മനുസ്മൃതി സത്യവും മിഥ്യയും
മനുസ്മൃതിസത്യവും മിഥ്യയും
മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭാരതത്തില്‍ നിരവധി സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാമാണികമായി ഗണിച്ചുപോരുന്നത് മനുസ്മൃതി തന്നെയാണ്. സ്വയംഭൂമനുവാണ് ആദ്യ മനുസ്മൃതിയുടെ കര്‍ത്താവ്. മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത, മനുസ്മൃതി എന്നൊക്കെ ഈ സ്മൃതിക്ക് പേരുണ്ട്.
വിധിക്കുകയും ആ വിധി നടപ്പിലാക്കുകയും ചെയ്യുക എന്ന സാമൂഹ്യമായ ഒരു നീതിശാസ്ത്രത്തിന്റെ കെട്ടില്പ്പെടുന്ന ഒന്നാണ് മനുസ്മൃതി എന്നുപറയാം. വര്ണാശ്രമധര്മ്മങ്ങള്, വ്യക്തി-സമുദായം എന്നിവ തമ്മിലും ഒറ്റയ്ക്കുമുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദിത്തങ്ങള്‍, രാജ്യഭരണം, ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മനുസ്മൃതിയുടെ വിശാലമായ പരിധിയില്‍ വന്നുചേരുന്നു. ഭൗതികവും ആദ്ധ്യത്മികവുമായ വിചാരധാരകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് ഭാരതീയമായ തത്ത്വദര്‍ശനം. ആ ദര്‍ശനത്തിനെ സഫലീകരിക്കുന്നതിന് ഉതകുന്ന നിരവധി ഉപദേശങ്ങളുടെ സമൂഹമാണ് മനുവിന്റെ സ്മൃതി എന്നുപറയാം. ഈ വിചിത്രമായ ധര്‍മ്മ മാര്‍ഗ്ഗം വേദാനുകൂലമായ മാനവധര്‍മ്മശാസ്ത്രമാണ്. ഭാരതീയ സംസ്കൃതിയുടെ ആദിമൂലം വേദങ്ങളാണ്. മനു തന്നെ വേദമാണ് ധര്‍മ്മത്തിന്റെ വേരെന്ന്(1) പറഞ്ഞിട്ടുണ്ട്. ധര്‍മ്മത്തെക്കുറിച്ച് അറിയാന്‍ അതിയായ ആഗ്രഹമുള്ളവര്‍ക്കുള്ള പരമപ്രമാണവും വേദം തന്നെയാണ്. അത് ആരെങ്കിലും എഴുതിയുണ്ടാക്കിയതല്ല. അനാദിയായ ഈശ്വരനില്‍ നിന്ന് നിശ്വസിതമായതാണ്. അതിനാല്‍ അപൗരുഷേയമെന്നാണ് അതിന് പേര്. അതുകൊണ്ടുതന്നെ വേദങ്ങളെ അപമാനിക്കുന്നവരെ നാസ്തികരെന്നാണ് മനു വിളിച്ചിരിക്കുന്നത് (2)
മനു തന്റെ കാലത്തെ മഹാനായ ഒരു തത്ത്വദ്രഷ്ടാവും ധര്‍മ്മ മര്മ്മജ്ഞനുമായ ഒരു ഋഷിയായിരുന്നു. അതുമാത്രമല്ല നീതിനിപുണനായ ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. അതിന് സമകാലീനരായ ഋഷിപ്രവരര് തങ്ങളുടെ സംശയനിവൃത്തിപോലും നടത്തിയത് ഈ ഋഷിരാജനെ സമീപിച്ചിട്ടായിരുന്നു. ധര്മ്മനിര്ണയത്തിന് അധികാരിയാരാണ് ? സമ്പൂര്‍ണ ബ്രഹ്മചര്യത്തോടുകൂടി സാംഗോപാംഗം വേദങ്ങള്‍ പഠിച്ചവരും മന്ത്രാര്‍ത്ഥം പ്രത്യക്ഷമാക്കിയവരുമായ യോഗികള്‍ക്കു മാത്രമേ അതിന് അധികാരമുള്ളു. ഇക്കാര്യം മനുസ്മൃതിയുടെ തുടക്കത്തില്‍ത്തന്നെ വ്യക്തമായി പറയുന്നുണ്ട്. ‘ഹേ ഭഗവന്‍ ധര്‍മ്മങ്ങളെ വഴിപോലെ ഞങ്ങള്‍ക്ക് പറഞ്ഞുതരണേ’ എന്നാണ് ഒരു പ്രാര്‍ത്ഥന (3)
മനുസ്മൃതിയെക്കുറിച്ച് പ്രാചീന വൈദിക ഗ്രന്ഥങ്ങളില്‍ വാനോളം പുകഴ്ത്തുന്നതു കാണുമ്പോള്‍ അക്കാലത്ത് അതിന് നല്കിയ പ്രാധാന്യം നമുക്ക് വ്യക്തമാകും. മനു പറഞ്ഞിട്ടുള്ളതെല്ലാം മനുഷ്യന് ഔഷധതുല്യമാണെന്ന്(4) താണ്ഡ്യ ബ്രാഹ്മണത്തില്‍ പറയുന്നു. ഈ പ്രസ്താവം വെളിച്ചം വീശുന്നത് ബ്രാഹ്മണഗ്രന്ഥങ്ങളുടെ കാലഘട്ടത്തില്‍ മനുസ്മൃതി ഒരു പ്രാമാണിക ഗ്രന്ഥമാണെന്നതിലേക്കാണ്. നിരുക്തത്തില്‍ മക്കളുടെ സ്വത്തിനേക്കുറിച്ചുള്ള പ്രസ്താവന കാണാം. അച്ഛന്റെ സ്വത്തില്‍ മകനും മകള്‍ക്കും തുല്യ അവകാശമുണ്ടെന്നാണ് പ്രസ്താവന.(5) ഇതേകാര്യം നമുക്ക് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതുകാണാം.
പുത്രന് തനിയ്ക്കു തുല്യനായിരിക്കുന്നതുപോലെ പുത്രി പുത്രന് തുല്യയാണ്. അങ്ങനെ സ്വാത്മ തുല്യയായ മകളുള്ളപ്പോള്‍ അപുത്രനായ പിതാവിന്റെ സ്വത്ത് എങ്ങനെ മറ്റൊരുവന് അവകാശപ്പെടാന്‍ കഴിയും(6)
“മാതാവുമരിച്ചാല് സഗര്‍ഭ്യരായ സഹോദരന്മാരും അവിവാഹിതകളായ സഗര്ഭ്യസോദരിമാരും അമ്മയുടെ ധനം സമമായി വീതിച്ചെടുക്കണം” (7)
വാല്മീകിരാമായണത്തില് ബാലി സുഗ്രീവയുദ്ധവേളയില് ശ്രീരാമന്റെ ഒളിയമ്പ് പലപ്പോഴും ഏറെ വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അവിടെ ഒളിയമ്പിലൂടെ ബാലിയെ കൊന്നതിനു ന്യായീകരണം നല്‍കുന്നത് മനുവിനെ ഉദ്ധരിച്ചാണ്. കിഷ്കിന്ധാകാണ്ഡത്തില്‍ ഇക്കാര്യം വിശദമാക്കുന്നത് നമുക്ക് കാണാം. (8) ഈ ഉദ്ധ്യതമായ ശ്ലോകങ്ങള്‍ അല്പം വ്യത്യാസത്തോടെ മനുസ്മൃതിയുടെ എട്ടാം അധ്യായത്തില്‍ 316 ഉം 318 ഉം ശ്ലോകങ്ങളില്‍ നമുക്ക് കാണാം.
മനുവിനെ പ്രാമാണിക സ്മൃതികാരനായി മഹാഭാരതത്തില്‍ പലയിടങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്. (9)
ബൗദ്ധമഹാകവിയായ അശ്വഘോഷന്‍ കനിഷ്ക്കചക്രവര്ത്തിയുടെ സമകാലീനനായിരുന്നു. അദ്ദേഹം തന്റെ വജ്രകോപനിഷദ് എന്ന കൃതിയില്‍ തന്റെ പക്ഷം സമര്‍ത്ഥിക്കാനായി മനുസ്മൃതിയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതു കാണാം. വിശ്വരൂപനെന്ന മഹാപണ്ഡിതന് തന്റെ യജുര്‍വേദ ഭാഷ്യത്തില്‍ യാജ്ഞവല്ക്യസ്മൃതി ഭാഷ്യത്തിലും മനുസ്മൃതിയില്‍ നിന്നും അനേകം ശ്ലോകങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതുകാണാം. ശ്രീ ശങ്കരാചാര്യ ഭഗവദ്പാദരാകട്ടെ തന്റെ വേദാന്ത സൂത്രഭാഷ്യത്തില്‍ മനുസ്മൃതിയില്‍ നിന്ന് ഉദ്ധരിച്ചതുകാണാം.(10) ജൈമിനിയുടെ പൂര്‍വ്വമീമാംസ സൂത്രങ്ങള്‍ക്ക് ഭാഷ്യം എഴുതിയ ശബര സ്വാമിയും തന്റെ കൃതികളില്‍ മനുസ്മൃതിയില്‍ നിന്ന് നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. ഗൗതമന്, വസിഷ്ഠന്, ആപസ്തംബന്‍, ആശ്വലായനന്, ജൈമിനി, ബൗധായനന്‍ തുടങ്ങിയവരുടെ സൂത്രഗ്രന്ഥങ്ങളില്‍ മനുവിനെ ഏറെ ബഹുമാനത്തോടെയാണ് വിവരിച്ചുകാണുന്നത്. ആചാര്യകൗടില്യന് തന്റെ വിഖ്യാതമായ അര്‍ത്ഥ ശാസ്ത്രത്തിന്റെ നല്ലൊരു ഭാഗവും മനുസ്മൃതിയുടെ സഹായത്തോടെയാണ് രചിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ മനുവിന്റെ അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്. (11) ഒരു പക്ഷേ ഏറ്റവുമധികം ഭാഷ്യങ്ങളും ടിപ്പണികളുമുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളിലൊന്ന് മനുസ്മൃതിയായിരിക്കണം എന്നു തോന്നുന്നു. ഭാരത ഭരണഘടനയില്‍ ഹിന്ദുകോഡ്ബില്ലിന്റെ അടിസ്ഥാനവും മനുസ്മൃതി തന്നെയാണ്.
നാലുപേരെയാണ് പൊതുവേ മനുസ്മൃതിയുടെ കര്‍ത്താക്കളായി പരിഗണിച്ചുവരാറുള്ളത്. സ്വയംഭുവമനു, വൈസ്വതമനു, ഭൃഗുമഹര്‍ഷി, ബ്രഹ്മാവ് എന്നിങ്ങനെ. സ്വയംഭുവമനുവിനേയാണ് ഭൂരിപക്ഷവും മനുസ്മൃതിയുടെ മൂലകര്ത്താവായി പരിഗണിച്ചുവരുന്നത്. മനുസ്മൃതിയില്‍ തന്നെ സ്വയംഭുവമനുവിന്റെ പേര് ആറു സ്ഥലങ്ങളില്‍ പ്രസ്താവിച്ചുകാണുന്നുണ്ട്. അതില്‍ പ്രധാനമായ മൂന്നിടങ്ങള്‍ താഴെ പറയുന്നതാണ്.
1. ബ്രഹ്മപുത്രനായ മനു ഈ ശാസ്ത്രം രചിച്ചു (12)
(മനു 1.102)
2. സന്യാസികളുടെ പാത്രങ്ങള്‍ ചുരയ്ക്ക, മരം, മണ്ണ്, ചൂരല്പ്പാളി എന്നിവകൊണ്ട് നിര്മിച്ചതായിരിക്കണമെന്നാണ് സ്വയംഭൂവമനു പറഞ്ഞിരിക്കുന്നത് (മനു 6.54)(13)
3. സ്വയംഭുവമനു ക്ഷത്രിയ വൈശ്യശൂദ്രരുടെ കാര്യത്തില്‍ പത്തുദണ്ഡസ്ഥാനങ്ങള് പറഞ്ഞിരിക്കുന്നു. (മനു 8.12)(14)
യഥാര്‍ത്ഥത്തില്‍ ഒരു പ്രഭാഷണശൈലിയില്‍ രചിക്കപ്പെട്ട കൃതിയാണ് മനുസ്മൃതിയെന്നുപറയാം. സ്വയംഭുവ മനുവിന്റെ പുത്രനും ശിഷ്യനുമായ ഭൃഗുമഹര്‍ഷി ഇതൊരു ഗ്രന്ഥരൂപത്തില്‍ എഡിറ്റുചെയ്തുവെന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഇക്കാര്യം മനുസ്മൃതിയുടെ തുടക്കത്തിലെ നാലുശ്ലോകങ്ങളില്‍ വിവരിച്ചുകാണുന്നുമുണ്ട്. കൂടാതെ നാലാമത്തെ ശ്ലോകത്തിലെ പ്രസ്താവം ഭാഷണ ശൈലിയില്‍ ഉപദേശ രൂപേണ സ്മൃതി ഉപദേശിച്ചുവെന്ന കാഴ്ച്ചപ്പാടിനെ കൂടുതല്‍ രൂഡമൂലമാക്കുകയാണ് ചെയ്യുന്നത്. ആ പ്രസ്താവം കാണുക.
“മഹാത്മാക്കളായ ആ മഹര്‍ഷിമാര്‍ ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ ചോദിച്ചപ്പോള്‍ തത്ത്വദര്‍ശനത്തില്‍ അതീവ സാമര്‍ത്ഥ്യമുള്ള മനു അവരെ ഉപചരിച്ചശേഷം “കേട്ടുകൊള്ളു” വെന്ന് പറഞ്ഞു”(15)
ഭാരതത്തിലെ പൗരാണിക ചരിത്രകാരന്മാര് സ്വയംഭുവമനുവിന്റെ രാജധാനിയായി പരിഗണിച്ചിട്ടുള്ളത് ബ്രഹ്മാവര്ത്തദേശത്തിലെ ബര്‍ഹിഷ്മതി നഗരമാണ്. ഈ പ്രദേശം സദാചാരബോധവും ധാര്‍മ്മികതയുമുള്ള സ്ഥലമാണെന്ന് മനു തന്നെ സ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്. ആ വിശദീകരണം ഇങ്ങനെ പോകുന്നു.
“സരസ്വതി, ദൃഷദ്വതി എന്ന പ്രശസ്തങ്ങളായ രണ്ടുനദികളുടെ മധ്യത്തിലുള്ള ദേവനിര്‍മിതമായ ദേശത്തിന് ബ്രഹ്മാവര്ത്തമെന്ന് പറയുന്നു.” (16)
“ആ ബ്രഹ്മാവര്‍ത്തത്തിലെ പൂജ്യരായ ബ്രാഹ്മണര്‍ തുടങ്ങിയ വര്‍ണങ്ങളുടേയും അന്തരാളജാതികളുടേയും പാരമ്പര്യക്രമാഗതമായ ആചാരമാണ് ഇപ്പോള്‍ സദാചാരമെന്നുപറയുന്നത്.” (17)
“കുരുക്ഷേത്രം, മത്സ്യദേശം, പാഞ്ചാലം (കന്യാകുബ്ജദേശം) ശൂരസേനം (മഥുര) ഇവ ഉള്‍പ്പെടുന്ന ബ്രഹ്മര്‍ഷി ദേശം ബ്രഹ്മാവര്ത്തത്തിനടുത്താണ്” (18)
“ബ്രഹ്മാവര്‍ത്ത ബ്രഹ്മാര്ഷദേശജാതനായ ബ്രാഹ്മണന്റെയടുത്ത് നിന്ന് ഭൂമിയില്‍ സകല മനുഷ്യരും തങ്ങളുടെ ധര്‍മത്തെ പഠിക്കേണ്ടതാണ് ”(19)
അപ്പോള്‍ ഇവിടെ വെച്ചുതെന്നയാണ് മനുസ്മൃതിയുടെ രൂപരേഖ ഉണ്ടായതെന്ന് നമുക്ക് ഊഹിക്കാം. എന്നുമാത്രമല്ല സ്വയംഭുവമനു തന്നെയാണ് ഇതിന്റെ ആദ്യപ്രോക്താവെന്നും മനസ്സിലാക്കാം. ബ്രാഹ്മണങ്ങള്‍, തൈത്തീരിയ സംഹിത, മഹാഭാരതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്ന മനുവും സ്വയംഭുവമനു തന്നെയാണെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ലതാനും.
മഹാഭാരതത്തില്‍ ദുഷ്യന്തന്റേയും ശകുന്തളയുടേയും വിവാഹത്തെ സംബന്ധിച്ച് വിവരിക്കുന്നിടത്ത് സ്വായംഭുവ മനുവാണ് എട്ടുതരത്തിലുള്ള വിവാഹങ്ങളെക്കുറിച്ച് പറയുന്നതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ എട്ടുതരത്തിലുള്ള വിവാഹങ്ങളെക്കുറിച്ചും ആദ്യം വിവരിക്കുന്ന കൃതി മനുസ്മതിയാണുതാനും. ചിലര്‍ വൈവസ്വതമനുവാണ് മനുസ്മൃതിയുടെ കര്‍ത്താവെന്ന് അഭിപ്രായപ്പെടാറുണ്ട്. ഇവിടെ ഒരു കാര്യം നമുക്ക് പരിഗണിക്കേണ്ടതുണ്ട്. സ്വയംഭുവ മനു സൃഷ്ടിയിലെ ആദ്യരാജാവാണെന്ന് പുരാണേതിഹാസങ്ങളില്‍ പറയുന്നുണ്ട്. വൈവസ്വതമനുവിനേക്കുറിച്ച് പറയുന്നതാകട്ടെ പ്രളയാനന്തര സമൂഹത്തിന്റെ രാജാവെന്ന രീതിയിലാണ്. വൈവസ്വതന് ഏഴാമത്തെ മനുവാണ്. ഇപ്പോഴത്തെ മന്വന്തരത്തിന്റെ പേര് വൈവസ്വത മന്വന്തരമെന്നാണ്. വൈവസ്വതന് രാജാവുമാത്രമാണെന്ന് ശതപഥബ്രാഹ്മണത്തില്‍ പറഞ്ഞിട്ടുമുണ്ട്. (20)
ഇവിടെ ഏഴാമത്തെ മനുവായ വൈവസ്വതനാണ് സ്മൃതി രചിച്ചതെങ്കില്‍ അതിനുമുന്‍പുണ്ടായിരുന്ന ജനതതിയുടെ ധര്‍മ്മ-കര്‍മ്മങ്ങളും വിധിഹിതങ്ങളെയും എന്തായിരുന്നിരിക്കുമെന്ന സ്വാഭാവിക സംശയം ഉയര്‍ന്നുവരും. അവര്‍ക്ക് അത്തരത്തിലുള്ള ധര്‍മ്മാധര്‍മ്മ ചിന്തകളും മറ്റും ഇല്ലെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലെ.
മനുസ്മൃതി ഭൃഗുമഹര്ഷിയുടെതല്ല
മനുസ്മൃതിയുടെ ഗ്രന്ഥകാരന് ഭൃഗുമഹര്ഷിയാണെന്ന ഒരു വിചാരം ശക്തമായി നടപ്പിലുണ്ട്. ഈ കാഴ്ചപ്പാടും ശരിയല്ലെന്ന് മനുസ്മൃതി തന്നെ പഠിച്ചാല്‍ ബോധ്യപ്പെടും. സ്വയംഭുവമനുവിന്റെയടുത്ത് ജിജ്ഞാസുക്കളായ സത്തുക്കള്‍ ചെന്നതും ‘ശ്രൂയതാം’ എന്ന് ഉപദേശിച്ചതുമായ വിവരങ്ങള്‍ സ്മൃതിയില്‍ നിന്നുതന്നെ നേരത്തെ എടുത്ത് ഉദ്ധരിച്ചിരുന്നു. ഇതില്‍ നിന്നും സ്മൃതി സ്വയംഭുവമനുവിന്റേതാണെന്ന് വ്യക്തമാണ്. മനുസ്മൃതിയിലുടനീളം പരിശോധിച്ചാല്‍ ഈ രീതിയിലുള്ള ഉപദേശ ശൈലി ഗ്രന്ഥത്തിലുടനീളം നമുക്ക് ദര്‍ശിക്കാം. എന്നാല്‍ ഇതിനിടയില്‍ ഭൃഗുമഹര്‍ഷി ഉപദേശിച്ചതായി കൊടുത്തിരിക്കുന്ന ശ്ലോകങ്ങള്‍ കാണാം. ഇതെല്ലാം പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് മാനിക്കാം. അതായത് പ്രക്ഷിപ്തമാണെന്നര്ത്ഥം. ഭൃഗുവിന് മാഹാത്മ്യം കൊടുക്കാനോ അദ്ദേഹത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിച്ച് കാണിക്കാനോ തങ്ങളുടെ താത്പര്യം അവതരിപ്പിക്കാനോ ഒക്കെയായി എഴുതിചേര്‍ത്ത ശ്ലോകങ്ങളാണിവ. അല്ലാതെ അച്ഛനും ഗുരുനാഥനുമായ സ്വയംഭുവമനു പ്രഭാഷണം നടത്തുന്നതിനിടെ അതിനിടയില്‍ കയറി “ഇടങ്കോലിടുന്ന” ശിഷ്യ പ്രഭൃതികള്‍ അന്നില്ലായിരുന്നു. അത്തരത്തിലൊരു ശിഷ്യനുമല്ലായിരുന്നു ഭൃഗു. ബ്രഹ്മാവ് രചിച്ചതാണ് മനുസ്മൃതി-ഈ പ്രസ്താവനയും കളവാണ്. അത്തരത്തിലൊരു ശ്ലോകം മനുസ്മൃതിയില്‍ തന്നെയുണ്ട്. ബ്രഹ്മാവ് ഈ ധര്‍മ്മശാസ്ത്രം നിര്‍മ്മിച്ച് ആദ്യം വിധിപ്രകാരം തന്നെ പഠിപ്പിച്ചു. ഞാന്‍ മരീച്യാദിമുനികളേയും (മനു 1.58). എന്നാല്‍ ഈ ശ്ലോകം പ്രക്ഷിപ്തങ്ങളില് ഒന്നാണെന്നുകണ്ടെത്താന് യാതൊരു പ്രയാസവുമില്ല. കാരണം ഇത് പൂര്‍വ്വാപര സംബന്ധമില്ലാത്തതാണ്. അന്തര്വിരോധം ഉണ്ടുതാനും.
ഈ ശ്ലോകം മനുസ്മൃതിയിലെ ഒന്നാമത്തെ അധ്യായത്തിലുള്ളതാണ്. അവിടെ 52 മുതല്‍ 57 വരെ ശ്ലോകങ്ങള്‍ പരമാത്മാവിന്റെ ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകളുടെ ആലങ്കാരിക വര്‍ണനയാണ്. ഇതിനോട് ഒട്ടും യോജിക്കുന്ന വിഷയമല്ല 58-ാമത്തെ ശ്ലോകം. കൂടാതെ മനു തന്നെ സ്വയം പ്രവചന രൂപത്തില്‍ പറഞ്ഞതാണ് മനുസ്മൃതിയെന്ന് ഒന്നാമത്തെ അദ്ധ്യായത്തിലെ നാലാം ശ്ലോകം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ബ്രഹ്മാവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നു സാരം. എന്നാല്‍ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായി വരുന്നതാണ് 58-ാമത്തെ ശ്ലോകമെന്നതിനാല് അതില്‍ അന്തര്വിരോധമുണ്ട്. ചിലവ്യാഖ്യാതാക്കള് മനുസ്മൃതിയുടെ മൂലരൂപമായി മറ്റൊരു ഗ്രന്ഥമുണ്ടായിരുന്നുവെന്ന രീതിയില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലൊരു പുസ്തകത്തെക്കുറിച്ചും യാതൊരു പ്രസ്താവനയുമില്ലതാനും.
മനുവിന്റെ കാലം
മനുവിന്റേയും സ്മൃതിയുടേയും കാലം കണ്ടെത്തുക എന്നത് ഏറെ ക്ലിഷ്ടമായ ഒന്നാണ്. കാരണം ഈ ഗ്രന്ഥത്തിലെ പ്രക്ഷിപ്ത ശ്ലോകങ്ങള്‍ തന്നെ. ഈ ശ്ലോകങ്ങള്‍ വായിച്ചു കാലം നിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഏറെ ആധുനികമായ ഒന്നാണെന്നുഗണിക്കേണ്ടിവരും. അതേസമയം ബ്രാഹ്മണ ഗ്രന്ഥങ്ങളില്‍ മനുസ്മൃതിയെക്കുറിച്ചുള്ള സൂചന കാണുമ്പോള്‍ അത് നൂതനമായ ഒന്നാണെന്ന് സമ്മതിക്കാനും ബുദ്ധിമുട്ടാകും. എന്നാല്‍ ഭാരതത്തിന്റെ പ്രാചീന സാഹിത്യങ്ങളിലും മനുസ്മൃതിയില്‍ തന്നെയുമുള്ള വംശാവലികളും പരിശോധിച്ചുനോക്കിയാല്‍ ഏതാണ്ടൊരു കാലനിര്‍ണയം സാധിച്ചെന്നുവരാം. സ്മൃതിയില്‍ മൂന്നിടത്ത് മനുവംശത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത് നമുക്ക്
കാണാം. അവ ഇങ്ങനെയാണ്.
1. ബ്രഹ്മാവില്‍ നിന്ന് വിരാട്, വിരാട്ടില്‍ നിന്ന് മനു, മനുവില്‍ നിന്ന് മരീചി തുടങ്ങിയ 10 ഋഷിമാര്‍ ഉണ്ടായി
(മനു. 1.32-35)
2. ബ്രഹ്മാവില്‍ നിന്നു മനു ധര്‍മ്മശാസ്ത്രം പഠിച്ചു, മനുവില്‍ നിന്ന് മരീചി, ഭൃഗു തുടങ്ങിയവരും പഠിച്ചു (മനു 1.58/60)
3. ഹിരണ്യഗര്ഭന് അതായത് ബ്രഹ്മാവിന് മനു എന്ന മകന് ഉണ്ടായി. ആ മനുവില്‍ നിന്ന് മരീചിതുടങ്ങിയവര് ഉണ്ടായി.
ഈ മൂന്ന് വംശാവലികളും പ്രക്ഷിപ്തമാണ്. അതായത് മനുസ്മൃതിയില്‍ പിന്നീട് എഴുതിയുണ്ടാക്കിയതാണെന്നര്ത്ഥം. എങ്കിലും ഇവിടേയും ബ്രഹ്മാവിന്റെ രണ്ടാമത്തെ തലമുറയായിട്ടാണ് മനുവിനെ കാണുന്നത്. മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും ഉള്ള വംശാവലിയില്‍ മനുവിനെ ബ്രഹ്മാവിന്റെ മകനായിട്ടാണ് ഗണിച്ചിട്ടുള്ളത്. ബ്രഹ്മാവ് ആദിസൃഷ്ടിയിലെ മനുഷ്യനായാണ് ഭാരതീയ ഇതിഹാസ ഗ്രന്ഥങ്ങളിലെല്ലാം വിവരിച്ചിട്ടുള്ളത്. മുണ്ഡകോപനിഷത്തിലും അത്തരമൊരു പ്രയോഗം നമുക്ക് കാണാം. ‘ബ്രഹ്മാദേവനാം പ്രഥമസംബഭൂവ’ എന്നാണ് മുണ്ഡകത്തിലെ പ്രസ്താവം. സത്യത്തില്‍ ഭാരതത്തിലെ എല്ലാ വംശാവലികളും ബ്രഹ്മാവില്‍ നിന്ന് വന്നവരാണ്. അത് കുലവംശമായാലും വിദ്യാവംശമായാലും (ശിഷ്യപരമ്പരയായാലും). ആദിസൃഷ്ടിയില്‍ തന്നെയായിരുന്നു മനുവിന്റേയും കാലമെന്ന് അവിടെ ചിന്തിച്ചാല്‍ നമുക്ക് കണ്ടെത്താം.
മനുസ്മൃതിയിലെ ചതുര്യുഗങ്ങളുടേയും മന്വന്തരങ്ങളുടേയും കാലഗണന പരിശോധിച്ചാല്‍ 2012ലേക്ക് ഈ സൃഷ്ടി നടന്നിട്ട് 196, 08,5 3,13 (196 കോടി എട്ടുലക്ഷത്തി അന്‍പത്തി മൂവായിരത്തി ഒരുനൂറ്റി പതിമൂന്ന്) വര്‍ഷമായെന്നു മനസ്സിലാക്കാം.
ഒരു മന്വന്തരമെന്നാല്‍ 71 ചതുര്യുഗങ്ങള് ചേര്‍ന്നതാണ്. ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാമതുവരുന്ന വൈവസ്വത മന്വന്തരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഏതുക്രിയ നടക്കുമ്പോഴും അതിന് മുന്‍പായി ഒരു സങ്കല്പ പാഠം ചൊല്ലുന്ന പതിവുണ്ട്. ഇത് കാലമാപിനിയാണ്. സൃഷ്ടിയുടെ തുടക്കം മുതലുള്ള ഈ ശാസ്ത്രീയമായ കണക്ക് സുതരാം ഈ സങ്കല്‍പ്പത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടുതാനും. സൃഷ്ടി രചന നടന്ന കാലത്തേക്കുറിച്ച് ആധുനിക ശാസ്ത്രത്തിനുള്ള അതേ കാഴ്ചപ്പാടുതന്നെയാണ് ഈ പ്രസ്താവനയിലുള്ളതെന്നു മനസ്സിലാക്കണം. ആദിസൃഷ്ടികാലത്തുതന്നെ മനു ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ അത് ലോകസൃഷ്ടിയോ പ്രപഞ്ച സൃഷ്ടിയോ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ ആദിസ്രഷ്ടാവെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യരുടെ സ്രഷ്ടാവും മനുഷ്യസമൂഹത്തിന്റെ ഉത്ഭവവുമാണ്. ഭാരതീയ സാഹിത്യത്തിലൊരിടത്തും ബ്രഹ്മാവിനു മുന്‍പ് ഒരു വംശപരമ്പര കാണാനാവില്ല. പാശ്ചാത്യപൗരസ്ത്യ പണ്ഡിതന്മാരെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഋഗ്വേദത്തേക്കാള്‍ പഴയതായ ഒരു ഗ്രന്ഥമില്ലെന്ന കാര്യം. അതിനുശേഷമാണ് ബ്രാഹ്മണഗ്രന്ഥങ്ങളുടെ ആഗമനം അതിനാല്‍ ഋഗ്വേദാദിവേദങ്ങള് ആദി സൃഷ്ടിയിലുള്ളതാണ്. ബ്രാഹ്മണങ്ങളിലും തൈത്തീരിയം തുടങ്ങിയ സംഹിതകളിലും ധര്‍മ്മ പ്രവക്താവെന്നു പറഞ്ഞിട്ടുള്ള മനു ഈ മനുവാണ്. അതിനാല്‍ മനുവിന്റെ കാലം ബ്രാഹ്മണരചനയ്ക്ക് മുന്‍പേ തന്നെയാണ്.
തുടരും.