മാംസം കഴിക്കാന്‍ മനുസ്മൃതി പറഞ്ഞുവോ?
മനുസ്മൃതി മാംസഭക്ഷണത്തെ വിശേഷിച്ചും ഗോമാംസഭക്ഷണത്തെ നിര്‍ദ്ദേശിച്ചിരുന്ന ഗ്രന്ഥമായിരുന്നു എന്നും അതിനാല്‍തന്നെ ഹിന്ദുക്കളുടെ ഗോഭക്തി വ്യാജമാണെന്നുമുള്ള പ്രചാരം വ്യാപകമായി നടക്കുന്നുണ്ട്്്. ജാതീയതയുടെയും സ്ത്രീവിവേചനത്തിന്റെയും കൃതിയാണെന്ന് പറഞ്ഞ് മനുസ്മൃതിയെ ആക്ഷേപിക്കുന്നവര്‍തന്നെയാണ് തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇപ്പോള്‍ മനുസ്മൃതിയെ കൂട്ടുപിടിക്കുന്നത്് എന്നതാണ് ഇതിലെ വിരോധാഭാസം. സത്യമെന്തെന്ന് പരിശോധിക്കാം.
“വേദോfഖിലോ ധര്‍മ്മമൂലം” (മനുസ്മൃതി 2.6) എന്ന് മനുസ്മൃതിയില്‍ കാണാം. വേദമാണ് സകലധര്‍മ്മങ്ങളുടെയും വേര എന്നാണിതിനര്‍ഥം. അതായത് വേദത്തെ പരമ പ്രമാണമായി കാണുന്ന ഗ്രന്ഥമാണ് മനുസ്മൃതി എന്നു സാരം.
കാലാന്തരത്തില്‍ വേദമൊഴിച്ചുള്ള ഗ്രന്ഥങ്ങളില്‍ പല തരത്തിലുള്ള കൂട്ടിച്ചേര്‍പ്പുകളും നടന്നിട്ടുണ്ട്. ഇവയെ പ്രക്ഷിപ്തങ്ങളെന്ന് വിളിക്കുന്നത്. തന്റെ ഗ്രന്ഥത്തിനും ഇത് സംഭവിക്കാമെന്ന് മഹര്‍ഷി മനു മുന്‍കൂട്ടി കണ്ടതിനാലാണ് അദ്ദേഹം മനുസ്മൃതി 12.95 ല്‍ ഇങ്ങനെ സൂചിപ്പിച്ചത്.
“യാ വേദബാഹ്യാഃ സ്മൃതയോ യാശ്ച
കാശ്ച കുദൃഷ്ടയഃ. സര്‍വസ്താ നിഷ്ഫലാഃ
ജ്ഞേയാഃ തമോനിഷ്ഠാ ഹിതാഃ സ്മൃതാഃ.”
അര്‍ത്ഥം: വേദബാഹ്യങ്ങളായ സ്മൃതിവാക്യങ്ങളും വേദവിരുദ്ധങ്ങളായ ദര്‍ശനങ്ങളും നിഷ്പ്രയോജനങ്ങളാണ്. അവ അജ്ഞാനാന്ധകാരത്തിലുള്ളതാകയാല്‍ വര്‍ജ്യങ്ങളാണ്.
മഹര്‍ഷി മനു എഴുതാത്തതും എന്നാല്‍ ഇന്നത്തെ മനുസ്മൃതിയില്‍ കാണാവുന്നതുമായ ഒട്ടേറെ ശ്ലോകങ്ങള്‍ ഇന്ന് മനുവിന്റെ അഭിപ്രായമെന്നോണം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് ലഭ്യമായ മനുസ്മൃതിയിലെ 2685 ശ്ലോകങ്ങളില്‍ 1214 എണ്ണം മാത്രമേ മൗലികമായുള്ളൂ. 1471 എണ്ണവും അതായത് പകുതിയലധികം പ്രക്ഷിപ്തങ്ങളാണ്.1
മനുസ്മൃതിയെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.
“ഞാന്‍ മനുസ്മൃതിയെ ശാസ്ത്രങ്ങളുടെ ഭാഗമായിത്തന്നെ അംഗീകരിക്കുന്നു. എന്നാല്‍ മനുസ്മൃതി എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ ആ പുസ്തകത്തിലെ ശ്ലോകങ്ങളെല്ലാം പ്രാമാണികമാണെന്ന് അതിനാല്‍ അര്‍ഥമാക്കേണ്ടതില്ല. ഇന്നു ലഭ്യമായ ആ പുസ്തകത്തില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു ഭാഗത്തെ നിങ്ങള്‍ അംഗീകരിച്ചാല്‍, അതിനു നേര്‍വിപരീതമായ ആശയത്തെ ഉണര്‍ത്തുന്ന ഭാഗങ്ങളെ നിങ്ങള്‍ക്ക് വര്‍ജിക്കേണ്ടതായി വരും.”2
ഉദാഹരണമായി മനുസ്മൃതിയില്‍ മൂന്നാം അധ്യായത്തിലെ 55 മുതല്‍ 62 വരെ ശ്ലോകങ്ങള്‍ സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം കല്പിച്ചുനല്‍കുമ്പോള്‍ ഒന്‍പതാം അധ്യായത്തിലെ മൂന്നു മുതല്‍ 17 വരെ ശ്ലോകങ്ങള്‍ അതിനു നേര്‍വിപരീതമായ ആശയത്തെ അവതരിപ്പിക്കുന്നു. എന്നാല്‍ മനുസ്മൃതിക്കെതിരെ സംസാരിക്കുന്നവര്‍ പ്രക്ഷിപ്തശ്ലോകങ്ങളെ മാത്രം സ്വീകരിച്ചുകൊണ്ട് മനുസ്മൃതിയെ സ്ത്രീവിദ്വേഷത്തിന്റെയും ജാതീയതയുടെയും മൂലഗ്രന്ഥമെന്നു വ്യാഖ്യാനിക്കുന്നു. മാംസഭക്ഷണവിഷയത്തെ സംബന്ധിച്ചും മനുസ്മൃതിയിലെ പ്രക്ഷിപ്തശ്ലോകങ്ങള്‍ വ്യാപകമായി ഉദ്ധരിച്ചുകാണുന്നുണ്ട്. മറ്റു സ്മൃതിഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഋഷിപ്രോക്തമായ മനുസ്മൃതിക്കു ലഭിച്ചിരുന്ന അംഗീകാരമാണ്, തങ്ങളുടെ പക്ഷത്തിന് അംഗീകാരം ലഭിക്കുന്നതിനായി മനുസ്മൃതിയില്‍തന്നെ ഇത്രയേറെ കൂട്ടിച്ചേര്‍പ്പു നടത്താന്‍ വാമമാര്‍ഗികളെ പ്രേരിപ്പിച്ചിരിക്കുക.
വേദവിരുദ്ധമാണോ എന്നു നോക്കുന്നതിനു പുറമെ പ്രക്ഷിപ്ത ശ്ലോകങ്ങളെ തിരിച്ചറിയാന്‍ വേറെയും ചില മാനദണ്ഡങ്ങളുണ്ട്. വിഷയവിരോധം, സന്ദര്‍ഭവിരോധം, പുനരുക്തിദോഷം, ശൈലീവിരോധം തുടങ്ങിയവയാണവ. അങ്ങനെ നോക്കുമ്പോള്‍ മനുസ്മൃതിയില്‍ അഞ്ചാം അധ്യായത്തില്‍ ഭക്ഷ്യാഭക്ഷ്യവിധിയിലെ ഒട്ടേറെ ശ്ലോകങ്ങള്‍ പ്രക്ഷിപ്തങ്ങളാണെന്നു മനസ്സിലാകും. പ്രക്ഷിപ്തശ്ലോകങ്ങളെ മാറ്റിനിര്‍ത്തി മനുസ്മൃതിയുടെ അഞ്ചാം അധ്യായത്തെ വായിക്കുമ്പോള്‍ പ്രായോഗിക അഹിംസയുടെ യഥാര്‍ഥ ചിത്രം നമുക്ക് ലഭിക്കുന്നു. മാംസഭക്ഷണവര്‍ജനവും പ്രായോഗികമായ അഹിംസാചരണമായാണ് മഹര്‍ഷി മനു വിശദീകരിക്കുന്നത്. കാണുക:
യാ വേദവിഹിതാ ഹിംസാ നിയതാf
സ്മിംശ്ചരാചരേ. അഹിംസാമേവ താം
വിദ്യാദ് വേദാദ് ധര്‍മോ ഹി നിര്‍ബഭൗ.
(മനുസ്മൃതി 5.44)
അര്‍ഥം: ചരാചരാത്മകമായ ഈ ജഗത്തില്‍ വേദവിഹിതമായ ഹിംസയെ അഹിംസയെന്നുതന്നെ വേണം കരുതാന്‍. എന്തെന്നാല്‍ വേദത്തില്‍നിന്നാണല്ലോ ധര്‍മം പ്രകാശിക്കുന്നത്.
ധരിക്കാന്‍ യോഗ്യമായതാണ് ധര്‍മം. അത് പ്രായോഗികമായതായിരിക്കും. അതാണ് വേദം പറയുന്ന അഹിംസ. ഹിംസ്രജന്തുക്കള്‍ നമ്മെ ആക്രമിക്കുമ്പോള്‍ രക്ഷയ്ക്കായി അവയെ തിരിച്ചാക്രമിക്കുന്നതും രാജാവ് ദുഷ്ടന്മാരെയും കപടന്മാരെയും ശിക്ഷിക്കുന്നതുമെല്ലാം വേദവിഹിതമായ ഹിംസയില്‍ ഉള്‍ക്കൊള്ളുന്നതാണ്. അത് ധര്‍മമാണ് എന്നാണ് മനു പറയുന്നത്. ശേഷം മാംസത്തിനുവേണ്ടിയുള്ള ഹത്യയെ അതില്‍നിന്നും മാറ്റിനിര്‍ത്തുന്നു.
യോfഅഹിംസകാനി ഭൂതാനി
ഹിനസ്ത്യാത്മസുഖേച്ഛയാ
സ ജീവംശ്ച മൃതശ്ചൈവ
ന ക്വചിത് സുഖമേധതേ.
(മനുസ്മൃതി 5.45)
അര്‍ഥം: സ്വന്തം സുഖത്തിനുവേണ്ടി ഹിംസിക്കരുതാത്ത (നിരുപദ്രവകാരികളായ) മൃഗങ്ങളെ ഹിംസിക്കുന്നവന്‍ യഥാര്‍ഥത്തില്‍ ഇഹലോകത്തിലോ പരലോകത്തിലോ സുഖം പ്രാപിക്കുകയില്ല.
യോ ബന്ധന വധ ക്ലേശാന്‍
പ്രാണിനാം ന ചികീര്‍ഷതി
സ സര്‍വസ്യ ഹിത പ്രേപ്‌സുഃ
സുഖമത്യന്തമശ്‌നുതേ.
(മനുസ്മൃതി 5.46)
അര്‍ഥം: ജീവികളെ കൂട്ടിലടച്ചോ കൊന്നോ ഉപദ്രവിച്ചോ പീഡിപ്പിക്കാന്‍ ആഗ്രഹിക്കാത്ത, സകല ജീവജാലങ്ങളുടെയും ഹിതം ആഗ്രഹിക്കുന്നയാള്‍ അനന്തസുഖം പ്രാപിക്കുന്നു.
യദ്ധ്യായതി യത് കുരുതേ
ധൃതിം ബധ്‌നാതി യത്ര ച
തദവാപ്‌നോത്യയത്‌നേന
യോ ഹിനസ്തി ന കിഞ്ചന.
(മനുസ്മൃതി 5.47)
അര്‍ഥം: യാതൊരു പ്രാണിയെയും ഹിംസിക്കാത്തവന്‍ എന്തു ചിന്തിക്കുന്നുവോ, ചെയ്യുന്നുവോ, മനസ്സുവെക്കുന്നുവോ അതൊക്കെ ക്ലേശം കൂടാതെ അവന്‍ പ്രാപിക്കുന്നു.
നാകൃത്വാ പ്രാണിനാം ഹിംസാം
മാസമുത്പദ്യതേ ക്വചിത്
ന ച പ്രാണിവധഃ സ്വര്‍ഗ്യസ്തസ്മാന്
മാംസം വിവര്‍ജയേത്.
(മനുസ്മൃതി 5.48)
അര്‍ഥം: പ്രാണികളെ ഹിംസിക്കാതെ ഒരിക്കലും മാംസം ഉണ്ടാവുകയില്ല. പ്രാണിഹിംസ സ്വര്‍ഗപ്രാപ്തിക്ക് ഉതകുന്നതുമല്ല. ആകയാല്‍ മാംസം ഭക്ഷിക്കരുത്.
സമുത്പത്തിം ച മാംസസ്യ
വധബന്ധൗ ച ദേഹിനാം
പ്രസമീക്ഷ്യ നിവര്‍ത്തേത
സര്‍വ മാംസസ്യ ഭക്ഷണാത്.
(മനുസ്മൃതി 5.49)
അര്‍ഥം: മാംസം ഉണ്ടാക്കുന്ന വിധത്തെയും പ്രാണികളുടെ വധത്തെയും ബന്ധനത്തെയും ശരിയായി ആലോചിച്ച് സര്‍വവിധ മാംസഭക്ഷണത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടതാകുന്നു.
ന ഭക്ഷയതി യോ മാംസം വിധിം
ഹിത്വാ പിശാചവത്.
സ ലോകേ പ്രിയതാം യാതി
വ്യാധിഭിശ്ച ന പീഡ്യതേ.
(മനുസ്മൃതി 5.50)
അര്‍ഥം: വേദവിധിയെ ലംഘിച്ച് പിശാചിനെപ്പോലെ മാംസം ഭക്ഷിച്ച് ജീവിക്കാതിരിക്കുന്നവന്‍ ജനങ്ങള്‍ക്ക് പ്രിയനായിത്തീരും. അവന്‍ വ്യാധികളാല്‍ പീഡിപ്പിക്കപ്പെടുകയുമില്ല.
അനുമന്താ വിശസിതാ
നിഹന്താ ക്രയവിക്രയീ
സംസ്‌കര്‍ത്താ പോപഹര്‍ത്താ
ച ഖാദകശ്ചേതി ഘാതകാഃ
(മനുസ്മൃതി 5.51)
അര്‍ഥം: കൊല്ലാന്‍ അനുവാദം കൊടുക്കുന്നവന്‍, മാംസത്തെ കഷണം കഷണമാക്കുന്നവന്‍, കൊല്ലുന്നവന്‍, വാങ്ങുന്നവന്‍, വില്‍ക്കുന്നവന്‍, വെയ്ക്കുന്നവന്‍, വിളമ്പുന്നവന്‍, തിന്നുന്നവന്‍ ഇവരെല്ലാം ഘാതകരത്രെ.
സ്വമാംസം പരമാംസേന യോ
വര്‍ദ്ധയിതുമിച്ഛതി അനഭ്യര്‍ച്യ
പിതൃൃന്‍ ദേവാംസ്തതോfന്യോ
നാസ്ത്യപുണ്യകൃത്
(മനുസ്മൃതി 5.52)
അര്‍ഥം: അന്യമൃഗങ്ങളുടെ മാംസംകൊണ്ട് സ്വശരീരമാംസത്തെ വര്‍ധിപ്പിക്കാന്‍ ആശിക്കുന്നവനും പിതൃക്കള്‍ക്കും (അച്ഛന്‍, അമ്മ, ആചാര്യന്‍ തുടങ്ങിയവര്‍) ദേവതകള്‍ക്കും (അഗ്നിഹോത്ര-ബലിവൈശ്വദേവാദി യജ്ഞങ്ങളില്‍) അര്‍പ്പിക്കാതിരിക്കുന്നവനുമായവനേക്കാള്‍ വലിയ പാപി വേറെ ആരുമില്ല.
വര്‍ഷേ വര്‍ഷേfശ്വമേധേന
യോ യജേത ശതം സമാഃ
മാംസാനി ച ന ഖാദേദ്
യസ്‌തേയോഃ പുണ്യഫലമ്.
(മനുസ്മൃതി 5.53)
അര്‍ഥം: നൂറു സംവത്സരം പ്രതിവര്‍ഷം അശ്വമേധയാഗം ചെയ്യുന്നതുകൊണ്ടും അത്രയും കാലം മാംസം ഭുജിക്കാതിരിക്കുന്നതുകൊണ്ടും ലഭിക്കുന്ന പുണ്യം സമമാകുന്നു.
ഫലമൂലാശനൈര്‍മേധൈ്യര്‍മുന്യന്നാനാം ച ഭോജനൈഃ
ന തത്ഫലമവാപ്‌നോതി യന്മാംസ പരിവര്‍ജനാത്
(മനുസ്മൃതി 5.54)
അര്‍ഥം: ഫലമൂലാദി ഭക്ഷണങ്ങളും മുനിമാര്‍ കഴിക്കുന്ന ഭക്ഷണങ്ങളും സ്വീകരിച്ചതുകൊണ്ടു ലഭിക്കുന്ന ഫലത്തേക്കാളേറെ മാംസവിവര്‍ജനം ചെയ്യുമ്പോള്‍ ലഭിക്കുന്നു.
കേവലം ഭക്ഷണമെന്ന കാഴ്ചപ്പാടില്‍നിന്നും ഉയര്‍ന്ന് അഹിംസ എന്ന മഹാവ്രതത്തിന്റെ കാഴ്ചപ്പാടില്‍ മാംസഭക്ഷണവിഷയത്തെ നോക്കിക്കാണുകയാണിവിടെ. ഹിംസയില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ അത് മൈത്രി, കരുണ തുടങ്ങിയ ഭാവങ്ങളെ പുഷ്ടിപ്പെടുത്തുകയും അത് ചിത്തപ്രസാദത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതാണ് അധികഫലംകൊണ്ടര്‍ഥമാക്കുന്നത്.
മാം സ ഭക്ഷയിതാമുത്ര യസ്യ മാംസമിഹാദ്മ്യഹം.
ഏതന്മാംസസ്യ മാംസത്വം പ്രവദന്തി മനീഷിണഃ.
(മനുസ്മൃതി 5.55)
അര്‍ഥം: ഈ ലോകത്തില്‍ ഞാന്‍ ആരുടെ മാംസം ഭക്ഷിക്കുന്നുവോ, പരലോകത്തില്‍ (മാം) എന്നെ (സഃ) അവന്‍ ഭക്ഷിക്കും എന്നാണ് ‘മാംസ’ശബ്ദത്തിന്റെ അര്‍ഥമെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
ഇത്രയും ഉറച്ച ശബ്ദത്തില്‍ മനുസ്മൃതി മാംസാഹാരത്തെ എതിര്‍ക്കുന്നു. എന്നാല്‍ D. N. ഝാ, പാണ്ഡുരംഗ് വാമന്‍ കാനെ, രാജേന്ദ്രലാല്‍ മിത്ര തുടങ്ങിയ ചരിത്രകാരന്മാരെല്ലാംതന്നെ മനുസ്മൃതിയിലെ ഇപ്പറഞ്ഞ ശ്ലോകങ്ങള്‍ക്ക് വിരുദ്ധമായ പ്രക്ഷിപ്തശ്ലോകങ്ങളെ മാത്രം ഉദ്ധരിച്ചുകൊണ്ട് മനുസ്മൃതി മാംസാഹാരം കഴിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നു വാദിക്കുന്നു. പ്രക്ഷിപ്തശ്ലോകങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതിനാലായിരിക്കാം അത് എന്നു പറയുന്നത് ശരിയല്ല. കാരണം തങ്ങളുടെ വാദങ്ങള്‍ക്ക് വിരുദ്ധമായ ശ്ലോകങ്ങള്‍ അതില്‍ കണ്ടിട്ടും അവയെ കണ്ടില്ലെന്ന് നടിച്ച്, അങ്ങനെ ചിലതുള്ളതിനെക്കുറിച്ച് ഒന്നു സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് തങ്ങളുടെ മാംസപ്രിയവാദങ്ങള്‍ മുന്നോട്ടുവെക്കുന്നത്. സ്വപക്ഷസ്ഥാപനത്തിനുവേണ്ടി ഇപ്രകാരം വാമമാര്‍ഗികളെ പിന്തുടരുന്നത് ചരിത്രകാരന്മാര്‍ക്ക് ചേര്‍ന്നതാണോ എന്നത് അനുവാചകര്‍ക്കുതന്നെ നിശ്ചയിക്കാവുന്നതാണ്.
പ്രക്ഷിപ്തശ്ലോകങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ഉദ്ധരിക്കുന്നതിനിടയില്‍ വളരെ രസകരമായ ഒരു മനുസ്മൃതി ശ്ലോകത്തെയും (മനുസ്മൃതി 5.41) D.N. ഝാ ഉദ്ധരിക്കുന്നുണ്ട്. കാണുക:
“Accordingly, one does not do any wrong by eating meat while honoring the gods, the Manes and guests (madhuparke ca yajne ca pitrdaivatakarmani)”3
ഇതിലെ രസമെന്തെന്നതറിയാന്‍ ഈ ശ്ലോകം മുഴുവന്‍ വായിക്കണം.
മധുപര്‍കേ ച യജ്ഞേ ച
പിതൃദൈവത കര്‍മണി
അത്രൈവ പശവോ ഹിംസ്യാ
നാന്യത്രേത്യബ്രവീന്മനുഃ
(മനുസ്മൃതി 5.41)
അര്‍ഥം: മധുപര്‍കത്തിലും യജ്ഞത്തിലും പിതൃദൈവതകര്‍മങ്ങളിലും മൃഗഹിംസയാകാം. എന്നാല്‍ മറ്റൊരിടത്തും പാടില്ല എന്നു മനു പറയുന്നു. (ഇത്യബ്രവീന്മനുഃ)
ഇവിടെ ”എന്നു മനു പറയുന്നു” എന്ന് ശ്ലോകത്തില്‍ ഉള്ളതിനാല്‍തന്നെ ഇത് മനു എഴുതിയ മനുസ്മൃതിശ്ലോകമല്ല, പിന്നീട് മനുസ്മൃതിയില്‍ ആരോ കൂട്ടിച്ചേര്‍ത്തതാണെന്ന് വ്യക്തമാകുന്നു. ഇത് ശൈലീവിരോധമാണ്. ശാസ്ത്രജ്ഞാനം അല്പംപോലും ഇല്ലാത്തവര്‍ക്കുപോലും പ്രക്ഷിപ്തമാണെന്ന് എളുപ്പത്തില്‍ മനസ്സിലാകുന്ന ഇത്തരം ശ്ലോകങ്ങളാണ് സ്ഥാപിതതാല്പര്യങ്ങള്‍ക്കായി പ്രമാണമെന്നു കാട്ടിക്കൊണ്ട് ചരിത്രകാരന്മാര്‍ ഉദ്ധരിച്ചിരിക്കുന്നത്.
പ്രക്ഷിപ്തശ്ലോകങ്ങള്‍ വൈരുദ്ധ്യം തോന്നാത്ത രീതിയില്‍ കാണപ്പെടണം എന്ന ലക്ഷ്യംവെച്ച് കൂട്ടിച്ചേര്‍ത്ത മറ്റൊരു ശ്ലോകവും അര്‍ഥവും താഴെ എഴുതാം.
ന മാംസഭക്ഷണേ ദോഷോ ന മദ്യേ ന ച മൈഥുനേ
പ്രവൃത്തിരേഷാ ഭൂതാനാം നിവൃത്തിസ്തു മഹാഫലാ.
(മനുസ്മൃതി 5.56)
അര്‍ഥം: മാംസം ഭക്ഷിക്കുന്നതുകൊണ്ടോ മദ്യം കഴിക്കുന്നതുകൊണ്ടോ മൈഥുനം ചെയ്യുന്നതുകൊണ്ടോ ദോഷമില്ല. എന്നാല്‍ ഇവയില്‍നിന്നു നിവര്‍ത്തിക്കുന്നത് നിസ്തുല ഫലപ്രദമാകുന്നു.
തൊട്ടുമുന്‍പ് ‘മാംസം ഭക്ഷിക്കാതെ ജീവിക്കുന്നവന്‍ വ്യാധികളാല്‍ പീഡിപ്പിക്കപ്പെടുകയില്ല’ (വ്യാധിഭിശ്ച ന പീഡ്യതേ- മനുസ്മൃതി 5.50) എന്നു പറഞ്ഞതും ഇതേ മനുസ്മൃതിയില്‍തന്നെയാണ്. അതായത് മാംസഭക്ഷണം വ്യാധികള്‍ക്കു കാരണമാകുന്നുവെന്നതാണ് മനുവിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ ശ്ലോകത്തിലെ ‘മാംസം ഭക്ഷിക്കുന്നതുകൊണ്ട് ദോഷമില്ല’ (ന മാംസഭക്ഷണേ ദോഷാ) എന്നത് വൈരുധ്യമാണ്. ഈ ശ്ലോകവും പ്രക്ഷിപ്തമാണെന്നു സാരം. തന്റെ വാദങ്ങള്‍ക്കു ഉപോല്‍ബലകമായി D.N. ഝാ ഈ ശ്ലോകത്തെയും തന്റെ വിഖ്യാതഗ്രന്ഥത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.4
‘പ്രക്ഷിപ്ത ശ്ലോകങ്ങളില്‍’ അഭക്ഷ്യങ്ങളായ മാംസങ്ങളുടെ കൂട്ടത്തില്‍ ഗോമാംസം പറയാത്തതിനാല്‍തന്നെ പശുവിനെ കൊല്ലുന്നതുകൊണ്ട് തെറ്റില്ല എന്നാണ് മറ്റൊരിടത്ത് D.N. ഝാ പറയുന്നത്.5 എന്നാല്‍ പശുവിന്റെ വിശുദ്ധിയെയും അതിനെ വധിച്ചാല്‍ ചെയ്യേണ്ട കഠിനമായ പ്രായശ്ചിത്തങ്ങളെയുംകുറിച്ച് മനുസ്മൃതി വിധിക്കുന്നതിനെ6 സൗകര്യപൂര്‍വം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
വേദാനുകൂലമായ സ്മൃതിവാക്യങ്ങളെ മാത്രം സ്വീകരിക്കാന്‍ മഹര്‍ഷി മനു വീണ്ടും 12.106ല്‍ ആവര്‍ത്തിക്കുന്നുണ്ട്. 2.13 ല്‍ ‘പ്രമാണം പരമം ശ്രുതി’ (ശ്രുതിയാണ് പരമമായ പ്രമാണം) എന്നും പറയുന്നു. അതിനാല്‍തന്നെ വേദങ്ങളുടെ അഭിപ്രായത്തിനു വിരുദ്ധമായി പറയപ്പെട്ടിട്ടുള്ള മനുസ്മൃതി ശ്ലോകങ്ങള്‍ മഹര്‍ഷി മനു എഴുതിയതല്ല എന്നതിനാല്‍തന്നെ അവ സ്വീകാര്യമല്ല. മനുസ്മൃതി മാംസാഹാരം കഴിക്കാന്‍ പറയുന്നു എന്ന് പാടി നടക്കുന്നവരാരുംതന്നെ മനുസ്മൃതി എന്ന ഗ്രന്ഥം കണ്ടിട്ടുപോലുമില്ലെന്നതാണ് സത്യം.
1. Ref: J Sinha (2014), Psycho-Social Analysis of the Indian Mindset, Springer Academic, Page 5.
2. M.K.Gandhi, Hinduism According to Gandhi, Orient Paperbacks (2013 Reprint Edition) P. 129
3. D.N. Jha, The Myth of the Holy Cow, chap. 3, p. 91.
4. Ibid p. 92.
5. Ibid p. 91.
6. മനുസ്മൃതി 11.59, 11.79, 11.108-116 ശ്ലോകങ്ങള്‍ കാണുക.