഷഗര്ധിനഃ
(മനുസ്മൃതി 4.28)
33. അപാം സമീപേ നിയതോ നൈത്യകം വിധിമാസ്ഥിതഃ
സാവിത്രിമപ്യധീയീത ഗത്വാരണ്യം സമാഹിതഃ
(മനുസ്മൃതി 2.104)
34. നൈഃശ്രേയസമിദം കര്‍മ യഥോദിതമശേഷതഃ
മാനവസ്യാസ്യ ശാസ്ത്രസ്യ രഹസ്യമുപദിശ്യതേ
(മനുസ്മൃതി 12.107)
35. ശോണിതം യാവതഃ പാംസൂന് സംഗൃഹ്ണാതി മഹീതലേ
ജിഘാംസയാ ബ്രാഹ്മണസ്യ നരകം പ്രതിപദ്യതേ
(മനുസ്മൃതി 11.207)
36. അമന്ത്രികാ തു കാര്യേയം സ്ത്രീണാമാവൃദശേഷതഃ
സംസ്ക്കാരാര്ഥം ശരീരസ്യ യഥാകാലം യഥാക്രമം
(മനുസ്മൃതി 2.66)
37. സായം ത്വന്നസ്യ സിദ്ധസ്യ പത്ന്യമന്ത്രം ബലിംഹരേത്
വൈശ്വദേവം ഹി നാമൈതത്സായം പ്രാതര്വിധീയതേ
(മനുസ്മൃതി 3.121)
38. നാവിസ്പഷ്ടമധീയീത ന ശൂദ്രജനസന്നിധൗ
ന നിശാന്തേ പരിശ്രാന്തോ ബ്രഹ്മാധീത്യ പുനഃ സ്വപേത്
(മനുസ്മൃതി 4.99)