Spiritual (Malayalam)

ജീവിതം സുന്ദരമാക്കുന്നതിന്റെ വേദവഴി

‘യജ്ഞം’ എന്നത് ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട സംസ്‌കൃതപദമാണ്. വേദങ്ങളിലാകട്ടെ യജ്ഞശബ്ദം പ്രയോഗിച്ചിരിക്കുന്നത് വളരെ വിശാലമായ അര്‍ഥത്തിലാണ്. മഹര്‍ഷി പാണിനി ദേവപൂജ, സംഗതികരണം, ദാനം എന്നിങ്ങനെ മൂന്ന് രീതിയില്‍ യജ്ഞശബ്ദത്തിന്റെ ധാതുവായ ‘യജ്’-ന് അര്‍ഥം പറഞ്ഞിരിക്കുന്നത് കാണാം.

ദേവപൂജ എന്നാല്‍ ദേവന്‍മാരെ പൂജിക്കല്‍. ‘മാതൃദേവോ ഭവ. പിതൃദേവോ ഭവ. ആചാര്യദേവോ ഭവ. അതിഥിദേവോ ഭവ’ എന്നിങ്ങനെ തൈത്തിരീയോപനിഷത്തില്‍ പറയുന്നത് കാണാം. അമ്മയും അച്ഛനും ആചാര്യനും അതിഥിയുമെല്ലാം ദേവന്മാരാണ്. അവരെ യഥായോഗ്യം സത്കരിക്കണം. അതായത് സ്വന്തം അച്ഛനെയും അമ്മയെയും ആദരിക്കുകയും അവര്‍ക്ക് ശ്രദ്ധാപൂര്‍വം അന്നവും വസ്ത്രവും ഔഷധവുമെല്ലാം നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന മക്കള്‍ ചെയ്യുന്നത് യജ്ഞമാണ്.

സംഗതികരണം എന്നാല്‍ ഒത്തുചേര്‍ക്കലാണ്. രാഷ്ട്രത്തിലെ വിവിധ ഘടകങ്ങളെ ഒത്തുചേര്‍ക്കുന്ന ഭരണാധിപന്‍ മുതല്‍ കുടുംബത്തിലെ വിവിധ ഘടകങ്ങളെ ഒത്തുചേര്‍ക്കുന്ന ഗൃഹനാഥനും ഗൃഹനാഥയും വരെ ചെയ്യുന്നത് യജ്ഞമാണ്.

മൂന്നാമതായി ദാനം. തന്റെ കൈവശമുള്ള മൂല്യവത്തായ വസ്തുവിനെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അര്‍ഹതപ്പെട്ടവന് നല്‍കുമ്പോള്‍ അതാണ് വാസ്തവത്തില്‍ ദാനം, അല്ലെങ്കില്‍ ദാനത്തിന്റെ സാത്ത്വികമായ ഭാവം എന്ന് പറയാം. അന്നം മുതല്‍ വിദ്യവരെ ദാനം ചെയ്യപ്പടുന്നു. ഇതും യജ്ഞമാണ്.

ഇതു മാത്രമാണോ യജ്ഞമെന്നു ചോദിച്ചാല്‍ അല്ല. യജ്ഞത്തിന്റെ വാസ്തവികാര്‍ഥത്തെ അറിഞ്ഞവന് ഈ പ്രപഞ്ചത്തിലെല്ലാം യജ്ഞത്തെയാണ് കാണാനാകുക. പ്രകാശസംശ്ലേഷണം എന്ന മഹത്തായ യജ്ഞത്തിലൂടെയാണ് സസ്യങ്ങള്‍ നമുക്ക് പ്രാണവായു പ്രദാനം ചെയ്യുന്നത്. ആ യജ്ഞം ഇല്ലാതായാല്‍പിന്നെ ഒരു നിമിഷം പോലും നമുക്കീ ലോകത്ത് ജീവിക്കാനാവില്ല. മേഘങ്ങളില്‍ ജലം നിറച്ച് മഴയായി പെയ്യിക്കുകയും അതിലൂടെ ഭൂമിയില്‍ അന്നം വിളയിക്കുന്നതിന് ഹേതുവായി നിലകൊള്ളുകയും ചെയ്യുന്ന സൂര്യന്‍ ചെയ്യുന്നതും യജ്ഞമാണ്. ‘ഇറുപ്പവനും മലര്‍ ഗന്ധമേകും വെട്ടുന്നവനും തരു ചൂടകറ്റും ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം’ എന്ന് മഹാകവി പാടിയതുപോലെ ദീര്‍ഘദര്‍ശിയായ ഒരുവന് ഈ പ്രപഞ്ചത്തിലാകമാനം യജ്ഞത്തെ ദര്‍ശിക്കാനാകുന്നു.

ഈ തത്ത്വത്തെ അറിഞ്ഞ ദീര്‍ഘദര്‍ശികളായ ഋഷിമാരാണ് വിവിധങ്ങളായ ദ്രവ്യയജ്ഞങ്ങളെ നമുക്ക് നിര്‍മിച്ചു നല്‍കിയത്. അഗ്നിഹോത്രം മുതല്‍ അതിരാത്രംവരെയുള്ള യജ്ഞങ്ങള്‍ ദ്രവ്യയജ്ഞങ്ങളാണ്. അന്തരീക്ഷശുദ്ധി, ആരോഗ്യം, മനഃശുദ്ധി തുടങ്ങി ജ്ഞാനപ്രാപ്തി വരെ ദ്രവ്യയജ്ഞങ്ങളുടെ സത്ഫലങ്ങളാണ്. ദൃഷ്ടഫലങ്ങള്‍ക്കുമപ്പുറം അദൃഷ്ടമായ ഫലങ്ങളെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവയാണ് ഇത്തരം യജ്ഞങ്ങള്‍. അതാകട്ടെ ഹ്രസ്വദൃഷ്ടിക്ക് തിരിച്ചറിയുവാനും കഴിയല്ല. ഈ തത്ത്വം അറിയുന്നതുകൊണ്ടാണ് നമ്മുടെ പൂര്‍വസൂരികളായ ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം അഗ്നിഹോത്രാദി യജ്ഞങ്ങള്‍ ചെയ്തത്. വ്യാസനും ശങ്കരാചാര്യരുമെല്ലാം മുടങ്ങാതെ അഗ്നിഹോത്രാദി യജ്ഞം ചെയ്യണമെന്ന് നമ്മെ ഉപദേശിച്ചത്. എന്നാല്‍ യജ്ഞീയഭാവം ദ്രവ്യയജ്ഞത്തില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതുമല്ല. ദ്രവ്യയജ്ഞങ്ങളിലൂടെ ഉയര്‍ന്ന്, നേരത്തെ പറഞ്ഞ പ്രകാരം, എങ്ങും യജ്ഞത്തെ ദര്‍ശിക്കാനാകണം. യജുര്‍വേദം പറയുന്നത് കാണുക.

ഓം വസോഃ പവിത്രമസി ദ്യൗരസി പൃഥിവ്യസി മാതരിശ്വനോ ഘര്‍മോfസി വിശ്വധാfഅസി.
പരമേണ ധാമ്നാ ദൃങ്ഹസ്വ മാ ഹ്വാര്മാ തേ യജ്ഞപതിര്ഹ്വാര്ഷീത്.
(യജുര്‍വേദം 1.2)

മന്ത്രത്തില്‍ ‘വസു’ എന്ന് വിളിച്ചിരിക്കുന്നത് യജ്ഞത്തെയാണ്. ശതപഥ ബ്രാഹ്മണത്തില്‍ (1.7.1.9) ഈ യജുർവേദ മന്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘യജ്ഞോ വൈ വസുസ്തസ്മാദാഹ വസോഃ പവിത്രമസീതി’- ‘യജ്ഞംതന്നെയാണ് വസു. അതുകൊണ്ടാണ് ‘വസോഃ പവിത്രമസി’ എന്ന് പറഞ്ഞത്. ‘യോ വാസയതി’ – ‘എന്താണോ വസിപ്പിക്കുന്നത്’ അത് ‘വസു’ എന്ന് വസുശബ്ദത്തിന്റെ വ്യുത്പത്തി പറയപ്പെട്ടിരിക്കുന്നു. യജ്ഞമാണ് നമ്മെ ഈ ലോകത്ത് വസിപ്പിക്കുന്നത്, അഥവാ യജ്ഞമാണ് നമ്മുടെ ജീവനഹേതു. അതുകൊണ്ട് യജ്ഞം വസുവാകുന്നു.

തുടര്‍ന്ന് മന്ത്രം പറയുന്നു, യജ്ഞത്താല്‍ നീ പവിത്രനാകട്ടെ എന്ന്. നമ്മുടെ ജീവിതത്തില്‍ എത്രമാത്രം നാം യജ്ഞത്തോട് അടുത്തിരിക്കുന്നുവോ, യജ്ഞത്തില്‍ പങ്കാളികളാകുമോ, യജ്ഞീയ ഭാവത്തെ അറിഞ്ഞ് ജീവിക്കുന്നുവോ, അത്രത്തോളം ജീവന്‍ പവിത്രനായിത്തീരും, ജീവിതം പവിത്രമായിത്തീരും. സ്വാര്‍ഥതയ്ക്കായല്ലാതെ ചെയ്യുന്ന ശ്രേഷ്ഠകര്‍മങ്ങളാണ് യജ്ഞം. സ്വാര്‍ഥതയെ പോഷിപ്പിക്കുന്ന കര്‍മങ്ങള്‍ നമ്മെ അപവിത്രരാക്കുകയേ ചെയ്യുന്നുള്ളൂ. ‘തനിച്ചുണ്ണുന്നവന്‍ പാപത്തെ ഉണ്ണുന്നു’ എന്ന് ഋഗ്വേദം പറയാന്‍ കാരണമിതാണ്.

തുടര്‍ന്ന് മന്ത്രം യജ്ഞംകൊണ്ടുള്ള സത്ഫലങ്ങളെക്കുറിച്ച് പറയുന്നു. ‘ഈ യജ്ഞത്താല്‍തന്നെ നീ ‘ദ്യൗ’ ആകട്ടെ, അഥവാ നിന്റെ മസ്തിഷ്‌കരൂപത്തിലുള്ള ദ്യുലോകം ജ്ഞാനസൂര്യനാല്‍ പ്രകാശിക്കട്ടെ. നീ പൃഥിവിയാകട്ടെ. ‘പൃഥ് വിസ്താരേ’- വിസ്തൃതമായത് എന്നര്‍ഥം. അതായത്, യജ്ഞത്താല്‍ നീ നിന്റെ ശക്തികളെ വികസിപ്പിക്കുന്നവനാകുന്നു. യജ്ഞത്താല്‍ നിന്റെ പ്രാണശക്തി വര്‍ദ്ധിക്കുന്നു. ഈ വളര്‍ന്ന ശക്തിയാല്‍തന്നെ നീ എല്ലാറ്റിനേയും താങ്ങുന്നവനായി മാറുന്നു. നിന്റെ ശക്തി സദാ അന്യരുടെ രക്ഷയ്ക്ക് കാരണമാകുന്നു. അന്യരെ രക്ഷിയ്ക്കുന്ന ശക്തിയാണ് ഉത്കൃഷ്ടമായ ശക്തി. നികൃഷ്ടമായ തേജസ്സ് അന്യരെ ഹനിക്കുകയാണ് ചെയ്യുക. മധ്യമതേജസ്സാകട്ടെ അവനവനില്‍ മാത്രം ശ്രദ്ധിക്കുന്നു. എന്നാല്‍ ഉത്കൃഷ്ടമായ തേജസ്സ് എല്ലാറ്റിനേയും ധാരണം ചെയ്യുന്നു. ഈ ഉത്കൃഷ്ടമായ തേജസ്സിനാല്‍ നീ സ്വയം ദൃഢനായിത്തീരുന്നു. എന്നിട്ട് എല്ലാവരേയും താങ്ങിനിറുത്തുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ നീ ഒരിക്കലും കുടില സ്വഭാവക്കാരനാകാതിരിക്കുക. സദാ സരള മാര്‍ഗ്ഗത്തെ നിന്റേതാക്കി മാറ്റൂ. യജ്ഞവും കുടിലതയും ഒരുമിച്ചുപോകില്ല. ഈശ്വരന്റെ സാന്ത്വനരൂപിയായ ഉപദേശത്തെ അഥവാ സാമത്തെ നീ സദാ കേള്‍ക്കുക. നിന്റെ വിഷയത്തില്‍ ആ പ്രഭുവിന് ദാന, ഭേദ, ദണ്ഡങ്ങളുടെ ആവശ്യമേയില്ല. സരളതയാണ് ഈശ്വരപ്രാപ്തിയ്ക്ക് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.

ഇങ്ങനെ യജ്ഞത്തെ അറിയുന്നവന്‍ ജീവിതസൗന്ദര്യത്തിന്റെ പാരമ്യത്തെ അറിയുകയും മോക്ഷത്തിന്നധികാരിയായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് മടികൂടാതെ ഹേ ജീവന്മാരേ, നിങ്ങളേവരും യജ്ഞത്തെ വരിക്കേണ്ടതാകുന്നു.

2 thoughts on “ജീവിതം സുന്ദരമാക്കുന്നതിന്റെ വേദവഴി

  1. ഗുരുഭ്യോ നമഃ
    യജ്ഞം ചെയ്യുന്നവർ അതായത് ദേവപൂജ, സംഗതികരണം,.ദാനം എന്നിവ ചെയ്യുന്നവർ ഉത്കൃഷ്ട ശക്തിയുള്ളവർ ആവുകയും മോക്ഷത്തിന് യോഗ്യനാകുകയും ചെയ്യുന്നു. ഇതുപോലുള്ള അറിവ് സാധാരണ ജനങ്ങൾക്ക് വളരെ വിജ്ഞാനപ്രദമാണ്.
    നമസ്തേ.

  2. ഈ തലമുറക്കും വരും തലമുറകുമുള്ള സമാധാനത്തിന്റെയും അറിവിന്റെയും പുതിയ വാതിലാണ്.

    വളരെ നന്ദി

Leave a Reply

Your email address will not be published.