തപസ്സിന്റെ മധുരം – ഈശ്വരന് നല്കിയ ഗുരുത്വം
ഈശ്വരന് നല്കിയ ഗുരുത്വം
ജിനിത്ത്. എം
മാരകമായ രോഗത്തിനടിമപ്പെട്ട് ജീവിതം ആ കറുത്ത അധ്യായത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു ദിവസം മാതൃഭൂമിയില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ‘ ഷോഡശക്രിയകളെ’ക്കുറിച്ചുള്ള ഒരു ക്ലാസ് ഗാന്ധിഗൃഹത്തില്‍ വെച്ച് നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. ഷോഡശക്രിയ എന്ന വാക്ക് അന്ന് ആദ്യമായാണ് കേട്ടത്. ഈ ക്രിയ എന്താണെന്ന് ഒന്നു മനസ്സിലാക്കാം എന്ന് കരുതി ഒന്നു പോവാന്‍ തന്നെ തീരുമാനിച്ചു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ച് മുന്‍പ് പലതവണ പത്രത്തില്‍ വായിച്ചിട്ടുണ്ട്. ജാതിലിംഗഭേദമന്യേ വേദം പഠിപ്പിയ്ക്കുന്നു, ജാതിലിംഗഭേദമന്യേ 40 കുട്ടികള്‍ക്ക് ഉപനയനം നടത്തി, ഇങ്ങനെ നീളുന്നു… ആ പട്ടിക എന്നാല്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ച് കൂടുതല്‍ അറിയാനോ മറ്റോ ഞാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ വേദംപഠിയ്ക്കണമെന്ന വലിയ ആഗ്രഹം എപ്പോഴും മനസ്സിലുണ്ടായിരുന്നു. പതിവായി ഞാന്‍ ഈശ്വരനെ പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ പറയുന്ന ഒരു കാര്യമായിരുന്നു ഈശ്വരാ എനിയ്ക്ക് വേദവും ശാസ്ത്രവും പഠിയ്ക്കാനുള്ള അവസരമുണ്ടാക്കിത്തരണേ അതിനായി ഒരു ഉത്തമഗുരുവിനെ എനിക്ക് തരണേ എന്നത്.
അങ്ങനെ ഷോഡശക്രിയ സംബന്ധിച്ച ക്ലാസ് നടക്കുന്ന ദിവസം വന്നെത്തി അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു അങ്ങനെ വൈകുന്നേരം 5.15ന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ചെറിയചാറ്റല്‍ മഴയുണ്ടായിരുന്നു. ഇതു കാരണം സാധാരണ ഹിന്ദുവിനുണ്ടാകാറുള്ള അലസതയും, പിന്നോട്ടുവലിയും എന്നിലും പ്രകടമായി. അങ്ങനെ ക്ലാസില്‍ ‘പോണോ’ ‘പോണ്ടേ’ എന്നുള്ള അവസ്ഥാവിശേഷം ഉണ്ടായി. അപ്പോള്‍ ആ വഴി വന്ന ഓട്ടോറിക്ഷയ്ക്ക് വെറുതെ ഒന്ന് കൈനീട്ടിയപ്പോള്‍ റിക്ഷ എന്റെ മുമ്പില്‍നിര്‍ത്തി പിന്നെ നിവൃത്തിയില്ലാതായി.
അദ്ദേഹം എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ ‘ ഗാന്ധിഗൃഹം ‘ എന്നു പറഞ്ഞു. ഗാന്ധി ഗൃഹത്തില്‍ ഞാന്‍ എത്തിയത് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞതിനുശേഷമാണ്. അതിനു ശേഷം ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരന്റെ പ്രഭാഷണമുണ്ടായിരുന്നു. ഈ പ്രഭാഷണം ആരംഭിച്ചപ്പോഴാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. ഈ ചെറുപ്പക്കാരന്റെ പ്രഭാഷണ ചാരുതയും, ഊര്‍ജ്ജസ്വലതയും ഓരോ വാക്കിന്റെ മൂര്‍ച്ചയും എന്നെ അത്ഭുതപ്പെടുത്തി. അന്ന് ഹിന്ദുസംസ്കാരത്തെക്കുറിച്ച് എനിയ്ക്കുണ്ടായ അറിവില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ അറിവുകളാണ് ആയാളുടെ പ്രഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഞാന്‍ പലതിനേയും ചോദ്യം ചെയ്തുവെങ്കിലും അവര്‍ ഒരു തര്‍ക്കത്തിന് തയ്യാറാവാതെ പിന്മാറുകയാണുണ്ടായത്. അന്നാണ് ഞാന്‍ അതുവരെ മനസ്സിലാക്കിയത് ശരിയാണോ? എന്ന ബോധം എന്നില്‍ വരാനിടയായത് എന്ന് പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുമായി അടുത്തു അവര്‍ എവിടെ നിന്നാണ് ഇതെല്ലാം പഠിച്ചതെന്നും, ആചാര്യന് ആരാണെന്നും ഞാന്‍ ആരാഞ്ഞു. അപ്പോഴാണ് അവര്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനിലെ വേദവിദ്യാര്ത്ഥികളാണെന്നും അവരുടെ ആചാര്യന് എം. ആര്. രാജേഷ് ആണെന്നും മനസ്സിലാക്കാന്‍ സാധിച്ചത്.
ഞാന്‍ അവരോട് അടുത്ത ക്ലാസ് ആരംഭിക്കുമ്പോള്‍ എന്നെ അറിയിക്കാന്‍ പറയുകയും, എന്റെ അഡ്രസ്സും, മൊബൈല്‍ നമ്പറും അവരില്‍ എഴുതി കൊടുക്കുകയും ചെയ്തു. പിന്നീട് എന്റെ മനസ്സില്‍ അടുത്ത ബാച്ച് ക്ലാസ് എനിയ്ക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന വേവലാധി ആയിരുന്നു. ആയതിനാല്‍ ഞാന്‍ ഒരു ദിവസം കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഓഫീസില്‍ തന്നെ പോയി പേര് രജിസ്റ്റര്‍ ചെയ്തു. അപ്പോഴാണ് ആചാര്യശ്രീ എം ആര് രാജേഷ് അവര്‍കള്‍ മാതൃഭൂമിയിലാണ് ജോലിചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. അങ്ങനെ അവിടെ ജോലിചെയ്തിരുന്ന എന്റെ ഒരു സുഹൃത്ത് മുഖാന്തിരം ഞാന്‍ ആചാര്യനെ പരിചയപ്പെടാന്‍ ഇടയാവുകയും അങ്ങനെ പുതിയ ബാച്ചിന്റെ ഉദ്ഘാടനത്തിന് വന്ന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. കോഴിക്കോട് സരസ്വതീകലാകുഞ്ജില് വെച്ചായിരുന്നു പുതിയ ബാച്ചിന്റെ ഉദ്ഘാടനവും രജിസ്ട്രേഷനും ഉദ്ഘാടന പ്രഭാഷണത്തിനു ശേഷം ഡയക്ടര്‍മാരിലൊരാള്‍ അനുഭവം വിവരിക്കുകയുണ്ടായി അത് എന്നെ ഈശ്വരവാണിയായ ‘ വേദം’ പഠിച്ച് ആചരണം ചെയ്താല്‍ ഒരു മനുഷ്യന് വരുന്ന ‘ഗുണങ്ങളും’ ‘ഐശ്വര്യവും’ വേദം പഠിയ്ക്കേണ്ട അനിവാര്യതയെക്കുറിച്ചുള്ള അവബോധത്തിനിടയാക്കി. പിന്നെ കൗണ്ടറില്‍ പുതിയ ക്ലാസില്‍ ചേരാനുള്ള ആളുകളുടെ തിക്കും തിരക്കും എന്നെ ആശ്ചര്യപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ആദ്യം എനിക്ക് മാത്രം വാങ്ങിയ ഫോമിന്റെ കൂടെ തന്നെ എന്റെ ഭാര്യയ്ക്കും കുട്ടിയ്ക്കും ഈ ക്ലാസില്ച്ചേരാന് സാധിച്ചില്ലെങ്കില്‍ അത് വന്‍ നഷ്ടമാവുമെന്നുള്ള ബോധം എനിയ്യ്ക്കുളവാകുകയും മൂന്നു പേര്‍ക്കുമുള്ള ഫോറം വാങ്ങി പൂരിപ്പിച്ച് അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
തൊട്ടടുത്ത ഞായറാഴ്ചയായിരുന്നു ക്ലാസിന്റെ ആരംഭം അപേക്ഷാ ഫോറത്തിനോടൊപ്പം ചെറിയ ലിഖിതങ്ങളില്‍ ക്ലാസിന്റെ ചിട്ടവട്ടങ്ങളും, സമയവും രേഖപ്പെടുത്തിയിരക്കുന്നു. കണിശതയും രാവിലെ 7.30 ന് ക്ലാസില്‍ എത്തണമെന്ന നിര്‍ദ്ദേശവും ഞങ്ങളെ അലോസരപ്പെടുത്തിയെങ്കിലും ഒന്നാമത്തെ ക്ലാസില്‍ ആചാര്യന്റെ പ്രഭാഷണവും, മന്ത്രസാധനാ ക്ലാസും കേട്ടപ്പോള്‍ ലോകത്ത് ഇനി എന്തൊക്കെ സംഭവിച്ചാലും ഞങ്ങളുണ്ടെങ്കില്‍ ഞായറാഴ്ച രാവിലെ 7.30ന് പാര്‍ത്ഥസാരഥി ഹാളില്‍ ഉണ്ടാവുമെന്ന ദൃഢനിശ്ചയം ഞങ്ങളെ എടുപ്പിയ്ക്കാനിടയാക്കുകയാണുണ്ടായത്. അത്രയ്ക്ക് ഗംഭീരങ്ങളായിരുന്നു അവിടന്നങ്ങോട്ടുള്ള ഓരോ ക്ലാസും, ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അന്നന്ന് എടുക്കുന്ന മന്ത്രങ്ങളും, അര്‍ത്ഥങ്ങളും കൃത്യമായി പഠിച്ചിരുന്നു. അങ്ങനെ മഹാ പാപിയായ ജനിച്ച, വിഘ്നങ്ങളുടെ പരമ്പരയിലൂടെ യാത്ര ചെയ്ത, ജീവിതത്തില്‍ ഒരു സന്തോഷവും അനുഭവിക്കാതിരുന്ന എന്റെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷകളും, ജീവിതം തന്നെ അര്‍ത്ഥവത്തായി മാറുകയും ചെയ്തു. എനിക്ക് മാത്രമല്ല എന്റെ മകനും ഭാര്യയ്ക്കും അതിശയകരമായ മാറ്റങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വന്ന് തുടങ്ങി.
വേദവാണി ‘കാമധേനു’ ആകുന്നു. വേദം മനുഷ്യന്റെ ഇച്ഛകളെല്ലാം സാധിച്ചുകൊടുക്കുന്ന അക്ഷയഖനിയാണ്. വേദപാരായണം നിത്യവും ചെയ്യുകയും വേദം അന്യരെ പഠിപ്പിച്ച് പ്രചരിപ്പിക്കുന്നതിലും ഒരിക്കലും അശ്രദ്ധ അരുതെന്ന് വേദം തന്നെ നമ്മോട് പറയുന്നു. വേദ സ്വാധ്യായ പ്രചരണവും പാപഭാരം പുണ്യം കൊണ്ട് മറികടക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നുവെന്ന വേദം തന്നെ നമ്മോട് പറയുന്നു. സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്ന ജഗദീശ്വരനെ പ്രാപിയ്ക്കാനും, ദര്‍ശിയ്ക്കാനും മൂന്നാംധാമമായ മോക്ഷാഗ്നിയടയുന്നതിനണ് നമ്മള് വൈദിക ആചരണങ്ങള്‍ ചെയ്യുന്നത്. ഋക്കുകളുടെ(വേദമന്ത്രങ്ങളുടെ) അന്തിമലക്ഷ്യം വിശിഷ്ട സ്വരൂപം കവിഞ്ഞ് കിടക്കുന്ന ശുദ്ധസ്വരൂപ(അമൃത) ത്തിലെത്തുകയാണ്
ബ്രഹ്മയജ്ഞമായ സന്ധ്യാവന്ദനത്തിലൂടെ ബ്രഹ്മസ്വരൂപിയായ ഈശ്വരനെ പ്രാപിയ്ക്കാനും, ദര്‍ശനവുമാണ് നമ്മള്‍ക്ക് ക്രമേണ സാധ്യമാകുന്നത്. അതിലേക്ക് നമ്മള് അറിയാതെ തന്നെ ഈ ഉപാസന നമ്മളെ കൊണ്ടെത്തിയ്ക്കുന്നു. ദേവയജ്ഞമായ അഗ്നിഹോത്രത്തിലൂടെ ഈ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് ഓര്‍ക്കാനും, അതിലൂടെ ഈശ്വരനോടുള്ള അചഞ്ചലമായ ഭക്തി/പ്രേമം നമ്മളില്‍ ഉണരാനും, ക്രമേണ അതിലൂടെ ആത്മീയ പുരോഗതി നമ്മളില്‍ കൈവരാനും ഇടവരുന്നു.
ക്ലാസില്‍ ചേര്‍ന്ന് മൂന്നാം മാസമായപ്പോഴേയ്ക്ക് ആചാര്യന്റെ വീട്ടില്‍ അദ്ദേഹത്തെ കാണുന്നതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. ഞാന്‍ അതിനായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഭാരവാഹികളുമായി ബന്ധപ്പെട്ട അന്നു തന്നെ അദ്ദേഹത്തിനെ കാണാനുള്ള അനുവാദം കിട്ടി. ഇത്ര പെട്ടെന്ന് ആ ഭാഗ്യം ഉണ്ടാവുമെന്ന് പ്രതീക്ഷയിലുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ വിളിച്ച അന്ന് ഉച്ചയ്ക്കു തന്നെ ആ ദിവസം വൈകുന്നേരം ഏഴുമണിയ്ക്ക് ആചാര്യന് കാണാനുള്ള അനുവാദം തന്നിട്ടുണ്ടെന്ന് വിവരം കിട്ടുകയാണുണ്ടായത്. അപ്രതീക്ഷമായതുകൊണ്ടു തന്നെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിനെ കാണാന്‍ പോകുന്നത് ഓര്‍ത്ത് ഭീതിയും, അദ്ദേഹത്തിന് എന്തെങ്കിലും കൊണ്ടുപോകാന്‍ അന്ന് കാശ് ഒന്നും ഇല്ലാത്ത പരിഭ്രാന്തിയും എന്നെ അലട്ടി. അന്ന് രാവിലെ കാശൊന്നും ഇല്ലാത്തതിനാല്‍ ഒരു ചെറിയ ബിസിനസ്സില്‍ നിന്നും വരാനുണ്ടായിരുന്ന കമ്മീഷന് വന്നിട്ടുണ്ടോ എന്ന് ബാങ്ക് എ.ടി.എമ്മില്‍ നോക്കിയാണ് ഓഫീസില്‍ എത്തിയത്. എങ്കിലും ഉച്ചയ്ക്ക് ഈ വിവരം കിട്ടിയപ്പോള്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് വീണ്ടും ഇതേ എ.ടി.എമ്മില്‍ പോയപ്പോള്‍ എനിക്ക് വേണടതായ കാശ് അവിടെ ഉണ്ടായിരുന്നു! മാത്രമല്ല കാശ് എടുത്ത് തിരിച്ച് വന്നപ്പോഴാകട്ടെ ഓട്ടോറിക്ഷക്കാരന് കാശ് വാങ്ങാതെ പോയിരുന്നു. ആചാര്യന്റെ വീട്ടില്‍ പോയ അനുഭവം എന്നെ വളരെ ഊര്ജ്ജസ്വലപ്പെടുത്താന് ഇടയാക്കി. എന്റെ എല്ലാ വിഷമങ്ങളും മുമ്പുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തോട് വളരെ വിഷമത്തോടെ അറിയിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു. നീ ഒന്നുകൊണ്ടും വിഷമിയ്ക്കണ്ട നിനക്ക് വേണ്ടി എന്നും ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും. നിനക്ക് ഒന്നും സംഭവിയ്ക്കില്ല എന്ന വാക്ക് അന്ന് എന്റെ മനസ്സില്‍ അപ്പോള്‍ വേണ്ടതായ ഊര്‍ജ്ജം നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു. ഗവണ്മെന്റെ് സര്‍വ്വീസില്‍ 16 വര്‍ഷമായിരുന്നിട്ടും ഒന്നും സംമ്പാദിയ്ക്കാനാവാതെ കടത്തില്‍ നിന്ന് കടത്തിലേയ്ക്ക് നീങ്ങിയിരുന്ന എനിയ്ക്ക് വീടുണ്ടാക്കാനായില്ല ഒരു കല്ല് പോലും സംഭരിയ്ക്കാന്‍ സാധിച്ചിരുന്നില്ല. ആചാര്യന് വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞ ആ കാര്യം ‘ നീ ഉടനെ പുതിയ വീടുണ്ടാക്കണം’ എന്നിട്ട് പുതിയ ജീവിതം നയിക്കണമെന്ന നിര്‍ദ്ദേശം അതേ തുടര്‍ന്ന് ആ കാര്യത്തിലേക്കായി പിന്നെ എന്റെ ശ്രദ്ധ. സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമായി നിലനിര്‍ത്താന്‍ കഴിയാതിരുന്ന എനിയ്ക്ക് വീട് ഒരു സ്വപ്നം തന്നെയായിരുന്നു. പക്ഷെ ഒരു വീടിന്റെ രൂപരേഖ വരച്ച് ഞാന്ഒരിക്കല് ആചാര്യന്റെ അടുത്ത് പോയി വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരായുകയും അദ്ദേഹം വേണ്ട നിര്ദ്ദേശത്തേടെയും അനുഗ്രഹത്തോടെയും തന്നെ ആ പ്ലാന്‍ എനിയ്ക്ക് തന്നിട്ട് പറഞ്ഞു പെട്ടെന്ന് പണിതീരും എന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്കു ഉണ്ടാവും. അദ്ദേഹം പറഞ്ഞപോലെ തന്നെ വീട് ഇപ്പോള്‍ അവസാന പണിയിലാണ്. (ഇത് എഴുതിയത് ഒന്നരവര്‍ഷം മുമ്പാണ് ജിനിത്തും കുടുംബവും അവരുടെ പുതിയ വീടായ വേദസദനത്തില് താമസിച്ചുവരുന്നു. എഡി) പണം പല ഭാഗങ്ങളില്‍ നിന്നും യഥേഷ്ടം വന്നുകൊണ്ടിരിക്കുന്നു. എന്ത് കാര്യത്തിനുപോയാലും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ നടക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിരിന്നു.
അതിനിടെ ഫറോക്ക് സത്സംഘത്തിന്റെ ഒരു പ്രധാന ചുമതല ആചാര്യന് എന്നെ ഏല്‍പ്പിക്കുകയും എനിയ്ക്കാവുന്നവിധം ആ ചുമതല നിറവേറ്റുകയും ചെയ്തിരുന്നു. അതിനുള്ള ഫലവും പെട്ടെന്ന് തന്നെ കൈവന്നു. കഴിഞ്ഞ ‘ഗുരുപൂര്‍ണിമ’ നാളില്‍ ഫറോക്ക് സത്സംഘം ഏറ്റവും നല്ല സത്സംഘമായി തിരഞ്ഞെടുക്കുകയും ‘ഗുരുപൂര്‍ണിമയ്ക്ക്’ തന്നെ ഗുരുവില്‍ നിന്ന് ഒരു നല്ല സമ്മാനവും എനിയ്ക്ക് ലഭിയ്ക്കുകയുണ്ടായി. അത് എന്റെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ഏത് ശിഷ്യന്റെയും ഒരു ആഗ്രഹമാണ് ആചാര്യന് തന്റെ വീട്ടില്‍ വന്ന് അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടണമെന്നുള്ളത്. ഞാന്‍ സാധന കഴിഞ്ഞാല്‍ പലപ്പോഴും ഭാര്യയോട് പറയാറുണ്ടായിരുന്നു ആചാര്യന് ഒരു നാള് എന്തായാലും നമ്മളുടെ വീട്ടില്‍ വരുമെന്ന്. അപ്പോള്‍ അവള് പറയുമായിരുന്നു അദ്ദേഹം വളരെ തിരക്കുള്ള ആളല്ലേ നമ്മുടെ ക്ലാസില്‍ പോലും എന്നും എത്താന്‍ പറ്റാത്ത അദ്ദേഹത്തിന് എങ്ങിനെയാണ് നമ്മുടെ വീട്ടില്‍ വരാന്‍ പറ്റുക. മാത്രമല്ല ഈ ആഗ്രഹം നിങ്ങളെപ്പെലെ എല്ലാ ശിഷ്യന്മാര്ക്കും ഉണ്ടാവില്ലേ എന്നും അപ്പോഴും എന്റെ മനസ്സ് പറഞ്ഞു എന്റെ സാധന ക#ത്യമാണെങ്കില് ആചാര്യന് നമ്മുടെ വീട്ടില്‍ വരുമെന്ന്. അതും വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. ഒരു ദിവസം ഞാന്‍ ഈ കാര്യം വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞ് വൈകിയിട്ട് കുളിയ്ക്കാന്‍ പോയപ്പോഴാണ് ആചാര്യന് നമ്മുടെ വീട്ടില്‍ വരുന്നുണ്ടെന്ന ഫോണ്‍ സന്ദേശം വന്നത്. അത് വളരെ അത്ഭുതത്തോടെ ഭാര്യ എന്നെ അറിയിച്ചു. അങ്ങനെ ആ ഭാഗ്യവും ഞങ്ങളുടെ സാധനയിലൂടെ ഞങ്ങള്‍ക്ക് കൈവന്നു-നാം വിചാരിക്കുമ്പോഴേയ്ക്ക് പ്രതീക്ഷിച്ച ആള് നമ്മെ തേടി വരുക, സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എങ്ങനെയെങ്കിലും പണം കൈവരുക, കാര്യങ്ങളെല്ലാം (നടക്കില്ല എന്ന് തോന്നുന്നത് പോലും) ഭംഗിയായി നടക്കുക. ഇതെല്ലാം കൊണ്ട് പ്രതീക്ഷനിര്ഭരരായി ആനന്ദകരമായ ജീവിതമാണ് നയിക്കുന്നത്. മലയാളം മീഡിയം സ്കൂളില്‍ നിന്നും, ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്ത സമയത്താണ് മകനും ഞങ്ങളുടെകൂടെ വേദ പഠനത്തിനായി ചേര്‍ന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പഠനത്തിന് അവന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ചോദ്യത്തിനുള്ള ഉത്തരങ്ങളെല്ലാം ഞാന്‍ ചുരുക്കിക്കൊടുക്കാറായിരുന്നു പതിവ് എന്നാല്‍ മന്ത്രസാധന തുടങ്ങിയതോടെ അവനില്‍ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. എത്ര വലിയ ചോദ്യ ഉത്തരവും ഒരു പ്രാവശ്യം മാത്രമേ അവന് വായിക്കാറുള്ളൂ അവന് സ്വായത്തമായിട്ടുണ്ടാവും. ഭാര്യയാവട്ടെ അവളുടെ സ്കൂളിലെ കുട്ടികളുടെയും മറ്റ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെ ആരാധ്യപാത്രമാവുകയായിരുന്നു ഈ സാധനാപദ്ധതിയിലൂടെ.
ഈശ്വരവാണിയായ വേദത്തിന് നന്ദി ഞങ്ങളെ ഈശ്വരനിലേക്ക് എത്തിച്ച ഞങ്ങളുടെ ആരാധ്യനായ ആചാര്യന്റെ പാദകമലങ്ങളില്‍ ഞങ്ങളുടെ നമസ്കാരം.