Books, Products

ഐശ്വര്യം നല്‍കുന്ന വേദസൂക്തങ്ങള്‍

ശ്രീമദ് ശങ്കര ഭഗവദ്പാദരുടേതെന്ന് കരുതിപ്പോരുന്ന ഭജഗോവിന്ദത്തില്‍ ‘പണമില്ലാത്തവന് എന്തു കുടുംബം?’ എന്നു ചോദിക്കുന്നുണ്ട്. അതായത് ഒരു കുടുംബം നിലനില്‍ക്കണമെങ്കില്‍ ധനത്തിനും വലുതായ സ്ഥാനമുണ്ട് എന്നര്‍ത്ഥം. ധനം പല തരത്തിലുണ്ട്. അത് പണമാകാം, ഭൂമിയാകാം, മൃഗങ്ങളും വാഹനങ്ങളുമാകാം, യശസ്സാകാം, അറിവാകാം, ആരോഗ്യമാകാം. ധനത്തെ അറിഞ്ഞുപാസിക്കണം. എങ്ങനെയാണ് ധനത്തെ ഉപാസിക്കുക? വാഹനമാണ് ധനമെങ്കില്‍ അതിനൊരു മാലയും ചാര്‍ത്തി വിളക്ക് കത്തിച്ച് കുടമണി കിലുക്കുക; ഭൂമിയാണ് ധനമെങ്കില്‍ ഭൂമിയില്‍ ഒരു വിളക്ക് കത്തിച്ചുവെച്ച് നാല് പൂവ് ഭൂമിയില്‍ അര്‍പ്പിക്കുക, ഇങ്ങനെയൊക്കെയാണ് ധനത്തെ ഉപാസിക്കേണ്ടത് എന്ന് ഏതെല്ലാമോ അന്ധവിശ്വാസികള്‍, അനാചാരികള്‍ പ്രചരിപ്പിച്ചു വന്നിട്ടുണ്ട്. ഇതൊക്കെ വേദവിരുദ്ധമാണ്, അനാചാരമാണ്. ജഡവസ്തുക്കളെ പൂജിക്കാന്‍ വേദം ഒരിക്കലും അനുശാസിക്കുന്നില്ല. അതിന്നര്‍ത്ഥം ഐശ്വര്യത്തെ ഉപാസിക്കാന്‍ വേദത്തില്‍ മാര്‍ഗമില്ല എന്നല്ല. അതിന് കൃത്യമായും വേദവിദിതമായ പദ്ധതികളുണ്ട്.

സകല ഐശ്വര്യങ്ങളുടെയും അധിപതിയായ ഈശ്വരനെ ഉപാസിച്ചാല്‍ ഐശ്വര്യം പിന്നെ ഉപാസകനെ വിട്ടുപോവില്ല എന്നത്രെ ഋഷിമതം. അതിനായി വേദങ്ങളില്‍ നിരവധി സൂക്തങ്ങളും മന്ത്രങ്ങളുമുണ്ട്. ഓരോരോ സൂക്തങ്ങളിലും ഈശ്വരന്റെ വിവിധ ഗുണങ്ങളെയാണ് വര്‍ണിക്കുന്നത്. ഈശ്വരന്റെ ആ ഗുണങ്ങളാണ് സാധകനെ ഐശ്വര്യവാനാക്കുന്നത്. വേദമന്ത്രങ്ങള്‍ ചെപ്പടിവിദ്യയോ കണ്‍കെട്ടുവിദ്യയോ അല്ല. തലവേദനയോ മേലുവേദനയോ ഉള്ളയൊരാള്‍ വേദനാസംഹാരിയായ ഒരു ഗുളിക വിഴുങ്ങിയാല്‍ ഉടനടി അയാള്‍ക്ക് ആശ്വാസം കിട്ടും, വേദമന്ത്രങ്ങള്‍ പ്രശ്‌നപരിഹാരത്തിനുള്ള ഗുളികകളല്ല; അതായത് തോന്നിയപോലെ ഒരു തവണ മന്ത്രം ചൊല്ലിയാല്‍ സ്വിച്ചിട്ടപോലെയോ, ഗുളികയെപ്പോലെയോ പ്രവര്‍ത്തിക്കുകയുമില്ല. എന്നാല്‍ വേദമന്ത്രങ്ങള്‍ അപാരമായ ശക്തികളുടെ അനന്ത സ്രോതസ്സാണ്. ഏതൊരു വിപരീത പരിതസ്ഥിതികളേയും മറികടത്താന്‍ വേദമന്ത്രങ്ങള്‍ക്കുള്ള കഴിവില്‍ ഋഷീശ്വരന്മാര്‍ പോലും മുഗ്ദ്ധരായിരുന്നു.

നാദത്തിന്റെ, നമുക്ക് അറിയാത്ത സാദ്ധ്യതകള്‍ക്ക് അപ്പുറത്ത്, മന്ത്രം അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും പരമ്പരകളാണ് സാധകന്‍മാരില്‍ സൃഷ്ടിക്കുന്നത്. ഈശ്വരീയത നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍, അത് പുറത്തുള്ളതും അകത്തുള്ളതുമാവാം, മന്ത്രദേവത സാധകനെ ലക്ഷ്യത്തിലേക്കെത്തിക്കുന്നു. അതായത് മന്ത്രദേവത ഉപാസകനെ കൈപിടിച്ച് ഐശ്വര്യത്തിന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുന്നു. അതിനു സഹായിക്കുന്ന വേദസൂക്തങ്ങള്‍ ഉപാസകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ്. ഓരോ സൂക്തവും എന്താണെന്നും എന്തിനു വേണ്ടിയാണെന്നും നല്‍കിയിട്ടുണ്ട്. സൂക്തങ്ങള്‍ക്കൊടുവില്‍ അവയുടെ ലഘുവായ അര്‍ത്ഥവും നല്‍കിയിട്ടുണ്ട്. അര്‍ത്ഥസഹിതമുള്ള സൂക്തജപം ഉപാസകരെ ഐശ്വര്യത്തിലേക്ക് നയിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.
Buy this Book