Social (Malayalam), സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം മൂന്ന്‌

ശ്രാദ്ധം എന്താണ്? എന്തിനാണ്?

രണ്ടാമത്തെ യജ്ഞം പിതൃയജ്ഞമാണ്. ഒരാളുടെ മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍ അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധയോടെ പരിപാലിക്കാതെ മരിച്ചു കഴിഞ്ഞ ശേഷം മാതാപിതാക്കള്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. നമ്മള്‍ മാതാപിതാക്കളെ വളരെ ശ്രദ്ധയോടെ പരിപാലിക്കണം. ഇതാണ് യഥാര്‍ത്ഥത്തില്‍ ശ്രാദ്ധം, നമ്മള്‍ നമ്മുടെ മാതാപിതാക്കളെ ദിവസവും ശുശ്രൂഷിക്കുകയും അവരുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും വേണം. വേദസംസ്‌ക്കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്‌ക്കാരം ഉണ്ടാവുക. നമ്മുടെ കുട്ടികളെ എങ്ങനെ സ്‌നേഹിക്കണം എന്നും അവരില്‍ നിന്നും തിരിച്ച് സ്‌നേഹം എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നും അറിയണം. ഐതരേയ ഉപനിഷത്ത് പ്രസ്താവിക്കുന്നു. ‘ഞാന്‍ തന്നെയാണ് എന്റെ പിതാവ്” എന്ന്. ആദ്ധ്യാത്മിക ക്ലാസുകള്‍ പ്രായമായവര്‍ക്ക് വേണ്ടിയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. നാം നമ്മുടെ കുട്ടികളെ ആദ്ധ്യാത്മികത പഠിപ്പിക്കാന്‍ തയ്യാറാകണം. വേദസംസ്‌ക്കാരത്തിലേക്ക് കടന്നുവരാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുകയാണ് ചെയ്യേണ്ടത്. രാമായണത്തില്‍ രാമനോട് നാളെ അദ്ദേഹത്തെ യുവരാജാവായി വാഴിക്കാന്‍ പോവുകയാണെന്ന് പറയുന്നു. എന്നാല്‍ അന്ന് വൈകുന്നരം തന്നെ അദ്ദേഹത്തോട് വനവാസത്തിന് പോകാന്‍ ആവശ്യപ്പെടുന്നു. തിരിച്ച് ഒരു ചോദ്യവും ഉന്നയിക്കാതെ രാമന്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നു. പ്രസ്തുത നിര്‍ദ്ദേശം സ്വന്തം പിതാവിന്റേതായിരുന്നു എന്നതുകൊണ്ട് മാത്രമാണ് രാമന്‍ ആ ആജ്ഞ ശിരസാവഹിച്ചത്. രാമന്‍ ഒരു വാദപ്രതിവാദവും നടത്തിയില്ല. പണ്ടു കാലങ്ങളില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറായിരുന്ന മഹത്തുക്കള്‍ ഉണ്ടായിരുന്നു. മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്തരം കഥകള്‍ തങ്ങളുടെ പേരക്കുട്ടികളെ പഠിപ്പിക്കുകയും രാമനെപ്പോലെ ആകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.