Sanatana Dharmapadavali – Part 14
വേദം പഠിക്കുന്നതിന് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര, സ്ത്രീ എന്നീ ഭേദങ്ങളൊന്നുമില്ലെന്ന് ആദ്യമേ പറഞ്ഞുവല്ലൊ. വര്‍ണത്തെ ജാതിയായി ചിത്രീകരിക്കാറുണ്ട്. വര്‍ണം എന്നാല്‍ വരിക്കുന്നതെന്നാണ് അര്‍ത്ഥം. ‘വര്‍ണോ വൃണോതേ’ എന്ന് യാസ്‌ക്കന്‍ പറയുന്നു. അറിവുള്ളവര്‍ ബ്രാഹ്മണര്‍, ബലമുള്ളവര്‍ ക്ഷത്രിയര്‍ (ക്ഷതത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നവര്‍), സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥകളെ താങ്ങിനില്ക്കുന്നവര്‍ വൈശ്യര്‍, ഇവരെ സേവിക്കുന്നവര്‍ ശൂദ്രര്‍. സദാ പരാതി പറഞ്ഞ് കരഞ്ഞ് ദ്രവിക്കുന്നവരാണ് ശൂദ്രര്‍. ഇതൊന്നും ജാതീയമല്ല. ഈ നാല് വര്‍ണക്കാര്‍ക്കും വേദം പഠിക്കാന്‍ അധികാരമുണ്ടെന്ന് യജുര്‍വ്വേദം ചൂണ്ടിക്കാട്ടിയത് നേരത്തെ കണ്ടതാണല്ലൊ. അവനവന്റെ സംസ്‌ക്കാരമനുസരിച്ച് താന്‍ വരിക്കുന്നതാണ് ബ്രാഹ്മണ, ക്ഷത്രിയ വൈശ്യ, ശൂദ്ര വര്‍ണങ്ങള്‍.
വേദം പഠിക്കാതിരുന്നാല്‍ ബ്രാഹ്മണന്റെ മകനായി ജനിച്ചാല്‍പ്പോലും ശൂദ്രനായിത്തീരുമെന്ന് മനുസ്മൃതി ചൂണ്ടിക്കാട്ടുന്നുണ്ട്.
‘യോനധീത്യ ദ്വിജോവേദ-
മന്യത്ര കുരുതേ ശ്രമം
സജീവന്നേവ ശൂദ്രത്വ-
മാശുഗച്ഛതി സാന്വയഃ’
(മനു 2.168)
അര്‍ത്ഥം :വേദം പഠിക്കാതെ ഏതൊരു ബ്രാഹ്മണനാണോ മറ്റിടത്ത് ജോലി ചെയ്യുന്നത് അവന്‍ ജീവിക്കുമ്പോള്‍ത്തന്നെ കുടുംബസമേതം ഉടന്‍ ശൂദ്രനായി മാറുന്നു.
താഴ്ന്ന വര്‍ണത്തില്‍പ്പെട്ടവര്‍ക്കും ഗുണകര്‍മ്മ വിഭാഗങ്ങള്‍ കൊണ്ട് സവര്‍ണരായി മാറിയിരുന്നു.
നോക്കൂ വീണ്ടും മനുസ്മൃതി
‘ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈവ ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു
വിദ്യാദവൈശ്യാത്തഥൈവ ച’
(മനുസ്മൃതി 10.65)
കര്‍മ്മഗുണം കൊണ്ട് ശൂദ്രന്‍ ബ്രാഹ്മണനായിത്തീരുന്നു. കര്‍മ്മദോഷത്താല്‍ ബ്രാഹ്മണര്‍ ശൂദ്രനാകുന്നു. കര്‍മ്മങ്ങളുടെ ഗുണദോഷങ്ങളാല്‍ ക്ഷത്രിയരും വൈശ്യരും ഉയരുകയും താഴുകയും ചെയ്യുന്നു. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മഹാഭാരതത്തില്‍ത്തന്നെ കാണാം. വനപര്‍വ്വത്തിലെ ഒരു ശ്ലോകം നോക്കൂ.
‘ജ്ഞാതാ വ്യാസസ്തു കൈവര്‍ത്ത്യാഃ
ശ്വപാക്യാസ്തു പരാശരഃ ബഹവോളന്യേപി
വിപ്രത്വം പ്രാപ്തായേ പൂര്‍വ്വമദ്വിജാഃ’
അര്‍ത്ഥം: വ്യാസന്‍ മുക്കുവക്കിടാത്തിയുടെ മകനായി ജനിച്ചു. ശ്വപാകീ അതായത് ചണ്ഡാള സ്ത്രീയുടെ മകനായി പരാശരനും ജനിച്ചു. അങ്ങനെ ജന്മനാ ദ്വിജന്മരല്ലാതിരുന്ന നിരവധി പേര്‍ ബ്രാഹ്മണരായിത്തീര്‍ന്നു.
വീണ്ടും കാണൂ.
‘ഗണികാ ഗര്‍ഭ സംഭൂതോ
വസിഷ്ഠ ശ്ച മഹാമുനിഃ
തപസാ ബ്രാഹ്മണോ ജാതഃ
സംസ്‌ക്കാരസ്തത്ര കാരണമ്.’
അര്‍ത്ഥം: വസിഷ്ഠന്‍ ഗണികയുടെ മകനായിരുന്നു. എങ്കിലും തപസ്സാകുന്ന ഗുണകര്‍മ്മം കൊണ്ട് അദ്ദേഹം ബ്രാഹ്മണനായിത്തീര്‍ന്നു. സംസ്‌ക്കാരമാണ് ഇതിനൊക്കെ കാരണം. മഹാഭാരതം അനുശാസനാപര്‍വ്വത്തില്‍ വിശ്വാമിത്രന്‍ എങ്ങനെ ബ്രാഹ്ണനായെന്ന് പറയുന്നുണ്ട്. നോക്കൂ.
‘തതോ ബ്രാഹ്മണതാം ജാതോ
വിശ്വാമിേ്രത മഹാതപാഃ
ക്ഷത്രിയഃ സോപ്യഥ തഥാ
ബ്രാഹ്മവംശസ്യ കാരണം’
അര്‍ത്ഥം: തപഃശക്തികൊണ്ട് വിശ്വാമിത്രന്‍ ബ്രാഹ്മണനായിത്തീര്‍ന്നു. ജന്മം കൊണ്ട്ക്ഷത്രിയനായിരുന്നെങ്കിലും അദ്ദേഹം കൗശികഗോത്രം എന്ന ബ്രാഹ്മണ വംശത്തിന് കാരണഭൂതനായിത്തീര്‍ന്നു.
അങ്ങനെ നോക്കുമ്പോള്‍ ജാതിയും വര്‍ണവും ഒന്നല്ല.
പശു, ആട്, കോഴി തുടങ്ങിയവ ജാതിയാണ്. അവയ്ക്ക് വര്‍ണമില്ല. മനുഷ്യന്റെ ഗുണകര്‍മ സ്വഭാവമനുസരിച്ച് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ വര്‍ണങ്ങളുണ്ട്. ഏതു വര്‍ണത്തില്‍പ്പെട്ടാലും വേദം പഠിക്കുന്നതിലൂടെ തനിയ്ക്ക് ഇഷ്ടമുള്ളത് വരിയ്ക്കാം.