ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം നാല്
4. മണ്ഡലകാലത്തെ ഭക്ഷണരീതി
അയ്യപ്പന്‍മാര്‍ ശ്രദ്ധിക്കേണ്ട ആഹാരനീഹാര വിഹാരങ്ങളെക്കുറിച്ച് ഒന്ന് പരിചിന്തനം ചെയ്യാം. ആഹാരത്തില്‍ നാം എന്തിനാണ് ഇത്രയൊക്കെ കര്‍ക്കശത വച്ചുപുലര്‍ത്തുന്നത്.? ഇന്ന് നമുക്ക് ഇടയില്‍ അനേകം രോഗങ്ങള്‍ ഉണ്ട്. ഈ രോഗങ്ങള്‍ക്കെല്ലാം പ്രധാന കാരണം ആഹാരത്തില്‍ വരുന്ന വിഷാംശം ആണെന്ന് അഥര്‍വ്വവേദത്തില്‍ പറഞ്ഞിട്ടുണ്ട്. ആഹാരം എന്നു പറഞ്ഞാല്‍ നാം ചിന്തിക്കുക ഭക്ഷണത്തെക്കുറിച്ചു മാത്രമാണ്. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. എന്നാല്‍ ഒട്ടു തെറ്റുമല്ല. കാരണം ‘ആഹാരം’ എന്ന വാക്കിന് ‘നമുക്ക് വേണ്ടി സ്വീകരിച്ച് എടുക്കുന്നത്’ എന്ന് അര്‍ത്ഥമേ ഉള്ളൂ. ഏതെല്ലാം ആഹാരങ്ങളാണ് നാം സ്വീകരിക്കുന്നത്? നാം കണ്ണിലൂടെ ആഹരിക്കുന്നുണ്ട്. ചില കാഴ്ചകള്‍ നമ്മുടെ ശരീരത്തില്‍ മാറ്റം ഉണ്ടാക്കും. നാം ചെവിയിലൂടെ ആഹരിക്കുന്നുണ്ട്. മൂക്കിലൂടെ ആഹരിക്കുന്നുണ്ട്. വായയിലൂടെയും ആഹരിക്കുന്നുണ്ട്. ത്വക്കിലൂടെയും ആഹരിക്കുന്നുണ്ട്. ഈ ആഹാരങ്ങളെല്ലാം ശുദ്ധമായിരിക്കണം, വിഷം സ്പര്‍ശിക്കാത്തതായിരിക്കണം. രോഗങ്ങള്‍ ഉണ്ടാകരുത്, അമൃതാക്കിമാറ്റിയ ആഹാരം മാത്രമേ കഴിക്കാവൂ. അതുകൊണ്ട് അയ്യപ്പന്മാര്‍ എപ്പോഴും മന്ത്രം ചൊല്ലി അമൃതാക്കിയതേ ഭക്ഷണമായി കഴിക്കുകയുള്ളൂ.
ആഹാരം എന്ന് പറയുന്നത് കേവലം ഭക്ഷണം മാത്രമല്ല, ‘ഭദ്രം കര്‍ണ്ണേഭി ശ്രുണുയാമ ദേവ’ എന്നു വേദത്തിലുണ്ട്. കേള്‍ക്കുന്നത് ഒക്കെയും ഭദ്രമായിരിക്കണം. ‘ഭദ്രം പശ്യേമ’ കാണുന്നതും നമുക്ക് ഭദ്രമായിരിക്കണമെന്നും വേദങ്ങളില്‍ പറയുന്നു (യജുര്‍വേദം 25.21). എങ്കില്‍ മാത്രമേ ഒരു അയ്യപ്പന്റെ മനസ്സ് പൂര്‍ണ്ണമായി ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുകൊണ്ടാണ് നാം അന്യതരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ പാടില്ലെന്നും മറ്റും പറയുന്നത്. മാംസാഹാരം വര്‍ജ്ജിക്കണം. കാരണം മാംസാഹാരം കഴിച്ചാല്‍ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുകയും സാധന അഥവാ തപസ്സ് നശിച്ചുപോകുകയും ചെയ്യും. മദ്യം കഴിക്കാന്‍ പാടില്ല. ‘മധു മാംസം ച വര്‍ജയേത്'(മനുസ്മൃതി 2.177) എന്നും ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. മധുവും മാംസവും വര്‍ജ്ജിക്കണം, കാരണം അതു രണ്ടും വര്‍ജ്ജിച്ചാല്‍ മാത്രമേ ശരീരത്തില്‍ ഏകാഗ്രത ഉണ്ടാകുകയുള്ളൂ. അതായത് സാത്വിക ആഹാരം മാത്രമേ കഴിക്കാവൂവെന്നര്‍ത്ഥം. വ്രതത്തെ പാലിക്കുന്നവര്‍ ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് മനുസ്മൃതിയില്‍ പറയുന്നത് കാണുക.
നോച്ഛിഷ്ടം കസ്യചിദ് ദദ്യാന്നാദ്യാച്ചൈവ തഥാന്തരാ.
ന ചൈവാത്യശനം കുര്യാന്ന ചോച്ഛിഷ്ടഃ ക്വചിദ്വ്രജേത്.
(മനുസ്മൃതി 2.56)
അര്‍ത്ഥം: ഭുക്തശിഷ്ടം ആര്‍ക്കും കൊടുക്കരുത്. ഇടയ്ക്ക് ആഹാരം കഴിക്കരുത്. പതിവുസമയത്തും അമിതമായി ആഹരിക്കരുത്. ആഹാരം കഴിക്കുന്നതിനിടയില്‍ എച്ചില്‍ക്കൈയ്യോടെ എഴുന്നേറ്റ് അങ്ങുമിങ്ങും നടക്കരുത്.
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ ആദ്യം മാറ്റം ഉണ്ടാക്കുന്നത് അന്നമയ കോശത്തിലാണ്. അഥവാ ശരീരത്തിന്റെ പുറംഭാഗങ്ങളില്‍ ആണ്. അപ്പോള്‍ നമ്മുടെ അന്നമയ കോശത്തില്‍ ശുദ്ധമായ മാറ്റം ഉണ്ടാകുവാന്‍ ശുദ്ധമായ ഭക്ഷണമേ കഴിക്കാവൂവെന്ന് പ്രാചീനര്‍ക്ക് അഭിപ്രായമുണ്ട്. എന്നു മാത്രമല്ല ഭക്ഷണശിഷ്ടമായ എച്ചില്‍ സ്വാമി കഴിക്കാന്‍ പാടില്ല. മറ്റൊരാള്‍ കഴിച്ചതിന്റെ ബാക്കി കഴിക്കാന്‍ പാടില്ലെന്നര്‍ത്ഥം. കാരണം അയാളുടെ ഉച്ചിഷ്ടം കഴിച്ചാല്‍ അവരുടെ മനോവ്യാപാരങ്ങള്‍ നമ്മുടെ ഭാഗമായി മാറും എന്നു മാത്രമല്ല വിളമ്പുന്ന ആളുടെ വൃത്തിയെക്കുറിച്ചും വ്രതത്തെക്കുറിച്ചും നമുക്ക് ബോധമുണ്ടാവണം. വ്രതമില്ലാത്തയാളുകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. കാരണം അവരുടെ മനോവൃത്തി അവരുടെ ആഹാരനിര്‍മ്മാണത്തിലും ആഹാരത്തിന്റെ വിളമ്പലിലും ഉണ്ടാകും. ആഹാരം വിളമ്പുമ്പോള്‍ വിളമ്പുന്നവന്റെ മനസ്സ് സാധകനെ ബാധിക്കും. അതുകൊണ്ട് അയ്യപ്പന്‍ ഏതു കാരണവശാലും നല്ല ഭക്ഷണം മാത്രമേ ആഹരിക്കൂവെന്ന് തീര്‍ത്തും ഉറപ്പിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്. അല്ലങ്കില്‍ തെറ്റായ രീതിയിലുള്ള ഭക്ഷണം അദ്ദേഹത്തിന്റെ ഉള്ളിലുള്ള സൂക്ഷ്മമായ ഈശ്വരചൈതന്യത്തെ ഇല്ലാതാക്കാന്‍ കാരണമായേക്കാം. അതുകൊണ്ട് നല്ല ഭക്ഷണം നല്ല രീതിയില്‍ ഉണ്ടാക്കി വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം കഴിക്കാന്‍ അയ്യപ്പന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അഥര്‍വ വേദത്തിലെ ഒരു മന്ത്രമിപ്രകാരമാണ്,
പ്രമുഞ്ചന്തോ ഭുവനസ്യ രേതോ ഗാതും
ധത്ത യജമാനായ ദേവാഃ.
ഉപാകൃതം ശശമാനം യദസ്ഥാത്പ്രിയം
ദേവാനാമപ്യേതു പാഥഃ.
(അഥര്‍വ വേദം 2.34.2)
അര്‍ത്ഥം: അല്ലയോ ഉത്തമഗുണങ്ങളോടു കൂടിയവരേ, വ്രതപാലനത്തിലൂടെ വീര്യത്തെ രക്ഷിക്കുന്ന നിങ്ങള്‍ ഈശ്വരനിലേക്കുള്ള പാതയിലാണ്. നല്ലവണ്ണം സംസ്‌കരിക്കപ്പെട്ടതും മന്ത്രങ്ങളാല്‍ പരിശുദ്ധിപ്പെടുത്തിയതുമായ ഈ സാത്വിക ഭക്ഷണം നിങ്ങള്‍ക്ക് സഹായകരമാകട്ടെ.