Articles, Social (Malayalam)

വേദവും തന്ത്രവും ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ മുദ്രയോ?

ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ വിഭിന്നത കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന അനേകം ഇന്‍ഡോളജിസ്റ്റുകളുണ്ട്. അവരുടെ പ്രധാന വാദങ്ങളിലൊന്ന് വേദവും തന്ത്രവും പരസ്പരം യാതൊരു ബന്ധവുമില്ലാത്ത വിശ്വാസധാരകളാണെന്നാണ്. ആര്യ-ദ്രാവിഡ ചിന്തകളുടെ ബീജം വളര്‍ന്നാണത്രേ വേദവും തന്ത്രവും വേറിട്ട ചിന്താധാരകളായത്! എന്നാല്‍ താന്ത്രികഗ്രന്ഥങ്ങളിലധികവും വേദങ്ങളെ പ്രമാണമാക്കുന്നുണ്ടെന്നതാണ് സത്യം. ഈ പ്രമാണമാക്കലിന്റെ ആധികാരികത എന്തെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നുണ്ട്. കാണുക:

“വേദമേ നമുക്ക് പ്രമാണമായുള്ളൂ; അതില്‍ എല്ലാവര്‍ക്കും അധികാരവുമുണ്ട്.

‘യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ.
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ ചാരണായ’

എന്നാണ് ശുക്ലയജുര്‍വേദം പറയുന്നത്. നമ്മുടെ ഈ വേദത്തില്‍നിന്ന് ഇതില്‍ എല്ലാവര്‍ക്കും അധികാരമില്ലെന്ന് സമര്‍ഥിക്കുന്ന ഒരു പ്രമാണമെടുത്തു കാട്ടാമോ? ശരിയാണ്; പുരാണങ്ങള്‍ പറയുന്നുണ്ട്, ‘ഇന്ന ജാതിക്ക് വേദങ്ങളുടെ ഇന്ന ശാഖ പഠിക്കാനാണ് അധികാരമെന്നും മറ്റൊരു ജാതിക്കും അതില്ലെന്നും’; ‘വേദങ്ങളുടെ ഈ ഭാഗം സത്യയുഗത്തിന് പറ്റിയതല്ലെന്നും.’ പറയുന്നത് വേദമല്ല എന്ന സംഗതി ശ്രദ്ധിക്കേണ്ടതാണ്; ഇതു പറയുന്നത് പുരാണങ്ങളാണ്. യജമാനനെ ആജ്ഞാപിക്കാന്‍ ദാസന് കഴിയുമോ? സ്മൃതികള്‍, പുരാണങ്ങള്‍, തന്ത്രങ്ങള്‍ ഇവയെല്ലാം വേദങ്ങളോട് പൊരുത്തപ്പെടുന്നിടത്തോളമേ സ്വീകരിക്കാവൂ. വേദങ്ങള്‍ക്ക് വിരുദ്ധമായി പറയുന്നിടത്തെല്ലാം, അവിശ്വാസമെന്ന നിലയില്‍ അവ വര്‍ജ്യങ്ങളാണ്. പക്ഷേ ഈയിടെ വേദങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു പീഠത്തിലാണ് നാം പുരാണങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വേദപഠനം ബംഗാളില്‍നിന്നു മിക്കവാറും തിരോഭവിച്ചിരിക്കുന്നു. ഓരോ വീട്ടിലും സാളഗ്രാമത്തോടും കുടുംബദൈവത്തോടുമൊപ്പം വേദങ്ങളെയും പൂജിക്കുന്ന ഒരു ദിവസം വന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു; അപ്പോള്‍ ചെറുപ്പക്കാരും പ്രായംചെന്നവരും സ്ത്രീകളും ചേര്‍ന്ന് വേദപൂജ ഉദ്ഘാടനം ചെയ്യുമല്ലോ.”

(‘നമ്മുടെ ജന്മസിദ്ധമായ മതം’, വിവേകാനന്ദ സാഹിത്യസര്‍വസ്വം, മൂന്നാം ഭാഗം, ശ്രീരാമകൃഷ്ണമഠം, തൃശ്ശൂര്‍, പുറനാട്ടുകര, ഫെബ്രുവരി 2002, പേജ് 344-345.)

ഒന്നു വ്യക്തമാണ്, വിവേകാനന്ദന്റെ അഭിപ്രായത്തില്‍ യജമാനന്‍ വേദങ്ങളാണ്. തന്ത്രശാസ്ത്രാദിളാകട്ടെ മറ്റു ഹൈന്ദവഗ്രന്ഥങ്ങളെപ്പോലെതന്നെ ആ യജമാനനെ അനുസരിക്കുന്ന ദാസന്മാരാണ് എന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ വേദങ്ങളില്‍നിന്നുതന്നെയാണ് താന്ത്രികരും തങ്ങളുടെ കാഴ്ചപ്പാടുകളെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നര്‍ഥം. ഈ കണ്ടെത്തലിനെ സാധൂകരിക്കുന്ന നിരവധി ഉദ്ധരണികള്‍ താന്ത്രികഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

കുലാര്‍ണവതന്ത്രം പ്രധാനപ്പെട്ട ഒരു താന്ത്രികഗ്രന്ഥമാണ്. അതിലെ ചില ഉദ്ധരണികള്‍ കാണുക:

  • ‘വേദാഗമ മഹാസമുദ്രത്തെ ജ്ഞാനദണ്ഡത്താല്‍ സാരരൂപത്തില്‍ കടഞ്ഞെടുത്തതാണ് ഞാനീ കുലധര്‍മം’ (കുലാര്‍ണവതന്ത്രം 2.10)
  • ‘ആറു ദര്‍ശനങ്ങള്‍ എന്റെ ആറ് അംഗങ്ങളാകുന്നു. ഇരു പാദങ്ങളും, ഇരു കൈകളും, ഉദരവും, തലയുമാകുന്നു. ആരെല്ലാം അവയില്‍ വിരോധം ആരോപിക്കുന്നുവോ അവര്‍ എന്റെ ശരീരത്തെ മുറിക്കുകയാണ് ചെയ്യുന്നത്. ഈ ആറു ദര്‍ശനങ്ങള്‍ വേദങ്ങളെപ്പോലെതന്നെ കുലത്തിന്റെകൂടി അംഗങ്ങളാകുന്നു. അതിനാല്‍ വേദോത്മകമായ ശാസ്ത്രമെല്ലാം കൗലാത്മകവുമാണെന്ന് മനസ്സിലാക്കിയാലും’ (കുലാര്‍ണവതന്ത്രം 2.84,85)
  • ‘വേദശാസ്ത്രങ്ങളെ അനുസരിക്കാതിരിക്കുന്നത് ആയുക്ഷയത്തിന് കാരണമാകും’ (കുലാര്‍ണവതന്ത്രം 1.48)
  • ‘വേദങ്ങള്‍ പ്രമാണമാണ്’ (കുലാര്‍ണവതന്ത്രം 2.141)
  • ‘ആചരിക്കുന്നവന്‍ മാത്രമേ ദേവീ, യോഗിനികള്‍ക്ക് പ്രിയരാകൂ. ചതുര്‍വേദങ്ങളെ ആചരിക്കാത്തവന്‍ യോഗിനീശാപത്താല്‍ നാശത്തെ പ്രാപിക്കുന്നു. (കുലാര്‍ണവതന്ത്രം 11.95)
  • ‘വേദത്തേക്കാള്‍ വലിയ വിദ്യയില്ല, കൗലത്തിനു തുല്യമായ ദര്‍ശനവും’ (കുലാര്‍ണവതന്ത്രം 3.113)

അതായത് കുലാര്‍ണവതന്ത്രം വേദമാഹാത്മ്യത്തെ വാഴ്ത്തുകയും വേദപ്രാമാണ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു എന്നു സാരം. മാത്രമല്ല, വേദത്തേക്കാള്‍ വലിയ വിദ്യയില്ല എന്നു പറഞ്ഞതോടൊപ്പം അതില്‍നിന്നും കടഞ്ഞെടുത്ത ദര്‍ശനമാണ് കുലാര്‍ണവതന്ത്രമെന്ന് ഗ്രന്ഥകര്‍ത്താവ് സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മറ്റു താന്ത്രികഗ്രന്ഥങ്ങളുടെ അഭിപ്രായങ്ങള്‍കൂടി എന്തെന്നു പരിശോധിക്കാം.

ഗന്ധര്‍വതന്ത്രം പറയുന്നത് തന്ത്രസാധകന്‍ വേദത്തില്‍ വിശ്വസിക്കുന്നവനായിരിക്കണം എന്നാണ്. അല്ലായെങ്കില്‍ അവന്റെ കര്‍മങ്ങള്‍ ദുരാചാരങ്ങളായി പരിണമിക്കപ്പെടുമത്രേ. (ഗന്ധര്‍വതന്ത്രം 2.18-19) മാത്രമല്ല, ദേവിയെ ഗന്ധര്‍വതന്ത്രം വിളിക്കുന്നത് ‘ചതുര്‍വേദമയീ സാക്ഷാത് സര്‍വസൗഭാഗ്യദായിനീ’ എന്നാണ്. (ഗന്ധര്‍വതന്ത്രം 2.34)

മേരുതന്ത്രം പറയുന്നത് തന്ത്രം വേദങ്ങളുടെ അംഗംതന്നെ ആണെന്നാണ്. (പ്രാണതോഷിണി 9.11). വേദോദിതമായ കര്‍മങ്ങള്‍ നിഃശ്രേയസസിദ്ധിക്കായി ഉള്ളതാണെന്നും മേരുതന്ത്രത്തില്‍ പറയുന്നു (മേരുതന്ത്രം 5.924). മത്സ്യസൂക്തതന്ത്രത്തിലാകട്ടെ ശിഷ്യന്‍ ശുദ്ധാത്മാവും വേദജ്ഞനുമായിരിക്കണം എന്നു പറഞ്ഞിരിക്കുന്നു (മത്സ്യസൂക്തതന്ത്രം 13). രുദ്രയാമലം ഉത്തരതന്ത്രത്തില്‍ പറഞ്ഞതു കാണുക:

‘വേദത്താല്‍ സര്‍വവും ലഭ്യമാകുന്നു. കാരണം എല്ലാം വേദത്തിനധീനമായിരിക്കുന്നു. വേദമറിയാത്തവന്‍ ശക്തിവിദ്യ അഭ്യസിച്ചിട്ടു കാര്യമില്ല. അവന് കൗലപരായണനായ യോഗിയാകാന്‍ കഴിയുകയില്ല.’ (രുദ്രയാമലം ഉത്തരതന്ത്രം 15.3)

തമിഴ് ശിവയോഗിയും 18 സിദ്ധരില്‍ ഒരാളുമായ തിരുമൂലര്‍ തന്റെ തിരുമന്തിരം എന്ന കൃതിയില്‍ എഴുതിയിരിക്കുന്നത് ‘വേദം പൊതുവായ അറിവും ആഗമം വിശേഷമായതുമാണ്’ എന്നാണ്. (തിരുമന്തിരം 2397). അതായത് ജ്ഞാനവും വിജ്ഞാനവും പോലെയാണ് അദ്ദേഹം അവയെ കാണുന്നത്.

‘വേദമാകുന്ന ധേനുവിന്റെ പാലാണ് ശരിയായ തന്ത്രാഗമം’ എന്നാണ് തമിഴ് ശൈവസിദ്ധാന്താചാര്യനായ ഉമാപതി പറയുന്നത്. (Quoted from The Dance of Shiva: Religion, Art and Poetry in South India, Cambridge University Press, p.116.)

മറ്റൊരു തമിഴ് ശൈവസിദ്ധാന്ത ആചാര്യനായ തായുമാനവര്‍ പറയുന്നത് ‘വേദങ്ങള്‍ പാതയാണെങ്കില്‍, ആഗമങ്ങള്‍ അതിലൂടെ സഞ്ചരിക്കുന്ന കുതിരയാണ്’ എന്നാണ്. (Quoted from Thomas Manninezhath (1993), Harmony of Religions: Vedanta Siddhanta Samarasam of Tayumanavar, Motilal Banarsidas, p.135.)

ഈ ഉദ്ധരണികളെ പ്രമാണങ്ങളായി എടുത്താല്‍ മിക്ക താന്ത്രികഗ്രന്ഥങ്ങളും വേദങ്ങളെ അംഗീകരിക്കുന്നുണ്ട് എന്നു മനസ്സിലാക്കാം. അതായത് പുരാണങ്ങളെയും ബൗദ്ധ-ജൈന ദര്‍ശനങ്ങളെയും പോലെതന്നെ വൈദിക സംസ്‌കൃതിയുടെ തണലില്‍ രൂപപ്പെട്ടുവന്ന കാഴ്ചപ്പാടാണ് താന്ത്രികവും എന്നു മനസ്സിലാക്കാം.

The Serpent Power, The Garland of Letters തുടങ്ങിയ തന്ത്രശാസ്ത്ര സംബന്ധിയായ സുപ്രസിദ്ധഗ്രന്ഥങ്ങളുടെ രചയിതാവും ഒട്ടേറെ താന്ത്രികഗ്രന്ഥങ്ങളുടെ വിവര്‍ത്തകനുമായ സര്‍. ജോണ്‍ വുഡ്‌റോഫ് അഭിപ്രായപ്പെട്ടതു കാണുക:

‘……Shaakta Tantra, as I have said, acknowledges the authority of Veda. All Indian Shastras do that. If they did not, they would not be Indian Shastra’ (‘Shakti and Shaakta’, by Arthur Avalon (Sir John Woodroffe), chap. 4.)

ഭാരതത്തെയും ഹിന്ദുവിനെയും സംബന്ധിച്ച എല്ലാറ്റിലും വൈജാത്യവും ജാതിവര്‍ഗസിദ്ധാന്തങ്ങളും കണ്ടെത്തി ഭിന്നിപ്പിക്കുന്ന സാമൂഹ്യശാസ്ത്രകാരന്മാര്‍ പക്ഷേ ഈ രേഖകളൊന്നും കാണുന്നില്ല. അവര്‍ ശൈവ-ശാക്തേയ സമ്പ്രദായങ്ങളും വേദാദി ശാസ്ത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കുകയും അതുവഴി ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ നഖചിത്രം കോറിയിടുകയും ചെയ്യുന്നു. പക്ഷേ ഭാരതത്തിലെ ഒട്ടെല്ലാ ദര്‍ശനങ്ങളും രൂപംകൊണ്ടതിന് പിന്നില്‍ വേദാദിശാസ്ത്രങ്ങളുടെ സ്വാധീനമുണ്ടെന്ന് ശ്രദ്ധിച്ചു പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.