Social (Malayalam), സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

“നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. ‘സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്” ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും”

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

ഭാരതത്തെ സംബന്ധിച്ചേടത്തോളം കല, സംസ്‌ക്കാരം, ശാസ്ത്രം എന്നിവയുടെ എല്ലാം അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. അതിന്റെ അടിസ്ഥാനമോ വേദങ്ങളും. സംഗീതം സാമവേദത്തില്‍ നിന്നും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നും ഉണ്ടായി. നാട്യശാസ്ത്രം രചിച്ച ഭരതമുനി പറയുന്നു ഞാന്‍ വേദത്തില്‍ നിന്നാണ് നാട്യശാസ്ത്രം കടഞ്ഞെടുത്തത് എന്ന്. അത്രയും വിപുലമായതും അനാദിയായതുമാണ് വേദം. വേദം അറിവാണ്. ഈ അറിവ് സാധാരണ ജനങ്ങള്‍ക്ക് പകരുന്നതിന്നുവേണ്ടി കാലാകാലങ്ങള്‍ ആയിട്ട് ഒരു സംസ്‌ക്കാരം ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ സംസ്‌ക്കാരത്തിന്റെ ആദിമൂലം വേദമാണ്. ഗീതയില്‍ ശ്രീകൃഷ്ണന്‍ ‘വേദാനാം സാമവേദോസ്മി'(1) എന്നും ഗരുഡപുരാണത്തില്‍ ‘വേദാശാസ്ത്രം പരംനാസ്തി'(2) എന്നും ഭാഗവതത്തില്‍ ‘വേദം പ്രത്യക്ഷ നാരായണ സാക്ഷാത്'(3) എന്നും ലളിതാസഹസ്രനാമത്തില്‍ ‘സാമഗാനപ്രിയാ സൗമ്യാ'(4) എന്നും വേദത്തെ പുകഴ്ത്തുന്നു. എല്ലാ ശാസ്ത്രങ്ങളുടേയും അടിസ്ഥാനം വേദമാണ്. വേദത്തെ സമുദ്ധരിക്കുന്നതിന്നു വേണ്ടിയാണ് പുരാണങ്ങള്‍ ഉണ്ടായിട്ടുള്ളത്. എല്ലാ അവതാരങ്ങളുടെയും ലക്ഷ്യം മഹത്തായ വേദോദ്ധാരണമാണ്.
എന്നാല്‍ ഏറ്റവും വലുത് വേദമാണ് എന്നിരിക്കെ സാധാരണക്കാരന് വേദം കാണാന്‍ കഴിയാത്തത് ഭാരതത്തിന്റെ കാര്യത്തില്‍ വളരെ സങ്കടകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ബൈബിളില്ലാത്ത ക്രിസ്ത്യന്‍ പള്ളിയോ ഖുര്‍ ആന്‍ ഇല്ലാത്ത മുസ്ലിം പള്ളിയോ ഉണ്ടാവില്ല. വേദങ്ങള്‍ ഉള്ള എത്ര ക്ഷേത്രങ്ങള്‍ ഉണ്ട്? വേദം പഠിക്കാത്ത ഒരാള്‍ക്ക് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് പറയാന്‍ അധികാരമില്ല. എല്ലാവരും കരുതുന്നതുപോലെ വേദങ്ങള്‍ മന്ത്രങ്ങള്‍ മാത്രമല്ല. അത് കേവലം ശബ്ദവേദങ്ങള്‍ ആണ്. യഥാര്‍ത്ഥ വേദം എന്ന് പറയുന്നത് പ്രപഞ്ചമാണ്. ഈശ്വരന്റെ സൃഷ്ടിയായ പ്രപഞ്ചം. ‘പശ്യദേവസ്യകാവ്യം’ കേള്‍ക്കുന്നതും വേദമാണ്, കാണുന്നതും വേദമാണ്.
വേദം ഭാരതത്തില്‍ ശക്തമായി നില്‍ക്കുകയായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ വേദം തെറ്റായി വ്യാഖ്യാനിച്ച് തകര്‍ക്കാനുള്ള തീരുമാനമെടുത്തു. മാക്‌സ് മുള്ളര്‍, വില്‍സന്‍ മുതലായ ഇന്‍ഡോളജിസ്റ്റുകളെ അവര്‍ അതിന്നായി നിയോഗിച്ചു. യാസ്‌കനെപോലുള്ള മഹര്‍ഷിമാര്‍ വിഡ്ഢികള്‍ ആണെന്നായിരുന്നു വിദേശികളുടെ കാഴ്ചപ്പാട്.
വേദങ്ങളും വേദഗ്രന്ഥങ്ങളും ഉദാത്തമായ കാര്യങ്ങള്‍ ആണെന്നും അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമുള്ള ഒരു ചിന്ത ഹിന്ദുധര്‍മ്മത്തില്‍ അടുത്ത കാലത്തായി വരുകയും അത് അപചയത്തിന്ന് കാരണമായിത്തീരുകയും ചെയ്തു. വേദകാലത്ത് ആസേതു ഹിമാചലം തപസ്വികള്‍ ആയിരുന്നു.
ആദ്ധ്യാത്മികതയില്ലാത്ത വിദ്യ, സാഹിത്യം, കച്ചവടം, എന്നിങ്ങനെ ഏത് മേഖല എടുത്താലും പരാജയമായിരിക്കും ഫലം. ജപ്പാനില്‍ തീപ്പെട്ടി കമ്പനി തുടങ്ങാന്‍ പോവുകയായിരുന്ന ടാറ്റയോട് ഭാരതത്തില്‍ ഉരുക്ക് വ്യവസായം ആരംഭിക്കാന്‍ ആവശ്യപ്പെട്ടത് സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. അതെ, ടാറ്റക്ക് ആദ്ധ്യാത്മിക വ്യവസായം ഉണ്ടാക്കാന്‍ സാധിച്ചു. കാളിദാസന്‍ മഹാകവിയായിത്തീര്‍ന്നതും അദ്ദേഹത്തിന്റെ കൂടെ ഉപാസന ഉണ്ടായിരുന്നതുകൊണ്ടാണ്. ഭാസനും അക്കാലത്തെ മറ്റ് കവികള്‍ക്കും പ്രശസ്തരാകാന്‍ കഴിഞ്ഞത് അവര്‍ ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ ജീവിച്ചത് കൊണ്ടാണ്. ആദ്ധ്യാത്മികനായതുകൊണ്ടാണ് രബീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. തികഞ്ഞ ആദ്ധ്യാത്മികതയില്‍ ഭാരതീയ സംസ്‌ക്കാരം ഉജ്ജ്വലമായി നിലനിന്നിരുന്നു. ആ ആദ്ധ്യാത്മികത വേദത്തില്‍ നിന്നും ഉണ്ടായതായിരുന്നു.
വളരെ ദയനീയമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ സമൂഹത്തിന്റേത്. തകര്‍ന്ന കുടുംബങ്ങളുടേയും വ്യക്തികളുടെയും ചിത്രമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ നമുക്ക് കാണാന്‍ കഴിയുക. ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന വ്യക്തികളും കുടുംബങ്ങളും നമുക്ക് ചുറ്റിലും കാണാം. എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യ മാത്രമേ മാര്‍ഗമുള്ളൂ എന്നും എന്നോട് പറഞ്ഞ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളാണോ ജീവന്‍ രക്ഷിക്കേണ്ട ഡോക്ടര്‍? നിങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. പിന്നെയാണോ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നത്” ഈ ഉദാഹരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് വ്യക്തികളും സമൂഹവും ഇവിടെ ആന്തരികമായി തകര്‍ന്നിട്ടുണ്ട് എന്നാണ്.
ഇപ്പോള്‍ നമ്മുടെ വിഷയം എങ്ങനെ വൈദിക ആചരണങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ ഉയര്‍ത്താനാകും എന്നതാണ്. വേദം ശാസ്ത്രമാണ്, ശാസ്ത്രയുക്തവുമാണ്. ഇതില്‍ വ്യക്തിപരമായി എനിക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ജീവിതത്തില്‍ വിജയിക്കുക എന്നത് നമുക്ക് നിര്‍ബന്ധമാണ്. ഇന്ന് ആദ്ധ്യാത്മികത ഒരു കൂട്ടം നിഷേധങ്ങളുടെ സമാഹാരമാണ്. സാധാരണ ജനങ്ങള്‍ ഇത് കണ്ടാല്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദം എന്ന് തീരുമാനിക്കും. വിളക്കില്‍ ശാസ്ത്രീയമായി എങ്ങനെ തിരി ഇടണം എന്ന് അറിയില്ല. മരണാനന്തരക്രിയകള്‍ എന്താണെന്ന് അറിയില്ല. നല്ല ഒരു കുഞ്ഞിനെ എങ്ങനെ സൃഷ്ടിക്കണം എന്ന് അറിയില്ല. മുമ്പ് നമ്മള്‍ ഭാരതീയര്‍ അങ്ങനെയായിരുന്നില്ല.
സാധാരണ ജനങ്ങളെ വൈദിക സംസ്‌ക്കാരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ സാധിക്കും എന്നതാണ് എന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ അനുഭവം. ഇപ്പോള്‍ എനിക്ക് 50000ത്തോളം വരുന്ന ശിഷ്യസമ്പത്തുണ്ട്. കോഴിക്കോട് നഗരത്തില്‍ ഏതാണ്ട് 3000 കുടുംബങ്ങള്‍ പ്രതിദിനം പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. അവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ഉള്ളവര്‍ ഉണ്ട്.
ഇവര്‍ക്കൊക്കെ ഒരേപോലുള്ള വൈദിക ആചരണ രീതികളും ജീവിതരീതികളും ആണ് ഉള്ളത്. വേദസംസ്‌ക്കാരം ഒരേപോലെ ജീവിക്കാന്‍ അവര്‍ക്ക് സാഹചര്യം ഒരുക്കിയിരിക്കുന്നു. അതാണ് ഐക്യമത്യസൂക്തത്തില്‍ വിശദമാക്കുന്ന വൈദിക കാഴ്ചപ്പാട്. ‘സമാനോ മന്ത്ര സമിതി സമാനി…………..’ ഒരേ മന്ത്രം ചൊല്ലുന്ന ഒരേ ജീവിത കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന, ഇത് വേദത്തിലുള്ള ജീവിതരീതിയാണ്. ആ കാഴ്ചപ്പാട് നഷ്ടപ്പെട്ടതുകൊണ്ടാണ് കുടുംബജീവിതങ്ങള്‍ തകരുന്നത്. സാമൂഹിക ജീവിതവും വ്യക്തിജീവിതവും തകര്‍ന്നുപോയി. എങ്ങനെ സമൂഹജീവിതത്തിലും വ്യക്തിജീവിതത്തിലും വൈദികാചരണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആകും. വേദത്തിന്റെ കാഴ്ചപ്പാട് ധര്‍മ്മാര്‍ത്ഥ കാമമോക്ഷമാണ്, ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ട് അര്‍ത്ഥ കാമ മോക്ഷം എന്നിവ നേടുക. നമുക്ക് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാലു ആശ്രമങ്ങള്‍ ഉണ്ട്. ഇത് ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. നാം പുസ്തകങ്ങളിലൂടെ ആദ്ധ്യാത്മികത കാണുന്നു. പുസ്തകങ്ങള്‍ ഉണ്ടാകും മുമ്പ് ഗുരുപരമ്പരകളിലൂടെയായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. വേദത്തില്‍ ഒന്നിനേയും നിഷേധിക്കുന്നില്ല. നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. ‘സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്” ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും. ഇത്തരം വ്യക്തികള്‍ വേദത്തെ മാത്രമല്ല നമ്മുടെ സംസ്‌ക്കാരത്തെത്തന്നെയാണ് നശിപ്പിക്കുന്നത്. ‘ഹിരണ്യം വൈ ആയുഃ’ സ്വര്‍ണ്ണം ആയുസ്സാകുന്നു. നമ്മള്‍ അത് ധരിക്കണം എന്നാണ് വേദം പറയുന്നത്. ആയുര്‍വേദവും ഇത് സമര്‍ത്ഥിക്കുന്നു. നമ്മള്‍ എന്തിനാണ് എല്ലാറ്റിനേയും നിഷേധിക്കുന്നത്. വേദത്തിന്റെ ശക്തി മനസ്സിലാക്കാന്‍ ‘അഗ്നി മീളേ പുരോഹിതം.” എന്ന ഒരു മന്ത്രം മതി. ഋഗ്വേദത്തിലെ ആദ്യ മന്ത്രമാണിത്. ഇന്ത്യന്‍ ഭാഷകളിലെ എല്ലാ സ്വരാക്ഷരങ്ങളും കൃത്യമായി ഈ മന്ത്രത്തില്‍ അടുക്കിവെച്ചിരിക്കുന്നു. ഭാരതത്തിലെ എല്ലാ ഭാഷകളും ഉണ്ടായത് വേദത്തില്‍ നിന്നാണ്.
തുടരും…..

അടുത്ത ഭാഗം
ആത്മവിശ്വാസത്തിന്റെ രഹസ്യത്താക്കോല്‍