മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം മൂന്ന്
അദ്ധ്യായം മൂന്ന്
ഭാഗം 1
പ്രക്ഷിപ്തങ്ങള്‍കൊണ്ടുളള ദോഷങ്ങള്‍ എന്ത്?
മനുസ്മൃതിയില്‍ പ്രക്ഷിപ്തങ്ങള്‍ തിരുകിക്കയറ്റിയവര്‍ക്ക് ഒരു പക്ഷെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ പ്രക്ഷിപ്തങ്ങള്‍ മനുസ്മൃതിക്കും സനാതന വൈദിക ധര്‍മ്മത്തിനും ഉണ്ടാക്കിയെടുത്ത ആഘാതങ്ങള്‍ക്ക് അളവില്ല. പ്രക്ഷിപ്തങ്ങള്‍ ചേര്‍ത്തവര്‍ അതൊന്നും ആലോചിച്ചിട്ടുമുണ്ടാകില്ല. മനുസ്മൃതി അതിന്റെ മൗലിക രൂപത്തില്‍ ശുദ്ധവും, പരിഷ്‌കൃതവും, പക്ഷപാതരഹിതവും ദുരാഗ്രഹമില്ലാത്തതും ഉത്തമാദര്‍ശയുക്തവുമാണ്. എന്നാല്‍ പ്രക്ഷിപ്തങ്ങള്‍ വന്നതോടെ ആ രത്‌നം പങ്കിലമായി. മൗലികവ്യവസ്ഥകള്‍ പാടേ വിപാടനം ചെയ്ത് മനുസ്മൃതിയുടെ സങ്കല്‍പ്പങ്ങളെ തന്നെ സങ്കീര്‍ണ്ണവും വിഭ്രാമജനകവുമാക്കി തീര്‍ത്തു. മാത്രവുമല്ല വൈയക്തികമോ സാമൂഹികമോ ആയ സംരക്ഷണങ്ങള്‍ക്ക് കൊളളാത്തതുമായി മനുസ്മൃതി മാറി.
മറ്റൊന്ന് മനുസ്മൃതി ഭാരതീയ സംസ്‌കൃതിയുടെ രൂപത്തെതന്നെ വികൃതമാക്കുന്നതിലേക്ക് കൊണ്ടു വന്നെത്തിച്ചു. മനുവിന്റെ കാലത്ത് സനാതന സംസ്‌കാരം അത്യുന്നതമായ നിലയിലായിരുന്നു. പക്ഷപാതരഹിതമായ ഭരണ വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നുവെന്നതിന് ഉത്തമമായ തെളിവുകളുണ്ട്. ആധ്യാത്മികമായ അടിസ്ഥാനം നമുക്കുമുണ്ടായിരുന്നു. കര്‍മ്മമായിരുന്നു വര്‍ണ വ്യവസ്ഥയുടെ ആധാരശില. എന്നാല്‍ കാലം ചെന്നപ്പോള്‍ സമസ്ത വിധികളും ശിഥിലങ്ങളായി മാറി. ജന്മനായുളള ജാതി വ്യവസ്ഥ ഇവിടെ കടന്നു വന്നു. കര്‍മ്മാടിസ്ഥാനത്തിലുളള വര്‍ണവ്യവസ്ഥ നാമാവശേഷമായി. അത്യുന്നതന്‍ ബ്രാഹ്മണനാണെന്നും അറിവ് അവന്നു മാത്രമേ ആകാവൂ എന്നും വ്യവസ്ഥയുണ്ടാക്കി. സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും പതിത്വവും തൊട്ടുകൂടായ്മയും കല്‍പ്പിക്കപ്പെട്ടു. ഈദൃശ ചിന്താഗതികള്‍ക്ക് ഉപോല്‍ബലകമായ ശ്ലോകങ്ങള്‍ മനുസ്മൃതിയില്‍ എഴുതി ചേര്‍ക്കപ്പെട്ടു. കാലം ചെന്നപ്പോള്‍ ഇങ്ങനെ ചേര്‍ത്ത ശ്ലോകങ്ങളെല്ലാം കൂട്ടി വായിച്ച മനുസ്മൃതി പഠിതാക്കള്‍ ഇവയെല്ലാം മനുവിന്റെതാണെന്നും ഇത്തരം ചിന്താഗതികള്‍ മനുവിന്റെ കാലത്തുണ്ടായിരുന്നുവെന്ന് വിധി എഴുതി. അങ്ങനെ ജാതീയതയും മാംസഭക്ഷണവും യാഗത്തിലെ പശുഹിംസയും ബഹു ഭാര്യാത്വവുമൊക്കെ അക്കാലത്തുമുണ്ടായിരുന്നുവെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ ഭാരതീയ സംസ്‌കൃതിയെക്കുറിച്ച് മനുസ്മൃതിയുടെതെന്ന മട്ടില്‍ തികച്ചും വികൃത സങ്കല്‍പ്പം നമ്മുടെ മനസ്സില്‍ ചേക്കേറി. ആരും തന്നെ യുക്തിസഹമായി മനുസ്മൃതിയെകുറിച്ച് പഠിച്ചതുമില്ല.
മറ്റൊന്ന് മനുസ്മൃതിയുടെ രചനാകാലത്തെക്കുറിച്ച് പ്രക്ഷിപ്തങ്ങള്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണയാണ്. ഇന്ന് കാണുന്ന സര്‍വ്വ സാധാരണ സംസ്‌കൃത സാഹിത്യങ്ങളേക്കാള്‍ എത്രയോ പ്രാചീനമാണ് യഥാര്‍ത്ഥത്തിലുള്ള മനുസ്മൃതി. എന്നാല്‍ നിരവധി ചരിത്രകാരന്‍മാര്‍ ഈ കൃതി മഹാഭാരതത്തിനുശേഷം ഉണ്ടായതാണെന്ന ധാരണ പരത്തി. യഥാര്‍ത്ഥത്തില്‍ വൈദിക സാഹിത്യത്തിലെ ചില കൃതികള്‍ക്കുളളതിനേക്കാള്‍ കാലപ്പഴക്കം മനുസ്മൃതിക്കുണ്ടെന്ന് നന്നായി പഠിച്ചാല്‍ മനസ്സിലാകും. കുരുക്ഷേത്രം, പാഞ്ചാലം തുടങ്ങിയ പേരുകള്‍ ഈ ഗ്രന്ഥത്തില്‍ ഉളളതാണ് മഹാഭാരതകാലത്തിനുശേഷമാണ് മനുസ്മൃതിയുടെ കാലമെന്ന ചിന്തക്ക് അടിസ്ഥാനമായി ചില ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടത്. പ്രക്ഷിപ്തങ്ങള്‍ കാരണം മനുസ്മൃതിക്ക് മറ്റൊരു പ്രഹരം കൂടി ഏറ്റു. അത് ആ സാഹിത്യത്തിനു വന്ന മൂല്യച്ചുതിയാണ്. ഉല്‍കൃഷ്ടമായ നിരവധി ശാശ്വതങ്ങളും സാര്‍വ്വ ഭൗമങ്ങളുമായ സിദ്ധാന്തങ്ങള്‍ പാടേ ജനതതി ഉപേക്ഷിക്കാന്‍ കാരണമായി. അങ്ങനെ സാഹിത്യത്തിലെ കിടയറ്റ ഒരു ഗ്രന്ഥം കാശിനുകൊളളാത്ത കത്തിച്ചു കളയേണ്ട ഒന്നായി ഗണിക്കപ്പെട്ടു.
ഇതു കൂടാതെ പ്രാമാണികമായി കരുതിയിരുന്ന ഈ ഗ്രന്ഥം രചയിതാവ് ആരെന്നറിയാത്തതിനാല്‍ പ്രാമാണികത്വം നഷ്ടപ്പെട്ട ഒന്നായി മാറി. അനേകശതം പ്രക്ഷിപ്തങ്ങള്‍ കാരണം ഈ കൃതിയുടെ രചയിതാവ് ആരെന്ന സംശയം ജനിച്ചു. ബുദ്ധിമാന്‍മാര്‍ ഇത് യഥാര്‍ത്ഥമായ ഒരു ഗ്രന്ഥമാണോയെന്നും ഇതിലെ ശ്ലോകങ്ങള്‍ പ്രാമാണികമായി കരുതാമോയെന്നുമൊക്കെയുളള ആശങ്കകളാല്‍ ത്യാജ്യ കൃതികളുടെ കൂട്ടത്തിലേക്ക് ഇതിനെ തള്ളാന്‍ ഇടയാക്കി. മനുസ്മൃതിയുടെ ഒന്നാം അദ്ധ്യായത്തില്‍ ഒന്നാം ശ്ലോകത്തില്‍ ഇത് രചിച്ചത് മനുവാണെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതേ അദ്ധ്യായത്തിലെ 59-ാം ശ്ലോകത്തില്‍ ഭൃഗു ഉപദേശിച്ചതാണിതെന്നും പറയുന്നു. എന്നാല്‍ 11-ാം അദ്ധ്യായത്തില്‍ 243-ാം ശ്ലോകത്തില്‍ പ്രജാപതിയാണ് ഇത് രചിച്ചതെന്ന് പറയുന്നു. എന്നാല്‍ ഒന്നാം അദ്ധ്യായത്തില്‍ തന്നെ 58ാം ശ്ലോകത്തില്‍ ബ്രഹ്മാവാണ് ഇത് രചിച്ചതെന്നും പറയുന്നു. ബുദ്ധിയുളള ഏതൊരു വ്യക്തിയും ഈ കൃതി തളളിക്കളഞ്ഞില്ലെങ്കിലേ അത്ഭുതമുളളൂ. അതുകൊണ്ടാണ് നേരത്തെ നാം ഇതിന്റെയെല്ലാം നേര്‍ക്കാഴ്ചയാണെന്ന് ചിന്തിച്ചത്.
പ്രക്ഷിപ്തങ്ങള്‍ തിരുകി കയറ്റിയതോടെ മനുമഹര്‍ഷിയുടെ വ്യക്തിത്വത്തിന് തീരാക്കളങ്കമേറ്റ് ധര്‍മ്മത്തിന്റെ പ്രോക്താവെന്ന വൈദികകാലത്തെ അദ്ദേഹത്തിന്റെ കീര്‍ത്തിക്ക് മങ്ങലേറ്റു. വൈദികകാലത്തിനുശേഷം ഉണ്ടായ പല കൃതികളും മനുസ്മൃതിയെ ആശ്രയിച്ചാണ് എഴുതിയിരുന്നത്. ഋഷിമുനിമാരും മനുസ്മൃതിയെ ആശ്രയിച്ച് സനാതന ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ഔഷധങ്ങളുടെ ഔഷധമാണ് മനു പറഞ്ഞതെല്ലാമെന്ന് തൈത്തിരീയ സംഹിതയേപ്പോലുളള പ്രാചീന വൈദികഗ്രന്ഥങ്ങള്‍ സാക്ഷി പറയുമ്പോഴാണ് മനുവിന് പ്രാചീനകാലത്ത് ഭാരതത്തിലുണ്ടായിരുന്ന മഹിമ നമുക്ക് മനസ്സിലാവുക. എന്നാല്‍ പ്രക്ഷിപ്തങ്ങള്‍ കടന്നു വന്നതോടെ ഈ മഹിമക്കാണ് തീരാകളങ്കമേറ്റത്.
ഇന്നാളുകള്‍ക്ക് മനുസ്മൃതിയോട് വെറുപ്പാണ്. സ്വാര്‍ത്ഥമോഹങ്ങള്‍ പാരാട്ടുന്ന ബ്രാഹ്മണരുടെ ഗ്രന്ഥമാണിതെന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്നു. സ്ത്രീകളെ നിന്ദിച്ചു പറഞ്ഞിരിക്കുന്നതിനാല്‍ സമൂഹമൊന്നാകെ അതിനെ എതിര്‍ക്കാനാരംഭിച്ചു. സാമുദായിക സ്പര്‍ദ്ധക്കും ലിംഗവിവേചനത്തിന്റെ മൂലകാരണവുമായി മനുസ്മൃതി ഗണിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ഈ കൃതി അവഗണനയുടെ ചവറ്റുകൊട്ടയിലേക്ക് എടുെത്തറിയപ്പെട്ടു.
2685 ശ്ലോകങ്ങളടങ്ങിയ ഈ ഗ്രന്ഥത്തിലെ 1471 ശ്ലോകങ്ങളും പ്രക്ഷിപ്തമാണ്. 1216 ശ്ലോകങ്ങളേ മൗലികമായിട്ടുള്ളൂ. ഈയൊരൊറ്റ വസ്തുത മാത്രം മതി മനുസ്മൃതി എന്തുകൊണ്ട് ഇത്ര മാത്രം വികൃതവും നിന്ദ്യവും നീചവുമെന്നറിയാന്‍. 11-ാം അദ്ധ്യായത്തിലാണ് ഏറ്റവും കൂടുതല്‍ പ്രക്ഷിപ്തമുളളത്. അവിടെ 234 പ്രക്ഷിപ്ത ശ്ലോകങ്ങളുണ്ട്. രണ്ടാം സ്ഥാനം രണ്ടാം അദ്ധ്യായത്തിനു തന്നെ. അവിടെ 202 പ്രക്ഷിപ്തങ്ങളാണ് ഉളളത്. ഏറ്റവും കുറവ് പ്രക്ഷിപ്തങ്ങളുളളത് ആറാം അദ്ധ്യായത്തിലാണ്. അവിടെ ആകെയുളള ശ്ലോകങ്ങള്‍ 97. അതില്‍ പ്രക്ഷിപ്തങ്ങളാകട്ടെ 33ഉം. ഇതാണ് ഇന്ന് ലഭ്യമായ മനുസമൃതിയുടെ ദുരവസ്ഥ. (പട്ടിക ഒന്ന്)
മനുസ്മൃതിയുടെ യഥാര്‍ത്ഥമുഖമെന്തന്നറിയാന്‍ മനുവിന്റെ സിദ്ധാന്തങ്ങളെന്തെന്നാണ് അറിയേണ്ടത്. വര്‍ണവ്യവസ്ഥ ജന്മനാ ഉളളതാണെന്ന് മനു പറയുന്നില്ല. കര്‍മ്മമാണ് വര്‍ണത്തിന്റെ അടിസ്ഥാനം. വര്‍ണ്ണവ്യവസ്ഥ ജന്മനാ ഉളളതാണെങ്കില്‍ പിന്നെന്തിന് കര്‍മവിഭജനം വേണം? കര്‍മവിഭജനം അനാവശ്യമായിത്തീരും. ബ്രാഹ്മണനായാല്‍പ്പോലും സ്വധര്‍മ്മം നിര്‍വ്വഹിക്കാത്ത പക്ഷം ശൂദ്രനായി മാറുമെന്നാണ് വൈദിക സിദ്ധാന്തം. ഇത്തരത്തില്‍ ശൂദ്രനായിത്തീര്‍ന്നവനും സ്വന്തം തെറ്റുകള്‍ തിരുത്തി സല്‍ക്കര്‍മ്മങ്ങള്‍ പ്രായശ്ചിത്തമായി ചെയ്താല്‍ സ്വവര്‍ണത്തിലേക്ക് വീണ്ടും മടങ്ങി വരികയും ചെയ്യാം. മനു വ്യക്തിയുടെ മഹിമയും മാന്യതയും കല്‍പ്പിച്ചത് ആ വ്യക്തിയുടെ ഗുണത്തെ ആധാരമാക്കിയാണ്. സ്വകര്‍മ്മം അനുസരിച്ച് വരിക്കുന്നതാണ് വര്‍ണമെന്ന് യാസ്‌ക്കന്‍ നിരുക്തത്തില്‍ പറഞ്ഞിട്ടുണ്ട്താനും. ആ പ്രസ്താവം ഇങ്ങനെയാണ്- ‘വര്‍ണോവൃണുതേ’ (2-1-4) കര്‍മ്മാനുസാരമാണ് വര്‍ണത്തിന് പേരും മറ്റും ലഭിച്ചതും.
വര്‍ണവ്യവസ്ഥ കര്‍മ്മത്തിലൂടെയാണെന്ന് പ്രഖ്യാപിച്ചത് വേദങ്ങളാണ്. വിഖ്യാതമായ പുരുഷ സൂക്തം യജുര്‍വേദത്തിലുളളതാണ്. അവിടെയാണ് നാല് വര്‍ണങ്ങളെകുറിച്ച് പറഞ്ഞിട്ടുളളത്. അവിടെ ബ്രഹ്മാവിന്റെ അംഗങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യമുണ്ടായെന്ന് പറഞ്ഞിട്ടില്ല. ബ്രാഹ്മണന്‍ മുഖത്തുനിന്നുണ്ടായെന്നൊന്നും അവിടെ പറഞ്ഞിട്ടേയില്ല. ബ്രാഹ്മണന്‍ അഥവാ അറിവുള്ളവന്‍ സമൂഹത്തിന്റെ മുഖമാണെന്നാണ് പറഞ്ഞുവെച്ചത്. (39) ഈ വിഖ്യാതമായ മന്ത്രത്തിന് താണ്ഡ്യ ബ്രാഹ്മണത്തില്‍ കൃത്യമായ വ്യാഖ്യാനം കൊടുത്തിട്ടുണ്ട്. ‘ബ്രാഹ്മണോ മനുഷ്യാണാം മുഖം’ എന്ന് കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ട്. ശതപഥ ബ്രാഹ്മണത്തിലും ഇക്കാര്യം തുറന്നു പറഞ്ഞത് കാണുക. ‘അസ്യസര്‍വസ്യ ബ്രാഹ്മണോ മുഖം'(3/9/1/14)ഇവിടെയൊന്നും ബ്രാഹ്മണന്‍ ജാതിയല്ല വര്‍ണം മാത്രമാണ്.
മറ്റൊന്ന് മാംസഭക്ഷണവും പശുയജ്ഞവും പാപമാണെന്ന കാഴ്ചപ്പാടാണ് വേദത്തിനുളളത്. മറ്റൊരു പ്രധാനകാര്യം മരിച്ചു പോയവര്‍ക്ക് ചെയ്യുന്ന മൃതപിണ്ഡത്തെ മനു അംഗീകരിച്ചിരുന്നില്ല എന്നതാണ്. ജീവിച്ചിരിക്കുമ്പോള്‍ മാതാവിനും പിതാവിനും ആചാര്യനും ശ്രദ്ധയോടെ നല്‍കുന്ന സേവനമാണ് പിതൃ യജ്ഞം, ഇതിന് രണ്ടു രീതിയുണ്ട്. തര്‍പ്പണവും ശ്രാദ്ധവും. ഏതു കര്‍മ്മം കൊണ്ടാണോ ദേവന്‍മാര്‍ക്കും അതായത് വിദ്വാന്‍മാര്‍ക്കും ജീവിച്ചിരിക്കുന്ന പിതൃതുല്യരായ ഋഷിമാര്‍ക്കും എല്ലാം നല്‍കി തൃപ്തരാക്കുന്നത് അതാണ് തര്‍പ്പണം. പ്രമാണമിങ്ങനെ:
യേനകര്‍മണാവിദുഷോ ദേവാന്‍ ഋഷീന്‍
പിതൃംശ്ചതര്‍പയതി തത്തര്‍പ്പണം.
ഇങ്ങനെ വിദ്വാന്‍മാര്‍ക്കും പിതൃക്കള്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധയോടെ ചെയ്യുന്ന സേവനം ശ്രാദ്ധമാകുന്നുവെന്നും ഋഷിമാര്‍ പറയുന്നു. പ്രമാണമിതാ:
‘യത് തേഷാം ശ്രദ്ധയാ സേവനം
ക്രിയതേ തത് ശ്രാദ്ധം.’
മരിച്ചവര്‍ക്കുവേണ്ടി ഇവ രണ്ടും ചെയ്തതുകൊണ്ട് ഒരു ഫലവുമില്ലെന്നിരിക്കെ ഇതിന് ശാസ്ത്ര പിന്തുണയുമില്ല. പിതൃക്കള്‍ എന്നതിന് സംസ്‌കൃതത്തില്‍ പിതരഃ എന്നു പറയുന്നു. എന്താണ് ഈ ശബ്ദത്തിന് അര്‍ത്ഥമെന്ന് ഗോപഥ ബ്രാഹ്മണം നോക്കിയാല്‍ കാണാം.
ദേവാഃ വാ ഏതേ പിതരഃ (ഗോപഥം 1/24)
സ്വിഷ്ടകൃതോ വൈ പിതരഃ (ഗോപഥം 1/28)
സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്ത് പാലിക്കുന്നവരും ഇഷ്ടം സാധിക്കുന്ന വിദ്വാന്‍മാരും പിതൃക്കളത്രെയെന്ന് മുകളിലെ പ്രസ്താവങ്ങള്‍ക്ക് അര്‍ത്ഥം.
ഇനി നമുക്ക് സ്ത്രീകളെ, സംബന്ധിച്ച് മനുവിനുളള അഭിപ്രായമെന്തെന്ന് പരിശോധിക്കാം.
(1) ”ഏതൊരു കുലത്തില്‍ സ്ത്രീകള്‍ പിത്രാദിക ളാല്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവത കള്‍ പ്രസാദിക്കപ്പെടുന്നു. എവിടെ സ്ത്രീകള്‍ ആദരിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന യാ ഗാദി ക്രിയകളെല്ലാം നിഷ്ഫലമായിപ്പോകും.” (മനു 3-56) (40)
(2) കുല സ്ത്രീകള്‍ ദു:ഖിക്കാന്‍ ഇടവരുന്നകാലം ശീഘ്രം നശിച്ചുപോകുന്നു. ഇവര്‍ ദു:ഖിക്കാനിട വരാത്ത കുലങ്ങളില്‍ സദാ സമ്പത്ത്, സ ന്തോ ഷം തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്നു.(3-57) (41)
(3) ‘യഥായോഗ്യം സത്കാരം കിട്ടാത്ത കുലസ്ത്രീ കള്‍, ഇവിടം മുടിഞ്ഞുപോകട്ടെ’യെന്ന് ഏതൊരു കുലത്തെ ശപിക്കുന്നുവോ ആ കുലം ദുര്‍ദ്ദേവത ബാധിച്ചതു പോലെ എല്ലാ തരത്തി ലും നാശമടയും. (3-58) (42)
(4) ‘അതിനാല്‍ ക്ഷേമം ഉണ്ടാവണമെന്ന് ആഗ്രഹിക്കു ന്ന ആളുകള്‍ വിവാഹം, ഉപനയനം തുടങ്ങിയ വിശേഷ അവസരങ്ങളില്‍ എപ്പോഴും സ് ത്രീക ളെ ആഭരണം, വസ്ത്രം, ആഹാരം എന്നിവ നല്‍ കി ബഹുമാനിക്കേണ്ടതാകുന്നു.’ (3-59) (43)
(5) ‘ഏതു കുലത്തില്‍ ഭര്‍ത്താവ് ഭാര്യയാല്‍ സന്തുഷ് ട നും ഭാര്യ ഭര്‍ത്താവിനാല്‍ സന്തുഷ്ടയുമാണോ ആ കുലത്തില്‍ എന്നും ശ്രേയസ്സു ണ്ടാകും. തീര്‍ ച്ച.'(മനു 3-60)(44)
യജുര്‍വ്വേദത്തില്‍ സ്ത്രീകള്‍ക്ക് വേദാധ്യയന ത്തിനും ഉപനയനത്തിനും അവകാശമുണ്ടെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
‘ഏവര്‍ക്കും മംഗളം ചെയ്യുന്ന വേദവാണിയെ ഞാന്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ശുദ്രന്‍, ഭൃത്യര്‍, സ്ത്രീകള്‍ തുടങ്ങിയ എല്ലാവര്‍ക്കും, അതി ശുദ്രന്മാര്‍ക്കുപോലും ഉപദേശിക്കുന്നു.’ (യജുര്‍ വേദം 26/2) (45)
മനു സ്ത്രീയെയും പുരുഷനെയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതത്തോടെ കണ്ടിട്ടില്ല. നേരത്തേ നാം സ്ത്രീകള്‍ മന്ത്രോച്ചാരണം നടത്തേണ്ടതില്ലെന്ന് കാണിച്ചു കൊണ്ടുളള മനുസ്മൃതിയിലെ ആക്ഷേപങ്ങള്‍ കണ്ടു. (2-66, 67) എന്നാല്‍ മനുസ്മൃതിയില്‍ പലയിടത്തും, വേദങ്ങളിലും സ്ത്രീകള്‍ക്ക് യജ്ഞം തുടങ്ങിയ ധാര്‍മ്മികകാര്യങ്ങളിലും വേദാധ്യയനത്തിനും വിധിയുണ്ടെന്ന് നമുക്ക് കാണാം. ഉദാഹരണത്തിന് ജാതകര്‍മ്മ ത്തെ കുറിച്ചിട്ട് പറയുന്ന ഭാഗം നോക്കുക- നാഭീച്ഛേദനത്തിന് മുന്‍പ് ശിശുവിന്റെ ജാതകര്‍മ സംസ്‌കാരം നടത്തേണ്ടതാണ്. നെയ്യ്, മധു ഇവയില്‍ സ്വര്‍ണം അരച്ച് മന്ത്രപൂര്‍വ്വം കൊടുക്കേണ്ടതും അപ്പോള്‍ത്തന്നെ (മനു 2-29) (46)
ഇവിടെ കുട്ടി സ്ത്രീയാണോ, പുരുഷനാണോ എന്ന ഭേദം പറയുന്നില്ല. ‘മന്ത്രവത് പ്രാശനം ചാസ്യ’ എന്ന ഒറ്റ സ്‌തോത്രം കൊണ്ട് മന്ത്രോച്ചാരണത്തിനോ മന്ത്രം കേള്‍ക്കുന്നതിനോ ലിംഗഭേദം പരിഗണിച്ചില്ല മനുവെന്ന് ഉറപ്പാണ്. അതേപോലെ രണ്ടാം അദ്ധ്യായത്തില്‍ സ്ത്രീകള്‍ക്കുളള നാമകരണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2-33 നോക്കുക). നാമകരണ സംസ്‌കാരം യജ്ഞ വിധാനത്തോടെയാണ് ചെയ്യാറ്. അപ്പോള്‍ സ്ത്രീകള്‍ മന്ത്രം കേള്‍ക്കരുതെന്ന് മനു കരുതിയിരുന്നെങ്കില്‍ ഒരിക്കലും ഇത്തരത്തിലുളള ഒരു വിധാനത്തെ കുറിച്ച് അദ്ദേഹം അനുശാസിക്കുമായിരുന്നില്ല. അതിനാല്‍ സ്ത്രീകള്‍ക്ക് മന്ത്ര നിഷേധം ചെയ്തു കൊണ്ടുളള ശ്ലോകം മനുസ്മൃതിയില്‍ പ്രക്ഷിപ്തമാണെന്നു മനസ്സിലാക്കാം. കൂടാതെ മന്ത്ര വിധാനത്തില്‍ വിവാഹ സംസ്‌കാരത്തെക്കുറിച്ച് പറയുന്ന മറ്റൊരു ശ്ലോകം കാണുക.
യജ്ഞേ തു വിതതേ സമ്യഗ്ഋത്വിജേ കര്‍മ്മം കുര്‍വതേ
അലംകൃത്യ സുതാദാനം ദൈവം ധര്‍മം പ്രചക്ഷതേ
(മനുസ്മൃതി 3-28)
അര്‍ത്ഥം: വിസ്തൃതമായ യജ്ഞത്തില്‍ വലിയ വലിയ വിദ്വാന്‍മാരെ വരിച്ച ശേഷം, ആ യജ്ഞത്തില്‍ കര്‍മം ചെയ്യാനുള്ള വിദ്വാന്‍മാരുടെ മുന്‍പില്‍ വെച്ച് വസ്ത്രം, ആഭരണം എന്നിവ അണിയിച്ച് സുശോഭിതയാക്കി കന്യകയെ നല്‍കുന്നതാണ് ദൈവവിവാഹം. ജ്യോതിഷ്‌ടോമം തുടങ്ങിയ യജ്ഞങ്ങളില്‍ നടക്കുന്ന വിവാഹമെന്ന് പല വ്യാഖ്യതാക്കളും ഈ ശ്ലോകത്തിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഋത്വിക്കുകളെ വരിച്ച് ചെയ്യുന്ന വിവാഹ സംസ്‌കാരമാണ് ഇവിടെ ദൈവവിവാഹമെന്ന് പ്രതിപാദിച്ചിരിക്കുന്നത്. വിവാഹയജ്ഞമാണ് മനു വിധിച്ചിട്ടുളളത്. ഈ യജ്ഞത്തില്‍ അനേകം വേദമന്ത്രങ്ങള്‍ കടന്നു വരും. ഇവ സ്ത്രീയും കൂടിച്ചേര്‍ന്ന് ചൊല്ലേണ്ടതും ക്രിയകളില്‍ പങ്കു കൊള്ളേണ്ടതുമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്ത്രീ വിരുദ്ധനാണ് മനു എങ്കില്‍, മന്ത്രങ്ങള്‍ സ്ത്രീകള്‍ ചൊല്ലരുതെന്ന അഭിപ്രായക്കാരനാണ് മനുവെങ്കില്‍ ഈ പ്രസ്താവന അദ്ദേഹം നടത്തുകയില്ലെന്ന് ഉറപ്പ്. എന്തിന് സ്ത്രീകളുടെ അന്ത്യേഷ്ടി പോലും അഗ്നിഹോത്രാദി കര്‍മ്മങ്ങളോടെ വേണമെന്ന് മനു വിധിച്ചിട്ടുണ്ട് നോക്കുക.
”ഈ മുന്‍ചൊന്ന ആചാരങ്ങള്‍ പാലിക്കുന്ന സ്ത്രീ ഭര്‍ത്താവിനു മുന്‍പെ മരിച്ചാല്‍ ധര്‍മമറിയുന്ന വ്യക്തി യജ്ഞപാത്രമുപയോഗിച്ച് അഗ്നിഹോത്ര വിധിയോടെ അവളുടെ ദാഹസംസ്‌കാരം നടത്തണം.'(5-167)(47) ഇതെല്ലാം കാണിക്കുന്നത് സ്ത്രീകള്‍ മന്ത്രം കേള്‍ക്കരുതെന്ന സ്മൃതി വചനം പ്രക്ഷിപ്തമാണെന്നു തന്നെയാണ്.
വീണ്ടും സ്ത്രീകളുടെ ധര്‍മ്മത്തെക്കുറിച്ച് പറയുമ്പോള്‍ മനു സൂചിപ്പിക്കുന്നതിങ്ങനെയാണ്. തന്റെ സ്ത്രീക്ക്(ഭാര്യ) ധനം സൂക്ഷിക്കുക, ധനം ചെലവഴിക്കല്‍, വീടും പരിസരവും ശുദ്ധമാക്കിവെക്കല്‍, ധര്‍മ്മ സംബന്ധമായ അനുഷ്ഠാനങ്ങള്‍ അതായത് അഗ്നിഹോത്രം, സന്ധ്യ, സ്വാധ്യായം തുടങ്ങിയവ ചെയ്യുവാനും (മനുസ്മൃതി 6-93 നോക്കുക) ഭക്ഷണം പാചകം ചെയ്യല്‍, എല്ലാ ഗൃഹോപകരണങ്ങളുടെയും മേല്‍നോട്ടം എന്നിവയുടെയും ചുമതല നല്‍കണം. (മനുസ്മൃതി 9-11) (48). കൂടാതെ സ്ത്രീക്കുള്ള ചുമതലകള്‍ അല്‍പ്പം കൂടി വിശദീകരിക്കുന്നിടത്ത് മന്ത്രാധികാരം വ്യക്തമാകും. സന്താനലാഭം, അഗ്നിഹോത്രം തുടങ്ങിയ ധര്‍മ്മ കൃത്യങ്ങള്‍, പരിചരണം, ഉത്തമരതി, പിതൃക്കളുടെയും തന്റെയും സ്വര്‍ഗപ്രാപ്തി ഇവയെല്ലാം ഭാര്യാധീനമാകുന്നു.(മനു – 9-28) (49)
ശൂദ്രരെക്കുറിച്ച്
ശൂദ്രര്‍ അസ്പൃശ്യരാണെന്ന ധാരണ മനുവിന് ഉണ്ടായിരുന്നതായി നമുക്ക് തോന്നാം. ദ്വിജാതികളെ സേവിക്കലാണ് ശൂദ്രന്റെ കര്‍ത്തവ്യമെന്ന് മനു പറഞ്ഞിട്ടുണ്ട്.(മനു 1-91)(50) എഴുത്തും വായനയും അറിയാത്ത മൂന്നു വര്‍ണങ്ങളില്‍ ഏതെങ്കിലും ഒരു വര്‍ണത്തെ സ്വീകരിക്കാന്‍ തയ്യാറാവാത്തവനാണ് ശൂദ്രനായിത്തീരുന്നത്. അഭിവാദനത്തിന് അനുരൂപമായി പ്രത്യഭിവാദനം ചെയ്യാതിരിക്കുന്നവന്‍ ശൂദ്രനെപ്പോലെയാകുന്നുവെന്ന് പറഞ്ഞതില്‍ നിന്ന് (മനു 2-126)(51). ശൂദ്ര സങ്കല്പത്തെക്കുറിച്ച് അല്‍പം നമുക്ക് മനസ്സിലാകും. ശ്രദ്ധാവാന്‍ ശ്രേയസ്‌കരമായ വിദ്യയെ ശൂദ്രനില്‍ നിന്നു പോലും ഗ്രഹിക്കേണ്ടതാകുന്നു. മോക്ഷധര്‍മ്മം ചണ്ഡാളനില്‍ നിന്നുപോലും ഗ്രഹിക്കാം. (മനു 2-238)(52) വേദങ്ങളില്‍ ശൂദ്രരും അഗ്നിഹോത്രം ചെയ്യണമെന്ന് നമുക്ക് കാണാം.
‘പഞ്ച ജനാഃ മമഹോത്രം ജൂഷധ്വം” (ഋഗ്വേദം 10. 53 14-5)
നിരുക്തത്തില്‍ പഞ്ചജനാ എന്നതിന് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, നിരാമിഷഭോജിയായ നിഷാദന്‍ എന്നിങ്ങനെയാണ് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്.(നിരുക്തം 3/2/7)
തൊണ്ണൂറിന് മേല്‍ വയസ്സുളള ശൂദ്രന്‍ ദ്വിജന്മാര്‍ക്കും മാനാര്‍ഹനാകുന്നുവെന്ന് മനു തന്നെ പറയുന്നുണ്ട്. കാണുക
സോളത്രമനാര്‍ഹഃ ശൂദ്രോ പി ദശമീം ഗതഃ (മനു 2-137)
ശൂദ്രനും ദ്വിജനാകാമെന്ന അഭിപ്രായക്കാരന്‍ കൂടിയാണ് മനുവെന്ന് മനസ്സിലാക്കണം. (മനുസ്മൃതി 9-335)(53) മനുവിന്റെ ആ പ്രസ്താവം ഇങ്ങനെയാണ്. ശുദ്ധവും പവിത്രവുമായ ശരീരവും മനസ്സുമുള്ള തന്നേക്കാള്‍ ഉല്‍കൃഷ്ടമായ വര്‍ണത്തില്‍പ്പെട്ടവരെ സേവിക്കുന്ന മധുരഭാഷിയായ, അഹങ്കാരരഹിതനായ സദാ ബ്രാഹ്മണന്‍ തുടങ്ങിയ മൂന്ന് വര്‍ണങ്ങളില്‍പ്പെട്ടവരെ സേവിക്കുകയും ചെയ്യുന്ന ശുദ്രന്‍ ഉത്തമ ബ്രഹ്മ ജന്മാന്തര്‍ഗതമായ ദ്വിജ വര്‍ണത്തെ പ്രാപിക്കുന്നു. മറ്റൊരു തരത്തില്‍ ദ്വിജനാകുന്ന വഴി മനു തന്നെ പറയുന്നുണ്ട് പത്താം അധ്യായത്തില്‍ (65 ാം ശ്ലോകം നോക്കുക)
സ്വര്‍ഗ്ഗ നരകങ്ങള്‍ മനുദൃഷ്ടിയില്‍
ഈ ലോകത്തില്‍നിന്നു ഭിന്നമായ ഒരുസ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്ന് മനു വിശ്വസിക്കുന്നില്ല. സുഖം ലഭിക്കുന്നത് സ്വര്‍ഗ്ഗം. ദു:ഖമുണ്ടാകുന്നത് നരകം. ഇവ രണ്ടും ഈ ലോകത്തില്‍ നിന്നു തന്നെ കിട്ടുന്നതാണ്. മനു സ്വര്‍ഗ്ഗമെന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ഇഹലോകത്തെ സുഖവും മോക്ഷ സുഖവുമാണ് ഉദ്ദേശിക്കുന്നത്. മരണാനന്തരം ലഭിക്കുന്ന ഒരു ലോകമായി മനു ഒരിക്കലും സ്വര്‍ഗ്ഗത്തെ കണ്ടിട്ടില്ല. മൂന്നാം അദ്ധ്യായം 79-ാംശ്ലോകത്തില്‍ അക്ഷയ സുഖം അഥവാ മോക്ഷമെന്ന അര്‍ത്ഥത്തില്‍ മനു സ്വര്‍ഗ്ഗമെന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. സുഖത്തിന്റെ പര്യായവാചിയായി പലയിടങ്ങളിലും സര്‍ഗ്ഗമെന്ന വാക്ക് ഉപയോഗിച്ചിട്ടുളളതിന് തെളിവിതാ:
(1) ‘അസ്വര്‍ഗ്യം ചാതിഭോജനം” (മനു 2/57)
അമിത ഭക്ഷണം സ്വര്‍ഗ്ഗപ്രാപ്തിക്ക് വിഘാതമാണ്.
(2) ദാരാധീനസ്ഥതഥാ സ്വര്‍ഗ്ഗഃ പിതൃണാമാത്മനശ്ച ഹ
(മനു 9-28)
ഭാര്യാധീനമാകുന്നു തന്റെ സ്വര്‍ഗ്ഗ പ്രാപ്തിയെന്നര്‍ത്ഥം.
(3) ‘സ്വര്‍ഗ്ഗായുഷ്യയശസ്യാനി പ്രവതാനീമാനി ധാരയേത്’ (മനു 4-13)
ധര്‍മനിഷ്ഠനായ ബ്രാഹ്മണന്‍ സ്വര്‍ഗ്ഗവ്രതങ്ങള്‍ പ്രാപകവും ആയുര്‍വര്‍ദ്ധകവും യശസ്‌കരവുമായ വ്രതങ്ങള്‍ അനുഷ്ഠിക്കണം.
(4) ‘ഇദമന്വിച്ഛതാം സ്വര്‍ഗമിദമാനന്ത്യമിച്ഛതാം’ (മനു 6-84)
സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ക്കും അപവര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ക്കും ആശ്രയം വേദം തന്നെ.
മരണാനന്തരം സ്വര്‍ഗ്ഗനരകങ്ങളില്‍ ചെന്നെത്തുമെന്ന് മനു വിശ്വസിക്കുന്നതേയില്ല. മറിച്ച് മനുസ്മൃതി 12-ാം ാംഅദ്ധ്യായം 9,39 മുതല്‍ 52 വരെയുള്ള ശ്ലോകങ്ങളില്‍ മരണപര്യന്തം കര്‍മ്മാനുസാരം വിഭിന്ന യോനികളില്‍ചെന്നു പിറക്കുമെന്നാണ് പറഞ്ഞിട്ടുളളത്.
നരകകല്‍പ്പനയും മനു വിരുദ്ധമാണ്. നരകശബ്ദം സ്വര്‍ഗത്തിന് വിപരീതമാണ്. നരക ശബ്ദത്തിന് നിരുക്തത്തില്‍ നല്‍കിയ അര്‍ത്ഥം കാണുക.’നരകന്യരകം നീചൈര്‍ഗമനം ഇതിവാ’ ദു:ഖം, അധഃപതനം, അവനതി എന്നിവയുടെ പേരാണ് നരകമെന്നര്‍ത്ഥം (നിരുക്തം 1/3/11) മരണാനന്തരം ജീവന് രണ്ട് അവസ്ഥകളെ മനു പറയുന്നുളളൂ. ഒന്ന് സംസാര ചക്രത്തിലെ സ്ഥാവര ജംഗമ യോനികളിലുളള ജന്മം (നോക്കുക മനുസ്മൃതി 6/63, 74 12/9 39, 52 എന്നീ ശ്ലോകങ്ങള്‍) രണ്ടാമത്തേത് ബ്രഹ്മ പ്രാപ്തി (നോക്കുക 4/149, 6/81, 12/116, 125 ) അതിനാല്‍ നരകമെന്നത് പ്രത്യേകമായ ലോകമോ യോനിയോ അല്ലെന്ന് ഉറപ്പ്. അതിനാല്‍തന്നെ നാലാം അധ്യായം 81, 87 മുതല്‍ 91 വരെ ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്ന 21 നരകങ്ങളെക്കുറിച്ചുളള പ്രസ്താവന പ്രക്ഷിപ്തമാണെന്ന് ഉറപ്പിക്കാം.
പ്രേതശുദ്ധി എന്ന കാഴ്ചപ്പാട് മനു പറഞ്ഞതല്ല. പ്രേതശുദ്ധി അഥവാ പുലയും സൂതകശുദ്ധി അഥവാ വാലായ്മ എന്നിവയുടെ പേരില്‍ ഇന്നു നടപ്പിലുളള പല കാഴ്ചപ്പാടുകളും മനുവിന് സ്വീകാര്യമല്ല. അത്തരത്തില്‍ അഭിപ്രായപ്പെടുന്ന ശ്ലോകങ്ങളെല്ലാം പ്രക്ഷിപ്തമായി കണക്കാക്കാം. അശുദ്ധി ഉണ്ടായാല്‍ ശരീരശുദ്ധിക്ക് ജലം തുടങ്ങിയവയും മന:ശുദ്ധിക്ക് ജപം തുടങ്ങിയവയുമാണ് ആചരിക്കേണ്ടതെന്ന് മനു പറയുന്നുണ്ട്.
ബ്രഹ്മജ്ഞാനം, തപസ്സ്, അഗ്നി, ആഹാരം, മുത്ത്, മനസ്സ്, ജലം, ഉപലേപനം, വായു കര്‍മ്മം, സൂര്യന്‍, കാലം എന്നിവ മനുഷ്യര്‍ക്ക് ശുദ്ധി സാധനങ്ങളാകുന്നു.
പരാപകാരത്തിനു പ്രതികാരം ചെയ്യാതെ ക്ഷമിക്കുന്നതുകൊണ്ട് പണ്ഡിതന്‍മാരും, അവിഹിത കര്‍മ്മങ്ങള്‍ ചെയ്തവര്‍ ദാനം കൊണ്ടും, രഹസ്യമായി പാപം ചെയ്യുന്നവര്‍ ജപം കൊണ്ടും വേദജ്ഞന്‍മാര്‍ തപസ്സുകൊണ്ടും ശുദ്ധരായിത്തീരുന്നു.
വിയര്‍പ്പ്, ചെളി മുതലായവകൊണ്ട് അശുദ്ധമായ അവയവങ്ങള്‍ ജലത്താല്‍ ശുദ്ധമാകുന്നു. നിഷിദ്ധചിന്തകൊണ്ടു ദുഷിച്ച മനസ്സ് സത്യവാക്യം കൊണ്ടും, ജീവാത്മാവ് ബ്രഹ്മവിദ്യകൊണ്ടും തപസ്സുകൊണ്ടും, വിപരീത ജ്ഞാനം കൊണ്ടു ദുഷ്ടമായ ബുദ്ധി യഥാര്‍ത്ഥ വിഷയജ്ഞാനം കൊണ്ടും ശുദ്ധി നേടുന്നു.'(മനുസ്മൃതി 5-105,107, 109)(54) ഇതാണ് പരീക്ഷണമെന്നിരിക്കെ അന്യമായി ചേര്‍ക്കപ്പെട്ട പല വിപരീത വീക്ഷണങ്ങളും പ്രക്ഷിപ്തങ്ങള്‍ തന്നെയാണ്.
വേദം ചൊല്ലാതിരിക്കേണ്ടതിനെക്കുറിച്ചും നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ വേദപഠനം കഴിഞ്ഞ ശേഷം വേദാധ്യായനമേ നിറുത്തുക തുടങ്ങിയ സങ്കല്‍പ്പങ്ങളടങ്ങിയ നാലാം അധ്യായം 95 മുതല്‍ 127 വരെ ശ്ലോകങ്ങള്‍ പ്രക്ഷിപ്തമാണ്. കാരണം മനു വേദാധ്യയനം നിത്യകര്‍മ്മത്തിലാണ് പെടുത്തിയിട്ടുളളത്. ഒന്നാം അധ്യായത്തിലെ 88 മുതല്‍ 90 വരെയുളള ശ്ലോകങ്ങള്‍ പഠിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വേദാദ്ധ്യാപനം, വേദാധ്യയനം, യാഗം ചെയ്യല്‍, ചെയ്യിക്കല്‍, ദാനം ചെയ്യല്‍ ദാനം സ്വീകരിക്കല്‍, ഇവ ബ്രാഹ്മണരുടെ കര്‍ത്തവ്യങ്ങളാകുന്നു. പ്രജാപരിപാലനം, ദാനം, യജ്ഞം ഇവയാണ് ചുരുക്കത്തില്‍ ക്ഷത്രിയധര്‍മ്മങ്ങള്‍. അവര്‍ വിഷയഭോഗങ്ങളില്‍ ആസക്തരാകരുത്. ഗോരക്ഷ, ദാനം, യജ്ഞം, വേദാധ്യയനം, വാണിജ്യം ധനവ്യാപാരം, കൃഷി ഇവയാണ് വൈശ്യധര്‍മ്മങ്ങള്‍ (മനു: 1 – 88,89,90) ഇപ്പറഞ്ഞ കര്‍മ്മങ്ങള്‍ ചെയ്യാത്ത ദ്വിജന്മാര്‍ തങ്ങളുടെ കര്‍മത്തില്‍ നിന്ന് പതിതരാകുന്നു. വേദാഭ്യാസം ചെയ്യാത്ത ദ്വിജന്‍ ശൂദ്രകോടിയില്‍ ചെന്നു പതിക്കുന്നുവെന്നും മനു പറയുന്നുണ്ട്. കാണുക
വേദാധ്യയനം ചെയ്യാതെ അര്‍ത്ഥശാസ്ത്രം തുടങ്ങിയ അന്യ ശാസ്ത്രങ്ങള്‍ അധ്യയനം ചെയ്യുന്നവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുത്രപൗത്രാദികളോടൊപ്പം അതിവേഗം ശൂദ്രത്വത്തെ പ്രാപിക്കുന്നു.(മനു 2- 168)(55) വേദാധ്യയനം മനുവിന്റെ മതമനുസരിച്ച് നിത്യദിനചര്യയാണ്. അതിനാല്‍ ഈ പവിത്രകര്‍മ്മം ഒരിക്കലും വിട്ടുകളയരുത്. വേദാംഗങ്ങളായ ശിക്ഷ കല്പം തുടങ്ങിയവയിലും നിത്യാനുഷ്‌ഠേയമായ സാവിത്രീമന്ത്ര ജപത്തിലും ഹോമമന്ത്രങ്ങളിലും അനധ്യായത്തെ ആദരിക്കരുത്. (മനു 2-105) (56) അതായത് ഒരു കാരണവശാലും നിത്യ വേദ ജപത്തിന് മുടക്കം വരരുതെന്ന് സാരം. ഒരു സംവത്സരമെങ്കിലും പ്രതിദിനം വിഹിതാംഗങ്ങളോടു കൂടി നിയതേന്ത്രിയനായി ഏകാഗ്രചിത്തനായി സ്വാധ്യായം അനുഷ്ഠിക്കുന്നവന്റെ ആ സ്വാധ്യായം പാല്‍, തൈര്, നെയ്യ്, തേന്‍ ഇവയാല്‍ ദേവന്‍മാരേയും പിതൃക്കളെയും പ്രീതരാക്കുന്നു. (മനുസ്മൃതി – 2-107)(57) മാത്രവുമല്ല പൂമാല അണിഞ്ഞ ദ്വിജനായാലും പ്രതിദിനം യഥാശക്തി വേദാധ്യായനം ചെയ്യുന്നെങ്കില്‍ അവന്‍ ആ നഖാഗ്രം ഉല്‍കൃഷ്ടമായ തപസ്സ് ആചരിക്കുന്നു. (മനുസ്മൃതി 2-167)(58) എന്നുകൂടി വ്യക്തമായി പറഞ്ഞു വെച്ചിരിക്കുന്നു. എന്തിന് അല്‍പ്പം കടന്ന് മനു നല്‍കുന്ന ഉപദേശം ഇന്ന് ആരെങ്കിലും ചെവിക്കൊളളുന്നുണ്ടാകുമോയെന്നറിയില്ല. വേദാര്‍ത്ഥ വിചാരത്തിന് തടസ്സമായിട്ടുളള ഗൃഹഭരണാദികാര്യങ്ങളെല്ലാം വെടിയുക. സ്വാധ്യായത്തിന് വിരുദ്ധമല്ലാത്ത ഏതെങ്കിലും ഉപായത്തില്‍ ഉപജീവനം സാധിച്ച് നിത്യം സ്വാധ്യായ തത്പരനായിരിക്കുന്നത് തന്നെയാണ് ധര്‍മ്മനിഷ്ഠനായ ദ്വിജന്റെ ചാരിതാര്‍ത്ഥത (മനു 4-17) (59) കൂടാതെ നിത്യം ചിന്തിക്കേണ്ടതാണ് വൈദിക തത്വങ്ങളെന്നും മനു പറയുന്നു. (മനു 4-19)(60) ബ്രഹ്മ യജ്ഞം നിത്യവും ചെയ്യണം (മനു 3-75) അങ്ങനെ നിരവധി സ്ഥലങ്ങളില്‍ നിത്യവും ചെയ്യുന്ന വേദാധ്യായനത്തെ മനു ഓര്‍മിപ്പിക്കുന്നു. ഈ ആശയത്തിനു വിരുദ്ധമായി എന്തൊന്ന് സ്മൃതിയിലുണ്ടോ അതെല്ലാം പ്രക്ഷിപ്തമായിക്കണ്ട് ത്യജിക്കാന്‍ കഴിയണം.
പ്രായശ്ചിത്തവും മനുവും
പ്രായശ്ചിത്ത കര്‍മ്മങ്ങളെക്കുറിച്ച് മനുസ്മൃതിയില്‍ ഒരു ഗവേഷണം തന്നെ നടത്താവുന്നതാണ്. അത്രയേറെ പ്രസ്താവങ്ങള്‍ ഇതിലുണ്ട്: ‘തപാദി സാധനാ പൂര്‍വകം കില്വിഷ നിവാരണാര്‍ത്ഥം ചിത്തം = നിശ്ചയം പ്രായശ്ചിത്തം’ എന്നാണ് പ്രായശ്ചിത്തത്തിന്റെ നേരായ അര്‍ത്ഥം. ഒരു വ്യക്തി ഏതെങ്കിലും നിന്ദനീയമായ കാര്യങ്ങളോ ചെയ്യാന്‍ പാടില്ലാത്തതായ കാര്യങ്ങളോ ചെയ്താല്‍ മനസ്സില്‍ ദു:ഖം ഉണ്ടാവും. അപ്പോള്‍ അതിനെ ദണ്ഡിക്കുന്ന രീതിയില്‍ സ്വയം തപം അഥവാ കഷ്ടത സഹിക്കാന്‍ നിശ്ചയിക്കുന്നു. ഇതിന് ആദ്യം ചെയ്യേണ്ടത് ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന തീരുമാനമെടുക്കലാണ്. ഇതാണ് യഥാര്‍ത്ഥ പ്രായശ്ചിത്തമെന്നര്‍ത്ഥം. ഇതാണ് മനുവിന്റെ യഥാര്‍ത്ഥ പ്രായശ്ചിത്ത വീക്ഷണം. ഇക്കാര്യം അദ്ദേഹം തുറന്നു പറയുന്നത് കാണുക.
”താന്‍ ചെയ്ത ദുഷ്‌കൃതത്തെ ഒരുവന്റെ മനസ്സ് എത്രമാത്രം നിന്ദിക്കുന്നുവോ അതനുസരിച്ച് അവന്റെ ശരീരം അധര്‍മ്മത്തില്‍ നിന്ന് മുക്തമായിത്തീരുന്നു” (മനു 11-229) (61) ”പാപം ചെയ്തിട്ട് പശ്ചാത്തപിച്ചാല്‍ ആ പാപത്തില്‍ നിന്ന് മുക്തനാകുന്നു. ”മേലാല്‍ ഞാനിങ്ങനെ ചെയ്യില്ലാ എന്ന നിശ്ചയത്താല്‍ അവന്‍ ശുദ്ധനായിത്തീരുന്നു.” (മനു 11-230)(62) അറിഞ്ഞോ അറിയാതെയോ നിന്ദ്യകര്‍മം ചെയ്താല്‍, അതില്‍ നിന്ന് മോചനം നേടണമെന്നാഗ്രഹിക്കുന്നവര്‍ അത്തരം കര്‍മ്മങ്ങള്‍ രണ്ടാമതു ചെയ്യരുത്.” (മനു 11.231) (63) ഇതൊക്കെ ആയാലും ‘ന ത്വേവ കൃ
തോളധര്‍മഃ കര്‍ത്തുര്‍ഭവതി നിഷ്ഫലഃ’ (4/173) എന്ന് മനു തീര്‍ത്തു പറയുന്നുണ്ട്. അതായത് ചെയ്ത അധര്‍മ്മം കര്‍ത്താവിന് തക്ക ഫലം നല്‍കാതെ വെറുതേ പോകില്ലെന്നര്‍ത്ഥം.
മനുസ്മൃതിയിലെ സ്വത്തവകാശം
മനുവിന്റെ കാഴ്ചപ്പാടില്‍ മകനും മകളും മാതാവും പിതാവുമെല്ലാം സ്വത്തിന് അവകാശമുളളവരാണ്. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ സ്വത്തിന്റെഅവകാശം അവര്‍ക്കാണെന്ന് മനു വിശ്വസിക്കുന്നു. മാതാപിതാക്കന്‍മാരുടെ മരണശേഷം സഹോദരന്‍മാര്‍ ഒരുമിച്ചു കൂടി പിതൃ സ്വത്ത് സമമായി ഭാഗിച്ചെടുക്കേണ്ടതാകുന്നു. അച്ഛനമ്മമാര്‍ ജീവനോടിരിക്കുമ്പോള്‍ മക്കള്‍ക്ക് സ്വത്തിന്‍മേല്‍ ഉടമസ്ഥതയില്ല.(മനു 9-104) (64) അതല്ലെങ്കില്‍ മൂത്ത പുത്രന്, ജ്യേഷ്ടപുത്രന് രക്ഷാകര്‍ത്താവെന്ന നിലയില്‍ സ്വത്ത് കൈവശം വച്ചു കൊണ്ട് ബാക്കിയുളളവരെ അച്ഛനമ്മമാരെപ്പോലെ തന്നെ സംരക്ഷിക്കാനും അധികാരം ഉണ്ട്. ബാക്കിയുളളവര്‍ ജ്യേഷ്ടപുത്രനെ അച്ഛനെപ്പോലെ കണ്ട് ആദരിക്കുകയും വേണം. ഈ കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയാല്‍ ജ്യേഷ്ടപുത്രനും ശിക്ഷാര്‍ഹനാണ്. പിന്നീട് എപ്പോഴെങ്കിലും സ്വത്തു ഭാഗം വെക്കണമെന്ന് തോന്നുമ്പോള്‍ അത് വിഭജിക്കണം. വേറെ പാര്‍ത്താല്‍ ധര്‍മ്മം വര്‍ദ്ധിക്കുമെന്നും അങ്ങനെ സ്വത്ത് ഭാഗം ചെയ്യല്‍ ധര്‍മ്മാനുസൃതം തന്നെയെന്നും (മനു 9-112) എങ്ങനെയാണ് ഭാഗം വെക്കണമെന്നും മനു പറയുന്നു.
‘പൊതുമുതലിന്റെ ഇരുപതില്‍ ഒരു ഭാഗവും സാധനങ്ങളില്‍ വിശിഷ്ടമായതും മൂത്ത പുത്രന് ലഭിക്കും. നാല്‍പ്പതിലൊന്ന് മധ്യമനും, 80 ല്‍ ഒന്ന് ഇളയ മകനും ലഭിക്കും. ബാക്കിയുളളത് എല്ലാവര്‍ക്കും സമമായി ഭാഗിക്കണം. ഇങ്ങനെ അധികമായി കിട്ടുന്ന സ്വത്തിന് ‘ഉദ്ധാരം’ എന്നാണ് പറയുക. എടുത്തു നീക്കിവെക്കല്‍ എന്നാണ് ഉദ്ധാരം എന്ന പ്രയോഗത്തിനര്‍ത്ഥം. അതിനു ശേഷമുളളത് എല്ലാവരും കൂടി തുല്യമായി പങ്കിടും. ഈ ഉദ്ധാരഭാഗമാകട്ടെ ഇളയവരെ വേണ്ടപോലെ സംരക്ഷിച്ചാല്‍ മാത്രമേ മൂത്തവര്‍ക്കു കിട്ടുകയുളളൂ. വാസ്തവത്തില്‍ ഇളയവരെ സംരക്ഷിക്കുന്ന ശ്രമത്തിന് കിട്ടുന്ന പ്രതിഫലമാണ് ഈ ഉദ്ധാരം. അമ്മയുടെ സമ്പാദ്യം അത് പെണ്‍കുട്ടികള്‍ക്കുളളതാണ്. (മനു 9-131) അമ്മ മരിച്ചാല്‍ അമ്മയുടെ സ്വത്ത് സഹോദരന്‍മാരും സഹോദരികളും സമമായി ഭാഗിക്കണം(മനു 9-192) എന്തിന് മരിച്ച സ്ത്രീയുടെ പെണ്‍മക്കളുടെ പെണ്‍മക്കള്‍ക്കുകൂടി അവരുടെ പ്രീതിക്കായി മാതാമഹിയുടെ സ്വത്തില്‍ നിന്ന് യഥായോഗ്യം അല്പമെന്തെങ്കിലും കൊടുക്കണം (മനു 9-198) എന്നു കൂടി മനു പറഞ്ഞു വെച്ചു. സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കിയില്ലെന്ന് മനുവിനെതിരേയുളള വിമര്‍ശനം വെറുതെയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. നപുംസകം, അന്ധന്‍, ബധിരന്‍, മൂകന്‍, ഭ്രാന്തന്‍, പൂര്‍ണ വികലാംഗന്‍ തുടങ്ങിയവരെ മറ്റുളളവര്‍ സംരക്ഷിക്കണം. മറ്റ് സഹോദരന്‍മാര്‍ ധനം സംരക്ഷിച്ച് പൂര്‍ണ രക്ഷ നല്‍കി ഇവരെ പോറ്റി വളര്‍ത്തണം.(മനുസ്മൃതി 9-201 -203) മോഷ്ടാവ്, ചൂതുകളിക്കാര്‍, കൊളളക്കാരന്‍ എന്നിവര്‍ക്കൊന്നും സ്വത്തില്‍ അധികാരമില്ലെന്നും (മനു 9-214) മനു വ്യക്തമാക്കുന്നുണ്ട്.
വിവാഹ പ്രായവും മനുവും
ബാലവിവാഹത്തെ അനുകൂലിച്ചുവെന്ന ഗുരുതരമായ ആരോപണം മനുവിന്റെ പേരിലുണ്ട്. അതനുസരിച്ച് പലതും ഇവിടെ നടന്നിട്ടുമുണ്ട്. അതിനു കാരണഭൂതമായ ആ പ്രസ്താവന നമുക്കൊന്നു നോക്കാം അതിങ്ങനെയാണ്.
ത്രിംശദ്വര്‍ഷോദ്വഹേത് കന്യാം
ഹൃദ്യാം ദ്വാദശ വാര്‍ഷികീം
ത്ര്യഷ്ടവര്‍ഷോ,ളഷ്ടവര്‍ഷാം
വാ ധര്‍മേ സീദതി സത്വരഃ
(മനുസ്മൃതി 9-94)
അര്‍ത്ഥമിങ്ങനെ മുപ്പതു വയസ്സുളളവന്‍ മനസ്സിനിണങ്ങിയ പന്ത്രണ്ടു വയസ്സുളള കന്യകയെ വേള്‍ക്കേണ്ടതാണ്. ഇരുപത്തിനാലുകാരന്‍ എട്ടു വയസ്സുളളവളെയും ഗൃഹസ്ഥധര്‍മ്മത്തിനു കോട്ടം തട്ടുമെന്നുകണ്ടാല്‍ ഉടനടി വിവാഹം ചെയ്തു കൊളളണം.
എന്നാല്‍ ഈ പ്രസ്താവന മനു തന്നെ നിരാകരിച്ചിട്ടുണ്ട്. സമാവര്‍ത്തന സംസ്‌കാരത്തെക്കുറിച്ച് പറയുന്നിടത്തും (മനു 3-1, 2,3) വിവാഹത്തെക്കുറിച്ച് വിവരിക്കുന്നിടത്തും (3/4 മുതല്‍ 62 ശ്ലോകങ്ങള്‍) സ്ത്രീ ധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കുന്നിടത്തും (5/147 മുതല്‍ 166 വരെ ശ്ലോകങ്ങള്‍ , 9-1 മുതല്‍ 102 വരെ ശ്ലോകങ്ങള്‍) എല്ലാം മുകളിലത്തെ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് മനു എടുത്തിട്ടുളളത്. എത്രയോ ശക്തിയോടെ മനുവിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും എടുത്ത് ഉദ്ധരിക്കുന്ന ഒരു ശ്ലോകമുണ്ട്.
പിതാ രക്ഷതി കൗമാരേ ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷന്തി സ്ഥവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
(മനു 9-3)
കൗമാരത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രന്‍മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീ അനാഥയായിരിക്കാന്‍ പാടില്ല. ഈയൊരു പ്രസ്താവനയില്‍ തന്നെ 12 വയസുകാരിയും എട്ടുവയസ്സുകാരിയുമൊക്കെയായ കൗമാരിയെ വിവാഹം കഴിക്കാന്‍ പറയുന്നു മനുവെങ്കില്‍ പരസ്പരം വിരോധം ഇവിടെ ഉടലെടുക്കും. അതായത് ഒന്‍പതാം അധ്യായത്തിലെ ഈ ശ്ലോകം പ്രക്ഷിപ്തമാണെന്നര്‍ത്ഥം. കന്യകയുടെ വിവാഹപ്രായത്തെക്കുറിച്ച് മനുവിന്റെ യഥാര്‍ത്ഥ അഭിപ്രായം എന്താണെന്ന് ഇവിടെ എഴുതാം. ഏറെ പ്രസക്തമായ ശ്ലോകമാണിത്.
ത്രീണി വര്‍ഷാണ്യുദീക്ഷേത കുമാര്യ ഋതുമതീ സതീ
ഊര്‍ദ്ധ്വം തു കാലാദേതസ്മാദ് വിന്ദേത സദൃശം പതിം
(മനുസ്മൃതി 9.90)
ഋതുമതിയായ കന്യക, തന്നെ സദൃശനായ വരന് പിത്രാദികള്‍ വിവാഹം ചെയ്തു കൊടുക്കുവാന്‍ മൂന്നു വര്‍ഷം കാത്തിരിക്കേണ്ടതാണ്. എന്നിട്ടും വിവാഹം നടന്നില്ലെങ്കില്‍, മൂന്നുകൊല്ലത്തിനുശേഷം അവള്‍ക്ക്, സദൃശനായ വരനെ സ്വയം സ്വീകരിക്കാവുന്നതാണ്.
ആയുര്‍വ്വേദവും വിവാഹകാലവും
ഭാരതീയ പാരമ്പര്യമനുസരിച്ച് ആയുര്‍വ്വേദം വലിയൊരു ജീവിത സാഹചര്യം സൃഷ്ടിച്ച ശാസ്ത്രശാഖയാണ്. സുശ്രുതാചാര്യന്‍ ശരീരവൃദ്ധിക്ഷയങ്ങളെ അധികരിച്ച് നാല് അവസ്ഥകള്‍ ഉണ്ടെന്ന് പറയുന്നു. അതനുസരിച്ചാണ് വിവാഹത്തിന്റെ പ്രായം നിശ്ചയിച്ചിരിക്കുന്നത്. 16 വയസ്സു മുതല്‍ 25 വരെ ശരീരവൃദ്ധി. 25 വയസ്സു മുതല്‍ യൗവ്വനം. 40ല്‍ യൗവ്വനം പൂര്‍ത്തിയാകും. ഇതിനുശേഷം ശരീരത്തിലെ ധാതുക്കള്‍ ക്ഷയിക്കാന്‍ തുടങ്ങും. (സുശ്രുതം സൂത്രസ്ഥാനം 35/25)(65) ഈ യുവാവസ്ഥയാണ് വിവാഹ സമയം. ഇതിന് മുന്‍പ് ധാതുക്കള്‍ അപക്വമായിരിക്കും. ബാലവിവാഹത്തില്‍, എവിടെ ശരീരത്തില്‍ ധാതുവികാസം തടസ്സപ്പെടുന്നുവോ അവിടെ ഗര്‍ഭ സംബന്ധമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടവരും. ഗര്‍ഭമുണ്ടാകാതിരിക്കുക, ഗര്‍ഭസ്രാവമുണ്ടാകുക, ഗര്‍ഭം അലസുക, ദുര്‍ബ്ബലനായ സന്താനമുണ്ടാകുക, ജനിക്കുമ്പോഴെ കുട്ടി മരിക്കുക, അസ്വസ്ഥതയുളള കുട്ടി ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കുമെന്ന് കരുതിയ ആയുര്‍വ്വേദം ഇവിടെ പുഷ്‌ക്കലമായിരിക്കുമ്പോള്‍ ബാലവിവാഹം പോലൊരു കടുംകൈയ്ക്ക് മനു അനുവാദം കൊടുക്കില്ലെന്ന് ഉറപ്പ്.
സുശ്രുതസംഹിതയില്‍ സ്ത്രീപുരുഷന്‍മാരുടെ സന്താനോല്‍പ്പാദനശേഷിയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗം കൂടി കേട്ടാല്‍ ഭാരതീയ വിവാഹവീക്ഷണം എന്താണെന്ന് മനസ്സിലാകും. നോക്കുക-പുരുഷന്‍ 25 വയസ്സിനു ശേഷവും സ്ത്രീ 16 വയസ്സിനു ശേഷവും തുല്യവീര്യം അല്ലെങ്കില്‍ പൂര്‍ണവീര്യം ഉളളവരാകുന്നുവെന്ന് സമര്‍ത്ഥനായ വൈദ്യന്‍ മനസ്സിലാക്കണം. അതായത് അപ്പോള്‍ മാത്രമേ സന്താനോല്‍പ്പാദന യോഗ്യമാകുന്നുളളൂവെന്നര്‍ത്ഥം. എന്നാല്‍ പുരുഷന് 16 വയസ്സിനു ശേഷം ശുക്ലവും സ്ത്രീക്ക് 12 വയസ്സിനു ശേഷം ആര്‍ത്തവവും ഉണ്ടാവുമെങ്കിലും അത് അന്ത:സ്രാവമായ രക്തത്തോടു കൂടിച്ചേര്‍ന്ന് ശരീരത്തിന്റെ അംഗപ്രത്യംഗങ്ങളെ പ്രബലമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതാകുന്നു. അതുകൊണ്ട് 25 വയസ്സിനു താഴെയുള്ള പുരുഷനും 16 വയസ്സിനു താഴെയുളള സ്ത്രീക്കും വിഷയത്തിലേര്‍പ്പെട്ടാല്‍ അത് ആയുസ്സിനെ ബാധിക്കുമെന്ന് മനസ്സിലാക്കണം. മാത്രമല്ല സന്താനോല്‍പ്പാദനമുണ്ടായാല്‍ അതിന്നും അല്‍പ്പായുസ്സായിരിക്കും. സുശ്രുതന്റെ തന്നെ വചനങ്ങളിങ്ങനെയാണ്.
ഊരുതദസ്യ യദ്വൈശ്യഃ പദ്ഭ്യാങ്ശൂദ്രോ അജായത
(പുരുഷസൂക്തം, യജുര്‍വേദം 31-11)
40. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ
യൈത്രതാസ്തു ന പൂജ്യന്തേ സര്‌വാസ്തത്രാഫലാഃ
ക്രിയാഃ
(മനുസ്മൃതി 3-56)
41. ശോചന്തി ജാമയോ യത്ര വിനശ്യത്യാശു തത്കുലമ്
ന ശോചന്തി തു യത്രൈതാ വര്‍ധന്തേ തദ്ധി സര്‍വദാ
(മനുസ്മൃതി 3-57)
42. ജാമയോ യാനി ഗേഹാനി ശപന്ത്യപ്രതിപൂജിതാഃ
താനി കൃത്യാഹതാനീവ വിനശ്യന്തി സമന്തതഃ
(മനുസ്മൃതി 3.58)
43. തസ്മാദേതാഃ സദാ പൂജ്യാഃ ഭൂഷണാച്ഛാദനാശനൈഃ
ഭൂതികാമൈര്‍നരൈര്‍നിത്യം സത്കരേഷൂത്സവേഷു ച (3.59)
44. സന്തുഷ്ടോ ഭാര്യയാ ഭര്‍ത്താ ഭാര്‍ത്രാ ഭാര്യാ തഥൈവ ച യസ്മിന്നേവ കുലേ നിത്യം കല്യാണം തത്ര വൈ ധ്രുവമ്
(മനുസ്മൃതി 3.60)
45. യഥേമാം വാചം കല്ല്യാണി മാവദാനി ജനേഭ്യ
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ
ചാരണായ ച
(യജുര്‍വേദം 26-2)
46. പ്രാങ് നാഭിവര്‍ധനാത് പുംസോ ജാതകര്‍മ വിധീയതേ
മന്ത്രവത്പ്രാശനം ചാസ്യ ഹിരണ്യ മധുസര്‍പിഷാമ്
(മനുസ്മൃതി 2-29)
47. ഏവംവൃത്താം സവര്‍ണാം സ്ത്രീം ദ്വിജാതിഃ
പൂര്‍വമാരിണീം ദാഹയേദഗ്നിഹോത്രേണ
യജ്ഞപാത്രൈശ്ച ധര്‍മവിത്
(മനുസ്മൃതി 3-167)
48. അര്‍ഥസ്യ സംഗ്രഹേ ചൈനാം വ്യയേ ചൈവ
നിയോജയേത് ശൗചേ ധര്‍മേളന്ന പക്ത്യാം ച
പരിണാഹ്യസ്യ വേക്ഷണേ
(മനുസ്മൃതി 9-11)
49. അപത്യം ധര്‍മകാര്‌യാണി ശുശ്രൂഷാരതിരുത്തമാ
ദാരാധീന സ്തഥാ സ്വര്‍ഗഃ പിതൃണാമാത്മനശ്ച ഹ
(മനുസ്മൃതി 9-28)
50. ഏകമേവ തു ശൂദ്രസ്യ പ്രഭുഃ കര്‍മ സമാദിശത്
ഏതേഷാ മേവ വര്‍ണാനാം ശുശ്രുഷാമനസൂയയാ
(മനുസ്മൃതി 1.91)
51. യോ ന വേത്ത്യഭിവാദസ്യ വിപ്രഃ പ്രത്യഭിവാദനമ്
നാഭിവാദ്യഃ സ വിദുഷാ യഥാ ശൂദ്രസ്തഥൈവ സഃ
(മനുസ്മൃതി 2-126)
52. ശ്രദ്ദധാനഃ ശുഭാം വിദ്യാമാദദീതാവരാദപി
അന്ത്യാദപി പരം ധര്‍മം സ്ത്രീരത്‌നം ദുഷ്‌കുലാദപി
(മനുസ്മൃതി 2.238)
53. ശുചിരുത്കൃഷ്ടശുശ്രൂഷുര്‍മൃദു വാഗനഹംകൃതഃ
ബ്രാഹ്മണാദ്യാശ്രയോ നിത്യമുത്കൃഷ്ടാം ജാതിമശ്‌നുതേ
(മനുസ്മൃതി 9. 335)
54. ജ്ഞാനം തപോളഗ്നി രാഹാരോ മൃന്മനോ വാര്യുപാഞ്ജനമ്
വായു കര്‍മാര്‍ക്ക കാലൗ ച ശുദ്ധേഃ കര്‍തൃണി ദേഹിനാമ്
(മനുസ്മൃതി 5-105)
ക്ഷാന്ത്യാ ശുദ്ധ്യന്തി വിദ്വാംസോ ദാനേനാകാര്യ കാരിണഃ പ്രച്ഛന്നപാപാ ജേപ്യന തപസാ വേദവിത്തമാഃ
(മനുസ്മൃതി 5-107)
അദ്ഭിര്‍ഗാത്രാണി ശുധ്യന്തി മനഃ സത്യേന ശുധ്യതി
വിദ്യാതപോഭ്യാം ഭൂതാത്മാ ബുദ്ധിര്‍ജ്ഞാനേന ശുധ്യതി
(മനുസ്മൃതി 5-109)
55. യോളനധീത്യ ദ്വിജോ വേദമന്യത്ര കുരുതേ ശ്രമമമ്
സ ജീവന്നേവ ശൂദ്രത്വമാശു ഗച്ഛതി സാന്വയഃ
(മനുസ്മൃതി 2-168)
56. വേദോപകരണേ ചൈവ സ്വാദ്ധ്യായേ ചൈവ നൈത്യകേ നാനുരോധോളസ്ത്യനധ്യായേ ഹോമമന്ത്രേഷു ചൈവ ഹി
(മനുസ്മൃതി 2-105)
57. യഃ സ്വാധ്യായമധീതേളബ്ദം വിധിനാ നിയതഃ ശുചിഃ
തസ്യനിത്യം ക്ഷരത്യേഷ പയോ ദധിഘൃതം മധുമ്
(മനുസ്മൃതി 2-107)
58. ആ ഹൈവ സ നഖാഗ്രേഭ്യഃ പരമം തപ്യതേ തപഃ
യഃ സ്രഗ്‌വ്യപി ദ്വിജോളധീതേ സ്വാധ്യായം
ശക്തിതോളന്വഹമ്
(മനുസ്മൃതി 2-167)
59. സര്‍വാന്പരിത്യജേദര്‍ഥാന് സ്വാധ്യായസ്യ വിരോധിനഃ
യഥാ തഥാധ്യാപയംസ്തു സാ ഹ്യസ്യ കൃതകൃത്യതാ
(മനുസ്മൃതി 4-17)
60. ബുദ്ധിവൃദ്ധി കരാണ്യാശു ധന്യാനി ച ഹിതാനി ച
നിത്യം ശാസ്ത്രാണ്യവേക്ഷേത നിഗമാംശ്ചൈവ വൈദികാന്
(മനുസ്മൃതി 4-19)
61. യഥാ യഥാ മനസ്തസ്യ ദുഷ്‌കൃതം കര്‍മ ഗര്‍ഹതി
തഥാ തഥാ ശരീരം തത്തേനാ ധര്‍മേണ മുച്യതേ
(മനുസ്മൃതി 11-229)
62. കൃത്വാപാപം ഹി സംതപ്യ തസ്മാത് പാപാത് പ്രമുച്യതേ
നൈവം കുര്യാം പുനരിതി നിവൃത്ത്യാ പൂയതേ തു സഃ
(മനുസ്മൃതി 11-230)
63. ഏവം സംചിന്ത്യ മനസാ പ്രേത്യ കര്‍മഫലോദയമ്
മനോ വാങ്മൂര്‍തിഭിര്‍നിത്യം ശുഭം കര്‍മ സമാചരേത്
(മനുസ്മൃതി 11 – 231)
64. ഊര്‍ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സമമ്
ഭജേരന്‌പൈതൃകം രിക്ഥ മനീശാസ്‌തേ ഹി ജീവതോഃ
(മനുസ്മൃതി 9 – 104)
65. ചതസ്രോ അവസ്ഥാഃ ശരീരസ്യ വൃദ്ധിഃ, യൗവനം, സമ്പൂര്‍ണതാ, കിംചിത് പരിഹാണിഃ ചേതി. ആഷാസശാത് വൃദ്ധിഃ ആ പഞ്ചവിംശതേഃ യൗവനം, ആചത്വാരിംശതഃ സമ്പൂര്‍ണതാ, തതഃ കിഞ്ചിത് പരിഹാണിഃ ചേത് –
(സുശ്രുതം സൂത്രസ്ഥാനം 35 /25)