Sanatana Dharmapadavali – Part 2
1. ബ്രഹ്മയജ്ഞം:
രണ്ടു നേരം വേദമന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥവും ധ്യാനവും ഉപാസനയും വിധിയാംവണ്ണം അനുഷ്ഠിക്കുക. ശ്രീരാമനും ലക്ഷ്മണനും നിത്യേന ഗായത്രീജപത്തോടെ ബ്രഹ്മയജ്ഞം ചെയ്തതായി വാല്മീകീ രാമായണം ബാലകാണ്ഡത്തില്‍ പറയുന്നു. ശ്രീകൃഷ്ണന്‍ മുടങ്ങാതെ ബ്രഹ്മയജ്ഞം അനുഷ്ഠിച്ചതായി മഹാഭാരതം ഉദ്യോഗപര്‍വ്വത്തിലും കാണാം. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനമായിരുന്ന ഇതാണ് പില്‍ക്കാലത്ത് ലോപിച്ച് സന്ധ്യാനേരത്തുള്ള നാമം ചൊല്ലലായി മാറിയത്.
2. ദേവയജ്ഞം:
പ്രകൃതിയില്‍ ദൃശ്യവും അദൃശ്യവുമായ വിശേഷ ശക്തികളായ ദേവതകളെ പ്രസാദിപ്പിക്കുന്നതിനുള്ള യജ്ഞം. വേദമന്ത്രങ്ങള്‍ ചൊല്ലി ഇതും രണ്ടു നേരം ചെയ്യണം. 15 മിനുറ്റ് ഇതിന്നായി എടുക്കും.അഗ്നിഹോത്രമെന്നും അറിയപ്പെടുന്ന ഇത് ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് നെയ്യും ആരോഗ്യവര്‍ദ്ധകമായ ദ്രവ്യങ്ങളും ഹോമിക്കുന്ന ക്രിയയാണ്. ഒരു കാലത്ത് ഭാരതത്തില്‍ എല്ലാവീട്ടിലും രണ്ടു നേരം അഗ്നിഹോത്രമനുഷ്ഠിക്കപ്പെട്ടിരുന്നു. അഗ്നിഹോത്രം ചെയ്യാത്ത വീടുകള്‍ ശ്മശാനതുല്യമാണെന്നാണ് ചാണക്യന്‍ പറയുന്നത്. വേദാന്ത കേസരിയായ ശ്രീമദ് ശങ്കരാചാര്യരും അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കാന്‍ ഉപദേശിക്കുന്നു.
3. അതിഥിയജ്ഞം:
തിഥി നോക്കാതെ വീട്ടില്‍ വരുന്ന സംന്യാസിമാരേയും വേദജ്ഞരേയും ശുശ്രൂഷിക്കുന്നതാണ് അതിഥിയജ്ഞം.
4. പിതൃയജ്ഞം:
ജീവനോടെ ഇരിക്കുന്ന അച്ഛന്‍, അമ്മ, മുത്തച്ഛന്‍മാര്‍, ഗുരുനാഥന്‍ തുടങ്ങിയവരെ വേണ്ടരീതിയില്‍ ശുശ്രൂഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് പിതൃയജ്ഞം. ജീവനോടിരിക്കുന്ന അച്ഛനമ്മമാരെ ശ്രദ്ധയോടെ പരിചരിക്കുന്നത് ശ്രാദ്ധം. അവര്‍ക്ക് അന്നപാനീയങ്ങളും മരുന്നും നല്‍കുന്നത് തര്‍പ്പണവും.
5. ബലിവൈശ്വദേവയജ്ഞം:
അവനവന് ലഭിക്കുന്ന വരുമാനത്തിന്റെ പത്തില്‍ ഒന്ന് പ്രതിദിനം ദാനം ചെയ്യുന്നത് ബലിവൈശ്വദേവയജ്ഞം. പക്ഷിമൃഗാദികള്‍ക്കും, പതിതര്‍ക്കും അശരണര്‍ക്കും നല്‍കുന്ന ദാനമാണ് ഈ യജ്ഞം. ഇത് സനാതനധര്‍മ്മി ഒരിക്കലും ചെയ്യാതിരിക്കരുതെന്ന് ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീക്ൃഷ്ണന്‍ പറയുന്നു…
അടുത്ത അദ്ധ്യായത്തില്‍ ഒരുവന്റെ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കാന്‍ പ്രാപ്്തിയുള്ള രഹസ്യ ഹോമവിദ്യയായ അഗ്നിഹോത്ര യജ്ഞത്തെ പരിചയപ്പെടാം..