Course, Sanatana Dharmapadavali

Sanatana Dharmapadavali – Part 13

Chapter 13_intro01
എന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്? ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ?
ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്.

ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ് എനിയ്ക്കു കിട്ടുന്നത്. ഞാനെന്തു ചെയ്താലും അതിനൊരു ഫലമുണ്ടെന്നുള്ള വിശ്വാസം സനാതന ധര്‍മ്മികള്‍ക്കുണ്ടായിരുന്നു. ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലേതു മാത്രമായിരിക്കേണ്ടതില്ല. ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. ജന്മജന്മാന്തരങ്ങളായി നാം കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുകയാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസം വേദങ്ങളിലും, ഉപനിഷത്തുക്കളിലും, ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും എന്തിന് ജ്ഞാനപ്പാനയില്‍പ്പോലും കാണാം.

നോക്കൂ.
‘അജം ചത്തു ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു.
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായി പിറക്കുന്നു.
ഈച്ചചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.’

അപ്പോള്‍ സനാതനധര്‍മ്മം ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യം ഞാനും നമ്മുടെ പിതൃക്കളുമെല്ലാം തുടര്‍ച്ചയായി ജനിമൃതികളെ പുല്‍കുന്നുവെന്നതാണ്. അതായത് നമ്മുടെ പിതൃക്കള്‍ മരിക്കുകയും അവര്‍ വീണ്ടും കര്‍മ്മഫലമനുസരിച്ച് ജന്മമെടുക്കുകയും ചെയ്യുന്നൂവെന്നര്‍ത്ഥം. നമുക്ക് ഭഗവദ് ഗീതയിലേക്ക് വരും. അവിടെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നതൊന്നു കാണൂ.
‘ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യ ച
തസ്മാതപരിഹാര്യേളര്‍ത്ഥേ
ന ത്വം ശോചിതുമര്‍ഹസി ‘
(സാംഖ്യയോഗം 27)

അര്‍ത്ഥം: എന്തെന്നാല്‍ ജനിച്ചവന് മരണം സുനിശ്ചിതമാണ്. മരിച്ചവന് ജനനവും സുനിശ്ചിതമാണ്. അതിനാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത കാര്യത്തെക്കുറിച്ച് നീ എന്തിന് ദുഃഖിക്കണം?
‘വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരേളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ’
(ഭഗവദ്ഗീത സാംഖ്യയോഗം 2.22)

അര്‍ത്ഥം: മനുഷ്യന്‍ ജീര്‍ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു.
യാതൊരു സംശയവുമില്ലാത്തവണ്ണം പുനര്‍ജന്മത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഭഗവാനിവിടെ. ഇനി നമുക്ക് ആത്മാവിന് മരണശേഷം എന്താണ് ഗതിയെന്ന് ഉപനിഷത്തുക്കള്‍ പറയുന്നതു കൂടി കേള്‍ക്കാം.
‘ഗൗതമാ! വളരെ സന്തോഷത്തോടെ ഞാന്‍ നിനക്ക് ഗഹനവും നിത്യവുമായ അനാദി ബ്രഹ്മത്തെ പറഞ്ഞുതരാം. എങ്ങനെയെന്നാല്‍ മരിച്ചതിനുശേഷം ആത്മാവ് എന്തു ഗതിയെ സ്വീകരിക്കുന്നൂവെന്നവണ്ണം.’
‘ചില ജീവാത്മാക്കള്‍ അന്യയോനിയെ അഥവാ അന്യശരീരത്തെ പ്രാപിക്കുന്നു. ചിലരാകട്ടെ, കര്‍മ്മവും ജ്ഞാനവും അനുസരിച്ച് നിത്യസ്ഥനായ ഈശ്വരനെ അഥവാ ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കുന്നു.’
(കഠോപനിഷത്ത് 2.5.6)
രണ്ടു വഴികളെ മരണാനന്തരം ജീവനുള്ളു. ഒന്നു കര്‍മഫലമനുസരിച്ച് മറ്റൊരു ശരീരം സ്വീകരിക്കുക മറ്റൊന്ന് ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുക. അതാണ് കഠോപനിഷത്ത് പറയുന്നത്. അപ്പോള്‍ കര്‍മ്മഫലമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ എത്ര സമയമെടുക്കും. മറ്റൊരു ശരീരം സ്വീകരിക്കാന്‍? ഇക്കാര്യത്തിന് ബൃഹദാരണ്യകോപനിഷത്ത് നല്‍കുന്ന ഉത്തരം കൂടി കാണുക.
‘പുല്‍ത്തുമ്പിപ്പുഴു തിന്നുതിന്ന് പുല്ലിലയുടെ അറ്റത്തു നിന്ന്, അടുത്ത ഇലയിലേക്ക് തീറ്റയ്ക്കായി പ്രവേശിക്കുംപോലെ ഒരു ശരീരം നശിപ്പിച്ച് മറ്റൊന്നിലേക്ക് പ്രവേശിച്ച് ആത്മാവ് സ്വയം ഉപസംഹരിക്കുന്നു. ജീവന്റെ പൂര്‍വ്വ പ്രജ്ഞയും കര്‍മ്മവും ഒന്നിച്ചാരംഭിക്കുന്നൂ’ (ബൃഹദാരണ്യകം 4.4.3)
ഇനി നമുക്ക് ദര്‍ശനങ്ങളിലേക്ക് കണ്ണോടിക്കാം. അവിടേയും പുനര്‍ജന്മത്തെ അടിസ്ഥാനസനാതനധര്‍മ്മ ചിന്തയായി ഉയര്‍ത്തിക്കാട്ടുന്നതു കാണാം. വേദാന്തദര്‍ശനം അഥവാ ബ്രഹ്മസൂത്രം പറയുന്നതു കാണാുക.
‘തദന്തര പ്രതിപത്തൗ രംഹതി
സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാമ്’
(വേദാന്തദര്‍ശനം 3.1.1)

അര്‍ത്ഥം; ശരീരാന്തരപ്രാപ്തിയില്‍ പുനര്‍ജന്മത്തിന് ജീവാത്മാവ് ഈ ശരീരം വിട്ട് സൂക്ഷ്മദേഹത്തോടു കൂടി അന്യത്ര പോകുന്നു.
ഇനി കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തില്‍ എന്തു പറയുന്നുവെന്നു നോക്കൂ.
‘തദ് ബീജാത് സംസൃതി’
(സാംഖ്യദര്‍ശനം 3.3)

അര്‍ത്ഥം: ജീവാത്മാവിന്റെ ദേഹാന്തരഗതി സൂക്ഷ്മശരീരത്തോടു കൂടിയതാണ്.
അങ്ങനെ പുനര്‍ജന്മമുïെങ്കില്‍ ജനിമൃതികള്‍ക്കിടയ്ക്ക് ബാഹ്യവിഷയം ആത്മാവ് അനുഭവിക്കുമോ? സാംഖ്യദര്‍ശനം ഉത്തരം പറയുന്നത് കാണൂ.
‘പൂര്‍വ്വോത്പത്തേ സ്തത് കാര്യത്വം
ഭോഗാദേകസ്യ നേതരസ്യ’
(സാംഖ്യദര്‍ശനം 3.8)

അര്‍ത്ഥം: സൂക്ഷ്മശരീരയുക്തനായ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് പോകുന്നതിനിടയ്ക്ക് ബാഹ്യവിഷയങ്ങളൊന്നും അനുഭവിക്കുന്നേയില്ല. വീണ്ടും ബ്രഹ്മസൂത്രം പറയുന്നതു കാണുക.
‘പ്രാണഗതേശ്ച’
(വേദാന്തദര്‍ശനം 3.1.3)

അര്‍ത്ഥം: സൂക്ഷ്മദേഹം പ്രാണന്റെ സ്ഥാനമാണ്. അതിനാല്‍ സൂക്ഷ്മദേഹം അടുത്ത ജന്മത്തിലും ആത്മാവിനോടൊപ്പമുണ്ട്. തുടര്‍ന്നും ബ്രഹ്മസൂത്രം തന്നെ പഠിക്കൂ.
‘അഗ്ന്യാദിശ്രുതേരിതി ചേന്ന ഭാക്തത്വാത’ (വേദാന്തദര്‍ശനം 3.1.4)
അര്‍ത്ഥം: മരണകാലത്ത് വാണി മുതലായ ഇന്ദ്രിയങ്ങള്‍ ജീവാത്മാവിനോടൊപ്പം അടുത്ത ദേഹധാരണത്തിന്നായി പോകുന്നു.
നോക്കൂ, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയിലും, വ്യാസന്‍ ബ്രഹ്മസൂത്രത്തിലും കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തിലും യാജ്ഞവല്ക്യന്‍ ബൃഹദാരണ്യകോപനിഷത്തിലും, കഠോപനിഷത്തിലുമൊക്കെ ഒരുപോലെ ജീവന്‍ മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കുമെന്ന് തറപ്പിച്ചു ഉറപ്പിച്ചും പുനര്‍ജന്മത്തെ പാരാട്ടുന്നു.
Chapter 13_intro
ആധുനികശാസ്ത്രവും പുനര്‍ജന്മവും
ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലരെങ്കിലും പുനര്‍ജന്മത്തെ അംഗീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തന്‍ ലോകത്തിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്റ്റാഫ് യുങ്ങ് ആണ്. അദ്ദേഹം ‘പുനര്‍ജന്മത്തെപ്പറ്റി’ എന്നൊരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ‘നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പുനര്‍ജന്മം. നമുക്കതിനെ അളക്കുവാനോ തൂക്കുവാനോ അതിന്റെ പടമെടുക്കുവാനോ സാധ്യമല്ല. അത് ഇന്ദ്രിയ സംവേദനത്തിന് തികച്ചും അതീതമാണ്. പുനര്‍ജന്മത്തെപ്പോലെ ഇത്രയും ശാസ്ത്രയുക്തമായ ഒന്നിനെ അശാസ്ത്രീയമെന്ന് തള്ളിക്കളയുന്നത് തീരെ ചിന്തയില്ലായ്മയാണ’
ജര്‍മന്‍ ഫിസിസ്റ്റായിരുന്ന ജോര്‍ജ്ജ് ക്രിസ്റ്റഫ് ലിച്ചെന്‍ ബര്‍ഗ് തന്റെ ‘ബഞ്ചാരക്റ്റരി സ്റ്റിക്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നതു കൂടി വായിക്കൂ. ‘ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരുന്നൂവെന്ന ചിന്ത എന്റെ മനസ്സില്‍ നിന്ന് അകറ്റുവാന്‍ കഴിയുന്നില്ല’ ഡോക്ടര്‍ സ്റ്റീവന്‍സണ്‍ 1959ല്‍ ഹാര്‍പ്പേഴ്‌സ് മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു ‘The evidence for survival from claimed memories of former incarnations’ എന്നായിരുന്നു ആ ലേഖനത്തിന്റെ പേര്.

ഈ പുനര്‍ജന്മസിദ്ധാന്തം സനാതന ധര്‍മ്മത്തിലെ സമസ്ത ഗ്രന്ഥങ്ങളിലും ആധികാരികായി കടന്നുവരാന്‍ കാരണമെന്താണ്? അതിനു കാരണം ഈശ്വര രചിതമായ വേദങ്ങളാണ് ആദ്യമായി ലോകത്ത് പുനര്‍ജന്മസിദ്ധാന്തം അവതരിപ്പിക്കുന്നത്. നോക്കൂ. വേദമന്ത്രങ്ങളിലേക്ക്

ഓം അസുനീതേ പുനരസ്മാസു ചക്ഷുഃ പുനഃ പ്രാണമിഹ നോ ധേഹി ഭോഗം. ജ്യോക് പശ്യേമ സൂര്യമുച്ചരന്ത മനുമതേ മൃളയാ നഃ സ്വസ്തി.
(ഋഗ്വേദം 10.59.6)

അസുനീതോ അല്ലയോ പ്രാണദായനായ ഈശ്വരാ!
പുനരസ്മാസു ചക്ഷു: = ദയവായി അടുത്ത ജന്മത്തില്‍ ഞങ്ങള്‍ക്ക് കണ്ണുകള്‍ മുതലായ സമസ്ത ഇന്ദ്രിയങ്ങളും നല്‍കിയാലും.
പുനഃ പ്രാണമ് = പ്രാണന്‍, അതായത് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ബലം, ഉത്സാഹം തുടങ്ങിയവയോടു കൂടിയ ശരീരം പുനര്‍ജന്മത്തിലും തന്നാലും.
ഇഹ നോ ധേഹി ഭോഗം = ഈ ജന്മത്തിലും തുടര്‍ന്നുള്ള ജന്മങ്ങളിലും ഞങ്ങള്‍ ഉത്തമഭോഗങ്ങള്‍ അനുഭവിക്കട്ടെ.
ജ്യോക് പശ്യേമ സൂര്യമുച്ചരന്തമ് = അങ്ങു തന്നെ വിജ്ഞാനം കൊണ്ട് സൂര്യലോകത്തേയും പ്രാണനേയും പ്രേമപൂര്‍വ്വം നോക്കിക്കാണട്ടെ.
അനുമതേ മൃളയാ നഃ സ്വസ്തി = സമസ്ത വ്യക്തികള്‍ക്കും മാനം നല്‍കുന്ന ഭഗവാനേ എല്ലാ ജന്മങ്ങളിലും ഞങ്ങളെ സുഖികളാക്കി സ്വസ്തരാക്കിയാലും.