Articles, Social (Malayalam), സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം അഞ്ച്

ആരാണ് അതിഥി?
എന്തിന് അതിഥികളെ ശുശ്രൂഷിക്കണം?

അടുത്തത് അതിഥി യജ്ഞമാണ്. തിഥി നോക്കാതെ നമ്മുടെ വീട്ടിലേക്ക് വേദജ്ഞരായ ആളുകള്‍ വരും. വേദത്തിന്റെ സന്ദേശവുമായാണ് ഈ അതിഥികള്‍ വന്നെത്തുന്നത്. അവരെ നമ്മള്‍ വേണ്ടുന്ന രീതിയില്‍ പരിചരിക്കണം. ഭാഗ്യസൂക്തത്തില്‍ ‘പ്രാതര്‍ മിത്രാ…….’ എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നല്ല സൗഹൃദങ്ങള്‍ നമുക്ക് ഉണ്ടാവണം എന്നതാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിന്നു പുറമേ നമ്മെ പോഷിപ്പിക്കുന്ന ശക്തിയാണ് അഗ്നി. ഇത് ഉള്ളില്‍ വന്നിറങ്ങുമ്പോള്‍ ശക്തി വര്‍ദ്ധിക്കുന്നു. അങ്ങനെ ഭാഗ്യം വര്‍ദ്ധിക്കുന്നു.
ഭൂതബലി എന്തിനാണ്?
ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ഇതിനെതന്നെയാണ് ഭൂതബലി എന്നു പറയുന്നത്. ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, കുഷ്ടരോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം.
എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ തീയിലും സമിധയിലും ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ മൂത്തവരിലും ആചാര്യനിലും ഈശ്വരനെ ദര്‍ശിക്കുന്നു. ബലിവൈശ്വദേവയജ്ഞം ചെയ്യുമ്പോള്‍ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ കാണാന്‍ കഴിയുന്നു.
എന്താണ് യജ്ഞങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ഫലം. വേദം നമ്മോട് ‘ചരൈവേതി’ …..എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്തെന്നാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍, പണിയെടുക്കാന്‍ പറയുന്നു. കഠിനമായി പരിശ്രമിച്ചുകൊണ്ട് നിരന്തരമായി പരിശ്രമിച്ചുകൊണ്ട് എല്ലാ വിജയങ്ങളും നേടിക്കൊണ്ട്, 100 വര്‍ഷം കണ്ടുകൊണ്ട് കേട്ടുകൊണ്ട് ജീവിക്കാന്‍ വേദം പറയുന്നു. മനുസ്മൃതി പറയുന്നു ജീവിക്കുകയാണെങ്കില്‍ 100 വര്‍ഷം ജീവിക്കണം. വിശ്രമമില്ലാതെ കഠിനമായി പരിശ്രമം ചെയ്യുന്നവര്‍ക്കേ ഐശ്വര്യവും ഭാഗ്യവും ഉണ്ടാകൂ. നമ്മുടെ മുന്‍ഗാമികള്‍ അഗ്നിക്കും അയല്‍ക്കാരനും അന്നം കൊടുത്തിരുന്നു. അവര്‍ക്ക് ശക്തി പകരുന്നതിന്റെ രഹസ്യം ഇതായിരുന്നു. കൊടുക്കാന്‍ കഴിയുന്നവന്റെ മാനസികബലം വര്‍ദ്ധിക്കുന്നു. അവര്‍ സുഗമമായി 100 വര്‍ഷം ജീവിച്ചിരുന്നു. ഇപ്പോള്‍ 40 വയസ്സില്‍ സ്വന്തം ഹൃദയം നമ്മെ തന്നെ ആക്രമിക്കുന്നു. മന്ത്രം ഇങ്ങനെയാണ് ‘ഹൃദ് പ്രതിഷ്ഠം, യദജിരം ജവിഷ്ഠം തന്മേ മനഃ ശിവസങ്കല്‍പമസ്തു” ഹൃദയ ദേശത്ത് നമ്മള്‍ ശിവനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ശിവന്‍ നമുക്ക് സന്തോഷവും സമാധാനവും തരാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. ആ ശിവന് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രാണന്‍ പോകുന്നത്. ഹിന്ദുധര്‍മ്മത്തിന്റെ നവോത്ഥാനത്തിന് ജാതിയോ ലിംഗമോ വ്യത്യാസം കൂടാതെ എല്ലാവരും പഞ്ചമഹായജ്ഞങ്ങള്‍ പഠിക്കുകയും ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ഇത് ലളിതമായി ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. ഏഴ് വയസ്സു മുതല്‍ 86 വയസ്സു വരെയുള്ള ശിഷ്യന്‍മാര്‍ എനിക്കുണ്ട്. എല്ലാവരും ഇത് പഠിക്കുകയും ആചരിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. ധര്‍മ്മത്തില്‍ ഊന്നി നിന്നുകൊണ്ട് അര്‍ത്ഥകാമ മോക്ഷങ്ങള്‍ വേണം. നമ്മുടെ ദേവതകള്‍ സര്‍വ്വാഭരണ വിഭൂഷിതരാണ് നമുക്കും ഈ ഐശ്വര്യം വേണം. അതുകൊണ്ടാണ് ആയുര്‍വേദവും ജ്യോതിശാസ്ത്രവും അതുപോലുള്ള ശാസ്ത്രങ്ങളും നമ്മള്‍ വികസിപ്പിച്ചെടുത്തത്. സമൃദ്ധിയോടെ നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ്. നമ്മുടെ ബുദ്ധിയാണ്, മനസ്സാണ് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. ഈ സമൃദ്ധിയൊക്കെ പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയതോടെ അസ്തമിക്കുകയും ചെയ്തു. പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യണമെന്ന് വേദവും, മനുസ്മൃതിയും ശ്രീ ശങ്കരാചാര്യരും പറയുന്നു. ബ്രഹ്മസൂത്രത്തിന് ശങ്കരഭാഷ്യം എഴുതുന്ന അവസരത്തില്‍ അഗ്നിഹോത്രം ചെയ്യേണ്ടത് അല്ലേ എന്ന ചോദ്യത്തിന് ശങ്കരാചാര്യര്‍ നല്‍കിയ മറുപടി, അഗ്നിഹോത്രം ചെയ്യണം ഈശ്വരീയ ബുദ്ധിയും മോക്ഷവും കൈവരാന്‍ നിര്‍ബന്ധമായും ചെയ്യണം എന്നതായിരുന്നു. അതുകൊണ്ട് പഞ്ചമഹായജ്ഞങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇത് നിത്യകര്‍മ്മങ്ങള്‍ ആണ്.