ഇംഗ്ലീഷിന്റെ വേരും ഭാരതത്തിലോ?
ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഷ എന്ന ബഹുമതി നാളെ ഇംഗ്ലീഷിനുമാത്രമായിരിക്കും സ്വന്തം. നൂറുകണക്കിനു പ്രാദേശിക ഭാഷകളാണ് ദിവസംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്, അങ്ങനെ മരിച്ച പല ഭാഷകളുടെയും സ്ഥാനം ഏറ്റെടുക്കുന്നതും ആംഗലേയ ഭാഷതന്നെ. ഭാരതീയര്‍ക്ക് ആംഗലേയ ഭാഷയോട് വിവിധ വികാരങ്ങളാണ് ഉള്ളത്. ഭാഷയോട് ആദരവുണ്ട്, ഭയമുണ്ട്, ഇഷ്ടമുണ്ട്, വിധേയത്വവുമുണ്ട്. 200 വര്‍ഷക്കാലത്തെ വൈദേശിക ഭരണം നമ്മെ മാനസിക അടിമത്തത്തിലേക്ക് നയിച്ചിട്ടുണ്ട്. ആ അടിമത്തവും ആംഗലേയഭാഷയോടുള്ള വിധേയത്വത്തിന് കാരണമാണ്. ഇന്ന് സ്ഥിതി അതുമാത്രമല്ല, പഠനം എന്നത് വിദ്യാഭ്യാസമില്ലാതായിത്തീരുകയും പകരം ജോലി നേടുവാനുള്ള എന്തോ ക്രിയാകലാപമായിത്തീര്‍ന്നതോടെ ഇംഗ്ലീഷ് പഠനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഈ ഭാഷയ്ക്ക് നമ്മുടെ സംസ്‌കൃതിയുമായോ സംസ്‌കാരമായോ ഏതെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പലര്‍ക്കുമറിയില്ല. സംസ്‌കൃതം എന്ന വൈദിക ഭാഷയും ആഗലേയവും തമ്മില്‍ ബന്ധം യൂറോപ്യന്മാരെ അത്ഭുതപരതന്ത്രരാക്കിയിട്ടുണ്ട്. സംസ്‌കൃതത്തിന്റെ മഹത്വം തങ്ങളുടെ ഭാഷയ്ക്ക് കിട്ടാന്‍ കൂടി വേണ്ടി അവര്‍ ബുദ്ധിപൂര്‍വ്വം ഒരു വാദം ഉന്നയിച്ചു-സംസ്‌കൃതവും ഇംഗ്ലീഷും ഇന്‍ഡോ യൂറോപ്യന്‍ ഭാഷാഗോത്രത്തില്‍പ്പെടുന്ന ഭാഷകളാണ് എന്ന്.
ഇവിടെ ഭാഷകളുടെ സാമ്യവും സംസ്‌കാരങ്ങളുടെ സാമ്യവും എടുത്ത് അവതരിപ്പിച്ച് ഇംഗ്ലീഷിന്റെ വൈദികപാരമ്പര്യത്തെ പരിചയപ്പെടുത്തുകയാണ് ഈ വിഷയം ഗൗരവതരമായി പഠിക്കാനള്ള പ്രേരണ ചിലരിലെങ്കിലും സൃ്ടിക്കാന്‍ കഴിഞ്ഞാല്‍ ഈ എളിയ ശ്രമം വിജയിച്ചതായി ഞാന്‍ കരുതും