Articles, Social (Malayalam)

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം രണ്ട്‌

‘കല്ലും മുള്ളും കാല്ക്ക് മെത്തൈ’
കഠിന വ്രതങ്ങളുടെ ഒരു യാത്രയാണ് ശബരിമലയാത്ര. എന്തുകൊണ്ടാണ് ഇത്രയും കഠിന വ്രതങ്ങള്‍ ഈ മണ്ഡലകാലത്ത് നിര്‍ദ്ദേശിക്കപ്പെട്ടത്? കഠിനവ്രതങ്ങള്‍ ഇല്ലാതെ തന്നെ നമുക്ക് യാത്ര ചെയ്തുകൂടേ.? ഇതൊന്നും ഇല്ലാതെ നമുക്ക് ഒരു യാത്ര നടത്തിയാല്‍ എന്താണ്? അതുകൊണ്ട് എന്ത് നഷ്ടം വരും.? നമ്മുടെ ഋഷിമാര്‍ക്ക് ഓരോന്നിനെക്കുറിച്ചും കൃത്യമായ അവബോധവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. എന്തിനെയും സഹിക്കാന്‍ ഉള്ള കെല്‍പ്പിനെ തിതിക്ഷ എന്നു വിളിക്കും. തിതിക്ഷയുണ്ടായാല്‍ മാത്രമേ സഹനശക്തി വര്‍ദ്ധിക്കുകയുള്ളൂ. ഒരു വ്യക്തിയില്‍ ആത്യന്തികമായി ഉണ്ടാകേണ്ട മാറ്റം എന്തിനെയും സഹിക്കാനും പൊറുക്കാനും ഉള്ള ശേഷിയാണ്. നമുക്ക് പലതും നേടി എടുക്കേണ്ടതുണ്ട്. ജീവിതയാത്രയില്‍ തോറ്റു പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ വേദം പറയുന്നതു കേള്‍ക്കൂ.
അരിഷ്ടഃ സ മര്‌തോ വിശ്വ ഏധതേ 
പ്ര പ്രജാഭിര്ജായതേ ധര്മണസ്പരി. 
യമാദിത്യാസോ നയഥാ സുനീതിഭിരതി 
വിശ്വാനി ദുരിതാ സ്വസ്തയേ.   
(ഋഗ്വേദം 10.63.13)
അര്‍ഥം: അല്ലയോ തേജസ്വികളായ വിദ്വാന്മാരെ നിങ്ങള്‍ സത്യപാതയില്‍ നയിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. സത്യത്തിന്റെ വഴി മുള്ളുകള്‍ നിറഞ്ഞതാണ്. എന്നാല്‍ ഈ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നവര്‍ അതില്‍ പരാജിതരാവില്ല. ഈ പാതയില്‍ സന്തതിപരമ്പരകളോടൊപ്പം അവര്‍ മുന്നോട്ടു പോവുകതന്നെ ചെയ്യും.
സ്വന്തം ഹൃദയത്തില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ കഴിയാത്തവരാണ് ജീവിതത്തില്‍ പരാജയപ്പെടുന്നത്. ജീവിതത്തില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം സുഖലോലുപതയാണ്. സുഖലോലുപന്മാരായി ലാലസന്മാരായി ജീവിക്കുന്നവര്‍ക്ക് ഒരു കാരണവശാലും മുന്നോട്ട് പോകുവാന്‍ സാധിക്കില്ല. അതുകൊണ്ട് ഐതരേയ ബ്രഹ്മണത്തില്‍ പറയും ഉറങ്ങുന്നവന്റെ ഭാഗ്യം ഉറങ്ങിക്കൊണ്ടിരിക്കുമെന്ന്. നടക്കുന്നവന്റെ ഭാഗ്യം നടന്നുകൊണ്ടിരിക്കും. ഓടിക്കൊണ്ടിരിക്കുന്നവന്റെ ഭാഗ്യം ഓടിക്കൊണ്ടിരിക്കും. അപ്പോള്‍ നാം പ്രവൃത്തിച്ച് കൊണ്ടിരിക്കണം. കഠിനമായി ഉത്സാഹിക്കണം. അത് എങ്ങനെയാണ് നമുക്ക് സ്വായത്തമാക്കാന്‍ സാധിക്കുക.?
വ്രതങ്ങളിലൂടെ അത് സാധിക്കും. ആദ്ധ്യാത്മികമായ ഒരു ലക്ഷ്യം മുന്നില്‍ വെക്കുമ്പോള്‍ ഇത് സാധിക്കും. എല്ലാ മനുഷ്യരും അതിന് വേണ്ടി പരിശ്രമിക്കും. അവനവന്റെ ഉള്ളിലുള്ള എല്ലാ പ്രയാസങ്ങളേയും നീക്കി വെച്ചുകൊണ്ട് തന്നെ നാലുനേരം ഭക്ഷണം കഴിക്കുന്ന ഒരാള്‍ ഒരു നേരമാക്കി അല്ലെങ്കില്‍ രണ്ടു നേരമാക്കി ചുരുക്കുന്നു. തനിക്ക് കഴിവുണ്ട്. പക്ഷേ ഒന്ന് കുറയ്ക്കാന്‍ തയ്യാറാണ്. തന്റെ എല്ലാ കഴിവുകളും വെച്ചുകൊണ്ടു തന്നെ അല്‍പം ഒന്ന് കുറയ്ക്കാന്‍ ഭക്തന്‍ തയ്യാറാണ്. നിലത്ത് കിടന്ന് ഉറങ്ങാന്‍ താന്‍ തയ്യാറാണ്. ചൂടുവെള്ളത്തില്‍ മാത്രം കുളിച്ച ആളുകള്‍ പച്ചവെള്ളത്തില്‍ അതും നല്ല തണുപ്പുള്ള വെള്ളത്തില്‍ കുളിക്കാന്‍ തയ്യാറാണ്. ഈ തിതിക്ഷയിലൂടെ, ഈ സഹന പൂര്‍ണ്ണമായ പ്രവൃത്തിയിലൂടെ മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളു.
ഏറ്റവും കഠിനമായ പ്രവര്‍ത്തനം നടത്തുക. അതിലൂടെ ഈശ്വരനെ ദര്‍ശിക്കാന്‍ ശ്രമിക്കുക. അങ്ങനെ ഈശ്വരനെ ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനവന്റെ ഉള്ളിലുള്ള അലസതകളെല്ലാം ഇല്ലാതായിത്തുടങ്ങും. അലസതയാണ് ജീവിതവിജയത്തിലെ ഏറ്റവും വലിയ തടസ്സം. ഒരു തരത്തിലും നാം അത് ചിന്തിക്കില്ല, സുഖലോലുപന്‍മാരായി ജീവിക്കും. നമ്മുടെ മക്കളേയും നാം അങ്ങനെ വളര്‍ത്തും. അങ്ങനെ സുഖലോലുപരായ സമൂഹം ഉണ്ടായാല്‍ സ്വാഭാവികമായും വലിയ നേട്ടങ്ങള്‍ക്ക് നാം പരിശ്രമിക്കാതെ പോകും. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ അസാധാരണമായ സഹനശക്തി വളര്‍ത്തി എടുക്കണം.
അതിനുവേണ്ടി ഒരു യാത്ര. ആ യാത്രയ്ക്ക് 41 ദിവസത്തേക്ക് കഠിനമായ വ്രതങ്ങള്‍. ബ്രഹ്മചര്യം പാലിക്കണം. താടിയും മുടിയും ഒന്നും വെട്ടരുത്. നിലത്ത് കിടക്കണം. അതിരാവിലെ എഴുന്നേല്‍ക്കണം. ഭക്ഷണം കുറയ്ക്കണം. തീര്‍ച്ചയായും എല്ലാ സമയത്തും ഈശ്വരവിചാരം വേണം. ഏറ്റവും വില കൂടിയ വസ്ത്രങ്ങള്‍ ഒക്കെ ഉള്ള ആളുകളാണെങ്കില്‍പ്പോലും ഏറ്റവും വില കുറഞ്ഞ സ്വാഭാവികമായ വസ്ത്രങ്ങള്‍ ധരിക്കണം.
അങ്ങനെ എല്ലാ വിധത്തിലുമുള്ള കാഠിന്യങ്ങള്‍. വസ്ത്രത്തിലായാലും ആഹാരത്തിലായാലും ജീവിതചര്യയിലായാലും, നടപ്പിലായാലും നോക്കിലായാലും ഇരിപ്പിലായാലും ഈ കാഠിന്യങ്ങള്‍ നീണ്ടുപോകുന്നു. അയ്യപ്പന്മാരുടെ കഠിനമായ കരിമല കയറ്റവും ഇതിന്റെ പ്രതീകം തന്നെ. പൂര്‍ണ്ണമായ സഹനശക്തി വളര്‍ത്തി എടുക്കാന്‍ വേണ്ടിയാണ് കഠിനവ്രതങ്ങള്‍ മണ്ഡലകാലത്ത് നിര്‍ദ്ദേശിച്ചതെന്ന് ഓരോ അയ്യപ്പനും മനസ്സിലാക്കണം.