‘തിയൊസോഫിക്കൽ സൊസൈറ്റി ഓഫ് ആര്യസമാജ് ‘: ഒരു രഹസ്യ അജണ്ടയോ?
ഭാരതത്തിന്റെ ചരിത്രത്തില്‍ നഷ്ടപ്പെട്ടുപോയ ചില ഗുപ്തസംഭവങ്ങളുണ്ട്. അതിലൊന്നാണ് ആര്യസമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുണ്ടായിരുന്ന ബന്ധം. 137 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ ആ ബന്ധത്തിന്റെ നൂലിഴകളെ പരിശോധിക്കാനും അറിയാനും ആഗ്രഹിക്കുന്ന ചരിത്രവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിപഠിഷുക്കള്‍ക്കുവേണ്ടി ആ ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളെയും തോടുപൊളിച്ച് പരിശോധിക്കാനാണ് ശ്രമിക്കുന്നത്. മഹര്‍ഷി ദയാനന്ദനും ആര്യസമാജവും കേണല്‍ ഓള്‍കോട്ടും മാഡം ബ്ലവാത്സ്‌കിയും തിയൊസോഫിക്കല്‍ സൊസൈറ്റിയും എങ്ങനെ, എവിടെവെച്ച് കണ്ടുമുട്ടി? അവര്‍ തങ്ങളുടെ ആശയങ്ങള്‍ ആരില്‍നിന്ന് ആരിലേക്കാണ് കൈമാറിയത്? ദയാനന്ദന്റെ ഏകേശ്വരവാദം തിയൊസോഫിക്കല്‍ സൊസൈറ്റിയുടേതോ? അങ്ങനെ അനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് ഈ ലേഖനം തയ്യാറാക്കുന്നത്. വിസ്തൃതമായ ദയാനന്ദന്റെ ജീവചരിത്രങ്ങളും സാഹിത്യവും കത്തുകളും അതേപോലെ തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ ഗ്രന്ഥശേഖരവുമെല്ലാം ഈ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
- നടന്ന സംഭവങ്ങളുടെ കാലഗണന ഇങ്ങനെയാണ്
1875 ഏപ്രില്‍ 10 : മഹര്‍ഷി ദയാനന്ദ സരസ്വതി ബോംബെയില്‍ ആര്യസമാജം സ്ഥാപിക്കുന്നു
1875 നവംബര്‍ 17 : ന്യൂയോര്‍ക്കില്‍ ഹെലീന ബ്ലവാത്സ്‌കിയുടെയും ഹെൻറി ഓള്‍കോട്ടിന്റെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ തിയൊസോഫിക്കല്‍ സൊസൈറ്റി സ്ഥാപിതമാകുന്നു.
1878 മെയ് 22 : രണ്ട് സമാജങ്ങളും തമ്മിലുണ്ടായ സമവായത്തില്‍നിന്ന് ‘തിയൊസോഫിക്കല്‍ സൊസൈറ്റി ഓഫ് ആര്യസമാജ്’ സ്ഥാപിതമാകുന്നു.
1879 ഫെബ്രുവരി 16 : ഹെലീന ബ്ലവാത്സ്‌കിയും ഹെൻറി ഓള്‍കോട്ടും ബോംബെയില്‍ എത്തുന്നു.
1882 മാര്‍ച്ച് 28: തിയൊസോഫിക്കല്‍ സൊസൈറ്റി വിശ്വാസവഞ്ചന കാണിച്ചു എന്നാരോപിച്ചുകൊണ്ട് മഹര്‍ഷി ദയാനന്ദ സരസ്വതി അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചതായി പരസ്യ പ്രസ്താവന നടത്തുന്നു.
1882 ജൂലൈ: തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ മുഖപത്രമായ ‘ദ തിയോസഫിസ്റ്റ്’ന്റെ പരിശിഷ്ടത്തില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ആരോപണങ്ങള്‍ക്ക് ഹെൻറി ഓള്‍കോട്ട് പ്രമാണസഹിതം മറുപടി എഴുതുന്നു.

ഇത്രയുമാണ് പുറംലോകമറിഞ്ഞ സംഗതികള്‍. 1882ല്‍ ഉണ്ടായ ആരോപണ-പ്രത്യാരോപണങ്ങളിലേക്ക് കടന്നുചെല്ലും മുന്‍പ് ‘തിയൊസോഫിക്കല്‍ സൊസൈറ്റി ഓഫ് ആര്യസമാജ്’-ന്റെ ഉദ്ഭവകാരണം തേടി നമുക്കൊന്നു 1870-കളിലെ ന്യൂയോര്‍ക്കിലേക്ക് ചെല്ലാം.
1850 കളില്‍ പത്രപ്രവര്‍ത്തകനായും, തുടര്‍ന്ന് കരസേനയില്‍ ചേര്‍ന്ന് 1860 കളുടെ തുടക്കത്തിലുണ്ടായ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്ത ആളായിരുന്നു ഹെൻറി സ്റ്റീല്‍ ഓള്‍കോട്ട്. പിന്നീട് അമേരിക്കന്‍ നാവികസേനയില്‍ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും എന്നാല്‍ അവിടെനിന്നും 1868ല്‍ വക്കീലുദ്യോഗത്തെ സ്വയം വരിക്കുകയും ചെയ്തു. ഇതിനു മുന്‍പുതന്നെ അദ്ദേഹത്തിന് ആത്മീയവാദ(Spiritualism)ത്തില്‍ താല്പര്യമുണ്ടായിരുന്നു എന്നിരിക്കിലും 1874-ലാണ് ആത്മീയവാദപ്രസ്ഥാനത്തിലേക്ക് അദ്ദേഹം മുഖ്യതയാ കടന്നുവരുന്നത്. ഇതേ വര്‍ഷംതന്നെയാണ് ഹെലീന പെത്രോവ്‌ന ബ്ലവാത്സ്‌കിയെ അദ്ദേഹം കണ്ടുമുട്ടുന്നതും. ആത്മീയവാദി എന്നതിലുപരിയായി ഗുപ്തമാന്ത്രികവിദ്യ(Occultism)കളില്‍ തല്പരയുമായിരുന്നു റഷ്യക്കാരിയായ ബ്ലവാത്സ്‌കി. ഓൾകോട്ടിന്റെ ആത്മീയവാദവും വാസ്തവത്തില്‍ ഗുപ്തവിദ്യകളെ സംബന്ധിക്കുന്നതായിരുന്നു.
ഇവരിരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് ‘തിയൊസോഫിക്കല്‍ സൊസൈറ്റി’യെക്കുറിച്ച് ഓള്‍കോട്ട് എഴുതിയ ‘Old Diary Leaves’ ആരംഭിക്കുന്നത്. ഭൂതപ്രേതങ്ങളെക്കുറിച്ച് പഠിക്കാനായി അമേരിക്കയിലെ ചിറ്റന്റനിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ താമസിക്കാനായി ചെന്നതായിരുന്നു ഓള്‍കോട്ട്. അവിടെ താമസിച്ച് തന്റെ അനുഭവങ്ങള്‍ ‘Eddy ghost’ എന്ന തലക്കെട്ടില്‍ Daily Graphic പത്രത്തില്‍ ആഴ്ചയില്‍ രണ്ടു തവണ അയച്ചുകൊടുത്ത് അദ്ദേഹം പ്രസിദ്ധീകരിക്കുമായിരുന്നു. ഇതു വായിച്ചാണ് ബ്ലവാത്സ്‌കി ചിറ്റന്റനിലേക്ക് എത്തുന്നത്. രാജ്യങ്ങള്‍തോറും സഞ്ചരിച്ച് ഗുപ്തവിദ്യകള്‍ പഠിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത ആളായിരുന്ന ബ്ലവാത്സ്‌കിയോട് ഓള്‍കോട്ട് ചങ്ങാത്തം സ്ഥാപിച്ചു. 1875-ല്‍ ഇരുവരുടെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ‘തിയൊസോഫിക്കല്‍ സൊസൈറ്റി’ സ്ഥാപിതമായി. ഗുപ്തവിദ്യകള്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ബ്ലവാത്സ്‌കി സൊസൈറ്റിയുടെ മുഖമായി നിലകൊണ്ടു.
അമേരിക്കയില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളും അതോടൊപ്പം ആത്മീയതയുടെ നാടായ ഭാരതത്തിന് അവിടങ്ങളിലുണ്ടായിരുന്ന കീര്‍ത്തിയും ഭാരതത്തിലേക്ക് ചേക്കേറാന്‍ ഇരുവരെയും പ്രേരിപ്പിച്ചിരുന്നു. ആയിടയ്ക്കാണ് അവര്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയെക്കുറിച്ചും ആര്യസമാജത്തെക്കുറിച്ചും അറിയാനിടയായത്. ഇതേക്കുറിച്ച് ഓള്‍കോട്ട് ‘Old Diary Leaves’ ല്‍ എഴുതിയത് കാണുക:

‘ഓൾഡ് ഡയറി ലീവ്സ്’
എന്ന പുസ്തകം
”പക്ഷേ ഇവിടെനിന്നും പുറത്തുകടന്ന് ഞങ്ങളുടെ ആ വിശുദ്ധഭൂമിയില്‍ (ഇന്ത്യയില്‍) എത്തിച്ചേരുവാനുള്ള യാതൊരു വഴിയും അതുവരെ തുറന്നുകിട്ടിയിരുന്നില്ല. അതിനുള്ള സാധ്യതയും വളരെ കുറവായിരുന്നു. ആയിടയ്ക്കാണ്, 1877-ലെ ഒരു സായാഹ്നത്തില്‍, കുറച്ചുകാലം മുന്‍പു വരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒരു അമേരിക്കന്‍ യാത്രികന്‍ (തന്റെ വീട്ടിലേക്ക്) വിളിക്കുന്നത്. ഇരിക്കുമ്പോള്‍, ചുവരില്‍ അദ്ദേഹത്തിന് മുകളിലായി, 1870ല്‍ (ന്യൂയോര്‍ക്കില്‍നിന്നും ലിവര്‍പൂളിലേക്കുള്ള) അത്‌ലാന്റിക് യാത്രയില്‍ ഞാന്‍ പരിചയപ്പെട്ടിരുന്ന ഹിന്ദുക്കളായ രണ്ട് മാന്യ വ്യക്തികളുടെ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞു. ഞാനത് കൈയിലെടുത്ത് അദ്ദേഹത്തെ കാണിച്ച് ഇവരില്‍ ആരെയെങ്കിലും പരിചയമുണ്ടോ എന്ന് ആരാഞ്ഞു. അദ്ദേഹത്തിന് മൂല്‍ജി ഠാകര്‍സിയെ അറിയാമായിരുന്നു. അവര്‍ ഈയടുത്ത കാലത്ത് ബോംബെയില്‍വെച്ച് പരിചിതരായതായിരുന്നു. എനിക്ക് അഡ്രസ്സ് കിട്ടി. മൂല്‍ജിക്ക് അയച്ച ആദ്യ കത്തില്‍തന്നെ ഞങ്ങളുടെ സൊസൈറ്റിയെക്കുറിച്ചും ഇന്ത്യയോടുള്ള ഞങ്ങളുടെ സ്‌നേഹത്തെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചുമെല്ലാം എഴുതി. അങ്ങനെ നിശ്ചിത കാലത്തിനുശേഷം അദ്ദേഹത്തിന്റെ ഔത്സുക്യപൂര്‍ണമായ മറുപടി വന്നു. ഞങ്ങള്‍ മുന്നോട്ടുവെച്ച (തിയൊസോഫിക്കല്‍ സൊസൈറ്റിയിലേക്കുള്ള) അംഗത്വത്തെ സംബന്ധിച്ച ഡിപ്ലോമ അദ്ദേഹം സ്വീകരിക്കുകയും, ശുദ്ധമായ വൈദികധര്‍മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഒരു ശക്തമായ പ്രസ്ഥാനത്തിന് രൂപംകൊടുത്ത നവോത്ഥാനനായകനായ ഒരു മഹാനായ ഹിന്ദു പണ്ഡിതനെ (മഹര്‍ഷി ദയാനന്ദ സരസ്വതിയെ)ക്കുറിച്ച് എന്നോട് പറയുകയും ചെയ്തു. അതോടൊപ്പം ബോംബെ ആര്യസമാജത്തിന്റെ പ്രസിഡന്റായ ഒരു ഹരിശ്ചന്ദ്ര ചിന്താമണിയെക്കുറിച്ച് എന്നോട് അവതരിപ്പിക്കുകയും ചെയ്തു.” 1
ഇങ്ങനെയാണ് ഓള്‍കോട്ടും ബ്ലവാത്സ്‌കിയും ആദ്യമായി മഹര്‍ഷി ദയാനന്ദ സരസ്വതിയെക്കുറിച്ച് അറിയുന്നത്. ആര്യസമാജവുമായി ബന്ധം സ്ഥാപിച്ചാല്‍ ഭാരതത്തില്‍ അപരിചിതരായ തങ്ങള്‍ക്ക് അവിടെ തങ്ങളുടെ സൊസൈറ്റിയെ പ്രചരിപ്പിക്കാനുള്ള വലിയ സാധ്യതയായിരിക്കും അതെന്ന് അവര്‍ മനസ്സിലാക്കി. 1878 ഫെബ്രുവരി 18ന് ഹരിശ്ചന്ദ്ര ചിന്താമണി വഴി ഓള്‍കോട്ട് മഹര്‍ഷി ദയാനന്ദ സരസ്വതിക്ക് ആദ്യ കത്തയച്ചു. കത്തിന്റെ മലയാളവിവര്‍ത്തനമാണ് താഴെ.
നം. 71, ബ്രോഡ്‌വേ, ന്യൂ യോര്‍ക്ക്.
1878 ഫെബ്രുവരി 18.
പരമാദരണീയനായ പണ്ഡിറ്റ് ദയാനന്ദ സരസ്വതി, ഇന്ത്യ, വായിച്ചറിയുവാന്‍…
പൂജനീയ ഗുരുജീ, അമേരിക്കക്കാരും അല്ലാത്തവരുമായ ഒട്ടനവധി വിദ്യാര്‍ഥികള്‍ ആത്മാര്‍ഥ
മായി ആത്മവിദ്യയെ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ ചരണങ്ങളില്‍ സ്വയം സമര്‍പ്പിച്ച് നിലകൊള്ളുകയാണ്, പ്രബോധനത്തിനായി അങ്ങയോട് പ്രാര്‍ഥിക്കുകയാണ്. അവര്‍, വ്യത്യസ്ത ഉദ്യോഗമേഖലയിലുള്ളവര്‍, വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍, എന്നാല്‍ ജ്ഞാനം ആര്‍ജിക്കാനും കൂടുതല്‍ ഉത്തമരാകാനുമുള്ള ഒരേ ലക്ഷ്യത്തില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇൗ ഉദ്ദേശ്യത്താല്‍ മൂന്നു വര്‍ഷം മുന്‍പ് അവര്‍ തിയൊസോഫിക്കല്‍ സൊസൈറ്റി എന്ന പേരിലുള്ള ഒരു സംഘടനയ്ക്കു കീഴില്‍ സ്വയം സംഘടിച്ചു. തങ്ങളുടെ യുക്തിയെയോ സഹജാവബോധത്തെയോ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ക്രിസ്തുമതത്തില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനാലും, അതിന്റെ വിനാശകാരകങ്ങളായ തത്ത്വങ്ങളുടെ ദുഷ്പ്രഭാവങ്ങളെ എങ്ങും കാണുന്നതിനാലും, കപടരും ദുര്‍മോഹികളും ഭോഗേച്ഛുക്കളുമായ അതിന്റെ പുരോഹിതന്മാരെ എങ്ങും കണ്ടെത്താനാകുന്നതിനാലും, അതിന്റെ ഉപാസകരാകട്ടെ പാപകൃത്യങ്ങളെ മറച്ചുവെക്കുകയും അവയുടെ നേരെ കണ്ണടയ്ക്കുകയും എന്നാല്‍ ധര്‍മത്തെയും ജ്ഞാനത്തെയും ക്രൈസ്തവസമൂഹത്തിന്റെ വര്‍ത്തമാനസ്ഥിതിക്ക് ഹാനികരമെന്നോണം മാറ്റിനിര്‍ത്തുകയും ചെയ്ത് ജീവിതത്തെ അസത്യപൂര്‍ണവും അപവിത്രവുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതായി കാണുന്നതിനാലും, അവര്‍ ഈ (അനധ്യാത്മ) ലോകത്തുനിന്നും വേറിട്ടുനില്‍ക്കുകയും പ്രകാശത്തിനായി കിഴക്കോട്ട് ശ്രദ്ധ തിരിക്കുകയും സ്വയം ക്രൈസ്തവവിരോധികളായി പരസ്യപ്രസ്താവന ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ ധീരതയാര്‍ന്ന ഭാവം കാരണം സ്വാഭാവികമായും പൊതുജനശ്രദ്ധ അവര്‍ക്കുമേല്‍ പതിയുകയും നിലവിലെ സാമൂഹ്യവ്യവസ്ഥയോട് ബന്ധപ്പെട്ടു കിടക്കുന്ന ലൗകികതാല്പര്യങ്ങളും വൈയക്തിമായ പക്ഷപാതവുമുള്ള അധികാരിവര്‍ഗത്താല്‍ അവര്‍ ബഹിഷ്‌കൃതരാക്കപ്പെടുകയും ചെയ്തു. നാസ്തികരെന്നും അവിശ്വാസികളെന്നും പേഗനുകളെന്നും ഞങ്ങള്‍ വിളിക്കപ്പെട്ടു. 18 മാസങ്ങള്‍ക്കു മുന്‍പ്, ഒരു ദശലക്ഷത്തേക്കാളധികം ക്രിസ്ത്യാനികളെ ഉള്‍ക്കൊള്ളുന്ന ഈ വന്‍ നഗരത്തില്‍, ഞങ്ങളില്‍ ഒരാളെ പേഗന്‍ ആചാരങ്ങളോടെ, അഗ്നിചിഹ്നങ്ങളും, വിളക്കുകളും, പുരാതനമായ തോലിനോട് ചുറ്റിയ സര്‍പ്പവും മറ്റും ഉപയോഗിച്ച്, ഞങ്ങള്‍ മണ്ണില്‍ കുഴിച്ചുമൂടി ശവമടക്കി. ആറു മാസങ്ങള്‍ക്കു ശേഷം ആ താല്കാലിക സ്ഥാനത്തുനിന്നും മൃതശരീരം പുറത്തെടുത്ത് പ്രാചീന പരമ്പരയുടെ ആചാരരീതി അനുസരിച്ച് കത്തിച്ച് ഭസ്മമാക്കുകയും ചെയ്തു.
ഞങ്ങള്‍ക്ക് പക്ഷേ യൗവനയുക്തരും ഉത്സാഹികളുമായവരുടെ സഹായം മാത്രം പോരാ, ജ്ഞാനികളും അഭിവന്ദ്യരുമായവരുടെ തുണയും ആവശ്യമാണ്. ഇക്കാരണത്താല്‍, മക്കള്‍ മാതാപിതാക്കളുടെ അടുക്കല്‍ എന്നപോലെ ഞങ്ങള്‍ അങ്ങയുടെ കാല്‍ക്കീഴില്‍ വന്നിരുന്നുകൊണ്ട് പറയുകയാണ്, ‘ഞങ്ങളെ നോക്കിയാലും, ഞങ്ങളുടെ ഗുരുനാഥാ; എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറഞ്ഞാലും, അവിടുത്തെ ഉപദേശവും തുണയും ഞങ്ങള്‍ക്കേകിയാലും.’കോടിക്കണക്കിനാളു
കള്‍ ആത്മജ്യോതിയില്‍നിന്നും അകറ്റപ്പെട്ട് ലൗകികവിഷയങ്ങളുടെ പൊടിപടലങ്ങളിലും അന്ധകാരത്തിലും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുകയാണ്. വഴിതെറ്റപ്പെടുകയും എല്ലാറ്റിനോടും വിമുഖതയുള്ളവരായിത്തീരുകയും സ്വയം അസന്തുഷ്ടരാകുകയും ചെയ്യുന്നു എന്നതുകൊണ്ടു മാത്രമല്ല, അവര്‍ അവരുടെ ധനവും ബുദ്ധിയുടെ പ്രയത്‌നവും, നാശമില്ലാത്ത ഊര്‍ജവുമെല്ലാം പൗരസ്ത്യമായ പ്രാചീന മതങ്ങളുടെയും തത്ത്വചിന്തകളുടെയും നേര്‍ക്ക് കുരിശുയുദ്ധം ചെയ്യുന്നതിനും അജ്ഞരായ ജനസമൂഹത്തെ തങ്ങളുടെ കപടമായ ദൈവശാസ്ത്രസമ്പ്രദായത്തെ ആശ്ലേഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായി വിനിയോഗിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സൊസൈറ്റിക്ക് അതിന്റെ അംഗങ്ങള്‍ മുഖാന്തരം പ്രസിദ്ധീകരണലോകത്ത് പ്രവേശിക്കാനാകും. പൗരസ്ത്യമായ തത്ത്വചിന്തകളുടെ യഥാതഥമായ അറിവിനെ ക്രൈസ്തവസാമ്രാജ്യത്തിലൊട്ടാകെ പ്രചരിപ്പിക്കുവാനും അപരിഷ്‌കൃതവും പേഗനുമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നുണപ്രചാരകരായ മിഷണറികളുടെ പ്രായോഗിക പദ്ധതികളെ തുറന്നുകാണിക്കുവാനും ഞങ്ങള്‍ക്ക് സാധിക്കും. സംസ്‌കൃതവും മറ്റ് പ്രാചീന ഭാഷകളും പഠിക്കുന്ന, ഓറിയെന്റലിസ്റ്റുകള്‍ എന്ന് പറയപ്പെടുന്ന ആളുകള്‍ വേദങ്ങളെയും മറ്റ് വിശുദ്ധഗ്രന്ഥങ്ങളെയും തെറ്റായി വിവര്‍ത്തനം ചെയ്ത് വികലമാക്കിത്തീര്‍ക്കുന്നു. ഗ്രന്ഥങ്ങളുടെ, അറിവുള്ള പണ്ഡിതര്‍ ചെയ്ത വിവര്‍ത്തനങ്ങളും അവര്‍തന്നെ നല്‍കിയ ഭാഷ്യങ്ങളും ഇവിടെ അച്ചടിച്ച് വിതരണം ചെയ്യുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സൊസൈറ്റിയുടെ ‘കറസ്‌പോണ്ടിങ് ഫെലോ’ ഡിപ്ലോമ സ്വീകരിച്ച് അങ്ങ് ഞങ്ങളെ മാനിക്കാമോ? അങ്ങയുടെ പ്രോത്സാഹനവും കനിവും ഞങ്ങള്‍ക്ക് വളരെയേറെ ശക്തിനല്‍കുന്നതായിരിക്കും. അങ്ങയുടെ ഉദ്ദേശ്യത്തിന് അധീനരായി ഞങ്ങള്‍ വര്‍ത്തിക്കുന്നതാണ്. ഒരുപക്ഷേ ഞങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ, അങ്ങ് ഇപ്പോള്‍ മുഴുകിയിരിക്കുന്ന, ആ ദിവ്യമായ ലക്ഷ്യത്തെ ത്വരിതവേഗത്തില്‍ പ്രാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായേക്കും; ഞങ്ങളുടെ രണഭൂമി ഇന്ത്യവരെയും വിസ്തൃതമാണ്: ഹിമാലയം മുതല്‍ കന്യാകുമാരിവരെയും ചില കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കും. സര്‍വാദരണീയനായുള്ളോവേ, സ്വന്തം ദേശവാസികളില്‍ കപടവേഷങ്ങളെയും മുഖംമൂടിയെയും ഭേദിക്കാന്‍ അറിവുള്ള അവിടുന്ന് ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് നോക്കിയാലും, ഞങ്ങളീ പറയുന്നത് സത്യമെന്ന് കണ്ടാലും. ഞങ്ങള്‍ അങ്ങയെ സമീപിച്ചിരിക്കുന്നത് ഗര്‍വോടെയല്ല, വിനയത്തോടെയാണെന്നത് കണ്ടാലും, അങ്ങയുടെ ഉപദേശം സ്വീകരിക്കാനും അങ്ങ് കാണിച്ചുതരുന്നതിന്‍പടി കര്‍ത്തവ്യം ചെയ്യുവാനും ഞങ്ങള്‍ സജ്ജരാണ്. അങ്ങ് ഞങ്ങള്‍ക്കൊരു മറുപടിക്കത്ത് എഴുതുകയാണെങ്കില്‍ ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത് എന്തെന്ന് അങ്ങേയ്ക്ക് മനസ്സിലാവുകയും ഞങ്ങള്‍ക്ക് ആവശ്യമായതിനെ നല്‍കുവാനാകുകയും ചെയ്യും.
സൊസൈറ്റിയുടെ പേരില്‍, ഞാന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു, സംപൂജ്യ ശ്രീമന്‍, മഹനീയമായ ആദരങ്ങളോടെ,
(ഒപ്പ്)
ഹെൻറി ഓള്‍കോട്ട്
പ്രസിഡന്റ്, തിയൊസോഫിക്കല്‍ സൊസൈറ്റി.
നേര്‍വഴി കാണിച്ചുതരുവാനും ശരിയായ അറിവു പകര്‍ന്നുനല്‍കുവാനുമായി കേണപേക്ഷിച്ചുകൊണ്ട് ഗുരുവിന്റെ കാല്‍ക്കല്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്ന ശിഷ്യന്റെ ഭാവത്തെയാണ് ഈ കത്ത് പ്രകടമാക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. വിനയം വഴിഞ്ഞൊഴുകുന്ന ശൈലിയില്‍ എഴുതിയ ഓള്‍കോട്ടിന്റെ ഈ കത്തിനെ സംശയിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. സ്വാമിജി ലാഹോറിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൈയില്‍ ഈ കത്ത് ലഭിക്കുന്നത്. അദ്ദേഹം 1878 ഏപ്രില്‍ 21ന് സംസ്‌കൃതത്തില്‍ കത്തിന് മറുപടി എഴുതി.2 അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും ചെയ്യപ്പെട്ടു. കത്തിന്റെ തുടക്കത്തില്‍തന്നെ ഈശ്വരന്റെ സ്വരൂപത്തെക്കുറിച്ച് ‘സര്‍വശക്തനും സര്‍വത്ര ഏകരസവ്യാപകനും, സച്ചിദാനന്ദസ്വരൂപനും അനന്തനും അഖണ്ഡനും അജന്മാവും നിര്‍വികാരനും അവിനാശിയും ന്യായം, ദയ, വിജ്ഞാനാദി ഗുണങ്ങളോടുകൂടി
യവനും സൃഷ്ടി-സ്ഥിതി-പ്രളയങ്ങളുടെ മുഖ്യ നിമിത്തകാരണവും സത്യമായ ഗുണകര്‍മ
സ്വഭാവങ്ങളോടുകൂടിയവനും നിര്‍ഭ്രമനും (പിഴവുപറ്റാത്തവനും) സര്‍വജ്ഞനുമായവന്‍’ എന്ന് അദ്ദേഹം വര്‍ണിച്ചത് നമുക്ക് വായിക്കാം. ഭൂമിയുടെ മറുവശത്ത്, പാതാളദേശത്ത് (അമേരിക്കയില്‍) ഒരു പറ്റമാളുകള്‍ പാഖണ്ഡമതത്തെ ചോദ്യംചെയ്യാന്‍ തയ്യാറായി എന്നും നേരായ അറിവിനെ സ്വീകരിക്കാന്‍ അവര്‍ സ്വയം തയ്യാറെടുത്ത് മുന്നോട്ടുവരുന്നു എന്നും അറിഞ്ഞത് സ്വാമിജിയില്‍ വലിയ ആനന്ദം ഉണ്ടാക്കി എന്ന് അദ്ദേഹത്തിന്റെ മറുപടിക്കത്തില്‍നിന്നും വായിച്ചുമനസ്സിലാക്കാന്‍ കഴിയും. കത്തില്‍ സ്വാമിജി ഇതുകൂടി എഴുതി:
”ഈശ്വരന്‍ ഏകനായിരിക്കുംപോലെ സര്‍വമനുഷ്യരും ഏകമായ മതത്തെ കൈക്കൊള്ളുന്നവരായിത്തീരേണ്ടതുണ്ട്. അതാകട്ടെ, ഏകനായ ഈശ്വരനെ ഉപാസിക്കുന്നതും അവന്റെ ആജ്ഞയെ പാലിക്കുന്നതും സര്‍വോപകാരപ്രദവും
സനാതനവേദവിദ്യയില്‍ പ്രതിപാദിച്ചതും ആപ്തവിദ്വാന്മാരാല്‍ സേവിക്കപ്പെട്ടതും പ്രത്യക്ഷാദി പ്രമാണങ്ങളാല്‍ സിദ്ധമായതും സൃഷ്ടിക്രമത്തിന് വിരുദ്ധമല്ലാത്തതും അന്യായം, പക്ഷപാതം എന്നിവയില്ലാത്തതും ധര്‍മയുക്തവും ആത്മപ്രീതിയുണ്ടാക്കുന്നതും സര്‍വമതങ്ങളിലും പരസ്പരവിരുദ്ധമല്ലാത്ത കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നതും സത്യഭാഷണാദി ലക്ഷണങ്ങളാല്‍ ഉജ്ജ്വലമായതും എല്ലാവര്‍ക്കും സുഖത്തെ നല്‍കുന്നതും സര്‍വ മനുഷ്യരാലും സേവനീയവുമാണെന്ന് അറിഞ്ഞുകൊള്‍ക.”

ചുരുക്കത്തില്‍ ഈശ്വരന്റെ സ്വരൂപത്തെക്കുറിച്ച് ആര്യസമാജത്തിന്റെ കാഴ്ചപ്പാടെന്തെന്നും വേദങ്ങളില്‍ പറഞ്ഞതു പ്രകാരമുള്ള ധര്‍മത്തെ ഏവരും സ്വീകരിക്കേണ്ടതാണെന്നതാണ് ആര്യസമാജത്തിന്റെ കാഴ്ചപ്പാടെന്നും ആദ്യത്തെ കത്തില്‍തന്നെ സ്വാമിജി വ്യക്തമാക്കിയതായാണ് കാണാനാകുന്നത്. 1878 ഏപ്രില്‍ 21ന് അയച്ച ഈ കത്ത് ന്യൂയോര്‍ക്കില്‍ എത്തുന്നത് 1878 മെയ് 29-നാണ്. എന്നാല്‍ അതിനു മുന്‍പേ തന്നെ 1878 മെയ് 21ന് ബ്ലവാത്സ്‌കിയും ഓള്‍കോട്ടും ഹരിശ്ചന്ദ്ര ചിന്താമണിക്ക് ഓരോ കത്തുകള്‍ എഴുതിയതായി കാണുന്നുണ്ട്.3
ബ്ലവാത്സ്‌കിയുടെ കത്തില്‍ താന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്നും മരണത്തിനല്ലാതെ മറ്റൊന്നിനും തന്നെ അതില്‍നിന്നും തടയാനാകില്ലെന്നും പറയുന്നുണ്ട്. അതിനു മുന്നോടിയായി തന്റെ പക്കലുള്ള 250-ലധികം പുസ്തകങ്ങള്‍ ബോംബെയിലേക്ക് താന്‍ അയയ്ക്കുന്നുണ്ടെന്നും ഈ കത്തില്‍ പറയുന്നുണ്ട്. ഓള്‍കോട്ടിന്റെ കത്തിലാകട്ടെ, തിയൊസോഫിക്കല്‍ സൊസൈറ്റി ആര്യസമാജത്തിന്റെ ശാഖയാക്കുന്നതിനെ സംബന്ധിച്ച ആദ്യ സൂചനകള്‍ കാണാം. സ്വാമിജിയെപ്പോലൊരാളെ സൊസൈറ്റിയുടെ യജമാനനായി സ്വീകരിക്കുന്നതില്‍ തനിക്ക് അഭിമാനമാണ് ഉള്ളതെന്ന് ഓൾകോട്ട് പ്രസ്താവിക്കുന്നതും കത്തില്‍ വായിക്കാം.
ഈ സംയോജനത്തിന്റെ ആശയം മുന്നോട്ടുവെച്ചത് ഹരിശ്ചന്ദ്ര ചിന്താമണി ആയിരിക്കാം എന്നാണ് കത്തില്‍നിന്നും അനുമാനിക്കാനാവുന്നത്. പൂര്‍ണമായും സ്വാമിജിയുടെ ആജ്ഞാനുവര്‍ത്തികളായി തങ്ങള്‍ നിലകൊള്ളാം എന്ന ഓള്‍കോട്ടിന്റെയും മറ്റും പ്രസ്താവനകള്‍ സത്യമാണോ എന്നറിയാനായിരിക്കാം ഹരിശ്ചന്ദ്ര ചിന്താമണി ഈ ഒരു ആവശ്യം മുന്നോട്ടുവെച്ചത്. പിറ്റേ ദിവസംതന്നെ, അതായത് 1878 മെയ് 22ന് ന്യൂയോര്‍ക്കില്‍ അംഗങ്ങളുടെ ഒരു യോഗം കൂടുകയും സൊസൈറ്റിയെ ആര്യസമാജത്തിന്റെ ഒരു ശാഖയാക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ഒരു കത്ത് സൊസൈറ്റിയുടെ റെകോര്‍ഡിങ് സെക്രട്ടറിയായ അഗസ്റ്റസ് ഗസ്റ്റം ബോംബെ ആര്യസമാജത്തിന് അയയ്ക്കുകയും ചെയ്തു.
തിയൊസോഫിക്കല്‍ സൊസൈറ്റിയെ ആര്യസമാജവുമായി സംയോജിപ്പിക്കാനുള്ള ആര്യസമാജത്തിന്റെ നിര്‍ദേശം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെടുകയും സൊസൈറ്റിയുടെ പേര് ‘ദ തിയൊസോഫിക്കല്‍ സൊസൈറ്റി ഓഫ് ദി ആര്യസമാജ് ഓഫ് ഇന്ത്യ’ എന്നാക്കി മാറ്റുകയും ചെയ്യുന്നു’ എന്നും കത്തില്‍ പറയുന്നു. മാത്രമല്ല, തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ അമേരിക്കയിലെയും യൂറോപ്പിലെയും മറ്റെല്ലായിടത്തുമുള്ള ശാഖകളെല്ലാം ആര്യസമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയെ അതിന്റെ നിയമാനുസൃതമായ ഡയറക്ടറും ചീഫുമായി അംഗീകരിക്കുന്നതായി തീരുമാനിച്ചതായും കത്തില്‍ പറയുന്നു. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍ സ്വാമിജിയുടെ ആദ്യ മറുപടി കത്ത് എത്തുന്നതിനു മുന്‍പേതന്നെ, അതായത് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്, തങ്ങളെ സ്വീകരിക്കാന്‍ സ്വാമിജി തയ്യാറുണ്ടോ എന്നുപോലും അറിയാതെയാണ് ബ്ലവാത്സ്‌കി ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതും ഓള്‍കോട്ട് തങ്ങളുടെ സൊസൈറ്റിയെ ഭൂമിയുടെ മറുവശത്തുള്ള മറ്റൊരു രാജ്യത്ത് സ്ഥിതിചെയ്യുന്നതും മൂല്‍ജിയിലൂടെ കേട്ടറിഞ്ഞതുമായ ‘ആര്യസമാജ്’ എന്ന സംഘടനയിലേക്ക് സംയോജിപ്പിക്കുന്നതും. കാരണം ആര്യസമാജത്തോട് സംബന്ധമുണ്ടാക്കേണ്ടത് അവരെ സംബന്ധിച്ച് തങ്ങളുടെ മുന്നിലുള്ള ഒരേയൊരു പ്രതീക്ഷയായിരുന്നു.
1878 മെയ് 29ന് സ്വാമിജിയുടെ കത്ത് ഓള്‍കോട്ടിന് ലഭിക്കുന്നു. അന്നുതന്നെ ഓള്‍കോട്ട് ഹരിശ്ചന്ദ്ര ചിന്താമണിക്ക് കത്തെഴുതുന്നു. സ്വാമിജിയുടെ മറുപടിക്കത്ത് കിട്ടിയതിലും, സ്വാമിജി തങ്ങള്‍ വെച്ചുനീട്ടിയ ഡിപ്ലോമ സ്വീകരിച്ചതിലും തങ്ങള്‍ക്ക് അതീവ സന്തോഷമുണ്ടെന്ന് ഓള്‍ക്കോട്ട് എഴുതിയതായിക്കാണാം. എന്നാല്‍ സ്വാമിജിയുടെ സംസ്‌കൃതത്തിലുള്ള കത്തില്‍ ഡിപ്ലോമയെക്കുറിച്ച് ഒന്നുംതന്നെ അദ്ദേഹം എഴുതിയതായി കാണുന്നില്ല. പിറ്റേദിവസം ഹരിശ്ചന്ദ്ര ചിന്താമണിക്ക് മറ്റൊരു കത്തുകൂടി ഓള്‍കോട്ട് അയയ്ക്കുന്നു. ”നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോരുത്തര്‍ക്കുമുള്ള ഡിപ്ലോമകൂടി അയച്ചുതരാമായിരുന്നു, പക്ഷേ അഥവാ ആദരണീയനായ സ്വാമിജി, പേരില്‍ ഞങ്ങള്‍ വരുത്തിയ മാറ്റം അംഗീകരിക്കുകയും ഞങ്ങളെ ആര്യസമാജവുമായി സംയോജിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്താല്‍, പഴയ ഡിപ്ലോമകള്‍ക്ക് പകരം പുതിയ ഡിപ്ലോമകള്‍ അയച്ചുതരേണ്ടിവരും….നമ്മുടെ ആദരണീയനും
വിശിഷ്ടനുമായ പരമാധികാരിയില്‍നിന്നും രണ്ടു സംഘടനകളുടെയും സംയോജനത്തെ സംബന്ധിച്ച് അനുകൂലമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.” ഇതാണ് ആ കത്തില്‍ എഴുതിയിരുന്നത്. അതായത് സ്വാമിജിയുടെ അറിവോടെയല്ല ഇതെല്ലാം നടന്നത് എന്ന് സാരം.
1878 ജൂണ്‍ 5 ന് ഓള്‍കോട്ട് സ്വാമിജിക്ക് തന്റെ രണ്ടാമത്തെ കത്തെഴുതുന്നു. സ്വാമിജി താനയച്ച ഡിപ്ലോമ സ്വീകരിച്ചു എന്നു ആരോപിച്ചുകൊണ്ടുള്ള ഒരു നന്ദിപറച്ചില്‍ സ്വാമിജിക്കുള്ള കത്തില്‍ ഓള്‍കോട്ട് എഴുതിയതായി കാണുന്നില്ല. എന്നാല്‍, അങ്ങ് ഈ കത്തില്‍ സൂചിപ്പിച്ച ഈശ്വരസങ്കല്പം തങ്ങള്‍ ഇവിടെ ക്രൈസ്തവരോട് പിന്തുടരാനായി നിര്‍ദേശിക്കുന്ന അതേ പരമ ദിവ്യതത്ത്വത്തെ സംബന്ധിക്കുന്ന സങ്കല്പംതന്നെയാണെന്ന് ഓള്‍കോട്ട് എഴുതുന്നു. തുടര്‍ന്ന് കത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:

‘സ്റ്റഡീസ് ഇന്‍ ഒക്കള്‍ട്ടിസം’ എന്ന പുസ്തകം.
”തിയൊസോഫിക്കല്‍ സൊസൈറ്റി ആര്യസമാജവുമായി സംയോജിപ്പിക്കാനും തദനുസൃതമായി സൊസൈറ്റിയുടെ പേരില്‍ മാറ്റം വരുത്താനും കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തതിന്റെ പ്രമാണം ഹരിശ്ചന്ദ്ര ചിന്താമണിക്ക് ഞാന്‍ അയച്ചുകൊടുത്തിട്ടുണ്ട്, ഇതെല്ലാം അങ്ങ് ഞങ്ങളുടെ നടപടിക്ക് അംഗീകാരം നല്‍കുന്നുവെങ്കില്‍ മാത്രം നടപ്പില്‍ വരുത്തുന്നതാണ്. തങ്ങളുടെ വംശത്തിന്റെ ആര്യസ്രോതസ്സിനെയും അതിന്റെ ഐഹികവും പാരലൗകികവുമായ ജ്ഞാനത്തെയും അംഗീകരിക്കുന്ന ഞങ്ങള്‍, തിയോസഫിസ്റ്റുകള്‍, ഞങ്ങളെ സ്വയം അങ്ങയുടെ ശിഷ്യരെന്ന് വിളിക്കുവാനും ആര്യസമാജത്തെക്കുറിച്ചും അതിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചും പാശ്ചാത്യലോകത്തെങ്ങും പ്രചരിപ്പിക്കുവാനും അങ്ങ് സമ്മതിക്കുകയാണെങ്കില്‍ അതില്‍ അഭിമാനിക്കുന്നതായിരിക്കും. ഞങ്ങളുടെ ഗുരു എന്നും പിതാവ് എന്നും പരമാധികാരി എന്നുമുള്ള നാമങ്ങള്‍ അങ്ങേയ്ക്ക് നല്‍കുവാന്‍ സമ്മതിച്ചാലും; അങ്ങയുടെ ആ മഹത്തായ കനിവിന് പാത്രീഭൂതരാകുന്നതിനുള്ള അര്‍ഹത തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് ഞങ്ങള്‍ സമ്പാദിച്ചെടുക്കുന്നതിനായി ശ്രമിക്കുന്നതായിരിക്കും. വൈദികദര്‍ശനത്തിന് മുന്നില്‍ ഞങ്ങള്‍ വെറും ശിശുക്കളാണ്, ഞങ്ങള്‍ക്ക് ഉപദേശം നല്‍കിയാലും.”
ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞുതരാനും ഈ കത്തില്‍ തുടര്‍ന്ന് ഓള്‍കോട്ട് ആവശ്യപ്പെടുന്നുണ്ട്. ഈശ്വരനെക്കുറിച്ചും മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും ശക്തികളെക്കുറിച്ചും ഭാഗധേയത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമെല്ലാം വിശദമായി അറിയുവാന്‍ പാശ്ചാത്യഭാഷയില്‍ എഴുതപ്പെട്ട ഏതെല്ലാം പുസ്തകങ്ങളെയാണ് തങ്ങള്‍ പിന്തുടരേണ്ടത് എന്നും ആരായുന്നുമുണ്ട്. കത്തിന്റെ അവസാനത്തില്‍, ഇങ്ങനെ ദൂരത്ത് ഇരുന്നുകൊണ്ട് പരസ്പരം കത്തുകളിലൂടെ ഗുരുവില്‍നിന്നും വിദ്യാര്‍ഥികള്‍ വിദ്യ ആര്‍ജിക്കുന്ന രീതി അപര്യാപ്തവും അതൃപ്തികരവും ആണെന്നതിനാല്‍ തങ്ങളില്‍ ചിലര്‍ അധികം വൈകാതെതന്നെ ആര്യാവര്‍ത്തത്തിലേക്ക് വന്നെത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ഇവിടെ ഇരുന്ന് ഇരുപത് വര്‍ഷംകൊണ്ട് പഠിക്കേണ്ടിവരുന്നത്, അവിടെ വന്നാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍കൊണ്ട് പഠിച്ചുതീര്‍ക്കാം എന്നും ഓള്‍കോട്ട് സ്വാമിജിയോട് പറയുന്നു.
1878 ജൂണ്‍ 5 ന് എഴുതിയ ഈ കത്ത് 1878 ജൂലൈ 7ന് സ്വാമിജിയുടെ കൈയില്‍ കിട്ടുന്നു. 1878 ജൂലൈ 26ന് സ്വാമിജി അതിന് മറുപടി എഴുതുന്നു. തിയൊസോഫിക്കല്‍ സൊസൈ
റ്റിയെ ആര്യസമാജത്തിന്റെ ശാഖയാക്കുകയും അതിന്റെ പേര് തദനുസൃതമായി മാറ്റുകയും ചെയ്ത നടപടിയെ താന്‍ സ്വീകരിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു. തുടര്‍ന്ന് വൈദികസിദ്ധാന്തങ്ങളെ വളരെ വിശദമായി വിവരിക്കുന്നു. സ്തുതി-പ്രാര്‍ഥന-ഉപാസനകള്‍, അവയുടെ സഗുണ-നിര്‍ഗുണഭേദങ്ങള്‍, അതിലൂടെ ഈശ്വരന്റെ സ്വരൂപം, ആര്യശബ്ദത്തിന്റെ നേരായ താല്പര്യം, ജീവാത്മാവിന്റെ സ്വരൂപം, മരണം, ഭൂതപ്രേതസങ്കല്പങ്ങളുടെ അവാസ്തവികത, ശവസംസ്‌കാരരീതി തുടങ്ങിയ കാര്യങ്ങളെല്ലാം വേദമന്ത്രങ്ങളും ദര്‍ശനങ്ങളും മനുസ്മൃതിയും ഉദ്ധരിച്ചുകൊണ്ട് സ്വാമിജി വ്യക്തമാക്കുന്നത് കത്തില്‍ വായിക്കാം. ആഗസ്റ്റ് അവസാനത്തോടുകൂടി ഈ കത്ത് ഓള്‍കോട്ടിന്റെ കൈയില്‍ കിട്ടിയെന്നും കരുതാം.
ഈ കത്തിലെഴുതിയ കാര്യങ്ങളില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഓള്‍കോട്ടിന് സ്വാമിജിക്ക് കത്തെഴുതി ചോദിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായില്ല. 1878 ഡിസംബര്‍ 17ന് ഓള്‍കോട്ടും ബ്ലവാത്സ്‌കിയും അമേരിക്കയില്‍നിന്നും കപ്പല്‍ കയറുന്നു. 1879 ഫെബ്രുവരി 16ന് ബോംബെയില്‍ എത്തുന്നു. സ്വാമിജി ഹരിദ്വാറില്‍ കുംഭമേളയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായതിനാല്‍ അപ്പോഴൊന്നും തമ്മില്‍ കാണാന്‍ കഴിഞ്ഞില്ല. അതിനിടയ്ക്ക് ആര്യസമാജം ബോംബെയില്‍ സംഘടിപ്പിച്ച ചില പ്രഭാഷണപരിപാടികളില്‍ ഓള്‍കോട്ടും ബ്ലവാത്സ്‌കിയും പൗരസ്ത്യമായ അറിവുകളുടെ മഹത്വത്തെക്കുറിച്ചുംമറ്റും സംസാരിക്കുകയും അത് ജനശ്രദ്ധ നേടുകയും ചെയ്തു. 1879 മെയ് 1ന് സഹാരന്‍പൂരില്‍വെച്ചാണ് സ്വാമിജിയുമായി അവര്‍ ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് സ്വാമിജി മീററ്റിലേക്ക് പോകുമ്പോഴും ഇരുവരെയും കൂടെക്കൂട്ടി. പ്രസംഗങ്ങളില്‍ സ്വയം ആര്യന്മാരെണെന്നും സ്വാമിജിയുടെ ശിഷ്യരാണെന്നും അവര്‍ പരിചയപ്പെടുത്തി. വേദങ്ങളെ പിന്‍പറ്റാന്‍ പൂര്‍ണസന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള പെരുമാറ്റമായിരുന്നു ഇരുവരുടെയും. 1879 മെയ് 5ന് സ്വാമിജി ബോംബെയിലെ മുന്‍ഷി സമര്‍ദ്ധന് എഴുതിയ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
”സാഹിബ് ലോഗി (ഓള്‍കോട്ടും ബ്ലവാത്സ്‌കിയും)നുള്ളില്‍ നമ്മുടെ സമാജത്തിനോട് വിരുദ്ധമായ യാതൊന്നും ഇല്ല; അവര്‍ സമാജത്തിന്റെ വിശ്വാസങ്ങളെയും നിയമങ്ങളെയും അംഗീകരിക്കുന്നവരാണ്. അവരെന്നോട് നാലോ അഞ്ചോ ദിവസം സംസാരിച്ചു. അവര്‍ നിഷ്‌കപടരായാണ് കാണപ്പെടുന്നത്. ഞാന്‍ സാഹിബി(ഓള്‍കോട്ടി)നോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, അദ്ദേഹം എന്നോട് മറുപടിയായി പറഞ്ഞത്, തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ ഇതുവരെയുള്ള ലക്ഷ്യപ്രകാരം ഏത് മതത്തില്‍ പെട്ടവര്‍ക്കും അതില്‍ ചേരുവാനും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുവാനും സാധിക്കുമായിരുന്നു, എന്നാല്‍ ആര്യസമാജത്തിന്റെ നിയമങ്ങളെ മനസ്സിലാക്കുന്നതിനാല്‍ ഇനി മുതല്‍ അങ്ങ് (സ്വാമിജി) പറയും പ്രകാരം ഞങ്ങള്‍ പ്രവര്‍ത്തിക്കും; ആര്യസമാജത്തിന്റെ നിയമങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് തിയൊസോഫിക്കല്‍ സൊസൈറ്റിയില്‍ തുടരാന്‍ സാധിക്കുകയില്ല എന്നാണ്. മൂല്‍ജി ഭായ് ഠാകര്‍സി ബോംബെയിലെത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം താങ്കളോടു വിശദീകരിച്ചുതരും.”
തുടര്‍ന്ന് ചില കത്തുകളുടെ കൈമാറ്റവും നാലുതവണ കൂടിക്കാഴ്ചകളും സ്വാമിജിയുമായി ഓള്‍കോട്ടും ബ്ലവാത്സ്‌കിയും ചേര്‍ന്നു നടത്തി. ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ തിയൊസോഫിക്കല്‍ സൊസൈറ്റി ഓഫ് ആര്യസമാജിന് ചില മാറ്റങ്ങളുണ്ടായി. തിയൊസോഫിക്കല്‍ സൊസൈറ്റിയിലെ ചില അംഗങ്ങള്‍ക്ക് ആര്യസമാജത്തിന്റെ നിയമങ്ങളോടും സിദ്ധാന്തങ്ങളോടും യോജിക്കാന്‍ പറ്റുന്നില്ല എന്നും അവരെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയെ രണ്ടു ഭാഗമാക്കി, ഒന്ന് ആര്യസമാജസംബന്ധമുള്ള വൈദികശാഖയും മറ്റേത് ഏവര്‍ക്കും വന്നുചേരാവുന്ന തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ ഭാഗവുമാക്കിത്തീര്‍ക്കാനുമുള്ള ആവശ്യം ഓള്‍കോട്ട് ഉന്നയിക്കുകയും അതും സ്വാമിജി സമ്മതിക്കുകയും ചെയ്തു. 1880 ജൂലൈ 14ന് സ്വാമിജി ഓള്‍കോട്ടിനും ബ്ലവാത്സ്‌കിക്കും എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയതായി കാണാം:
”നിങ്ങള്‍ സിലോണില്‍ പോയതായി ഞാന്‍ കേട്ടറിഞ്ഞു. എന്തെല്ലാം സന്തോഷകരമായ കാര്യങ്ങളാണ് അവിടെ നട
ന്നത് ? നിങ്ങളിരുവരും അവിടെനിന്നും നല്ലവണ്ണം തിരിച്ചെത്തിച്ചേര്‍ന്നുവെന്ന് കരുതുന്നു. ഞാനിപ്പോള്‍ മീററ്റിലാണ് താമസിക്കുന്നത്. ഇവിടെ ഒരു മാസം ഉണ്ടാകും. സര്‍വര്‍ക്കും ഹിതകാരിയായതും വിശു
ദ്ധവും അനന്തവും ഈശ്വരദത്തവുമായ വേദങ്ങളില്‍ നിങ്ങള്‍ക്കുള്ള ദൃഢവിശ്വാസത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് നിങ്ങള്‍ എനിക്ക് ബനാറസിലേക്ക് അയച്ച നഗ്‌രി (ഹിന്ദി) കത്ത് എനിക്കും അതു വായിച്ച വിദ്വാന്മാരായ ആര്യന്മാര്‍ക്കും വലിയ സന്തോഷത്തെ നല്‍കുകയുണ്ടായി എന്ന് ഞാന്‍ അറിയിക്കട്ടെ. അറിവുള്ളവരും ധര്‍മിഷ്ഠരുമായ ആളുകള്‍ ഒരിക്കല്‍ ഒരു വിശ്വാസത്തെ സ്വീകരിച്ചാല്‍ അതൊരിക്കലും പിന്നീട് ഉപേക്ഷിക്കുകയില്ല എന്നത് സത്യമായ കാര്യമാണ്. ഇപ്പോള്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ വൈദികശാഖയായ സൊസൈറ്റി, തിയൊസോഫിക്കല്‍ സൊസൈറ്റിയുടെയും ആര്യസമാജത്തിന്റെയും ശാഖയാണ്. തിയൊസോഫിക്കല്‍ സൊസൈറ്റിആര്യസമാജത്തിന്റെയോ ആര്യസമാജം തിയൊസോഫിക്കല്‍ സൊസൈറ്റിയുടെയോ ശാഖയല്ല. എന്നാല്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ വൈദികശാഖയാണ് ആര്യസമാജ
ത്തെയും തിയൊസോഫിക്കല്‍ സൊസൈ
റ്റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. ഞാനിക്കാര്യം എത്രയും പെട്ടന്നുതന്നെ ആര്യസമാജത്തില്‍ പ്രഖ്യാപിക്കുന്നതാ
യിരിക്കും. നിങ്ങള്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയിലും ഇക്കാര്യം വ്യക്തമാക്കും (എന്ന് കരുതുന്നു). ഇതൊരു രഹസ്യമാക്കി വെക്കുന്നതു ശരിയല്ല. ആര്യസമാജത്തിന്റെയും വൈദികശാഖയുടെയും തിയൊസോഫിക്കല്‍ സൊസൈറ്റിയുടെയും അംഗങ്ങള്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതും, ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏവരോടും വ്യക്തമാക്കേണ്ടതുമാണ്. ഇക്കാര്യത്തില്‍ ഇനിയാര്‍ക്കും യാതൊരു സംശയവും ഉണ്ടാകരുത്”


ഈ കത്തില്‍ സ്വാമിജി ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇന്ന് നമുക്ക് ഇക്കാര്യം സുവ്യക്തമായി മനസ്സിലാക്കാനും കഴിയും. 1880 ല്‍ സിലോണില്‍ ചെന്ന് ഓള്‍കോട്ടും ബ്ലവാത്സ്‌കിയും ബുദ്ധമതം സ്വീകരിക്കുകയായിരുന്നു എന്നും അങ്ങനെ അമേരിക്കയില്‍നിന്നും ആദ്യമായി ബുദ്ധമതം സ്വീകരിച്ച വ്യക്തികള്‍ ഇവരായിരുന്നു എന്നും വിക്കിപീഡിയയില്‍ പോലും ഇന്നു നമുക്ക് വായിക്കാം. 1880 സെപ്തംബറില്‍ മീററ്റില്‍വെച്ച് സ്വാമിജിയെ കാണാന്‍ വന്നപ്പോള്‍ അവിടെവെച്ച് ബ്ലവാത്സ്‌കിക്ക് താന്‍ ഈശ്വരവിശ്വാസി അല്ലെന്നും ഓള്‍കോട്ടിനൊപ്പം ബുദ്ധമതം സ്വീകരിച്ച ആളാണെന്നും സ്വാമിജിയോട് സമ്മതിക്കേണ്ടിവന്നു. ഈ വിഷയത്തില്‍ തന്നോട് സംവാദം ചെയ്യുവാന്‍ സ്വാമിജി അവരോട് ആവശ്യപ്പെട്ടു. ഗുരുവും ശിഷ്യനും തമ്മില്‍ സംവാദം പാടില്ലെന്ന് ഓള്‍കോട്ട് പറഞ്ഞു. അങ്ങനെയെങ്കില്‍ ആസ്തികനും നാസ്തികനും തമ്മില്‍ ഗുരുശിഷ്യബന്ധവും സാധ്യമല്ലെന്ന് സ്വാമിജിയും പറഞ്ഞു. അങ്ങനെ സംവാദം അനിവാര്യമായിത്തീര്‍ന്നു. മൂന്നു ദിവസം സംവാദം നടന്നു. നാലാം ദിവസം ഓള്‍കോട്ട് തനിക്ക് സംവാദം തുടരാന്‍ സാധിക്കില്ലെന്നു പറയുകയും ഇനിയും സ്വാമിജി സംവാദത്തിനായി പ്രേരിപ്പിച്ചാല്‍ തങ്ങള്‍ അമൃത്സറിലേക്ക് പോകും എന്നു പറയുകയും ചെയ്തു. സംവാദം പൂര്‍ണമാക്കാതെ പോയാല്‍ ആര്യസമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നു സ്വാമിജിയും പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാതെ അവിടെനിന്നും കടന്നുകളയുകയും സ്വാമിജി ഒരു യോഗം വിളിച്ചുകൂട്ടുകയും ഇരു സംഘടനകളും തമ്മിലുള്ള ബന്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
1880 ഒക്ടോബര്‍ 8ന് ബ്ലവാത്സ്‌കി ഛേദീലാലിനെ അഭിസംബോധന ചെയ്തുകൊണ്ട്, എന്നാല്‍ ഇതിന്റെ വിവര്‍ത്തനം സ്വാമിജിക്കും അയച്ചുകൊടുക്കാന്‍ പറഞ്ഞുകൊണ്ട് കത്തെഴുതി. ഇവിടെ (സിംലയില്‍) പോലീസിലെ ഏറ്റവും ഉന്നതമായ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ മുതല്‍ സമൂഹത്തിലെ മാന്യരെല്ലാം തിയൊസോഫിക്കല്‍ സൊസൈറ്റിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണെന്നും തങ്ങളെ പിണക്കുകയാണെങ്കില്‍ ആര്യസമാജത്തിന് വലിയ നഷ്ടങ്ങളുണ്ടാകുമെന്നുമെല്ലാം പറഞ്ഞുകൊണ്ടായിരുന്നു ആ കത്ത്. കത്ത് അവസാനിക്കുന്നതിങ്ങനെയാണ്: ”ഈ കത്തിന്റെ ഒരു വിവര്‍ത്തനം സ്വാമിജിക്ക് അയച്ചുകൊടുക്കൂ, എന്തിനെന്നാല്‍ ഈ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം എനിക്കറിയണം: നാം പരസ്പരം മിത്രങ്ങളായിരിക്കണോ അതോ ശത്രുക്കളായിരിക്കണോ എന്ന്. ഇത് മാത്രമാണ് എനിക്കറിയേണ്ടത്.” ബ്ലവാത്സ്‌കി തന്റെ കത്തില്‍ ഉന്നയിച്ച വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ട് സ്വാമിജി 1880 നവംബര്‍ 23ന് ഒരു മറുപടിക്കത്തും എഴുതി. ”നിങ്ങളെനിക്ക് ആദ്യം കത്തയച്ച
പ്പോഴും ആദ്യം വന്നുകണ്ടപ്പോഴും കാണിച്ച ഭാവത്തെക്കുറിച്ച് ഓര്‍മയുണ്ടോ? അതിപ്പോള്‍ എവിടെ? സ്വന്തം ഹൃദയത്തിലേക്ക് നോക്കൂ, സ്വയം കണ്ടു വിലയിരുത്തൂ” എന്ന് സ്വാമിജി കത്തിലെഴുതി. തുടര്‍ന്നു കാര്യങ്ങളോരോന്നും സ്വാമിജി വിശദീകരിച്ചു. 1881 ജനുവരി 17ന് ബ്ലവാത്സ്‌കി ഇതിന് മറുപടി എഴുതി. മൂല്‍ജി ഠാകര്‍സിയെപ്പോലെ ഇടയില്‍നിന്ന വിവര്‍ത്തകരുടെ കുഴപ്പംകൊണ്ടാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ നമുക്കിടയില്‍ ഉണ്ടായതെന്നും അല്ലാതെ തങ്ങളുടെ തെറ്റല്ല എന്നും ബ്ലവാത്സ്‌കി വിശദീകരിച്ചു. പുതിയ ചില വാദങ്ങളും കൂടി ഉന്നയിക്കുകയും ചെയ്തു. 1881 മാര്‍ച്ച് 17ന് വീണ്ടും ബ്ലവാത്സ്‌കിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ തന്റെ സാധാരണഭാവത്തില്‍തന്നെ സ്വാമിജി മറുപടിക്കത്തയച്ചു. വേദഭാഷ്യം ചെയ്തുകഴിഞ്ഞ് സമയം കണ്ടെത്തി നേരില്‍ കാണാം എന്നും പറഞ്ഞു.
1881 ഡിസംബര്‍ 30ന് ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന ഒരേയൊരു ലക്ഷ്യത്തില്‍ സ്വാമിജി ബോംബെയിലെത്തി. ഓള്‍കോട്ടും ബ്ലവാത്സ്‌കിയും റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. എന്നാല്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍നിന്ന് ഓള്‍കോട്ട് ഒഴികഴിവുകള്‍ പറഞ്ഞ് അകന്നുനിന്നു. സ്വാമിജി പലവുരു ശ്രമിച്ചുവെങ്കിലും ഓള്‍കോട്ട് ചര്‍ച്ചയ്ക്ക് പിടികൊടുത്തില്ല. ഇനിയും അവരിരുവരും ചര്‍ച്ചയ്ക്ക് കൂട്ടാക്കുന്നില്ലെങ്കില്‍ അവരെ പരസ്യമായി തുറന്നുകാട്ടുമെന്ന് സ്വാമിജി മുന്നറിയിപ്പ് കൊടുത്തു. മാര്‍ച്ച് 17ന് ചര്‍ച്ച ചെയ്യാമെന്ന് ഓള്‍കോട്ട് സമ്മതിച്ചു. എന്നാല്‍ അന്നേ ദിവസം ചര്‍ച്ചയ്ക്ക് എത്തിയില്ല. സ്വാമിജി മുന്നറിയിപ്പ് വീണ്ടും വീണ്ടും നല്‍കി. അവസാനം 1882 മാര്‍ച്ച് 28ന് തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ വിശ്വാസവഞ്ചനയെ പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിച്ചുകൊണ്ട് സ്വാമിജി സംസാരിച്ചു. അവിടെവെച്ചാണ് ‘തിയോസഫിസ്റ്റുകളുടെ വിശ്വാസവഞ്ചന’ എന്ന തലക്കെട്ടിലുള്ള ലഘുലേഖ വിതരണം ചെയ്യപ്പെടുന്നത്. ഈ ലഘുലേഖയില്‍ ഉന്നിയച്ച വാദങ്ങള്‍ക്ക് മറുപടിയായി 1882 ജൂലൈ ലക്കത്തിലെ തിയൊസോഫിസ്റ്റില്‍ ഓള്‍കോട്ട് പരിശിഷ്ടം എഴുതിച്ചേര്‍ത്തു. ഇൗ ആരോപണങ്ങളും മറുപടികളും Blavatsky Study Centerന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.4

സ്വാമിജി മറുപടി കൊടുത്ത ബ്ലവാത്സ്‌കിയുടെ വാദങ്ങള്‍തന്നെയായിരുന്നു ഓള്‍കോട്ടിന്റെ മറുപടിയില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ സ്വാമിജി വായിക്കുവാന്‍ എന്ന ഉദ്ദേശ്യമായി
രുന്നില്ല ഓള്‍കോട്ടിന് ഉണ്ടായിരുന്നത്. മറിച്ച് തങ്ങളുടെ സൊസൈറ്റി അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്ക് എങ്ങനെയെ
ങ്കിലും വിശ്വാസകരമായ ഒരു മറുപടി കൊടുക്കുക എന്നതായിരുന്നു. തന്റെ ഭാഗം സ്ഥാപിച്ചെടുക്കുന്നതിനായി ഇല്ലാത്ത തെളിവുകള്‍ നിരത്തുന്ന ഓള്‍കോട്ടിന്റെ വക്കീല്‍ ബുദ്ധിയായിരുന്നു ഈ മറുപടിക്ക് ആധാരമായി വര്‍ത്തിച്ചത്. മറുപടിയുടെ ചില ഭാഗങ്ങള്‍ നമുക്കൊന്ന് വിശകലനം ചെയ്തുനോക്കാം.
തങ്ങളെ പരസ്യമായി വഞ്ചകര്‍ എന്നു വിളിച്ച സ്വാമിജിയുടെ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല എന്നു പറയുന്ന ഓള്‍കോട്ട് പക്ഷേ പിന്നീട്, സ്വാമിജിക്ക് ഒന്നുകില്‍ അമിതയോഗാഭ്യാസം ചെയ്തതുമൂലം മതിഭ്രമം ബാധിച്ചിരിക്കുകയാണെന്നും അല്ലെങ്കില്‍ അദ്ദേഹം എല്ലാ ധാര്‍മികമൂല്യങ്ങളും നഷ്ടപ്പെട്ട് വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും എല്ലാം ആരോപിക്കുന്നു. പ്രധാന വിഷയത്തിലേക്ക് കടക്കുംമുന്‍പേതന്നെ സ്വാമിജി മുന്‍പ് പറഞ്ഞത് മാറ്റിപ്പറയുന്ന ആളാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുവാനായി ഓള്‍കോട്ട് മൂന്ന് ഉദാഹരണങ്ങള്‍ നിരത്തുന്നു.
- 1880ല്‍ ബ്ലവാത്സ്‌കി ഗുപ്തവിദ്യകള്‍ (Occult Phenomena) കാണിക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ സ്വാമിജി പറഞ്ഞത് ‘അവ യോഗസിദ്ധികളായിരുന്നു, ഇവയില്‍ ചിലതെല്ലാം ചില തട്ടിപ്പുകാര്‍ കാണിക്കാറുണ്ട്, അപ്പോഴത് തമാശയായിത്തീരുന്നു. എന്നാല്‍ ഇതൊന്നും അക്കൂട്ടത്തില്‍ പെടുത്താവുന്നതല്ല’ എന്നാണ്. ഇതേക്കുറിച്ച് ‘ദ തിയോസഫിസ്റ്റ്’ന്റെ 1880 ഡിസംബര്‍ ലക്കത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്ന് സ്വാമിജി ഇന്ന് ആരോപിക്കുന്നു.
- ആദ്യമായി ബോംബെയില്‍ പ്രഭാഷണ ത്തിനായി ചെല്ലുമ്പോള്‍ സ്വാമിജി ഒരു അദ്വൈതവേദാന്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെതിരെ പറയുന്നു.
- ശ്രാദ്ധക്രിയകളെക്കുറിച്ച് വ്യത്യസ്ത കാലങ്ങളില്‍ സ്വാമിജി വ്യത്യസ്ത അഭിപ്രായം പറയുന്നു.
ഒന്നാമത്തെ വാദം പരിശോധിക്കാം. 1880 ഡിസംബറിലെ ‘ദ തിയോസഫിസ്റ്റ്’ വായനക്കാര്‍ക്ക് നേരിട്ട് പരിശോധിക്കാം.5 ബ്ലവാത്സ്‌കി സ്വാമിജിക്കുമുന്‍പില്‍ തന്റെ മാന്ത്രികവിദ്യ പ്രദര്‍ശിപ്പിച്ചതായി ആ ലേഖനത്തില്‍ പറയുന്നില്ല. അതു കാണാതെ സ്വാമിജി അതിനെ ശരിവെക്കുമെന്ന് കരുതാനാകില്ല. മാത്രമല്ല, ഓള്‍കോട്ട് ഉദ്ധരിച്ച വാക്യത്തിന് തൊട്ടുതാഴെ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ”മുകളില്‍ നല്‍കിയ ഓര്‍മക്കുറിപ്പ് മീററ്റില്‍ സ്വാമിജിയുമായി നടത്തിയ സംഭാഷണത്തിന്റെ പദാനുപദമുള്ള റിപ്പോര്‍ട്ടല്ല, മറിച്ച് അദ്ദേഹം പറഞ്ഞതിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് ശ്രദ്ധയോടെ സംഗ്രഹിച്ചെഴുതിയതാണ്. (ചിത്രം 1 കാണുക)” മാത്രമല്ല, സ്വാമിജിയുടെ ഹിന്ദിഭാഷണം ചിലര്‍ വിവര്‍ത്തനം ചെയ്തു കൊടുക്കുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഒന്നാമത്തെ വാദത്തിന് തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ല.
രണ്ടാമത്തെയും മൂന്നാമത്തെയും വാദങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. അന്ന് ബോംബെയിലെത്തുമ്പോള്‍ എന്നല്ല, 1862ല്‍ തന്റെ പഠനശേഷം പ്രചാരണപ്രവര്‍ത്തനത്തി
നിറങ്ങുമ്പോള്‍ മുതല്‍തന്നെ സ്വാമിജി അദ്വൈതവേദാന്തത്തെ ഒരിക്കലും പിന്‍തുടരുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല എന്നതിന് അനേകം തെളിവുകള്‍ ഉണ്ട്. ദേവേന്ദ്രനാഥ് മുഖോപാധ്യായ എഴുതിയ സ്വാമിജിയുടെ ജീവചരിത്രത്തിലുംമറ്റും അദ്വൈതഖണ്ഡനത്തെ സംബന്ധിച്ച സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുണ്ട്.

എന്തിനേറെ, ബോംബെ സന്ദര്‍ശനത്തിന് നാലു വര്‍ഷം മുമ്പ് 1870ല്‍, ബനാറസില്‍ വെച്ച് അദ്ദേഹം ‘അദ്വൈതമതഖണ്ഡനം’ എന്ന പേരില്‍ ഒരു പുസ്തകംതന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേപോലെതന്നെയാണ് ശ്രാദ്ധത്തെ സംബന്ധിച്ച ഓള്‍കോട്ടിന്റെ വാദത്തിന്റെയും അവസ്ഥ. മരിച്ചവര്‍ക്ക് ശ്രാദ്ധം ചെയ്യുന്നതിനെ 1867ല്‍ രാംഘട്ടില്‍വെച്ചും ഥര്‍പുരില്‍വെച്ചും അനൂപ്‌ശെഹറില്‍വെച്ചുമെല്ലാം എതിര്‍ത്തതിനെക്കുറിച്ച് സ്വാമിജിയുടെ ജീവചരിത്രങ്ങളില്‍ വായിക്കാം. സത്യാര്‍ഥപ്രകാശത്തില്‍ സ്വാമിജി വിശദമായിത്തന്നെ ഖണ്ഡനം ചെയ്ത മൃതശ്രാദ്ധത്തെ പിന്നെ എവിടെ വെച്ചാണ് അദ്ദേഹം അനുകൂലിച്ച് സംസാരിച്ചത് എന്നുപോലും വാദമുന്നയിച്ച ഓള്‍കോട്ട് പറയുന്നില്ല.

വസ്തുതാവിരുദ്ധമായ ഇത്രയും വാദങ്ങള്‍ ആമുഖമായി പറഞ്ഞ ശേഷമാണ് ഓള്‍കോട്ട് പ്രധാനവിഷയത്തിലേക്ക് കടക്കുന്നത്. 1878 ഫെബ്രുവരി 18ന് താന്‍ ആദ്യമായി സ്വാമിജിക്ക് അയച്ച കത്ത് ആണ് ആദ്യം അദ്ദേഹം പ്രമാണമായി കാണിക്കുന്നത്. എന്നാല്‍ സ്വാമിജിയെ ഗുരുവായി കണ്ടുകൊണ്ട് തങ്ങളെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന ഭാഗങ്ങളെല്ലാം കുത്തുകളിട്ട് വിട്ടുകളഞ്ഞിരിക്കുന്നു. ഇതേപോലെ ആര്യസമാജത്തിന്റെ കൈയിലുള്ള താനയച്ച എല്ലാ കത്തുകളിലും തനിക്ക് പ്രതികൂലമായിത്തീര്‍ന്നേ
ക്കാവുന്ന ഭാഗങ്ങളെ ഒഴിവാക്കിയാണ് അദ്ദേഹം തന്റെ മറുപടിലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇക്കാര്യം പക്ഷേ ലേഖനം വായിക്കുന്ന ഒരാള്‍ക്കും മനസ്സിലാകില്ലതാനും. എന്നാല്‍ ഇവിടെ മറ്റൊരു ആക്ഷേപം ഉന്നയിക്കപ്പെടാം, ഓള്‍കോട്ട് ഉദ്ധരിച്ചതിലെ വിട്ടഭാഗങ്ങളില്‍ ഇല്ലാത്ത കാര്യങ്ങള്‍ പിന്നീട് ആര്യസമാജം എഴുതിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന്. എന്നാല്‍ തിയൊസോഫിക്കല്‍ സൊസൈറ്റി ഇന്നേവരെ ഇത്തരം ഒരു ആരോപണവുമായി മുന്നോട്ടുവന്നിട്ടില്ല.
മാത്രമല്ല, 2003ല്‍ തിയൊസോഫിക്കല്‍ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ‘ദ ലെറ്റേഴ്‌സ് ഓഫ് എച്ച്.പി. ബ്ലവാത്സ്‌കി’-യുടെ വാല്യം ഒന്നില്‍ 1878 മെയ് 21ന് ബ്ലവാത്സ്‌കി ഹരിശ്ചന്ദ്ര ചിന്താമണിക്ക് അയച്ച കത്തിന്റെ ആമുഖത്തില്‍ ഈ കത്ത് രണ്ട് വെര്‍ഷനുകളില്‍ അവശേഷിച്ചിട്ടുണ്ട് എന്നും അതു രണ്ടും താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടെ കൈയില്‍ ഒരു വെര്‍ഷന്‍ മാത്രമുള്ള മറ്റു കത്തുകളില്‍നിന്നും എത്രത്തോളം നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന ചോദ്യം മുന്നിലേക്ക് കടന്നുവരുന്നു എന്നും എഡിറ്റര്‍ ആശങ്കപ്പെടുന്നത് വായിക്കാം. അതായത് ആര്യസമാജവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുണ്ടായിരുന്ന കത്തുകളില്‍നിന്നും ഓള്‍കോട്ടോ അന്നത്തെ മറ്റ് തിയോസഫിസ്റ്റുകളോ വ്യാപകമായി വസ്തുതകള്‍ നീക്കം ചെയ്യുകയും അതിന്റെ പൂര്‍ണരൂപം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്വാമിജി അയച്ച ആദ്യ മറുപടിക്കത്തിന്റെ സംക്ഷിപ്തരൂപം ഓള്‍കോട്ട് ഉദ്ധരിക്കുമ്പോള്‍ അതില്‍ വസ്തുതാവിരുദ്ധമായ ഒരു വരി കാണുന്നു. ”താങ്കളയച്ച ഡിപ്ലോമ കൈപ്പറ്റിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്’ എന്നതാണ് ആ വരി. എന്നാല്‍ സ്വാമിജിയുടെ സംസ്‌കൃതം കത്തില്‍ ‘പ്രമാണപത്രം’ എന്നല്ല ‘പത്രം’ എന്നാണ് കാണുന്നത്. അതായത് കത്ത് കിട്ടിയതിലെ സന്തോഷമാണ് സ്വാമിജി പങ്കുവെച്ചത്. അല്ലാതെ ഡിപ്ലോമ സ്വീകരിച്ചു എന്നല്ല. ഇനി പകരം അവിടെ പ്രമാണപത്രം എന്നായിരുന്നെങ്കില്‍തന്നെ അതില്‍ പൊരുത്തക്കേടുണ്ടാകും. കാരണം താങ്കളുടെ കത്തുകിട്ടി എന്നാണ് സ്വാമിജി മറ്റു കത്തുകളിലെല്ലാം ആദ്യമേ എഴുതുന്നത്. അതിന്റെ അഭാവം ഈ കത്തില്‍ സംഭവിക്കും. മാത്രമല്ല, അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓള്‍കോട്ടിലൂടെ അറിയുകയും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചെറുത്തുനില്‍പിനെക്കുറിച്ചും അവര്‍ക്ക് വേദജ്ഞാനത്തോടുള്ള പ്രതിപത്തിയെക്കുറിച്ചുമെല്ലാം വായിച്ചറിയുകയും ചെയ്ത സ്വാമിജി അതിനെക്കുറിച്ചുള്ള സന്തോഷം അറിയിക്കാതെ ഡിപ്ലോമയെക്കുറിച്ച് സംസാരിക്കുമെന്നും കരുതാനാവില്ല. മാത്രമല്ല, ഡിപ്ലോമ കൈപ്പറ്റുകയല്ല, അംഗീകരിക്കപ്പെടുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് ഓള്‍കോട്ടിന്റെ ഇതു സംബന്ധിച്ച വാദത്തിന് യാതൊരു പ്രസക്തിയുമില്ല. തുടര്‍ന്ന് ഓള്‍കോട്ട് ഇല്ലാത്ത ഒരു കത്തിനെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഹരിശ്ചന്ദ്ര ചിന്താമണിക്ക് 1878 സെപ്തംബര്‍ 24ന് താന്‍ അയച്ചു എന്ന് പറഞ്ഞുകൊണ്ട് ഉദ്ധരിച്ച ഈ കത്തില്‍ സ്വാമിജി പറഞ്ഞ ദൈവസങ്കല്പം തങ്ങളുടെ ദൈവസങ്കല്പവുമായി യോജിക്കുന്നതാണോ എന്ന് തനിക്ക് സംശയം ഉണ്ടെന്നാണ് ഓള്‍കോട്ട് എഴുതിയതായി കാണുന്നത്. വ്യക്തിദൈവത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും തന്റെ ആശയങ്ങള്‍ക്ക് ബുദ്ധമതത്തോടുള്ള സാദൃശ്യത്തെക്കുറിച്ചുമെല്ലാം കത്തില്‍ സൂചിപ്പിക്കുന്നു. കത്ത് ഉദ്ധരിച്ച ശേഷം ഓള്‍കോട്ട് എഴുതുന്നു, ”ഇതിലും നന്നായി കാര്യങ്ങളെ സുവ്യക്തമായി തുറന്നെഴുതാന്‍ സാധിക്കുമോ? പക്ഷേ സ്വാമിയില്‍നിന്നോ അദ്ദേഹത്തിന്റെ ബോംബെ ഏജന്റില്‍നിന്നോ മറുപടി ഒന്നും വന്നില്ല. രണ്ടാമത് പറഞ്ഞ ആള്‍ (ഹരിശ്ചന്ദ്ര ചിന്താമണി) 1878 സെപ്തംബര്‍ 30 ന് എനിക്ക് കത്തെഴുതി. ബോംബെയില്‍ നാം കൂടിക്കാഴ്ച നടത്തുമ്പോള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കാം എന്നായിരുന്നു കത്തില്‍ എഴുതിയത്.”

ഇങ്ങനെയൊരു അഭിപ്രായവ്യത്യാസം സാരമായി ഓള്‍കോട്ടിന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്വാമിജി എഴുതിയ ആദ്യകത്തിന് മറുപടിയായി ”അങ്ങ് കത്തില്‍ സൂചിപ്പിച്ച ഈശ്വരസങ്കല്പം തങ്ങള്‍ ഇവിടെ ക്രൈസ്തവ
രോട് പിന്തുടരാനായി നിര്‍ദേശിക്കുന്ന അതേ പരമ ദിവ്യതത്ത്വത്തെ സംബന്ധിക്കുന്ന സങ്കല്പംതന്നെയാണെന്ന്” ഓള്‍കോട്ട് എഴുതില്ലായിരുന്നു. കാരണം ഓള്‍കോട്ടുതന്നെ തന്റെ മറുപടി ലേഖനത്തില്‍ ഉദ്ധരിച്ച സ്വാമിജിയുടെ ആദ്യകത്തില്‍നിന്നുള്ള വരികളില്‍ ന്യായം, ദയ എന്നീ ഗുണങ്ങളോടു കൂടിയവനും ലോകനിയന്താവുമായ ഈശ്വരനെക്കുറിച്ചുള്ള വ്യക്തിദൈവസങ്കല്പംതന്നെയാണ് സ്വാമിജി മുന്നോട്ടുവെച്ചത് എന്ന് വ്യക്തമാകുന്നുണ്ട്. ഇനി ഇങ്ങനെ ഒരു അഭിപ്രായവ്യത്യാസമുണ്ടെന്നുവെക്കുക. എന്തുകൊണ്ട് ഓള്‍കോട്ട് ഇക്കാര്യം സ്വാമിജിയോട് കത്തിലൂടെ അറിയിച്ചില്ല? തുടര്‍ന്ന് സ്വാമിജിയെ നേരില്‍ കണ്ടപ്പോഴും ദിവസങ്ങളോളം പല വിഷയങ്ങളെ സംബന്ധിച്ചു ചര്‍ച്ച ചെയ്തപ്പോഴും വ്യക്തിദൈവത്തെ സംബന്ധിച്ചോ ബുദ്ധമതത്തെ സംബന്ധിച്ചോ എന്തുകൊണ്ട് ചര്‍ച്ചചെയ്യാന്‍ തയ്യാറായില്ല? വാസ്തവത്തില്‍ ഓള്‍കോട്ട് ഹരിശ്ചന്ദ്ര ചിന്താമണിക്കെഴുതി എന്ന് പറയപ്പെടുന്ന ഈ കത്ത് വ്യാജമാണ്. കാരണം തിയ്യതികള്‍ ശ്രദ്ധിക്കുക, പ്രസ്തുത കത്ത് 1878 സെപ്തംബര്‍ 24ന് ന്യൂയോര്‍ക്കില്‍ നിന്നും അയച്ചു എന്നാണ് ഓള്‍കോട്ട് അവകാശപ്പെടുന്നത്. അന്നത്തെ കാലത്ത് ചുരുങ്ങിയത് ഒരു മാസമെങ്കിലും പിടിക്കും കത്ത് ഭാരതത്തിലെത്താന്‍. മുന്‍പ് ഉദ്ധരിച്ച തിയ്യതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കത്തു കിട്ടിയ ഉടനെ തന്നെ മറുപടിക്കത്ത് എഴുതി
യാലും അത് ന്യൂയോർക്കിലെത്താൻ വീണ്ടും ഒരു മാസം സമയമെടുക്കും. എന്നാല്‍ ഓള്‍കോട്ട് എഴുതിയത് ഈ കത്തയച്ച ശേഷം യാതൊരു മറുപടിയും സ്വാമിജിയില്‍നിന്നോ ഹരിശ്ചന്ദ്ര ചിന്താമണിയില്‍നിന്നോ ഉണ്ടായില്ല എന്നും പിന്നീട് സെപ്തംബര്‍ 30നാണ് അടുത്ത മറുപടി കത്ത് വരുന്നത് എന്നുമാണ്. ഇതിനിടയില്‍ വെറും ആറു ദിവസത്തിന്റെ അന്തരം മാത്രമാണുള്ളത്.
അങ്ങനെ ഓള്‍കോട്ടിന്റെ വ്യാജക്കത്ത് കൈയോടെ പിടിക്കപ്പെട്ടു. രണ്ടാമതെഴുതിയ തിയ്യതി എഴുതുമ്പോള്‍ തെറ്റിപ്പോയതാണെങ്കില്‍ അതിനുള്ള തിരുത്ത് ‘ദ തിയോസഫിസ്റ്റി’ല്‍ വരും ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ആ ലേഖനം Blavatsky Study Centerന്റെ ഓണ്‍ലൈന്‍ ആര്‍ക്കൈവ്‌സില്‍ ഉള്‍പ്പെടുത്തിയപ്പോഴും തിരുത്ത് ഉണ്ടായില്ല. അതിനി സാധ്യവുമല്ല, കാരണം ഇല്ലാത്തൊരു കത്തിന്റെ ഒറിജിനല്‍ തിരുത്തിന് പ്രമാണമായി കാണിക്കാന്‍ കഴിയില്ലല്ലോ.
1883 ഒക്ടോബറില്‍ സ്വാമിജിയുടെ നിര്യാണത്തെ തുടര്‍ന്ന് ‘ദ തിയോസഫിസ്റ്റില്‍’ ഓള്‍കോട്ട് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുതി, ”ശരീരത്തോടൊപ്പം ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും കത്തി ഭസ്മമായിത്തീര്‍ന്നിരിക്കുന്നു” എന്ന്. എന്നാല്‍ അതേ ഓള്‍കോട്ട് പിന്നീട് തന്റെ Old Diary Leavesല്‍ വീണ്ടും സ്വാമിജിയെ കുറ്റപ്പെടുത്തി എഴുതി. മരണശേഷവും സ്വാമിജിയോട് വിശ്വാസവഞ്ചന കാണിച്ച ഓള്‍കോട്ടിന്റെ വാദങ്ങളോരോന്നിലെയും കാപട്യം തുറന്നുകാട്ടിക്കൊണ്ട് പിന്നീട് ഹര്‍ ബിലാസ് ശാര്‍ദയെപ്പോലുള്ളവര്‍ വിശദമായ മറുപടിയെഴുതി.6

ആര്യസമാജത്തിനും തിയൊസോഫിക്കല്‍ സൊസൈറ്റിക്കും ഇടയില്‍ സംഭവിച്ച കാര്യങ്ങളെ പുറത്തുനിന്നും നോക്കിക്കണ്ട ചിലരുടെ അഭിപ്രായം കൂടി ഇവിടെ കുറിക്കാം. മാക്‌സ് മ്യൂലര്‍ എഴുതുന്നു,
”ഭാരതത്തില്‍ ചെന്ന മേഡം ബ്ലവാത്സ്‌കിയും അവരുടെ മിത്രവും (ഓള്‍കോട്ടും) സംസ്‌കൃതഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പൂര്‍ണമായും അജ്ഞരാണ്. അവര്‍ ലോകത്തോട് വലിയ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്, ഹിന്ദുദര്‍ശനങ്ങള്‍- വിശേഷിച്ചും വേദാന്തവും ബൗദ്ധധര്‍മവും യൂറോപ്പിലെ എല്ലാ ദര്‍ശനങ്ങളെക്കാളും ശ്രേഷ്ഠവും ഉത്കൃഷ്ടവുമാണെന്ന്. ആശ്ചര്യമെന്തെന്നാല്‍ ഇവര്‍ക്ക് വേദാന്തവും ബൗദ്ധധര്‍മവും തമ്മിലുള്ള വ്യത്യാസം എന്തെന്നുപോലും അറിയില്ല. ലോകത്തിന്റെ ആദിമവിദ്യയും ജ്ഞാനഭണ്ഡാരവും ഇപ്പോഴും ബ്രാഹ്മണര്‍ക്ക് ഉപലബ്ധമാണെന്നുകൂടി അവര്‍ പറയുന്നു. അവര്‍ ഇക്കാര്യവും (മുന്‍പ്) പറഞ്ഞിരുന്നു, മേഡം ബ്ലവാത്സ്‌കിയുടെയും സ്വാമി ദയാനന്ദ സരസ്വതിയുടെയും സംയുക്തപരിശ്രമത്താല്‍ ഭാരതത്തിലും യൂറോപ്പിലും ഒരു പുതിയ ധര്‍മവിജ്ഞാനത്തിന്റെ ഉദയമുണ്ടാകും, അത് പൂര്‍വവര്‍ത്തിയായ എല്ലാ മതങ്ങളെയും വിചാരപദ്ധതികളെയും ഇല്ലാതാക്കും എന്ന്. എന്നാല്‍ ദയാനന്ദ സരസ്വതിക്ക് എന്തുകൊണ്ട് മേഡം ബ്ലവാത്സ്‌കിയുടെ ഉള്ളിലിരുപ്പ് അറിയാന്‍ സാധിച്ചില്ല? ഈ യൂറോപ്യന്‍ തിയോസഫിസ്റ്റുകള്‍ അദ്ദേഹത്തിനുമുന്‍പില്‍ എത്രത്തോളം അസാധാരണമായ ആദരഭാവം പ്രദര്‍ശിപ്പിച്ചുവോ, കുറച്ച് കാലത്തേക്കെങ്കിലും ദയാനന്ദ സരസ്വതി അതില്‍ വിസ്മയാന്വിതനായിരുന്നു. എന്നാല്‍ അധികം വൈകാതെതന്നെ അദ്ദേഹം ജാഗരൂകനാകുകയും സ്വയംഭൂവായ ദൈവദൂതയായി അവതരിച്ച ഈ റഷ്യന്‍ സ്ത്രീയെയും അവരുടെ കിറുക്കന്മാരായ കാര്യവാഹികളെയും തിരസ്‌കരിക്കുകയും ചെയ്തു.” 7
ജോണ്‍ കാംബെല്‍ ഓമന്‍ എഴുതിയത് കാണൂ:
”1879ല്‍ സ്വാമി ദയാനന്ദ സരസ്വതി ആദ്യം സഹാരന്‍പുരിലും പിന്നീട് മീററ്റിലും തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ കേണല്‍ ഓള്‍കോട്ടുമായും മേഡം ബ്ലവാത്സ്‌കിയുമായും കൂടിക്കാഴ്ച നടത്തി. ഇരുവരും എല്ലാ ആളുകളോടും ഉറക്കെ വിളിച്ചുപറഞ്ഞു, സ്വാമി ദയാനന്ദ സരസ്വതിയെ തങ്ങളുടെ ഗുരുവും മാര്‍ഗദര്‍ശകനുമായി മാനിക്കുന്നു എന്ന്. കുറച്ച് കാലംകൂടി ആര്യസമാജവും മേല്‍പറഞ്ഞ സൊസൈറ്റിയുമായുള്ള സദ്ഭാവം നിലനിന്നു. എന്നാല്‍ പിന്നീട് സ്വാമിജിക്ക് മനസ്സിലായി. ഇക്കൂട്ടര്‍ നിരീശ്വരവാദികളും വേദപ്രാമാണ്യത്തില്‍ വിശ്വസിക്കാത്തവരുമാണെന്ന്. അപ്പോള്‍ സ്വാമി ദയാനന്ദ സരസ്വതി ഒരു വിളംബരം പുറപ്പെടുവിച്ച് ആര്യ സമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുള്ള സംബന്ധം അവസാനിപ്പിച്ചു.” 8
ഇനി ചിന്തിക്കാം. സ്വാമി ദയാനന്ദ സരസ്വതിയെക്കൊണ്ട് ബ്ലവാത്സ്‌കിക്കും ഓള്‍കോട്ടിനും എന്തു നേട്ടമുണ്ടായി? വിശ്വാസവഞ്ചന കാണിച്ചുകൊണ്ട് ആര്യസമാജത്തിന്റെ സംഘടനാബലം ഉപയോഗിച്ച് ഇന്ത്യയില്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയെ വളര്‍ത്താനായി. കാര്യം കഴിഞ്ഞപ്പോള്‍ അവര്‍ തനിനിറം കാണിക്കുകയും ചെയ്തു. തിരിച്ച് സ്വാമിജിക്ക് ഇക്കൂട്ടരെക്കൊണ്ട് എന്തു നേട്ടമുണ്ടായി? സമാജത്തിന് ഏറേ ഗുണകരമാകേണ്ടിയിരുന്ന, സ്വാമിജിയുടെ ജീവിതത്തിന്റെ അന്ത്യകാലത്തെ വലിയൊരു സമയം ഇവര്‍ കാരണം നഷ്ടപ്പെട്ടു. ആര്യസമാജത്തിന്റെ വേദപ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കാനാണ് തിയൊസോഫിക്കല്‍ സൊസൈറ്റി ശ്രമിച്ചത്. ഭൂത-പ്രേത-പിശാചു
ക്കളെക്കുറിച്ച് ‘ദ തിയസോഫിസ്റ്റി’ല്‍ ലേഖനം പ്രസിദ്ധീകരിക്കരുതെന്ന സ്വാമിജിയുടെ നിര്‍ദേശം അവര്‍ ചെവികൊണ്ടിരുന്നില്ല. ഗുപ്ത- മാന്ത്രികവിദ്യകളെന്നോണം തട്ടിപ്പുകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഇന്ന് പാശ്ചാത്യനാടുകളില്‍ ‘നിയോ-പേഗനിസം’ എന്ന പേരില്‍ പ്രചരിക്കുന്ന പ്രാകൃത ആചാരങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ആദ്യബീജം വിതച്ചത് അവിടങ്ങളില്‍ ബ്ലവാത്സ്‌കിയുടെ ആശയത്തിനുണ്ടായ പ്രചാരമാണെന്ന് സാമൂഹ്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.9
സ്വാമിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് നേര്‍വിരുദ്ധമായിരുന്നു വാസ്തവത്തില്‍ തിയൊസോഫിക്കല്‍ സൊസൈറ്റിയുടെ കാഴ്ചപ്പാട്. എന്നാല്‍ അതവര്‍ സമര്‍ഥമായി സ്വാമിജിയില്‍നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചു. ന്യൂയോര്‍ക്കില്‍ തിയൊസോഫിക്കല്‍ സൊസൈറ്റി ജന്മംകൊള്ളുന്നതിന് മുന്‍പേതന്നെ തന്റെ ആശയങ്ങള്‍ ‘സത്യാര്‍ഥപ്രകാശ’ത്തിലൂടെ സ്വാമിജി തുറന്നെഴുതിയിരുന്നു. അതില്‍നിന്നും യാതൊരു മാറ്റവും സ്വാമിജി
യുടെ തുടര്‍ന്നുള്ള ജീവിതകാലത്ത് ഉണ്ടായിരു
ന്നില്ല. ബുദ്ധിമാന്‍മാരോട് കൂടുതല്‍ പറയേണ്ടതി
ല്ലല്ലോ!
- Old Diary Leaves, First Series (1874-78), Chapter 25. Swami Dayanand, p. 395
- സംസ്‌കൃതത്തിലുള്ള ഈ കത്ത് പിന്നീട് പരോപകാരിണിസഭയുടെ മുഖപത്രമായ ‘പരോപകാരി’യില്‍ (വാല്യം ഒന്ന്, നം. ഒന്ന്, അധ്യായം മൂന്ന്, പേജ് മൂന്ന്) പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ഋഷി ദയാനന്ദ് സരസ്വതി കാ പത്രവ്യവഹാര്‍ ഔര്‍ വിജ്ഞാപന്‍’-ല്‍ (വാല്യം ഒന്ന്, കത്ത് നം. 151, പേജ് 192) സംസ്‌കൃതരൂപവും പണ്ഡിറ്റ് ലേഖ്‌റാമിന്റെ ഹിന്ദി വിവര്‍ത്തനവും ലഭ്യമാണ്.
- ഇനി പറയുന്ന എല്ലാ കത്തുകളുടെയും പൂര്‍ണരൂപം ഹര്‍ ബിലാസ് ശാര്‍ദ എഴുതിയ സ്വാമിജിയുടെ ജീവചരിത്രമായ ‘Life of Dayananda Saraswati’യില്‍ 32-ാം അധ്യായത്തില്‍ വായിക്കാം.
- ആര്യസമാജത്തിന്റെ ആരോപണങ്ങളുടെ വിവര്‍ത്തനം ‘ദ തിയോസഫിസ്റ്റില്‍ പ്രസിദ്ധീകരിച്ചത്- http://www.blavatskyarchives.com/dayanandahumbuggery.htm.
ഓള്‍കോട്ടിന്റെ മറുപടി: http://www.blavatskyarchives.com/olcott1882.htm. - http://www.iapsop.com/archive/materials/theosophist/theosophist_v2_n3_december_1880.pdf
- ഹര്‍ ബിലാസ് ശാര്‍ദ എഴുതിയ ‘Life of Dayanand Saraswati’ അധ്യായം 32 കാണുക.
- My Indian Friends, Oxford, 1899. p.148-49
- Cults customs and superstitions of india, 1908, Edition by T. Fisher Unwin, London.
- ‘Pagansim: A Very Short Introduction’ by Owen Davies, Oxford University Press, 2011, p.107-108
അനി ബസെന്റ് ഇന്ത്യയിൽ നിന്നും ദത് എടുത്ത് വളർത്തിയ Jiddu Krishnamorthi യെക്കുറിച് എന്താണ് കാഴ്ചപ്പാട് . Krishnamorthi യുടെ പ്രഭാഷണം യുട്യൂബിൽ നിന്നും കേട്ടിരിക്കുന്നു. അദ്ദേഹം പിന്നീട് തിയസോഫിക്കൽ സൊസൈറ്റി വിട്ടു പോവുകയും ചെയ്തതായി വായിച്ചു. ആചാര്യന്റെ വാക്കുകളിൽ നിന്നും അദ്ദേഹത്തെ കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നു.
നമസ്തേ 🙏