Social (Malayalam), സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം നാല്

അഗ്നിഹോത്രത്തിന്റെ ലക്ഷ്യം എന്താണ്?
മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്‌സ് ആരംഭിക്കുന്നത് ദീപശിഖാ പ്രയാണത്തോടെയാണ്. കല്ല്യാണം അഗ്നിസാക്ഷിയായി ചെയ്യുന്ന ചടങ്ങാണ്. പണ്ടൊക്കെ പിറന്നാളിന് വിളക്ക് കത്തിച്ച് വെച്ച് നാക്കിലയില്‍ ഭക്ഷണം വിളമ്പി ആചരിച്ചിരുന്നു. ഇത് സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയായിരുന്നു. ഇരുട്ടില്‍ നിന്നും ജ്യോതിസ്സിലേക്ക് നയിക്കാനായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ ഇന്ന് പിറന്നാളിന് മെഴുകുതിരികള്‍ ഊതിക്കെടുത്തുകയാണ് ചെയ്യുന്നത്. അഗ്നിയെ നമ്മുടെ മനസ്സില്‍ നിന്നും ഇല്ലാതാക്കുന്നു.
ഭഗവാന്‍ അര്‍ത്ഥമാക്കുന്നത് ഭഗധനനാം, ധനത്തെ നല്‍കുന്നയാള്‍ എന്നാണ്. എന്താണ് ധനം? വിദ്യ, ആരോഗ്യം, സമ്പത്ത് എന്നിങ്ങനെ എല്ലാ ഐശ്വര്യവും തരുന്നത് ഈശ്വരന്‍ ആണ്. ദരിദ്ര നാരായണന്‍ ഈശ്വരന്‍ അല്ല. ഐശ്വര്യത്തിന്റെ ചിഹ്നമായ അഗ്നിയെ ദേവയജ്ഞം ചെയ്ത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. പണ്ട് രാവിലെ ആദ്യമുണ്ടാക്കുന്ന ഭക്ഷണം അഗ്നിക്ക് കൊടുക്കുമായിരുന്നു. ഇത് ചെറിയ തോതിലുള്ള അഗ്നിഹോത്രമായിരുന്നു. വേദത്തില്‍ പറയുന്നു നമ്മുടെ വീട്ടില്‍ ആദ്യമായി വരുന്ന അതിഥി അഗ്നിയാണ്. അഗ്നിക്ക് കൊടുക്കണം. ഇത് നമ്മുടെ ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു.