Books, Products

യഥാര്‍ഥ ഭഗവദ്ഗീത തിരിച്ചുവരുന്നു

എന്താണ് യഥാര്‍ഥ ഭഗവദ്ഗീത?
‘യഥാര്‍ഥ ഭഗവദ്ഗീതയോ? അതെന്താ അങ്ങനെ, അപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ഭഗവദ്ഗീതയൊന്നും യഥാര്‍ഥമല്ല എന്നാണോ പറഞ്ഞുവരുന്നത്?’
ന്യായമായ സംശയംതന്നെ. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായ ഗ്രന്ഥമാണ് ഭഗവദ്ഗീത. ഇത്രത്തോളം വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ഈ ഭാരതത്തിലില്ലതന്നെ. എന്നാല്‍ ഗീത രചിക്കപ്പെടുമ്പോള്‍, അതായത് 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹര്‍ഷി വ്യാസന്‍ പ്രയോഗിച്ച പദങ്ങളുടെ യഥാര്‍ഥ അര്‍ഥം എന്തെന്നു കണ്ടെത്തി അവതരിപ്പിക്കുക എന്നതാണ് ഒരു ഗീതാവ്യാഖ്യാതാവിന്റെ മുഖ്യകര്‍ത്തവ്യം.

സംസ്‌കൃതംതന്നെ രണ്ടുവിധമുണ്ടല്ലോ, ലൗകികവും വൈദികവും. ഇന്ന് പ്രയോഗത്തിലുള്ള ലൗകിക സംസ്‌കൃതത്തിനനുസൃതമായി ഗീതയ്ക്ക് ഭാഷ്യം രചിക്കുമ്പോള്‍, അവിടെ നഷ്ടമാകുന്നതെന്തോ അതിനെ നമുക്ക് ‘യഥാര്‍ഥ ഭഗവദ്ഗീത’ എന്നു വിളിക്കാം. കാരണം, വ്യാസന്റെ ഗീതയിലത്രയും വൈദികസംസ്‌കൃതശബ്ദങ്ങളുടെ സമ്മേളനമാണ് നമുക്ക് കാണാനാവുക. അതുകൊണ്ടുതന്നെ വൈദികസാഹിത്യത്തെ ആഴത്തില്‍ മനസ്സിലാക്കാതെ ഗീതയെ വ്യാഖ്യാനിക്കാന്‍ തുനിയുമ്പോള്‍, അവിടെ അവതരിപ്പിക്കപ്പെടുന്നത് അവരവരുടെ വീക്ഷണങ്ങള്‍ മാത്രമായിപ്പോകും.

ഇക്കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ നവീന ദര്‍ശനങ്ങള്‍ ഭാരതത്തില്‍ പിറവിയെടുത്തിട്ടുണ്ട്. അദ്വൈതം, വിശിഷ്ടാദ്വൈതം, കേവലാദ്വൈതം, ദ്വൈതം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടതെങ്കിലും ഒട്ടനവധി ദര്‍ശനങ്ങള്‍ ഓരോ നൂറ്റാണ്ടുകളിലും ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ട്. അവയെ ആശ്രയിച്ചുകൊണ്ട് ഭാഷ്യമെഴുതുമ്പോള്‍ ആ കാഴ്ചപ്പാടായിരിക്കും ഭഗവാന്‍ വ്യാസനുമേല്‍ ആരോപിക്കപ്പെടുക. അതുകൊണ്ടുതന്നെ ഒന്നിലധികം ഗീതാഭാഷ്യങ്ങള്‍ വായിക്കുമ്പോള്‍, വായനക്കാരനുള്ളില്‍ സ്വാഭാവികമായും ഉടലെടുക്കുന്ന സംശയമിതായിരിക്കും- ഇതിലേതാണ് വ്യാസന്റെ ഗീത? അതോ ഇനി മറ്റേതെങ്കിലുമാണോ? എന്താണ് ആ യഥാര്‍ഥ ഗീതയെ കണ്ടെത്തുവാനുള്ള ഉരകല്ല്?
ഗീത രചിക്കപ്പെട്ട കാലത്ത്, അന്ന് ഭാരതത്തിലെ ഗുരുകുലങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നത് എന്തായിരുന്നു എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അന്ന് വൈദികഗുരുകുലങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് പ്രാചീനഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാം. വേദങ്ങളായിരുന്നു പഠനവിഷയം. അതു പഠിക്കാനും ഒരു വ്യവസ്ഥയുണ്ടായിരുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാലു വേദങ്ങളിലെ മന്ത്രങ്ങളുടെ അര്‍ഥത്തെ അറിയണമെങ്കില്‍ വേദാംഗങ്ങളായ വ്യാകരണം, നിരുക്തം, ശിക്ഷ, കല്പം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയുടെ സഹായം കൂടിയേതീരൂ. കൂടാതെ, വേദസംഹിതകളോടൊപ്പംതന്നെ ശ്രുതിയായി ഗണിച്ചുപോരുന്ന പ്രാചീനവേദഭാഷ്യങ്ങളായ ബ്രാഹ്മണങ്ങള്‍, അവയുടെതന്നെ ഭാഗങ്ങളായ ആരണ്യകങ്ങളും ഉപനിഷത്തുക്കളും, ഉപവേദങ്ങളായ ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, അര്‍ഥവേദം അതേപോലെ വേദങ്ങളുടെ ഉപാംഗങ്ങള്‍ എന്നറിയപ്പെടുന്ന സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നീ ആറ് വൈദികദര്‍ശനങ്ങള്‍, ധര്‍മശാസ്ത്രഗ്രന്ഥമായ മനുസ്മൃതി തുടങ്ങിയ വൈദികശാസ്ത്രഗ്രന്ഥങ്ങളെ ആശ്രയിച്ചായിരുന്നു അന്ന് വേദപഠനം നടന്നിരുന്നത്.
ഗീതയില്‍ പ്രയോഗിച്ചിരിക്കുന്ന വൈദികസംസ്‌കൃതശബ്ദങ്ങളുടെ യഥാര്‍ഥ അര്‍ഥം കണ്ടെത്തുന്നതിനും ഇത്തരം ഗ്രന്ഥങ്ങളെയാണ് ആശ്രയിക്കേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് നിലവിലുള്ള, അതായത് കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ രചിക്കപ്പെട്ട ഗീതാഭാഷ്യങ്ങളിലൊന്നിലും ഈ രീതിയിലുള്ള വ്യാഖ്യാനത്തിനായുള്ള ശ്രമംപോലും നടന്നുകാണുന്നില്ല. വേദസാരമാണ് ഗീത എന്നു പലരും പറയാറുണ്ട്. എന്നാല്‍ ഇന്ന വേദത്തിലെ ഇത്രാമത്തെ മണ്ഡലത്തിലെ / കാണ്ഡത്തിലെ / അധ്യായത്തിലെ ഇത്രാമത്തെ സൂക്തത്തിലെ ഇന്ന മന്ത്രത്തിലെ ആശയങ്ങളാണ് ഈ ഗീതാശ്ലോകത്തില്‍ വിശദീകരിക്കുന്നത് എന്നൊന്നും ഒരു ഭാഷ്യകാരനും സൂചിപ്പിച്ചുകാണുന്നില്ല. വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന്റെ ഈ വേദവിദ്യാഭാഷ്യത്തിന്റെ പ്രസക്തി ഇവിടെയാണ്.

ഗീതയെ മഹാഭാരതത്തില്‍നിന്നും അടര്‍ത്തി വേര്‍പെടുത്തുമ്പോള്‍
ഭഗവദ്ഗീതയെ ഒരു സ്വതന്ത്രകൃതിയായാണ് പലരും വ്യാഖ്യാനിക്കാറ്. വാസ്തവത്തില്‍ മഹാഭാരതത്തില്‍നിന്ന് അടര്‍ത്തി വേറെയാക്കി ഭഗവദ്ഗീതയെ അവതരിപ്പിക്കുമ്പോഴും അത് അനിതരസാധാരണമാംവണ്ണം പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ മൂലസ്രോതസ്സില്‍ ഉറച്ചിരിക്കുന്നതു കാണാം. വിശേഷിച്ചും, അര്‍ജുനവിഷാദയോഗംപോലുള്ള ഭാഗങ്ങളില്‍. അനേകം യുദ്ധങ്ങളില്‍ വിജയം നേടിയ മഹാബാഹുവായ അര്‍ജുനന് എന്തുകൊണ്ട് വിഷാദം വന്നു എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ മഹാഭാരതത്തിനേ കഴിയൂ. അതേപോലെ യുദ്ധത്തേക്കാള്‍ നല്ലത് ഭിക്ഷയെടുക്കലാണെന്ന ചിന്ത ക്ഷത്രിയനായ അര്‍ജുനനില്‍ എങ്ങനെ ഉണ്ടായി? അര്‍ജുനന്റെ മനസ്സ് ചഞ്ചലമായി മാറാന്‍ കാരണമെന്ത്? തുടങ്ങിയ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഗീതയുടെ മൂലസ്രോതസ്സായ മഹാഭാരതത്തിലേക്കുതന്നെ തിരിച്ചുപോകേണ്ടതുണ്ട്. ഇതെല്ലാം തന്റെ വേദവിദ്യാഭാഷ്യത്തില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തി അവതരിപ്പിക്കുന്നുണ്ട്.

ഗീത മറന്ന അര്‍ജുനന്‍
പലരും ധരിച്ചുവെച്ചിരിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനില്‍നിന്നും ഗീതോപദേശം കേട്ടതോടെ, അല്ലെങ്കില്‍ വിശ്വരൂപദര്‍ശനം സിദ്ധിച്ചതോടെ അര്‍ജുനന്റെ ജന്മംതന്നെ സഫലമായി എന്നാണ്. എന്നാല്‍, മഹാഭാരതയുദ്ധാനന്തരം, തനിക്ക് അന്നു ഗീത വേണ്ടത്ര മനസ്സിലായില്ലെന്നും അത് ഒന്നുകൂടി ഉപദേശിച്ചുതരൂ എന്നും ശ്രീകൃഷ്ണനോട് അഭ്യര്‍ഥിക്കുന്ന അര്‍ജുനനെ മഹാഭാരതത്തില്‍ നമുക്കു ദര്‍ശിക്കാം. ഇതെല്ലാം വായിക്കുമ്പോള്‍ ഏതൊരാള്‍ക്കും തോന്നുന്ന ഒരു സംശയമുണ്ട്. ഒരു ക്ഷത്രിയന് ഭഗവദ്ഗീതയിലെ ഉന്നതമായ യോഗതത്ത്വങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല എന്ന് യോഗേശ്വരനായ ശ്രീകൃഷ്ണന് ആദ്യമേ തന്നെ അറിയാമായിരുന്നില്ലേ? പിന്നെയുമെന്തുകൊണ്ട് ഒരു ക്ഷത്രിയന് അത് ഉപദേശിച്ചു? ഏറെക്കാലമായി ഈ ഭൂമിയില്‍തന്നെ നഷ്ടപ്പെട്ടതായിരുന്നു എന്ന് ശ്രീകൃഷ്ണന്‍തന്നെ ഗീതയില്‍ പറഞ്ഞ ആ യോഗരഹസ്യങ്ങള്‍ ഉപദേശിക്കാന്‍ യോഗ്യന്‍ ഒരു ബ്രാഹ്മണനായിരുന്നില്ലേ? ഇന്നേവരെ പുറത്തിറങ്ങിയ ഭഗവദ്ഗീതാഭാഷ്യങ്ങളിലൊന്നില്‍പോലും ഇത്തരം പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്തി വിശദീകരിച്ചതായി കാണുന്നില്ല.

കൃഷ്ണാര്‍ജുനന്മാര്‍ ഋഗ്വേദത്തില്‍!
ഋഗ്വേദത്തിലെ ആറാംമണ്ഡലത്തിലെ ഒരു മന്ത്രം തുടങ്ങുന്നതിങ്ങനെയാണ്: ”അഹശ്ച കൃഷ്ണം അഹരര്‍ജുനം ച.” മഹാഭാരതകാലത്തിനും എത്രയോ മുന്‍പുണ്ടായിരുന്ന വേദങ്ങളില്‍ കൃഷ്ണാര്‍ജുനന്മാരെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടെങ്കില്‍ അതിനു കാരണമെന്താണ്? എന്താണ് ആ മന്ത്രത്തില്‍ പറയുന്നത്? വേദങ്ങളില്‍ വ്യക്തിചരിത്രമില്ല. യഥാര്‍ഥത്തില്‍ ആ മന്ത്രത്തില്‍ രാത്രിയെയും പകലിനെയും കുറിച്ചാണ് വര്‍ണിച്ചിരിക്കുന്നത്. രാത്രിയെ കൃഷ്ണമെന്നും പകലിനെ അര്‍ജുനമെന്നും വിളിച്ചിരിക്കുന്നു. ഇതും ഭഗവദ്ഗീതയിലെ കൃഷ്ണാര്‍ജുനന്മാരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഋഗ്വേദത്തിന്റെ ഈയൊരു ഭാഗത്ത്, അതായത് ആറാംമണ്ഡലത്തിന്റെ തുടക്കത്തില്‍ ഇതേപോലെ ദ്രോണ, ഭീമ, അച്യുത, ധനഞ്ജയ, ഭാരത തുടങ്ങി നമുക്കു പരിചിതമായ ഒട്ടേറെ നാമങ്ങള്‍ കാണാം. മാത്രമല്ല, ഗീതാശ്ലോകങ്ങളിലെ പ്രശസ്തമായ പല പദപ്രയോഗങ്ങളും ഈ ഋഗ്വേദസംഹിതാഭാഗത്തുനിന്നുമാണ് ഭഗവാന്‍ വേദവ്യാസന്‍ തന്റെ ഗീതയിലേക്ക് എടുത്തുചേര്‍ത്തിരിക്കുന്നതെന്നും കാണാം. എന്താണ് ഈയൊരു ഋഗ്വേദസംഹിതാഭാഗത്തിന് വ്യാസന്‍ കണ്ട പ്രത്യേകത? ഇതിന് മഹാഭാരതയുദ്ധവുമായും ഗീതാസന്ദര്‍ഭവുമായും എന്തു ബന്ധം? ഋഗ്വേദത്തിലെ രാത്രിയും പകലും ഭഗവദ്ഗീതയിലെ കൃഷ്ണാര്‍ജുനന്മാരും തമ്മിലെന്തു ബന്ധം? ഇത്തരം രഹസ്യങ്ങളും ഇതാദ്യമായി ശാസ്ത്രയുക്തമായി വിശദീകരിക്കപ്പെടുകയാണ് ഭഗവദ്ഗീതയുടെ ഈ വേദവിദ്യാഭാഷ്യത്തില്‍.

ആ ഗാഥാഗാനവും ഈ ഭഗവദ്ഗീതയും
അശ്വമേധത്തെക്കുറിച്ച് കേള്‍ക്കാത്തവരാരും ഉണ്ടായിരിക്കില്ല. എന്നാല്‍, ഗീതാഹൃദയമിരിക്കുന്നത് ആ പ്രാചീനയജ്ഞത്തിനുള്ളിലാണെന്നത് തീര്‍ച്ചയായും നിങ്ങള്‍ക്കൊരു പുതിയ അറിവായിരിക്കും. പ്രാചീനയജുര്‍വേദഭാഷ്യമായ ശതപഥബ്രാഹ്മണത്തില്‍ അശ്വമേധത്തെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത്, അതായത് പ്രശസ്തമായ ബൃഹദാരണ്യകോപനിഷത്തിനു തൊട്ടുമുന്‍പ്, ഗാഥാഗാനം എന്നൊരു ചടങ്ങിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈയൊരു ഗീതാലാപനച്ചടങ്ങാണ് വേദവ്യാസന്‍ ഭഗവദ്ഗീതയാക്കി മാറ്റിയത്. അശ്വമേധമെന്നാല്‍ രാഷ്ട്രയജ്ഞം അഥവാ രാഷ്ട്രപരിപാലനമാണെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്. യാഗരൂപത്തില്‍ നടത്തുന്നത് ഈ രാഷ്ട്രയജ്ഞത്തിന്റെ പ്രതീകം മാത്രമാണ്. ആ രാഷ്ട്രപരിപാലനത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന തന്റെ മഹാഭാരതമെന്ന കൃതിയില്‍ ഗാഥാഗാനമായി വേദവ്യാസന്‍ അവതരിപ്പിച്ചതാണ് യഥാര്‍ഥത്തില്‍ ഭഗവദ്ഗീത. ഒരു ബ്രാഹ്മണനും ഒരു ക്ഷത്രിയനും ചേര്‍ന്നാണ് അശ്വമേധയജ്ഞത്തില്‍ ആ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ഇതിന്റെ രഹസ്യത്തെ തേടിച്ചെല്ലുമ്പോഴാണ്, അര്‍ജുനനെപ്പോലൊരു ക്ഷത്രിയനില്ലെങ്കില്‍ പിന്നെ ഭഗവദ്ഗീതതന്നെ ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത നമുക്ക് മനസ്സിലാവുക. മാത്രമല്ല, ഋഗ്വേദത്തിലെ രാത്രിപകലുകളും ഭഗവദ്ഗീതയും തമ്മിലുള്ള ബന്ധം എന്തെന്ന് അറിയുന്നതിനുള്ള താക്കോലിരിക്കുന്നതും ശതപഥബ്രാഹ്മണത്തിലെ ആ ഗാഥാഗാനവിവരണത്തിലാണ്. ഗീതയിലെ ആ പ്രാചീന ഗാഥാഗാനരഹസ്യങ്ങള്‍ ചരിത്രത്തിലാദ്യമായി അനാവരണം ചെയ്യപ്പെടുകയാണ് ഈ വേദവിദ്യാഭാഷ്യത്തില്‍.

സാംഖ്യ-യോഗങ്ങള്‍ ഗീതയില്‍ പുനര്‍ജനിക്കുന്നു
എന്താണ് ഭഗവദ്ഗീതയിലെ പ്രതിപാദ്യവിഷയം എന്ന ചോദ്യത്തിന് ഒറ്റ വാക്യത്തില്‍ ഉത്തരം പറയുകയാണെങ്കില്‍ അത് സാംഖ്യ-യോഗ ദര്‍ശനങ്ങളുടെ കാവ്യാത്മകമായ വൈദികവ്യാഖ്യാനമാണ് എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ഗീതയിലെ ആദ്യഅധ്യായമായ അര്‍ജുനവിഷാദയോഗത്തിനുശേഷം, സാംഖ്യയോഗം തന്നെ എന്തിന് രണ്ടാമധ്യായമായി കടന്നുവരണം എന്ന ചോദ്യത്തിനുത്തരം തരാന്‍ കഴിയുക സാംഖ്യദര്‍ശനത്തിന്റെ ആദ്യസൂത്രത്തിനാണ്. കൂടാതെ ഗീതയിലെ സാംഖ്യയോഗത്തിലെ പതിനൊന്നു മുതല്‍ മുപ്പതു വരെയുള്ള ഇരുപതു ശ്ലോകങ്ങളില്‍ വിവരിച്ചിരിക്കുന്നത് കപിലമുനിയുടെ സാംഖ്യദര്‍ശനത്തിലെ ആദ്യ ഇരുപതു സൂത്രങ്ങളിലെ ആശയമാണ്. പദപ്രയോഗങ്ങള്‍പോലും അതേപടി ഗീതാകാരന്‍ സ്വീകരിച്ചിരിക്കുന്നു. പതിനെട്ടാമധ്യായത്തില്‍ സാംഖ്യദര്‍ശനത്തിലേത് എന്നു പറഞ്ഞുകൊണ്ടുതന്നെ ശ്രീകൃഷ്ണന്‍ കപിലമുനിയുടെ ആശയങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുണത്രയവിഭാഗയോഗത്തിലാകട്ടെ ഭൂരിഭാഗവും സാംഖ്യദര്‍ശന ചിന്തകള്‍തന്നെയാണെന്നതും പ്രത്യക്ഷമായിത്തന്നെ കാണാവുന്നതാണ്. ഉദാഹരണമായി ആ അധ്യായത്തിലെ പതിനെട്ടാം ശ്ലോകം സാംഖ്യദര്‍ശനത്തിലെ അടുത്തടുത്തു വരുന്ന മൂന്നു സൂത്രങ്ങള്‍ (3.48, 49, 50) ഒന്നിനുപിറകെ ഒന്നായി അടുക്കിവെച്ചുകൊണ്ടാണ് വ്യാസഭഗവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം വസ്തുതകളൊന്നും ഇന്നേവരെ ഒരു ഗീതാഭാഷ്യകാരനും ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല, ഭഗവാന്‍ ശ്രീകൃഷ്ണന്‍തന്നെ ഗീതയില്‍ പരമസിദ്ധനെന്നു വിളിക്കുന്ന കപിലമുനിയെ വേദവിരുദ്ധനെന്നും നിരീശ്വരനെന്നും മന്ദബുദ്ധി എന്നുപോലും പല ഭാഷ്യകാരന്മാരും വിളിച്ചതായി കാണാം. യഥാര്‍ഥത്തില്‍ കപിലമുനി നിരീശ്വരവാദിയായിരുന്നുവോ? വൈദികനായ കപിലമുനിയെ വേദവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ആരാണ്? എന്തിനാണ്? തുടങ്ങി മഹാഭാരതകാലത്തിനുശേഷം സാംഖ്യദര്‍ശനത്തിനും കപിലമുനിക്കും നേരെയുണ്ടായ നിരന്തരമായ ആക്രമണങ്ങള്‍ക്കുപിന്നിലെ കാരണമെന്തെന്നും വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.

യോഗദര്‍ശനത്തിന്റെ കാര്യമെടുത്താല്‍, പതഞ്ജലിമുനിയുടെ യോഗദര്‍ശനത്തിനു ഭാഷ്യമെഴുതിയ അതേ വേദവ്യാസന്‍തന്നെയാണ് ഗീതയുടെയും കര്‍ത്താവ്. യോഗദര്‍ശനവും ഗീതയും താരതമ്യം ചെയ്തു പഠിച്ച ഏതൊരാള്‍ക്കും മനസ്സിലാവുക തന്റെ യോഗഭാഷ്യത്തെ കുറേക്കൂടി കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് വേദവ്യാസന്‍ ഗീതയില്‍ ചെയ്തിരിക്കുന്നത് എന്നാണ്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യോഗദര്‍ശനത്തിന്റെ വ്യാസഭാഷ്യത്തെ ഇന്നേവരെ ഒരു ഗീതാഭാഷ്യകാരനും വേണ്ടത്ര ഗൗനിച്ചതായി കാണാന്‍ സാധിക്കുന്നില്ല. അതിനാല്‍തന്നെ, പല ശ്ലോകങ്ങളുടെയും യഥാര്‍ഥ യോഗരഹസ്യത്തെ അനാവരണം ചെയ്യുന്നതിനു പകരം സ്വസിദ്ധാന്തങ്ങളെ സ്ഥാപിക്കാനുള്ള ഉപകരണങ്ങളാക്കി ഗീതാശ്ലോകങ്ങളെ മാറ്റുകയാണ് പല ഭാഷ്യകാരന്മാരും ചെയ്തിരിക്കുന്നത്. വിശേഷിച്ചും ഗീതയിലെ ധ്യാനയോഗത്തിലും ഭക്തിയോഗത്തിലുമെല്ലാം, യോഗദര്‍ശനഭാഷ്യത്തില്‍ താനുപയോഗിച്ച അതേ പദാവലികളുപയോഗിച്ചുതന്നെ വേദവ്യാസന്‍ യോഗതത്ത്വങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ യോഗദര്‍ശനത്തിലുള്ള അജ്ഞതമൂലം തങ്ങള്‍ക്ക് തോന്നിയ പ്രകാരം ആ ശ്ലോകങ്ങളെ വളച്ചൊടിച്ചുവെച്ചിരിക്കുകയാണ് പല ഭാഷ്യകാരന്മാരും. ഇത്തരം വസ്തുതകളെല്ലാം ഗ്രന്ഥകാരന്‍ ഈ വേദവിദ്യാഭാഷ്യത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിശ്വരൂപദര്‍ശനം അശാസ്ത്രീയമല്ല
ഗീതയിലെ വിശ്വരൂപദര്‍ശനത്തെ പലരും അവതരിപ്പിച്ചുകാണുന്നത് എന്തോ ദിവ്യാദ്ഭുതപ്രവൃത്തി എന്ന മട്ടിലാണ്. അതിലേക്ക് തങ്ങളുടെ യുക്തിരാഹിത്യത്തെ കുത്തിനിറയ്ക്കുക എന്നല്ലാതെ അതിലെ യോഗരഹസ്യത്തെ തേടിക്കണ്ടെത്താന്‍ ഇന്നേവരെ ആരും ശ്രമിച്ചിട്ടില്ല എന്നത് ദുഃഖകരംതന്നെ. ഇതൊരു അദ്ഭുതകഥയല്ലെന്നത് മനസ്സിലാവുക പതഞ്ജലിമുനിയുടെ യോഗദര്‍ശനം പഠിക്കുമ്പോഴാണ്. വിശ്വരൂപദര്‍ശനത്തെ തന്റെ പാതഞ്ജലയോഗഭാഷ്യത്തില്‍ ശാസ്ത്രയുക്തമായി വിശദീകരിച്ച വേദവ്യാസന്‍ ഗീതയില്‍ സ്വല്പം കാവ്യാത്മകമായി അതിനെ വര്‍ണിച്ചു എന്നു മാത്രം. എന്നാല്‍, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ഈ രഹസ്യം പുറംലോകമറിയാന്‍ പോകുന്നത്. വിശ്വരൂപദര്‍ശനം യഥാര്‍ഥത്തില്‍ എന്താണെന്നും ഗീതയില്‍ അതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും വിശ്വരൂപദര്‍ശനവിവരണങ്ങളില്‍ ഓരോന്നിലും വ്യാസമഹര്‍ഷി ഒളിപ്പിച്ചുവെച്ച യോഗരഹസ്യങ്ങളെന്തെല്ലാമെന്നും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്.

ദിവ്യചക്ഷുസ്സ്-അര്‍ജുനന്റെയും സഞ്ജയന്റെയും
വിശ്വരൂപം ദര്‍ശിക്കുന്നതിനായി ശ്രീകൃഷ്ണന്‍ അര്‍ജുനന് ദിവ്യചക്ഷുസ്സുകളെ നല്കുന്നതായി ഗീതയില്‍ വായിക്കാം. ഇതിനെയും ഒരു അദ്ഭുതപ്രവൃത്തിയെന്നോണം നോക്കിക്കാണുകയോ അല്ലെങ്കില്‍ കേവലമൊരു കഥാഭാഗമെന്നു കരുതി വേണ്ടത്ര പരിഗണന കൊടുക്കാതെ തള്ളിക്കളയുന്നതോ ആയാണ് ഇന്നേവരെയുള്ള വിവിധ ഗീതാഭാഷ്യങ്ങളില്‍ ചെയ്തുകാണുന്നത്. എന്താണ് ഈ ദിവ്യചക്ഷുസ്സ് എന്നതിന് ഉത്തരമിരിക്കുന്നതാകട്ടെ യോഗദര്‍ശനത്തിലെ സമാധിപാദത്തിലാണ്. ആ രഹസ്യത്തെ ചരിത്രത്തിലാദ്യമായി ഒരു ഗീതാഭാഷ്യത്തില്‍ അനാവരണം ചെയ്യപ്പെടുകയാണ്.

ശ്രീകൃഷ്ണനില്‍നിന്നും ദിവ്യചക്ഷുസ്സ് ലഭിക്കാതിരുന്നിട്ടുകൂടി വിശ്വരൂപദര്‍ശനം കിട്ടിയ മറ്റൊരാളെക്കുറിച്ച് ഗീതയില്‍ നമുക്ക് വായിച്ചെടുക്കാം. കൗരവമന്ത്രിയായ സഞ്ജയനാണത്. എന്തുകൊണ്ട് സഞ്ജയന് ഈ ദിവ്യദര്‍ശനം സാധ്യമായി എന്നതിന് ഉത്തരമിരിക്കുന്നത് കപിലമുനിയുടെ സാംഖ്യദര്‍ശനത്തിലാണ്. അടുത്തടുത്തുവരുന്ന ചില സാംഖ്യസൂത്രങ്ങളെയാണ് ഈ കഥാഭാഗത്തിലുള്ള ശാസ്ത്രപ്രമാണമായി വ്യാസമഹര്‍ഷി കാണുന്നത്. ചുരുക്കത്തില്‍ ഭഗവദ്ഗീതയുടെ ആത്മാവിരിക്കുന്നത് സാംഖ്യ-യോഗദര്‍ശനങ്ങളിലാണ്. എന്നാല്‍, ഇന്നേവരെ സാംഖ്യയോഗശാസ്ത്രപരമായി ഗീതയെ വ്യാഖ്യാനിച്ച ഒരൊറ്റ ഗീതാഭാഷ്യംപോലും ഉണ്ടായിട്ടില്ല എന്നതാണ് മറ്റു ഗീതാഭാഷ്യങ്ങളില്‍നിന്നും ഈ വേദവിദ്യാഭാഷ്യത്തെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന വസ്തുത എന്നു പറയാം.

ഭഗവദ്ഗീതയിലെ അഥര്‍വവേദം
അഥര്‍വവേദത്തിലെ രണ്ടു സൂക്തങ്ങളെയാണ് വേദവ്യാസന്‍ തന്റെ ഭഗവദ്ഗീതയില്‍ രണ്ട് അധ്യായങ്ങളാക്കി മാറ്റിയത് എന്ന കാര്യം ഇതാദ്യമായി ലോകമറിയാന്‍ പോകുന്നതും ഈ വേദവിദ്യാഭാഷ്യത്തിലൂടെയാണ്. അഥര്‍വത്തിലെ ജ്യേഷ്ഠബ്രഹ്മവര്‍ണനാസൂക്തത്തിലെ അതേ വിവരണങ്ങള്‍ സമാനപദങ്ങള്‍ സഹിതം നമുക്ക് ഗീതയിലെ ഏഴാമധ്യായത്തില്‍ ദര്‍ശിക്കാം. പല ഗീതാശ്ലോകങ്ങളും ഈ അഥര്‍വസൂക്തത്തിലെ മന്ത്രങ്ങളുടെ അതീവസുന്ദരമായ വ്യാഖ്യാനങ്ങളാണ്. ചില ഗീതശ്ലോകങ്ങളുടെ വിശദീകരണങ്ങളറിയാന്‍ തിരിച്ച് അതിന്റെ സ്രോതസ്സായ ജ്യേഷ്ഠബ്രഹ്മവര്‍ണനാസൂക്തത്തിലേക്ക് മടങ്ങിപ്പോകേണ്ടതായി വരുന്നു. ഗീതയുടെ ഏഴാമധ്യായത്തിലെ, ഇന്നേവരെ ആരും അറിയാതിരുന്ന അത്യന്തം ആശ്ചര്യകരമായ ഈയൊരു കാഴ്ച ഇതാദ്യമായി അവതരിപ്പിക്കപ്പെടുകയാണ് ഈ വേദവിദ്യാഭാഷ്യത്തില്‍. അഥര്‍വത്തിലെതന്നെ മറ്റൊരു സൂക്തമായ വാക്‌സൂക്തവും ഗീതയിലെ പത്താമധ്യായവും തമ്മിലുള്ള അസാധാരണമായ ബന്ധവും ഈ ഗ്രന്ഥത്തില്‍ ഇതാദ്യമായി തുറന്നുകാണിക്കപ്പെടുന്നു.

ചുരുക്കത്തില്‍, ഈ ലോകത്ത് ഇന്നേവരെ ഉണ്ടായ ഒരു ഭഗവദ്ഗീതാഭാഷ്യവും- അത് ഏതു ഭാഷയിലുമായിക്കൊള്ളട്ടെ – ഇതുവരെ പറയാതിരുന്ന ഒട്ടനവധി ഗീതാരഹസ്യങ്ങളാണ് ഗ്രന്ഥകാരന്‍ തന്റെ വേദവിദ്യാഭാഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ട് ഇതിന് ‘യഥാര്‍ഥ ഭഗവദ്ഗീത’ എന്നു പേരുനല്‍കി എന്നതിനെക്കുറിച്ച് ഏതാണ്ടൊരു ധാരണയുണ്ടായിക്കാണും. ഇതില്‍ വിവരിക്കുന്നതൊന്നും നവീന ചിന്തകളല്ല. മറിച്ച്, അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗീത രചിക്കുമ്പോള്‍ വേദവ്യാസന്‍ ഉദ്ദേശിച്ച യഥാര്‍ഥ അര്‍ഥത്തെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാസന്റെ ആ പ്രാചീനഗീതയുടെ തിരിച്ചുവരവാണ് യഥാര്‍ഥത്തില്‍ ‘യഥാര്‍ഥ ഭഗവദ്ഗീത.’

Buy Now