Spiritual (Malayalam)

എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍

എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍
വിഷ്ണുവിന് നാല് കൈകളുണ്ടെന്നത് സുപ്രസിദ്ധമാണ്. മഹാഭാരതത്തിലും ദേവീഭാഗവതത്തിലുമൊക്കെ വിഷ്ണുവിനെ വര്‍ണ്ണിക്കുന്നത് ചതുര്‍ബാഹുവായിട്ടാണ് അതു മാത്രമല്ല വിഷ്ണുലോകത്തുള്ളവര്‍ക്കെല്ലാം നാല് കൈകളുണ്ടെന്ന് ഭാഗവതത്തില്‍ നമുക്ക് വായിക്കാം. ഭാഗവതത്തിലെ ആ വര്‍ണന കാണുക. ‘വിഷ്ണുലോകത്ത് മായയോ മായാവിയോ ഇല്ല. എന്നാല്‍ വിഷ്ണു ഭക്തരായ സുര-അസുരന്‍മാര്‍ കമലാക്ഷരും പീത (മഞ്ഞ) വസ്ത്രധാരികളുമാണ്. സുന്ദരന്മാരുമാണ്. അവിടെ എല്ലാവരും ചതുര്‍ബാഹുക്കളാണ്.’ എന്തുകൊണ്ടാണ് വിഷ്ണുവിനും വിഷ്ണുലോകത്തുള്ളവര്‍ക്കും ചതുര്‍ബാഹുക്കളുള്ളത്? ഈ സങ്കല്പത്തിന്റെ ആധിദൈവികവും ആധിഭൗതികവും ആധ്യാത്മികവുമായ അര്‍ത്ഥങ്ങള്‍ എന്താണെന്നു നമുക്കൊന്നു പരിശോധിച്ചുനോക്കാം.
ആധിഭൗതികമായ അര്‍ത്ഥത്തില്‍ വിഷ്ണുസങ്കല്പം സംഘടനയെ അഥവാ രാഷ്ട്രത്തെക്കുറിക്കുന്നതാണ്. ഇന്ത്യയില്‍ പ്രാചീനകാലത്ത് രാജാക്കന്മാരെല്ലാം സൂര്യവംശരാജാക്കന്മാരായിരുന്നല്ലൊ? എന്തുകൊണ്ടാണ് സൂര്യവംശരാജാക്കന്മാരുണ്ടാകുന്നതെന്ന് നാം ചിന്തിക്കണം. സൂര്യന്‍ രാജാവിന്റെ പ്രതീകമാകുന്നു. ഈ സൗരയൂഥത്തെ അടക്കി വാഴുന്ന സൂര്യനേപ്പോലെയായിരിക്കണം രാഷ്ട്രഭരണം നടത്തുന്ന രാജാവും. സൂര്യന്‍ പക്ഷപാതമില്ലാത്തവനാണ്. രാജാവും അങ്ങനെത്തന്നെ ആയിരിക്കണം. സൂര്യകിരണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. രാഷ്ട്രത്തിലെ നിയമവ്യവസ്ഥയും. ഇവിടെ സൂര്യരാജാക്കന്മാര്‍ സൂര്യനെപ്പോലെ അഴിയാത്ത വ്രതമുള്ളവരായിരുന്നു.
എന്താണ് സുദര്‍ശനം?
ഒരു സാധാരണ സംഘടന മുതല്‍ രാഷ്ട്രം വരെ വിഷ്ണുവാണെന്നു നമുക്ക് പറയാം. വിഷ്ണുവിന്റെ കൈയ്യില്‍ ‘സുദര്‍ശന’ ചക്രമുണ്ട്. ഏതൊരു രാഷ്ട്രത്തിനും ഒരു ഭരണഘടന വേണം. സംഘടനയ്ക്കും വേണം. ആ ഭരണചക്രമാണ് സുദര്‍ശനം.
എന്താണ് ശംഖ്?
ശംഖെന്നാല്‍ സംഘടനയുടേയോ രാഷ്ട്രത്തിന്റേയോ നടപടിക്രമങ്ങളെ യഥാസമയം അറിയിക്കേണ്ടവരെ അറിയിക്കുന്നതിന് ചെയ്യുന്ന പബ്ലിക് റിലേഷന്‍ വകുപ്പാണെന്നു പറയാം. വിജാതീയമായ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നു. ഈ വിവരം നാട്ടുകാരെ അറിയിക്കുന്നത് ‘ശംഖ്’ ആണെന്ന് നമുക്ക് പ്രതീകാത്മകമായും ആലങ്കാരികമായും പറയാം.
‘ഗദ’ എന്താണ്?
ഒരു സംഘടനയുടെയോ രാഷ്ടത്തിന്റെയോ ആഭ്യന്തര നിയമസംവിധാനമാണ് ഗദ. സംഘടനയ്ക്കുള്ളിലെ നിയമകാര്യങ്ങള്‍ കൃത്യമായി നടന്നുപോകേണ്ടതിന് നിയമസംവിധാനങ്ങളും സംഘടനാചട്ടക്കൂടും ആവശ്യമാണ്. ആ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നതാണ് ഗദ.
പത്മം
ഒരു രാഷ്ട്രമായാലും ചെറിയ സംഘടന ആയാലും അതു നിലനില്‍ക്കാന്‍ സാമ്പത്തികമായ ആവശ്യങ്ങളുണ്ട്. രാഷ്ട്രത്തിന്റെ കാര്യത്തില്‍ അതു ബഡ്ജറ്റാണ്. സംഘടനാ തലത്തിലും ഇത്തരം റിപ്പോര്‍ട്ട് അവതരണങ്ങളുണ്ടാകും. രാഷ്ട്രമായാലും സംഘടനയായാലും വീടായാലും ഈ സാമ്പത്തിക സംവിധാനം ആവശ്യമുണ്ട്. ഇതാണ് ‘താമര.’
ചതുര്‍ബാഹുക്കളുടെ
ആധ്യാത്മിക രഹസ്യമെന്ത്?

ഇനി നമുക്ക് വിഷ്ണുവിന്റെ നാല് കൈകള്‍ക്കുള്ള അദ്ധ്യാത്മികമായ അര്‍ത്ഥമെന്തെന്ന് പരിശോധിക്കാം. ആദ്ധ്യാത്മികമായ അര്‍ത്ഥത്തില്‍ വിഷ്ണു ഈശ്വരനാണ്. നാലുപാടും വ്യാപിച്ചിരിക്കുന്നതിനാല്‍ നാല് കൈകളുണ്ടെന്ന് വ്യാഖ്യാനിച്ചുവെന്നു മാത്രം.
സുദര്‍ശനചക്രം: ആദ്ധ്യാത്മികമായ അര്‍ത്ഥത്തില്‍ സുദര്‍ശനചക്രം ഈ പ്രപഞ്ചത്തിന്റെ നിയമചക്രമാണ്. ഇത് ‘സുഖ’കരമായ പ്രപഞ്ച ‘ദര്‍ശന’ മാണ്. ഈ താളചക്രത്തെ ‘ഋതം’ എന്നാണ് വേദങ്ങളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ഋതവും സത്യവും ഒന്നാണെന്ന് വേദമന്ത്രങ്ങളില്‍ പറയുന്നു.
ശംഖ്: ആദ്ധ്യാത്മികമായ അര്‍ത്ഥത്തില്‍ ശംഖ് ഈ പ്രപഞ്ചത്തിന്റെ നാദമാകുന്നു. അത് വേദവാണിയാണ്. ഇക്കാണുന്ന പ്രപഞ്ചത്തിന്റെ കണങ്ങളെക്കുറിച്ചും അണുക്കളെക്കുറിച്ചും എന്നു വേണ്ട സമസ്ത ജ്ഞാനവും നമുക്ക് പകര്‍ന്നു തരുന്നത് ഈ വേദവാണിയാണ്. അതിനാല്‍ പ്രാചീനകാലത്ത് സര്‍വ്വ വിജ്ഞാനങ്ങളുടേയും കലവറയാണ് വേദങ്ങളെന്ന് ഋഷി പ്രവരന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശംഖ് ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു. ‘ശ്രുതി’ എന്നത് വേദങ്ങളുടെ പര്യായവുമാണ്. ആദ്ധ്യാത്മികമായ അര്‍ത്ഥത്തില്‍ ശ്രുതി ശംഖാണ്.
ഗദ: ആദ്ധ്യാത്മികമായി ഒരു സാധകന് വികസിക്കാന്‍ ഗദയുടെ സഹായം കൂടിയേ കഴിയൂ. ഗദ വാസ്തവത്തില്‍ യോഗസാധനയിലെ യമനിയമാദികളാണ്. സാധകന്റെ ആത്മവികസനത്തിന് യമനിയമങ്ങള്‍ പരിപാലിച്ചേ പറ്റൂ. യമനിയമങ്ങള്‍ ഒരു സാധകന്‍ സ്വയം വരിക്കുന്ന നിയമവ്യവസ്ഥകളാണ്.
പത്മം: ആദ്ധ്യാത്മികമായി പത്മമെന്നതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. വേദത്തില്‍ പലയിടത്തും ആദ്ധ്യാത്മിക വികാസത്തെക്കുറിച്ചും ആദ്ധ്യാത്മിക നേട്ടങ്ങളേക്കുറിച്ചും പറയുമ്പോള്‍ ‘പത്മ’മെന്ന വാക്ക് ഉപയോഗിച്ചതായി കാണാം. ‘പുണ്ഡരീകം നവദ്വാരം’ എന്ന പ്രയോഗം അഥര്‍വ്വവേദത്തിലാണ് ഉള്ളത്. ‘ദഹരം പുണ്ഡരീയം വേശ്മ’ എന്ന് ഛാന്ദോഗ്യോപനിഷത്തിലും പറയുന്നത് കാണാം. ‘പുണ്ഡരീയം’ എന്നാല്‍ താമര എന്നര്‍ത്ഥം. മാനവഹൃദയകമലം ഒരു വീടാണെന്ന സങ്കല്പമാണ് ഇവിടെയെല്ലാം നമുക്ക് കാണാന്‍ കഴിയുക. ഇവിടെ സാധനയുടെ രംഗവേദിയാണ്. ആ രംഗവേദിയിലാണ് മഹാനായ ‘യക്ഷന്‍’ സ്ഥിതി ചെയ്യുന്നതും.
നാല് കൈകളുടെ
ആധിദൈവികമായ അര്‍ത്ഥം

ആധിദൈവികമായ അര്‍ത്ഥത്തില്‍ ഈ നാല് കൈകളും അവയിലെ ആയുധങ്ങളുമെന്തെന്ന് നമുക്ക് പരിശോധിച്ചു നോക്കാം. ആധിദൈവികമായ അര്‍ത്ഥത്തില്‍ വിഷ്ണു സൂര്യനാണെന്ന് നേരത്തേ പറഞ്ഞുകഴിഞ്ഞു.

സുദര്‍ശനം: സൂര്യന്‍ കാരണം ഉണ്ടാകുന്ന കാലചക്രമാണ് (ലെമീെി)െ സുദര്‍ശനചക്രം. സൂര്യനുള്ളതുകൊണ്ടാണ് നമുക്ക് ഋതുക്കളും ഉത്തര-ദക്ഷിണ അയനങ്ങളുമൊക്കെ ഉണ്ടാവുന്നത്.
ശംഖ്: സൂര്യന്‍ തന്നെയാണ് വെള്ളത്തെ ബാഷ്പീകരിച്ച് മേഘമാക്കുന്നതിന് കാരണവും. ഇടിയെ നാം മേഘനാദമെന്നാണ് പറയുക. ഈ മേഘനാദമാണ് ശംഖ്
ഗദ: സൂര്യനും ഗ്രഹങ്ങളും പരസ്പരം ആകര്‍ഷിക്കുകയും ഭ്രമണം ചെയ്യുകയും മറ്റും ചെയ്യുന്നത് സൗരയൂഥത്തിനകത്തുള്ള നിയമവ്യവസ്ഥ കൃത്യമായതുകൊണ്ടാണ്. ഈ നിയമവ്യവസ്ഥയാണ് ഗദ.
താമര: സൂര്യനും താമരയും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണല്ലൊ. സൂര്യന്‍ കാരണമാണ് ഈ ഭൂമിയില്‍ എല്ലാ വിധത്തിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത്. ആ ഐശ്വര്യങ്ങളുടെ എല്ലാം പ്രതീകമാണ് താമര. ഐശ്വര്യങ്ങളുടെ പ്രതീകമായാണല്ലോ ‘താമര’യെ പാരമ്പര്യമായി പറഞ്ഞു വരുന്നത്.
സൂര്യന്റെ കിരണങ്ങളെ സംസ്‌കൃതത്തില്‍ ഭുജം അഥവാ ബാഹു എന്നു വിളിക്കുന്നു. ‘നാലുപാടുമുള്ള ദിശകളില്‍ അതിന്റെ കിരണങ്ങള്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ ചതുര്‍ബാഹുവാകുന്നു സൂര്യന്‍’ എന്നൊരു പ്രസ്താവം തന്നെയുണ്ട് സംസ്‌കൃതത്തില്‍. അതു വഴി സൂര്യനും ചതുര്‍ഭുജനാണ്.
എട്ടു കൈകളുടെ രഹസ്യമെന്ത്?
എന്നാല്‍ ചിലയിടങ്ങളില്‍ വിഷ്ണുവിന് എട്ട് കൈകളുണ്ടെന്ന് വിവരിക്കുന്നതുകാണാം. ഭാഗവതത്തില്‍ ഗരുഡനുമേല്‍ എട്ടു കൈകളോടു കൂടി ഇരിക്കുന്ന വിഷ്ണുവിനെക്കുറിച്ച് വര്‍ണനയുണ്ട്.
‘ശംഖം ചക്രം, തുടങ്ങിയവയും കിരീടകുണ്ഡലങ്ങളോടുകൂടിയും വിഷ്ണുസുഭൂഷിതനായി ഇരിക്കുന്നു.’ വെന്ന് പറഞ്ഞതു കാണാം. എന്നാല്‍ മഹാഭാരതത്തിലാകട്ടെ പത്തു കൈകളുള്ള വിഷ്ണുവിനെക്കുറിച്ചാണ് (അനുശാസനപര്‍വ്വം 147) പറഞ്ഞിട്ടുള്ളത് ഇവിടെ വിഷ്ണുവിനെ ദശബാഹുവെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിനു കാരണം അതീവ രസകരമാണ്. സാധാരണ ഗതിയില്‍ ദിശകളെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ നാല്, എട്ട്, പത്ത് എന്നിങ്ങനെയാണ് പറഞ്ഞു വരാറുള്ളത്.
നാല് ദിക്കുകള്‍: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് (നാല് കൈകള്‍)
എട്ടു ദിക്കുകള്‍; കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, ആഗ്നേയം, നൈഋത്യം, വായവ്യം, ഈശാനം (ഇവ ഉപദിശകളാണ്. അങ്ങനെ വിഷ്ണുവിന് കൈകള്‍ എട്ട്)
പത്തു ദിക്കുകള്‍: 1. കിഴക്ക്, 2. പടിഞ്ഞാറ്, 3. തെക്ക്, 4. വടക്ക്, 5. ആഗ്നേയം, 6. നൈഋത്യം, 7. വായവ്യം, 8. ഈശാനം, 9. ഊര്‍ദ്ധ്വാദിക് (മുകളില്‍), 10. ധ്രുവാദിക് (താഴെ)
ഇങ്ങനെ നാല് ദിക്കുള്ളപ്പോള്‍ വിഷ്ണു അഥവാ സൂര്യന്‍ ചതുര്‍ബാഹുവാണ്. എട്ട് ദിക്കുള്ളപ്പോള്‍ അഷ്ടബാഹുവാണ് സൂര്യനായ വിഷ്ണു. 10 ദിക്കുള്ളപ്പോള്‍ വിഷ്ണു ദശബാഹുവാണ്.