തപസ്സിന്റെ മധുരം – വീട്ടമ്മയായ ഞാനും വേദം പഠിക്കുന്നു.
ഗുരുഭ്യോ നമഃ
ജീവിതവിജയത്തിന് നാം എപ്രകാരം മുന്നോട്ട്് പോകണം എന്നതിന് ഒരു ഗുരു അത്യന്താപേക്ഷിതമാണെ് മനസ്സിലാക്കാന്‍ കഴിഞ്ഞത് വേദപാഠശാലയില്‍ വന്നതിനുശേഷമുള്ള അനുഭവങ്ങളിലൂടെയാണ്. ‘ഗുരു’ എന്നാല്‍ കേവലം വിദ്യ നല്‍കുന്ന ഒരു വ്യക്തിമാത്രമല്ല, മറിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് നമുക്ക് സാഹചര്യത്തിനനുസരിച്ച് കൃത്യമായി മുന്നോട്ട് പോകുവാന്‍ എങ്ങനെ സാധിക്കും, അതിനുള്ള മാര്‍ഗ്ഗം കാണിച്ചു തരുന്ന പ്രകാശമാണ്. അങ്ങനെയുള്ള എന്റെ ആചാര്യന്റെ മുമ്പില്‍ നമസ്‌കരിച്ചുകൊള്ളുന്നു.
കുട്ടിക്കാലം തൊട്ടേ ക്ഷേത്രപരിസരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ജീവിച്ചുവന്നത്. എന്റെ അച്ഛനേക്കാള്‍ ബാല്യകാലത്ത് എല്ലാ തരത്തിലുള്ള ഉപദേശങ്ങളും, ആത്മീയമായ വിഷയങ്ങള്‍, ആയുര്‍വേദത്തെ സംബന്ധിച്ച്, അതിഥികളോടുള്ള പെരുമാറ്റരീതി, വൃത്തിയും ചിട്ടയും വെടിപ്പുമുള്ള ഒരു ജീവിതത്തിന് അടിത്തറയിട്ടത് എന്റെ വല്ല്യച്ഛനും ഗുരുപരമ്പരയുടെ കണ്ണിയുമായ ചിറ്റേപ്പുറത്ത് കുട്ടപ്പന്‍ സ്വാമിയാണ്. ഇന്നത്തെ എന്റെ ജീവിതവിജയത്തിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയ, മരണംപോലും നിശ്ചയിച്ചുറപ്പിച്ച് യാത്ര പറഞ്ഞുകൊണ്ട് ബ്രഹ്മമുഹൂര്‍ത്തത്തില്‍ യാത്രയായ, എന്റെ തലയില്‍ കൈവെച്ച്് അനുഗ്രഹിക്കുകയും ചെയ്ത, എനിക്ക് എന്റെ ആചാര്യനില്‍ എത്തിച്ചേരാന്‍ അനുഗ്രഹം തന്ന വല്ല്യച്ഛനേയും സ്മരിച്ചുകൊള്ളുന്നു.
വൈകിയ വേളയില്‍ കിട്ടിയ ഈ ജ്ഞാനത്തെ (വേദം) അനുഭവിക്കാന്‍ പറ്റുന്നത്ര അനുഭവിക്കുക. ഈ ജീവിതം അതിനുള്ളതായി നീക്കിവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. കുട്ടിക്കാലത്ത് ബ്രാഹ്മണരെക്കാണുമ്പോള്‍, അവര്‍ മന്ത്രം ചൊല്ലുമ്പോള്‍, ശ്രീ കോവിലിനുള്ളില്‍ കയറി പൂജ ചെയ്യുമ്പോള്‍ ഓലക്കുടയുമായി ബ്രാഹ്മണീയമ്മമാര്‍ ഈറനുടുത്ത് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ അങ്ങനെയെല്ലാം അവരുടെ ഭാഗ്യത്തെ (ഈശ്വരന്റെ അടുത്തെത്താനുള്ള ഭാഗ്യം) പറ്റി ചിന്തിക്കും. എനിക്ക് ഇതിനുള്ള ഭാഗ്യമില്ലല്ലോ എന്ന് സങ്കടപ്പെടും മത്സ്യമാംസാദികള്‍ ഭക്ഷിക്കാത്ത ഒരു വീട്ടിലാണ് ജനിക്കാന്‍ ഭാഗ്യമുണ്ടായത്. അത് ഒരു വലിയ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു. എന്നാല്‍ വിവാഹശേഷം ജീവിതം കുറച്ചുകാലം തകിടം മറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങള്‍ നേരെ വിപരീതമായിരുന്നു. എങ്കിലും എന്തുകൊണ്ടോ എന്റെ കൃത്യനിഷ്ഠകള്‍ ഒരു പരിധി വരെ കാത്തുസൂക്ഷിച്ചു. എന്റെ ജീവിതരീതിയെ പറ്റി പറഞ്ഞ് പരിഹസിച്ചിരുവര്‍ ഇന്ന് എത്രയോ വ്യത്യസ്തമായ രീതിയില്‍ മാറിക്കഴിഞ്ഞു. വളരെ സന്തോഷം. ഇങ്ങനെ എഴുതാന്‍ കാരണം ഉള്ളത് മറ്റുള്ളവര്‍ക്കും കൊടുക്കണം. അതിലുള്ള സന്തോഷം. എങ്ങനെ കൊടുത്താലാണ് സന്തോഷമാവുക. അത് കൃത്യമായി പറഞ്ഞുതരാന്‍ ഒരു ആചാര്യന്‍ ഉണ്ടായത് ഇപ്പോഴാണ്. ആചാര്യനില്‍ എത്തിപ്പെട്ടത് വളരെ വിചിത്രമായാണ്. പയ്യാനക്കലില്‍ ഒരു പരിപാടിയില്‍ പ്രഭാഷണത്തിന് വന്നതായിരുന്നു ആചാര്യന്‍. അതിന്റെ ഭാരവാഹി എന്ന നിലയ്ക്ക് ആചാര്യനെ സ്വീകരിച്ചിരുത്തിയത് ഞാനായിരുന്നു. സംസാരത്തിനിടയില്‍ ബ്രാഹ്മണനാണെന്ന് മനസ്സിലാവുകയും അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തു. ഏയ് അതൊന്നും വേണ്ട എന്ന് ആചാര്യന്‍ പറഞ്ഞു. അവിടുന്ന് ഒരു ബ്രാഹ്മണനല്ലേ എന്ന് ഞാന്‍ പറഞ്ഞു. ആചാര്യന്‍ ചിരിച്ചു. ആദ്യമായി കണ്ടതും ആചാര്യന്റെ പ്രഭാഷണവും എന്നെ വല്ലാതെ ചിന്താധീനയാക്കി. കാരണം എന്തൊക്കെയോ കേള്‍ക്കുന്നു, കാണുന്നു, ക്ഷേത്രത്തില്‍ പോകുന്നു. പക്ഷേ ഇതിനുമൊക്കെയപ്പുറത്ത് ആഴ്ന്നു കിടക്കുന്ന, ഓരോന്നിന്റെയും അര്‍ത്ഥവ്യാപ്തി ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രഭാഷണത്തിന് ആചാര്യന്‍ എത്തുകയും പ്രഭാഷണത്തിന്റെ അവസാനത്തില്‍ വേദപഠനം കോഴിക്കോട് ആരംഭിക്കാന്‍ പോകുന്നു എന്ന് അറിയിച്ചു. ആചാര്യന്‍ ഇറങ്ങിപ്പോകുമ്പോള്‍ എങ്ങനെയോ ഉള്‍പ്രേരണയെന്നോണം ആചാര്യനോട് ക്ലാസുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ചോദിച്ചു ഒരു ഫോണ്‍ നമ്പര്‍ തന്നു. ആ നമ്പറില്‍ അന്വേഷിച്ചപ്പോള്‍ ഗാന്ധിഗൃഹത്തിലാണ് ക്ലാസ് ആരംഭിക്കുന്നതെന്നറിഞ്ഞു. ടൗണില്‍ ഒറ്റയ്ക്കു പോയിട്ടില്ലാത്ത ഞാന്‍ ഓട്ടോയില്‍ കയറി ഗാന്ധിഗൃഹത്തില്‍ എത്തി. വൈകുന്നേരമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഇരുട്ടായിത്തുടങ്ങി. ഓട്ടോ കിട്ടുന്നില്ല ബസ്സ് കയറാന്‍ എവിടെ പോണമെന്നറിയില്ല. കുറേ നടന്നു. അപ്പോള്‍ ഒരു ബന്ധുവിനെ കണ്ടു. ഹാവൂ, സമാധാനമായി. പക്ഷേ അവനും സമയമില്ല ഒരു വണ്ടി കയറ്റിത്തരാന്‍. ഞാന്‍ കരഞ്ഞുപോയി. ഭയം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. എന്തുകൊണ്ടോ നാമം ജപിച്ചു നടന്നു. ഒരു വിധം സിറ്റിസ്റ്റാന്റിലെത്തി. വേദപഠനം അവസാനിച്ചു എന്നു കരുതി. ഭാഗ്യമില്ലാത്തവളായി പോയില്ലെ. പിറ്റേ ദിവസം പോകാതിരിക്കാന്‍ തോന്നിയില്ല. അന്ന് ആചാര്യന്റെ അടുത്ത ക്ലാസ് രാവിലെ 7.30 നാണ് എന്ന് അറിയിച്ചു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ വല്ല്യച്ഛന്റെ ഫോട്ടോയുടെ കീഴെ നിന്ന് കുറേ നേരം കരഞ്ഞു. എനിക്ക് നഷ്ട്‌പ്പെട്ടത് തിരിച്ചുതന്നതിന്. സങ്കടവും സന്തോഷവും കൊണ്ട് വീര്‍പ്പുമുട്ടിപ്പോയി. അമ്മ അറിഞ്ഞപ്പോഴാണ് അതിലേറെ വിശേഷം. ‘ പോയി സന്യസിക്കാനാണോ നിന്റെ തീരുമാനം? ‘ കുറേ ദേഷ്യപ്പെട്ടു. ‘ നിനക്ക് അവനെ (ഭര്‍ത്താവിനെ) പേടിയില്ലാണ്ടായോ? ‘ ഇതെന്തൊരു പരീക്ഷണം. ഞാന്‍ ചിന്തിച്ചിരിക്കുന്നത് കണ്ട് ഇളയ മകന്‍ കാര്യം തിരക്കി. അവന്‍ പറഞ്ഞു ‘ അച്ഛന്റെ കുടുംബത്തിലും, അമ്മയുടെ കുടുംബത്തിലും ആര്‍ക്കും കിട്ടാത്ത ഒന്നല്ലേ അമ്മയ്ക്ക് സാധിച്ചത്. ‘ ആരും ഒന്നും പറയില്ല. ആ വാക്ക് എനിക്ക് ശക്തി തന്നു. ഇന്നുവരെ ഒരാളും എന്റെ കുടുംബത്തില്‍ എതിര്‍ത്ത് ഒരക്ഷരം പോലും ഈ കാര്യത്തില്‍ എന്നോട് സംസാരിച്ചിട്ടില്ല. അന്നുമുതല്‍ ഇന്നുവരെ മനസാ വാചാ കര്‍മണാ ഒരു ഉത്തമ ശിഷ്യയായി തുടരാന്‍ ശ്രമിക്കുന്നു. ക്ലാസില്‍ വരാന്‍ തുടങ്ങിയതിനുശേഷം ഒരു ശക്തി ആര്‍ജ്ജിച്ചത് പോലെ. ഒന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുന്നില്ല. എവിടെ ചെന്നാലും സംസാരം ചെന്നെത്തിനില്‍ക്കുക വേദത്തെ സംബന്ധിച്ചാണ്. ഒരാളെങ്കിലും ആ കൂട്ടത്തില്‍ ആകാംക്ഷയുള്ളവരായിക്കാണാം. കുടുംബത്തിലും വലിയ പ്രശ്‌നമില്ലാതെ പോകുന്നു. മൂന്നു മക്കളും വിവാഹിതരായതുകൊണ്ട് പൂര്‍ണ സംതൃപ്തി എന്ന് പറഞ്ഞാല്‍ അത് അവിവേകമാവും. ഒരു കാര്യം ഉറപ്പിച്ചു പറയാം വരുന്നത് ധൈര്യത്തോടെ നേരിടാം. പെണ്‍കുട്ടികളില്ലാത്തതുകൊണ്ട് എനിക്ക് ഒരു കാത്തിരിപ്പ് ആവശ്യമില്ല. മുമ്പുള്ളതുപോലെ ഒന്നിനോടും അമിതമായ മമതയോ കടപ്പാടോ ഇപ്പോള്‍ കാട്ടാറില്ല. എല്ലാറ്റിനുമുപരിയായി ഈശ്വരനോട് അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഒരുതരത്തിലും എന്റെ കുടുംബത്തെ പട്ടിണിക്കിട്ടോ ഭര്‍ത്താവിനെ ശുശ്രൂഷിക്കാതെയോ ഉള്ള ഒരു തന്‍കാര്യം നോക്കലല്ല ആചാര്യന്‍ എപ്പോഴും പറയാറുണ്ട്, ആധ്യാത്മികത എന്നാല്‍ നല്ല സാമ്പാറുണ്ടാക്കലാണ് എന്ന്്. ഭൗതിക ജീവിതം നല്ല നിലയില്‍ നയിക്കാതെ ഒളിച്ചോടുന്ന ഭീരുക്കളുടെ ആശ്രയ സ്ഥാനമല്ല ആധ്യാത്മികത എന്നാണ് ആചാര്യന്‍ ഞങ്ങളെ പഠിപ്പിച്ചത്. മുമ്പേ പറഞ്ഞപോലെ ബ്രാഹ്മണ്യമാണ് (ഈശ്വരനോട് അടുത്തു നില്‍ക്കാന്‍ പറ്റുന്നത് അവര്‍ക്കാണ് എന്നാണല്ലോ ചിന്തിച്ചിരുന്നത്്, ബ്രാഹ്മണന്‍ എന്നാല്‍ ജാതിയല്ല ഈശ്വരീയ ജ്ഞാനം വിളങ്ങുന്ന മനസ്സാണ് എന്ന്്് ഇപ്പോഴല്ലെ മനസ്സിലാക്കാന്‍ കഴിഞ്ഞത്) ലക്ഷ്യം. സാധനയുടെ പശ്ചാത്തലം ഇല്ലാത്ത എന്റെ ഭര്‍ത്താവു പോലും ഈയിടെ പറയുകയുണ്ടായി. ‘ ഇവിടെ പല മഹദ്്് വ്യക്തികളും വന്ന വീടാണ്, ഹോമങ്ങളും മറ്റും ചെയ്തുകൊണ്ടിരിക്കുന്ന വീടാണ് ഇത്. ഇവിടെ അനാവശ്യമായ രീതിയില്‍ സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.’ എന്നെ കേള്‍ക്കെയല്ല പറഞ്ഞതെങ്കിലും ഞാന്‍ അടുക്കളയില്‍ നിന്ന് കേട്ടു. ഇത്രയെങ്കിലും ഉള്ളിലുണ്ടല്ലോ എന്ന് സന്തോഷിച്ചു. (കാരണം അദ്ദേഹത്തിന് ഒരു ദുശ്ശീലം ഉണ്ട്. അതു മാറ്റാന്‍ എന്നെക്കൊണ്ട് പറ്റില്ല. എന്റെ ജീവിതത്തില്‍ ഉള്ളില്‍ ഒതുക്കി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്ന ഒരു സങ്കടം) ഇത് എഴുതിയതുകൊണ്ട് എനിക്ക് പ്രശ്‌നം ഉണ്ടാകുമോ എന്നറിയില്ല. എന്റെ ഗുരുവിന്റെ പാദത്തില്‍ അര്‍പ്പിക്കുകയാണ് എന്ന ധൈര്യം. ഇപ്പോള്‍ അതൊന്നും അത്ര കാര്യമായ് എടുക്കാറില്ല. എന്റെ ശ്രദ്ധ കൂടുതലും എന്നിലേക്ക് തന്നെയാണ്. പഠിക്കുക, പഠിച്ചത് മറ്റുള്ളവര്‍ക്ക് എന്നാലാവും വിധം നല്‍കുക (ആചാര്യന്റെ അനുമതിയോടെയുള്ളത്) അതായത് വേദപ്രചരണം, സന്ധ്യാവന്ദനവും, അഗ്നിഹോത്രവും മുടങ്ങാതെ എന്നുതന്നെ പറയാം (അത്രയും ചെയ്യാന്‍ പറ്റാത്ത സന്ദര്‍ഭമൊഴിച്ച്, വീട്ടില്‍ ഇല്ലാത്ത സമയം) ചെയ്യാറുണ്ട്. അനുഭവങ്ങളും ഏറെയുണ്ട്. സാമ്പത്തികമായാലും അസുഖങ്ങളായാലും, യാത്രയ്ക്കും മറ്റും അങ്ങേയറ്റം നിവൃത്തിയില്ലല്ലോ ഈശ്വരാ എന്ന് ചിന്തിക്കുന്ന സമയം എങ്ങനെയോ അത് സാധ്യമാകുന്നു. എന്റെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു തരുന്ന വേദമാതാവിന്റെ മുന്നില്‍ നമസ്‌കരിക്കുന്നു. ഞങ്ങളുടെ തറവാട്ടില്‍ ആണ്‍കുട്ടികളാണ്. ഒരു കൊച്ചുമോളെ കാണാന്‍ ആഗ്രഹിച്ചു. രണ്ടു മക്കള്‍ക്കും ഓരോ പെണ്‍കുഞ്ഞ് ജനിച്ചു. മക്കള്‍ വിവാഹിതരായി അവരുടേതായ ജീവിതത്തിലേക്ക് തിരിയുമ്പോള്‍ ഞാന്‍ കുറച്ച് മാറിനില്‍ക്കണം ആ ഒരു വിടവാണ് വലിയ പ്രശ്‌നമായി എല്ലാവരുടെും കുടുംബാന്തരീക്ഷം നശിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് ആ വിടവില്ല അതിനുള്ള ശക്തി, അതിനുള്ള മാര്‍ഗ്ഗം ആചാര്യനിലൂടെയും വൈദിക സാധനയിലൂടെയും കിട്ടിക്കൊണ്ടിരിക്കുന്നു. ഈ പ്രായത്തില്‍ മറ്റെന്താണ് ഈ ലോകത്തില്‍ എവിടെപോയാലും കിട്ടുക? കുറച്ചു മതി അതിനെ ചവച്ച് ചവച്ച് അതിന്റെ രുചി ആവോളം ആസ്വദിക്കാന്‍ ഈ ജന്മം മതിയാകുമോ? വേദമന്ത്രം നന്നായി ചൊല്ലാന്‍ പറ്റിയില്ലെങ്കിലും നന്നായി ചൊല്ലുന്നവരുടെ കൂടെ ഇരുന്ന് ചൊല്ലുവാനെങ്കിലും സാധിച്ചില്ലല്ലോ അതും ഒരു സ്ത്രീയായി പോയില്ലേ എന്ന് വിഷമിച്ചിരുന്ന എനിക്ക് സ്ത്രീക്കും പറ്റും എന്ന് ആചാര്യന്‍ പഠിപ്പിച്ചില്ലേ? ഇതിനേക്കാള്‍ വലിയ അനുഗ്രഹം മറ്റെന്താണ് വേണ്ടത് ചില വിഷമങ്ങള്‍ എന്നെ വേട്ടയാടുന്ന സമയത്താണ്് വേദമാതാവ് ‘ നിനക്ക് അനാവശ്യമായ ചിന്തയല്ല വേണ്ടത് ‘ എന്ന് ശ്രദ്ധ തിരിക്കാന്‍ നിമിത്തമായ അരുണ്‍ജിയിലൂടെ ഒരു അറിയിപ്പ.് ഇതല്ലെ അത്ഭുതം. ഇങ്ങനെയല്ലേ സാന്ത്വനം നല്‍കുന്നത്. ഏതായാലും നാലു ദിവസത്തേക്ക് മറ്റൊരു ചിന്തയും ഇല്ലാതായല്ലോ. എന്തിനാ വിഷമം എല്ലാം വേദമാതാവില്‍ സമര്‍പ്പിക്കൂ എന്നൊരു ഉള്‍വിളി ആചാര്യന്‍ പറയുന്നപോലെ നിസാര കാര്യത്തില്‍ തളരുന്ന, തൂങ്ങിക്കിടക്കുന്ന പ്രകൃതമായിരുന്നു എന്റേത.് ഇപ്പോള്‍ എത്രയോ മാറി. എന്റെ അനിയത്തിമാര്‍ പറയും ‘ ഞങ്ങള്‍ക്ക് ഇപ്പോള്‍തന്നെ വയ്യാണ്ടായി. നീയാണ് ഭേദം ‘എന്ന്.
ഞാന്‍ പറയും എന്റെ കൂടെ വാ, ഔഷധം കാണിച്ചു തരാം. വേണമെന്നുണ്ടെങ്കില്‍ സേവിക്കാം ‘ എന്ന്. സമയമായിട്ടില്ല നിന്നെപ്പോലെ പ്രായമാവട്ടെ എന്ന് പറഞ്ഞത് എത്രയോ പേര്‍. അതുവരെ ജീവിച്ചിരിക്കുമെന്നും അപ്പോള്‍ അവയെല്ലാം ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും എന്ത് ഉറപ്പാണ് ഉള്ളത്? നിങ്ങള്‍ അങ്ങനെ ഒന്നിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. പാല്‍പായസം കഴിക്കാന്‍ ആഗ്രഹം വേണം, അത് കൃത്യമായി പാകം ചെയ്യാന്‍ അറിയുന്ന ആള്‍ ഉണ്ടാകണം. അത് ആസ്വദിച്ച് കഴിക്കണം. അപ്പോഴേ അതിന്റെ സ്വാദും കഴിച്ചതിലുള്ള സുഖവും അനുഭവിക്കാന്‍ കഴിയൂ. പാല്‍പ്പായസം ഉദാഹരണമാണ്. കൃത്യനിഷ്ഠയുണ്ടാകണമെങ്കില്‍ ഒരു ഗുരു അത്യാവശ്യമാണ്. ഇതെല്ലാം വീട്ടമ്മമാര്‍ ചല സന്ദര്‍ഭങ്ങളില്‍ ഒത്തുകൂടുമ്പോഴുണ്ടാകുന്ന ചില സംസാര വിഷയങ്ങളാണ്. ചില കൂട്ടുകാര്‍ ചോദിക്കും മത്സ്യമാംസാദികള്‍ തീരെ ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍ നിങ്ങളുടെ ക്ലാസില്‍ വന്നപ്പോള്‍ നിര്‍ത്തിയല്ലോ. എന്തു മറിമായമാണ് അവിടെ നടക്കുന്നത്. ആചാര്യന്റെ വാക്കുകളാണ് ഞാന്‍ മറുപടിയായി പറഞ്ഞത്. ‘ ഈശ്വരന്‍ നിങ്ങളുടെ ഉള്ളില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അനാവശ്യമായതെല്ലാം നിങ്ങളെ വിട്ടുപോകും, ഇതില്‍ മായയും മന്ത്രവുമൊന്നുമില്ല.’ വേദത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഗുണകോഷ്ഠം എന്ന ചെറിയ ഒരു പുസ്തകം ഉണ്ടായിരുന്നു. അതില്‍ ദിക്കുകള്‍, പഞ്ചഭൂതങ്ങള്‍, വേദങ്ങള്‍ എത്ര, ത്രിമൂര്‍ത്തികള്‍, നവരസങ്ങള്‍ ഇത്യാദികളെക്കുറിച്ച് വായിച്ചിട്ടുണ്ട് എന്നല്ലാതെ, നമ്മുടെ ജീവിതം ഇത്ര രസകരമായി ആസ്വദിക്കാന്‍ ഉതകുന്ന മൂല്യങ്ങളടങ്ങിയതാണ് വേദം എന്ന് ഇപ്പോഴല്ലെ അറിയാന്‍ തുടങ്ങുന്നത് ഇങ്ങനെ ഒരു ക്ലാസിനെക്കുറിച്ച് ആചാര്യനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ജീവിതം എന്താകുമായിരുന്നു. ഇന്ന് എത്രമാത്രം സ്‌നേഹബന്ധമുള്ളവരാണ് ഉള്ളത്. ലീലേച്ചീ എന്നു വിളി കേള്‍ക്കുമ്പോള്‍ സ്‌കൂളില്‍ പാറിപ്പറന്ന് നടന്നിരുന്ന ഇളം മനസ്സുള്ള കുട്ടിയാണെന്ന് തോന്നിപ്പോകും. പുറമെ പ്രായവും ക്ലാസിലെത്തുമ്പോള്‍, നോട്ടെഴുതുമ്പോള്‍ എല്ലാം നാലിലോ അഞ്ചിലോ പഠിച്ചിരുന്ന അനുഭവമാണ.് നാലുപേരുടെ മുഖത്തേക്ക് ഒന്നിച്ചു നോക്കാന്‍ പറ്റാത്ത എനിക്ക് സത്സംഗങ്ങളില്‍ മുന്നിലിരുന്ന് മന്ത്രപാഠം ചൊല്ലി അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ പറ്റുന്നു. ആവശ്യമുള്ളത് സ്വീകരിക്കുവാനും മറ്റുള്ളവയെ തള്ളിക്കളയാനും എനിക്ക് കഴിയുന്നു. അങ്ങെയുള്ള അവസരങ്ങളിലെല്ലാം ആചാര്യന്റെ ഓരോ വാക്കുകളും ഓര്‍മ വരുന്നു. തളരാതെ വേദമാതാവിനെ ശരണം പ്രാപിച്ചുകൊണ്ട് മുന്നേറുക എന്നാണ് ഉള്ളില്‍ മന്ത്രിക്കുന്നത്. ക്ലാസില്‍ പറഞ്ഞുതരുന്ന മന്ത്രങ്ങള്‍ കഴിയുന്നതും കാണാതെ പഠിക്കാന്‍ ശ്രമിക്കും എന്നല്ലാതെ അതിന്റെ ആഴത്തെ, അര്‍ത്ഥവ്യാപ്തിയെ ചിന്തിച്ചിരുന്നില്ല. മേധാസൂക്തം ചൊല്ലും. എന്നാല്‍ അര്‍ത്ഥം ശ്രദ്ധിച്ചപ്പോള്‍ ‘നമ്മുടെ പൂര്‍വ്വികര്‍ ഉപാസിച്ചിരുന്ന, പ്രകാശസ്വരൂപനായ അല്ലയോ അഗ്നേ, അത്തരം മേധാ ശക്തിയാല്‍ എന്നെ പൂര്‍ണനാക്കിയാലും’ എന്ന് രണ്ടാം മന്ത്രത്തിലെ അര്‍ത്ഥം ഉള്‍ക്കൊള്ളുമ്പോള്‍ ആ അനുഭൂതി എത്രത്തോളം ആണ്. എന്റെ സ്വാര്‍ത്ഥത വെടിഞ്ഞ് ഉന്നതിയിലേക്ക് എത്തട്ടെ എന്ന പരമകാരുണികനായ ഈശ്വരനോടുള്ള പ്രാര്‍ത്ഥന എത്ര മഹത്തരമാണ്.
പതിനേഴ് വയസ്സില്‍ വിവാഹം കഴിഞ്ഞു ഇരുപത്തിരണ്ട് വയസ്സ് കഴിയുമ്പോഴേക്കും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായി. അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും ഭര്‍ത്താവിന്റെ അമ്മയും മരിച്ചു. ഇരുപത്തിരണ്ടു വയസ്സു മുതല്‍ ഒരു കുടുംബത്തിന്റെ ഗൃഹനാഥയായി കഴിയുവാനാണ് സാധിച്ചത്. (അച്ഛന്‍, അമ്മ, അനിയന്‍, മൂന്ന് അനിയത്തി, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും മൂന്നു മക്കളും.) എല്ലാം കൂടി ജീവിത സൗഭാഗ്യം ആസ്വദിക്കുവാന്‍ പറ്റില്ല എന്നുറപ്പായി. വരുമാനം ഭര്‍ത്താവിന്റെ മാത്രം. വളരെയധികം കഷ്ടപ്പാട് എന്താണെന്ന് അറിഞ്ഞത് ആ കാലത്താണ്. വിശപ്പടക്കാന്‍ പോലും ഒന്നുംകിട്ടാത്ത അവസ്ഥ. എങ്കിലും എന്റെ ദിനചര്യകള്‍ (പ്രാര്‍ത്ഥനയും, ആചാരാനുഷ്ഠാനങ്ങള്‍) ഞാന്‍ കൈവിട്ടില്ല. എന്റെ അച്ഛന്‍ എനിക്ക് തന്ന സ്വര്‍ണംപോലും ഒട്ടും ഇല്ലാതായി. എനിക്ക് എന്തുകൊണ്ടോ ദുഃഖം തോന്നിയിരുന്നില്ല. ഇന്ന് ആ സ്ഥാനത്ത് എല്ലാം ഈശ്വരന്‍ ഇരട്ടിയായി തന്നിരിക്കുന്നു. സുഖത്തിലും ദുഃഖത്തിലും ഇപ്പോഴത്തെ എല്ലാ അനുഭവങ്ങളിലും ശരണം ഒന്നേ ഒന്ന് മാത്രം. ഇദം ന മമ. തന്നു, തിരിച്ചെടുത്തു, ഇരട്ടിയായിത്തന്നു. എന്തെല്ലാം പരീക്ഷണങ്ങള്‍. പരീക്ഷണങ്ങളെ നേരിടാന്‍ ബുദ്ധിയും ശക്തിയും തന്ന് സത്യവും ധര്‍മ്മവും നീതിയും പുലര്‍ത്താന്‍ സാധിക്കണേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ ഓഫീസില്‍ പോയിരുന്ന സമയത്ത് അവിടെ സ്ഥിരം വന്നുകൊണ്ടിരുന്നവര്‍ പറയും നിങ്ങളെ ഇപ്പോള്‍ കാണാറില്ലല്ലോ. ആ അടുത്ത് തന്നെ ഇവിടെ ഒരു സന്യാസിയമ്മ ഉണ്ടാകും. ഈ പറയുന്നവര്‍ തന്നെ പറയും നമ്മടാളുകള്‍ ഒരുമിക്കില്ലല്ലോ. കണ്ടോ മറ്റുള്ളവരൊക്കെ എന്തൊരു പ്രശ്‌നമുണ്ടായാലും അവിടെ ഒന്നാകും. ഞാന്‍ ചോദിച്ചു നീ കുറച്ചുമുമ്പേ എന്താ പറഞ്ഞത് എന്ന്. ആദ്യം അവനവന്‍ ഇതുപോലുള്ള ഗുരുകുലങ്ങളില്‍ വരിക. കുറച്ചു കഴിഞ്ഞ് ഒരാളെ കൂടി കൂട്ടുക. അപ്പോള്‍ നമ്മളും ഒന്നാവും. അല്ലാതെ, ഒരു കാഷായ വസ്ത്രത്തിന് വിലപറയുകയല്ല വേണ്ടത്. അഞ്ചു വര്‍ഷമായിട്ട് താടിയും മുടിയും നീട്ടി കാവി ഉടുത്തവരെ ധാരളമായി കാണുന്നില്ലേ. മനുഷ്യനാവാനാ ഞങ്ങളെ പഠിപ്പിക്കുന്നത് അല്ലാതെ ഒരു വിഢിത്തം പറയാനല്ല. തൊട്ടു മുമ്പില്‍ വന്നു നിന്നിട്ടും തട്ടിമാറ്റാതിരിക്കുക, ഇങ്ങനെ രസകരങ്ങളായ പല തമാശകളും അതിലൂടെ കാര്യം ബോധ്യപ്പെടുത്താനും സാധിക്കുന്നു.
ഒരു വീട്ടമ്മ എന്ന നിലയ്ക്ക് ഒരു പത്തുവര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു പാഠശാലയില്‍ ഈ ഗുരുവിനെ കിട്ടിയിരുന്നതെങ്കില്‍ എന്റെ കുടുംബം കുറച്ചുകൂടി സുദൃഢമാക്കാന്‍ കഴിഞ്ഞേനേ എന്ന് ചിന്തിച്ചു പോകാറുണ്ട്. കഴിഞ്ഞ ജന്മങ്ങളുടെ പുണ്യപാപങ്ങളെ അനുഭവിച്ച് തീര്‍ക്കണ്ടെ. അങ്ങനെ ഒന്ന് ഉണ്ടെന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കാന്‍ പറ്റിയല്ലോ. ഞാന്‍ എന്റെ വീട്ടില്‍ (തിരൂര്‍) ചെന്നാല്‍ ഒരു ചെറിയ സുഹൃദ്് വലയം അവിടെയുമുണ്ട്. വേദസംബന്ധമായ (ഗൃഹസംബന്ധമായ) പല കാര്യങ്ങളും ചര്‍ച്ചചെയ്യും. അവര്‍ക്കും എനിക്കും അത് രസകരമാണ്. എന്റെ അനിയത്തിയുടെ വീട്ടില്‍ രണ്ടു വര്‍ഷം മുമ്പ് കല്യാണത്തിനു പോയി. ഞാന്‍ കണ്ടിട്ടു പോലുമില്ലാത്ത അവരുടെ അങ്ങാടിപ്പുറത്തോ മറ്റോ ഉള്ള ബന്ധുക്കള്‍ ആദ്യമായി പരിചയപ്പെടുന്നത് തന്നെ വേദം പഠിക്കുന്ന ആളാണ് എന്നു പറഞ്ഞുകൊണ്ടാണ് നമ്മുടെ മനസ്സില്‍ നല്ല ചിന്തകളുമായി ആരുമായി ഇടപെടുന്നുവോ അവര്‍ നമ്മളെയും ആ രൂപത്തില്‍ കാണുന്നു എന്ന് അനുഭവിച്ചറിയുന്നു. ദാനധര്‍മ്മാദികള്‍ ചെയ്യുന്നതും പതിവാണ.് ക്ഷേത്രദര്‍ശനമായിരുന്നു എനിക്ക് എല്ലാ കാലത്തും ഇഷ്ടപ്പെട്ടിരുന്നത് എന്നാല്‍ അത്രതന്നെ തത്രപ്പാടില്ല. എന്തുകൊണ്ടാണെന്നറിയില്ല. തൊട്ടടുത്ത ക്ഷേത്രത്തിലും, തറവാട്ടു ക്ഷേത്രത്തിലും മിക്കവാറും പോകും. ആവുന്നത് സഹായിക്കും. ക്ലാസില്‍ വരാന്‍ തുടങ്ങിയ ശേഷം എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ക്ലാസ് മുടങ്ങാറില്ല. ഈശ്വരാ ഞാന്‍ എന്താ ചെയ്ക, വിദ്യാഭ്യാസ യോഗ്യത കുറവായ എനിക്ക് എങ്ങനെയോ ഇവിടെ വരെ എത്താന്‍ സാധിച്ചു. ഷോഡശക്രിയകളില്‍ കുറച്ചു പഠിക്കുവാനും അത് പ്രാവര്‍ത്തികമാക്കാനും സാധിച്ചു. എന്റെ കുട്ടിക്കാലത്തെ ചില ആഗ്രഹങ്ങളെല്ലാം ഈശ്വരന്‍ സാധിപ്പിച്ചുതന്നു. കോളേജില്‍ പോകാന്‍ ഭാഗ്യമില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ അതും അനുഭവിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും ഡോ. ഹരീഷ് ചന്ദ്ര ജിയെപ്പോലെ ശാസ്ത്രജ്ഞരുടെ ക്ലാസുകളില്‍ മനസ്സിലാക്കിക്കൊണ്ട് ഇരിക്കാനും സാധിച്ചു. എല്ലാ സുഖങ്ങളും ദുഃഖങ്ങളും എന്നെത്തന്നെയും ഗുരുപാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് ഇനിയുള്ള കാലം കൂടുതല്‍ വേദത്തിനു വേണ്ടിയും കുറച്ച് കുടുംബത്തിലുമായി ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനയോടെ.
– ലീല. ടി