Articles, Spiritual (Malayalam)

ആരാണ് പ്രജാപതി?

സമസ്ത ജീവരാശിയുടേയും ആധിദൈവികവും, ആധ്യാത്മികവും ആധിഭൌതികവുമായ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് അപൌരുഷേയമായ വേദങ്ങളിലാണ്. ആ വേദങ്ങള്‍ തന്നെയാണ് ഇന്നു നാം കാണുന്ന നാനാവിധ മതങ്ങളുടെ പ്രത്യക്ഷവും, പരോക്ഷവുമായ പ്രഭവസ്ഥാനവും. സമസ്ത കലയുടേയും തത്ത്വശാസ്ത്രത്തിന്റേയും, വിഭിന്ന വൈജ്ഞാനിക ശാഖകളുടേയും മൂലസ്രോതസ്സും വേദം തന്നെ. ആപസ്തംബ സൂത്രത്തില്‍ വേദങ്ങളെക്കുറിച്ച് എഴുതുന്നത് കാണുക.

‘നി ശ്രേയസ്കരാണി കര്‍മ്മണ്യാ വേദയന്തിവേദാഃ”  (ആപസ്തംബസൂത്രം 1.33) 

അര്‍ത്ഥം: ‘അമൃതത്വത്തിലേക്ക് ആനയിക്കുന്ന കര്‍മ്മങ്ങള്‍ മനസ്സിലാക്കാന്‍ വേദങ്ങള്‍ ഒരു മനുഷ്യനെ സഹായിക്കുന്നു.” വേദം എന്ന വാക്കിന്നര്‍ത്ഥം, വിജ്ഞാനം, അസ്തിത്വം, വിദ്യ ആര്‍ജ്ജിക്കല്‍, ശ്രദ്ധാപൂര്‍വ്വമായ ചിന്ത എന്നിങ്ങനെയൊക്കെയാണെന്ന് നാട്യശാസ്ത്രത്തിന്റെ പിതാവായ ‘ഭരതമുനി’ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍ കാണുക.

‘നാട്യസ്യവേദനം സത്താലാഭോ-വിചാരസ്യ യത്രതന്നാട്യ വേദശബ്ദേന” (നാട്യശാസ്ത്രം 1.1) 

സത്യസന്ധരായ ചുരുക്കം ചില പാശ്ചാത്യരടക്കം പല പണ്ഡിത•ാരും വേദത്തിന്റെ ഈ പ്രാമാണികത തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മേടര്‍ലിങ്ക്, സ്റെനര്‍, ബര്‍ട്രാന്റ് റസ്സല്‍, റഷ്യന്‍ പണ്ഡിതനായ ബൌലംഗര്‍, ഔറംഗസീബ് സഹോദരനായ ‘ദാരാശിക്കോവ്’ തുടങ്ങിയവരുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. നോബല്‍ സമ്മാന ജേതാവും പ്രശസ്ത കവിയുമായ മേടര്‍ലിങ്ക് വേദങ്ങളെക്കുറിച്ച് എഴുതുന്നത് കാണുക.

‘Only the gaze of the clairvoyant directed up on the mysteries of the past, many reveal uncluttered wisdom which lie hidden behind these writings.” (The vedas P.P.9)

അര്‍ത്ഥം: ‘സൂക്ഷ്മദര്‍ശികളുടെ അന്തന്നേത്രങ്ങള്‍ക്കു മാത്രമേ വേദങ്ങളില്‍ നിറഞ്ഞിരിക്കുന്ന സൂക്ഷ്മജ്ഞാനത്തെ പ്രകടിപ്പിക്കാന്‍ കഴിയൂ.”

ഉപനിഷത്തുക്കള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത ദാരോശിക്കോവ് യജുര്‍വേദത്തിന്റെ 40ാം അദ്ധ്യായമായ ഈശാവാസ്യോപനിഷത്തിനേക്കുറിച്ച് പ്രസ്താവിച്ചത് അവിസ്മരണീയമാണ്. നോക്കുക ‘ഇത് അനാദിയാണെന്ന് മാത്രമല്ല, എല്ലാ ഈശ്വരീയ പുസ്തകങ്ങളിലും പഴക്കമുള്ളതുമാണ്. പരമസത്യത്തിന്റെ ഉറവയും, ബ്രഹ്മജ്ഞാനത്തിന്റെ സമുദ്രവുമാണ്.” അദ്ദേഹത്തിന്റെ വാക്കുകള്‍ അനുവാചകരുടെ ശ്രദ്ധയ്ക്കായി ഉദ്ധരിക്കട്ടെ.

‘കിതാബ് കദീമ് കിബേശകോ-തുബഹ് അവ്വലീമ് കിതാവ്സമാവിവസരേ ചശ്മായേ തഹ്കീക് വബഹരേ തോഹീ ദസ്ത്” 

എന്നാല്‍ ഇത്തരം ഹൃദയംഗമവും, വസ്തുനിഷ്ഠവുമായ ചിന്താഗതികള്‍ ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റുകളെ വിറളിപിടിപ്പിച്ചതേയുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം ആസേതു ഹിമാചലം ക്രിസ്തുമതത്തെ ആശ്ളേഷിക്കേണ്ടിയിരുന്നു. സംസ്ക്കാരത്തിന്റെ അത്യുന്നതിയില്‍ ഭാരതം വിരാജിക്കുമ്പോള്‍ ലണ്ടന്‍ നഗരം വെറും ‘മുക്കുവച്ചാള’യായിരുന്നു. അവിടത്തുകാര്‍ ‘ബര്‍ണാഡ് ഷാ’യുടെ അഭിപ്രായത്തില്‍ നഗ്നരായി നീലച്ചായം തേച്ചു നടക്കുകയായിരുന്നു. തങ്ങളുടെ അടിമരാജ്യത്തെ സംസ്ക്കാരം തങ്ങളുടെ സംസ്ക്കാരത്തേക്കാള്‍ മഹത്തരമാണെന്ന സത്യം ആംഗലേയ ആക്രമണകാരികളെ ഞടുക്കി. ഹൃദയഹാരിയായ ഈ സംസ്ക്കാരത്തെ മുച്ചൂടും നശിപ്പിക്കാന്‍ സായിപ്പ് കണ്ടെത്തിയ മാര്‍ഗ്ഗം വളരെ നീചവും നിന്ദ്യവുമായിരുന്നു. അവര്‍ ഭാരതചരിത്രത്തെ വിരൂപമാക്കി. അത് ഭാരതീയ യുവാക്കളെ പഠിപ്പിച്ചു.

പരമപവിത്രങ്ങളായ വേദങ്ങളെ ദുര്‍വ്യാഖ്യാന സാഗരത്തില്‍ മുക്കുക എന്നത് ഇതിന്റെതന്നെ മറ്റൊരു ഭാഗമായിരുന്നു. കോട്ടി വളച്ച ഈ വേദ തര്‍ജ്ജമയുടെ വെളിച്ചത്തില്‍ പുതിയ നിയമത്തിന്റെ പ്രാമാണികത വ്യക്തമാക്കുക എന്നതായിരുന്നു അവരുടെ യഥാര്‍ത്ഥ ഉദ്ദേശം. മോണിയര്‍ വില്യംസിന്റെയും, ഗ്രിഫിത്തിന്റെയും മാക്സ് മ്യൂലരുടെയും മറ്റും വ്യാഖ്യാനങ്ങള്‍ വിമര്‍ശനബുദ്ധിയോടെ പഠിക്കുന്ന ആര്‍ക്കും ഇത് സ്പഷ്ടമായി ഗ്രഹിക്കാവുന്നതാണ്. 1899-ല്‍ മാക്സ് മ്യൂലര്‍ എന്‍.കെ. മജുംദാറിനെഴുതിയ ഒരു കത്തില്‍ ഈ മതാന്ധത ഏറെ പ്രകടമാണ്. കാണുക.

“Tell me some of your chief difficulties that prevent you and your countrymen from openly following Christ” (Life and Letters of Frederick Maxmuller)

അര്‍ത്ഥം: നിങ്ങളെയും നിങ്ങളുടെ നാട്ടുകാരേയും ക്രിസ്തുവിനെ തുറന്ന് പിന്തുടരുന്നതില്‍നിന്ന് തടുത്തു നിറുത്തുന്ന പ്രധാനവൈഷമ്യങ്ങളെന്തെല്ലാമാണെന്ന് എന്നോട് തുറന്നു പറയുക.

ഇതേ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് അഭിനവ ക്രിസ്തീയ മതമൌലികവാദികള്‍ അനുവര്‍ത്തിച്ചുപോരുന്നത് തികച്ചും വ്യത്യസ്തമായ ഒരു പദ്ധതിയാണ്. കാവിമുക്കിയ ളോഹയും, രുദ്രാക്ഷമാലയും ധരിക്കുക, നിലവിളക്കുകള്‍ കത്തിക്കുക തുടങ്ങിയവ അനുകരിച്ച് ക്രിസ്തുമതമിപ്പോള്‍ ഭൂരിഭാഗവും ഹിന്ദുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് ഭാരതത്തിന്റെ സവിശേഷതയും. ഭാരതചരിത്രത്തിലേക്ക് നാം കണ്ണോടിക്കുമ്പോള്‍ ഇവിടെ എത്തിയ വിഭിന്ന മത-സംസ്ക്കാര വിഭാഗങ്ങള്‍ ഒന്നൊഴിയാതെ എല്ലാം ഭാരതീയതയില്‍ ലയിച്ചു ചേരുകയാണുണ്ടായത്. കാള്‍മാര്‍ക്സ് പോലും ഈ സത്യം തുറന്നു സമ്മതിക്കുന്നുണ്ട്. ‘ഒന്നിനു പുറകെ ഒന്നായി വന്ന് ഇന്ത്യയെ ചവിട്ടിയരച്ച അറബികളും തുര്‍ക്കികളും താര്‍ത്താറുകളും, മുഗള•ാരും എല്ലാം ഭാരതവല്‍ക്കരിക്കപ്പെട്ടുപോയി.’‘ (Selected Work Vol3, Page 153)

ഇതു തികച്ചും ആത്മഹത്യാപരമായ ഒരു പരിപാടിയാണെങ്കിലും, ഇതിനകം തന്നെ നാനാവിധ ദുര്‍വ്യാഖ്യാനങ്ങളാല്‍ വികലമാക്കപ്പെട്ട വേദവേദാംഗങ്ങള്‍ കൂടുതല്‍ വികൃതമാക്കപ്പെടലാണ് ഇതുമൂലം വന്നുപെടുന്ന ഒരു വിപത്ത്, ഈയിടെ തിരസ്കൃതങ്ങളായ ഇത്തരം കൃതികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. യുക്തിഹീനമായ അത്തരമൊരു കൃതി ഒരു അനുവാചകന്‍ എനിക്കയച്ചു തന്നു. യഥാര്‍ത്ഥ പ്രജാപതി യേശുക്രിസ്തുവാണെന്നും, വേദകാലം ബി.സി. 2000 ആണെന്നും ഇവര്‍ തറപ്പിച്ചുപറയുന്നു.

യഥാര്‍ത്ഥ പ്രജാപതി ആരാണെന്നും, സത്യാവസ്ഥ എന്താണെന്നും, മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം. ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നാം ഇദംപ്രഥമമായി സൃഷ്ടിപ്രക്രിയയെക്കുറിച്ച് മനസ്സിലാക്കണം. വേദത്തില്‍ സൃഷ്ടിപ്രക്രിയ വര്‍ണ്ണിക്കുന്ന ‘നാസദീയ സൂക്ത’ത്തിലെ പ്രഥമമന്ത്രം ഓതുന്നത്.

നാസദാസീന്നോ സദാസീത്തദാനീംനാസീദ്രജോ നോ വ്യോമാപരോയത്  (ഋഗ്വേദം 10-129) 

അര്‍ത്ഥം: ‘ആദിമാവസ്ഥയില്‍ സത്തായിട്ടോ, അസത്തായിട്ടോ ഒന്നുമുണ്ടായിരുന്നില്ല. അന്തരീക്ഷമോ അതിന്നപ്പുറമുള്ള ആകാശമോ ഉണ്ടായിരുന്നില്ല.” അപ്പോള്‍ ഇന്നു നാം കാണുന്ന ഈ ജഗത്തെല്ലാം എവിടെ ആയിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അപ്പോള്‍ ഈ ജഗത്തും മറ്റെല്ലാ വസ്തുക്കളും അവ്യക്താവസ്ഥയിലായിരുന്നുവെന്ന് വേദം പറയുന്നു. ‘അവ്യക്താവസ്ഥ’ എന്നാല്‍ ശൂന്യമായ അവസ്ഥ എന്നല്ല അര്‍ത്ഥം. വ്യക്തമായ ഈ ജഗത്ത് അന്നില്ലായിരുന്നു. പഞ്ചഭൂതങ്ങളും സത്വരജസ്തമോ ഗുണങ്ങളുമൊന്നും അപ്പോഴില്ലായിരുന്നു. ഈ ജഗത്തിന്റെ മൂലതത്ത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായത് ആരംഭത്തില്‍ ഇന്ന് നാം വ്യവഹരിക്കുന്ന ഈശ്വരന്‍ എന്ന വാക്ക് ‘ഹിരണ്യഗര്‍ഭന്‍’ എന്ന പേരില്‍ വിളിക്കുന്നു. സ്വര്‍ണ്ണം പോലെ ശോഭിക്കുന്നു എന്നാണ് ഹിരണ്യശബ്ദത്തിന്നര്‍ത്ഥം. ഋഗ്വേദത്തില്‍ ഹിരണ്യഗര്‍ഭസൂക്തത്തില്‍ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ്.

‘ഹിരണ്യഗര്‍ഭ സമവര്‍ത്തതാഗ്രേ ഭൂതസ്യജാതഃ പതിരേക ആസീത് സദാധാര പൃഥിവീം ദ്യാമുതേമാംകസ്മൈ ദേവായഹ വിഷാവിധേമ” 

അര്‍ത്ഥം: ‘ആ ഉത്ഭവിച്ച ഹിരണ്യ ഗര്‍ഭം ആദ്യമേ ഉണ്ടായിരുന്നു. ഈ പിന്നീടുള്ള ലോകങ്ങളുടെ നാഥനും അതുതന്നെയാണ്. അവന്‍ പൃഥിവീ, ദ്യൌലോകം എന്നിവയെ ധാരണം ചെയ്തു. ആ പ്രജാപതിക്ക് ഹിരണ്യഗര്‍ഭനുവേണ്ടി നാം നിര്‍മ്മാണകാര്യങ്ങള്‍ ചെയ്യുന്നു. (ഋഗ്വേദം 1-21)

ചുരുക്കത്തില്‍ ഹിരണ്യഗര്‍ഭനില്‍ ബീജരൂപത്തില്‍ നിലനിന്ന ഈ ജഗത്ത് അവ്യക്തമായിരുന്നുവെന്നര്‍ത്ഥം.സെമിറ്റിക് മതക്കാര്‍ വിശ്വസിക്കുംപോലെ ശൂന്യതയില്‍നിന്ന് ഈശ്വരന്‍ സൃഷ്ടി നടത്തി എന്ന് വിശ്വസിക്കാന്‍ ഭാരതീയ ന്യായശാസ്ത്രം നമ്മെ അനുവദിക്കുന്നില്ല. പുരുഷസൂക്തത്തില്‍ വളരെ ഭംഗിയായി പ്രജാപതിയെ വര്‍ണ്ണിക്കുന്നതു കാണുക.

‘പ്രജാപതിശ്ചരതി ഗര്‍ഭേ അന്തരജായമാനോ ബഹുധാവിജായതേ തസ്യയോനിം പരിപശ്യന്തി ധീരാ-സ്തസ്മിന്‍ഹ തസ്ഥുര്‍ ഭുവനാനി വിശ്വാ”                           (യജുര്‍വേദം 31.19) 

അര്‍ത്ഥം: ‘ജീവാജീവ സൃഷ്ടികളുടെ അന്തരാത്മാവായി എല്ലാറ്റിനുമകത്ത് അജാത്മാവായ ആ പ്രജാപതി എപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. അവനാണ് സൃഷ്ടിക്കു നിദാനം. സൃഷ്ടി മുഴുവനും അവനില്‍ സ്ഥിതി ചെയ്യുന്നു. ഇവ രണ്ടും ധ്യാനികള്‍ സര്‍വത്ര കണ്ടുകൊണ്ടിരിക്കുന്നു.” ഇങ്ങനെയുള്ള ഈശ്വരനെ ആദ്യപ്രജാപതി എന്ന അര്‍ത്ഥത്തില്‍ ‘കശ്യപ’ പ്രജാപതി എന്ന് വിളിക്കുന്നു. എന്താണ് കശ്യപന്‍? ‘പശ്യകഃഇതികശ്യപഃ’ ഏതൊന്നാണോ തന്റെ ശുദ്ധസ്വരൂപത്തില്‍നിന്ന് തിരിച്ച് ഇവിടേയ്ക്ക്, സൃഷ്ടിയിലേയ്ക്ക് വന്നിരിക്കുന്നത്. അത് കശ്യപന്‍ മറ്റേത് ‘പശ്യകന്‍’ മുക്തിയുടെ അവസ്ഥയില്‍ ജീവാത്മാവ് ഏതൊരു വിധത്തിലുള്ള സുഖമാണോ അനുഭവിക്കുന്നത് ആ സുഖം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ മഹാശക്തിയുടെ തിരിച്ചുള്ള വരവാണ് പശ്യകനെന്ന വാക്കുകൊണ്ട് വേദം ഉദ്ദേശിക്കുന്നത്. ഇവിടെയാണ്.

‘ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദര്‍ച്യതേപൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ” എന്ന ശാന്തിമന്ത്രം അന്വര്‍ത്ഥമാക്കുന്നത്. ഭഗവദ് ഗീതയില്‍ ഇത് പറയുന്നത്. 

‘അവ്യക്താത് വ്യക്തയഃ സര്‍വാഃ പ്രഭവന്ത്യഹരാഗമേരാത്യ്രാഗമേ പ്രലിയന്തേ തത്രൈവാവ്യക്തസംജ്ഞകേ”(8.18) 

അര്‍ത്ഥം: ‘അപരിച്ഛിന്നവും നിര്‍വിശേഷവുമാകുന്നു. അതിസൂക്ഷ്മവും അലിംഗവും നിരവയവുവുമായ അവ്യക്താവസ്ഥയില്‍നിന്നു ജഗത്ത് വ്യക്തരൂപേണ ക്രമമായ പ്രളയാവസാനത്തില്‍ പുറത്തുവരുന്നു. വീണ്ടും സൃഷ്ടിയുടെ അവസാനത്തില്‍ വ്യക്തരൂപം അവ്യക്തതയില്‍ ലയിക്കുന്നു.”

‘പ്രജാപതി’ എന്ന വാക്കിന്നര്‍ത്ഥം ‘പ്രജകളെ സംരക്ഷിക്കുന്നവന്‍ എന്നാണ്. എല്ലാവരേയും പാലിക്കുന്നതുകൊണ്ട് പ്രജാപതി (മനുസ്മൃതി 13.122.123) എന്ന് ‘മനു’ പ്രജാപതിയുടെ അര്‍ത്ഥം പറയുന്നു. ഇങ്ങനെ ഹിരണ്യഗര്‍ഭം, പ്രജാപതി എന്നെല്ലാം പറയുന്നത് ഗുണത്തെ ആധാരമാക്കിയാണ്. ഇങ്ങനെ ഓരോ ഗുണങ്ങളുടെ ആധാരമായി അറിയുന്നത് മഹത്തത്ത്വം എന്ന അവസ്ഥയില്‍ നിന്നാണ്. ഈ പുരുഷന്റെ പൂര്‍ണ്ണമായ രൂപം സ്തംഭ ബ്രഹ്മമെന്ന് അറിയപ്പെടുന്നു. വേദബന്ധു തന്റെ പുരുഷസൂക്ത വ്യാഖ്യാനത്തില്‍ ഇങ്ങനെ എഴുതുന്നു. ആധാരമാകുന്ന സ്തംഭബ്രഹ്മം പ്രജകളുടെ സൃഷ്ടികര്‍ത്താവാകയാല്‍ ‘സ്കംഭ’മെന്ന് അറിയപ്പെട്ടു. ‘ക’ എന്നാല്‍ പ്രജാപതി. സ്തംഭത്തില്‍ പ്രജാപതിത്വം (സ്തംഭ+ക = സ്കംഭം) എന്നതാണ് സൃഷ്ടിയുടെ ആരംഭാവസ്ഥ (വേദബന്ധു, പുരുഷസൂക്തം ജ. 41) ഹിന്ദുപുരാണങ്ങളിലാകട്ടെ പത്ത് പ്രജാപതിമാരുണ്ട്. ബ്രഹ്മാവിനെക്കൂടാതെ, മരീചി, അത്രി, അംഗിരസ്സ്, പൌലസ്ത്യന്‍, പുലമാന്‍, ക്രതു, വസിഷ്ഠന്‍, ദക്ഷന്‍, ഭൃഗു, നാരദന്‍ ഇത്രയും വ്യക്തമാക്കിയത് നാമോരോരുത്തരും യഥാര്‍ത്ഥ പ്രജാപതി ആരെന്നു മനസ്സിലാക്കണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്.

ഇതേ ലഘുലേഖയില്‍ വേദകാലം ബി.സി. 2000മാണെന്ന് ഇവര്‍ തറപ്പിച്ചുപറയുന്നു. വേദകാലം നിശ്ചയിച്ചുറപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയ വേദവിവര്‍ത്തകരായ പാശ്ചാത്യര്‍ എത്തിച്ചേര്‍ന്നത് വിവിധ കാലഘട്ടങ്ങളിലാണ്. മറ്റൊരു അര്‍ത്ഥത്തില്‍, ആ കാലയളവ് നിശ്ചയിക്കാനുള്ള തത്രപ്പാടില്‍ അവര്‍ എത്തിച്ചേര്‍ന്നത് പമ്പരവിഡ്ഢിത്തത്തിലാണ്. എന്തിന്, പണ്ഡിത സാര്‍വ്വഭൌമനായ ലോകമാന്യതിലകന്‍ പോലും വേദകാലം നിര്‍ണ്ണയിച്ചത് വേദവര്‍ണ്ണിതമായ നക്ഷത്ര സ്ഥിതിവിശേഷത്തെ ആധാരമാക്കിയാണ്. അതുപ്രകാരം ബി.സി. 6000ത്തിലായിരിക്കും വേദോല്‍പത്തി കാലമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ വാനനിരീക്ഷണശാസ്ത്രപ്രകാരം ഈ വാദം തികച്ചും കഴമ്പില്ലാത്തതാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഇത്തരക്കാരായ അര്‍ദ്ധപണ്ഡിത•ാരുടെ മുഖത്തുനോക്കി പ്രഫസര്‍ വിന്റര്‍നിറ്റ്സ് പറയുന്നത് ശ്രദ്ധേയമാണ്.

“But is a greater service to confess our ignorance than to deceive ourselves and others by producing dates which are no dates. And after all it is comfort to know that we can set up at least some limits not only to our ignorances”

(History of sanskrit literature Vol-1)

അര്‍ത്ഥം: ‘വേദകാലം നിര്‍ണ്ണയിച്ചുകളയാമെന്ന ധാരണയില്‍, കാലമേ അല്ലാത്ത വല്ലതുമൊക്കെ എഴുതിപിടിപ്പിക്കുന്നതിലും നന്ന്, ഈ പണ്ഡിത•ാര്‍ അവരുടെ വ്യാമോഹത്തിന് ഒരതിര് നിര്‍ണ്ണയിക്കുവാനുള്ള വിഫലശ്രമത്തില്‍നിന്ന ്വിരമിക്കുന്നതായിരിക്കും.”

അനുചിതമായ വിതണ്ഡ പ്രയോഗങ്ങളാല്‍ വേദങ്ങളെയും വേദാര്‍ത്ഥങ്ങളെയും കീഴ്മേല്‍ മറിക്കുന്നവര്‍ വാസ്തവത്തില്‍ ക്രിസ്തുമതം ബുദ്ധമതത്തിന്റെ ഒരു വികലമായ അനുകരണം മാത്രമാണെന്ന് മനസ്സിലാക്കിയാല്‍ എത്ര നന്നായിരുന്നു!

പരിഹാസ്യവും പ്രതിരോധ്യവുമായ ഇത്തരം ക്രിസ്തീയ മതപ്രചാരണങ്ങള്‍ തടഞ്ഞുനിര്‍ത്തേണ്ടതാണ്. ഈ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യദേശങ്ങളില്‍ നിന്നൊഴുകുന്ന നിര്‍ലോഭമായ സാമ്പത്തിക സഹായമാണ്. നാം ഭാരതീയര്‍ നമ്മുടെ മഹത്തായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും അതുള്‍ക്കള്ളുന്ന ശാസ്ത്രീയ ചിന്താഗതിയേയും തൃണവല്‍ക്കരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വേദങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഗ്രഹിക്കാനുള്ള പാടവം നമുക്കുണ്ടാകണം. വേദങ്ങളുടെ റഷ്യന്‍ തര്‍ജ്ജമ ചെയ്ത ബൌലംഗര്‍ തന്റെ നാട്ടുകാര്‍ക്ക് നല്‍കിയ ഉപദേശം ഭാരതീയര്‍ക്കും അനുയോജ്യമാണ്.

‘വേദങ്ങളുടെ ശിക്ഷണത്തെപ്പറ്റി എനിക്കു ഗ്രഹിക്കാന്‍ കഴിഞ്ഞിടത്തോളം അത് വളരെ പ്രകാശമാനമാണെന്നും, അത് വളച്ചൊടിക്കുന്നത് കുറ്റമാണെന്നുമത്രെ. റഷ്യന്‍ ജനത അതിനെ കുഴഞ്ഞുമറിഞ്ഞതും വളച്ചൊടിച്ചതുമായ തര്‍ജ്ജമയിലൂടെ പരിചയപ്പെടാന്‍ ഇടവരികയാണെങ്കില്‍ വൈദികശിക്ഷണം നല്‍കുന്ന പ്രയോജനത്തില്‍നിന്ന് അവര്‍ വഞ്ചിതരാകും” ഇതുള്‍ക്കൊണ്ട് ആത്മാര്‍ത്ഥമായ വേദഗ്രഹണത്തിനുവേണ്ടി പരിശ്രമിച്ചാല്‍ നമ്മുടെ കേള്‍വികേട്ട ഭാരത പൈതൃകം ഒരിക്കല്‍ക്കൂടി സംസ്ക്കാരത്തിന്റെ ഈറ്റില്ലമാകും.