Course, Sanatana Dharmapadavali

Sanatana Dharmapadavali – Part 12

പ്രാചീന ഭാരതീയര്‍ ജീവജാലങ്ങളുടെ നിലനില്‍പ് ഇല്ലാതാക്കുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഒരിക്കലും മാംസം കഴിച്ചിരുന്നുമില്ല. സനാതനധര്‍മ്മത്തിന് 19-ാം നൂറ്റാണ്ടില്‍ പുതിയൊരു ഉണര്‍വ്വ് നല്‍കിയ രണ്ടു മാഹാരഥന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും. ഇരുവരും സനാതനധര്‍മ്മികളോട് മാംസം കഴിക്കരുതെന്ന് ആഹ്വാനം ചെയ്തു. അതിന്നായി അവര്‍ കൃതികളും രചിച്ചു. കരുണയും സ്‌നേഹവും എല്ലാ സഹജീവികളോടും പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് മാംസാഹാരവിരോധം. അല്ലാതെ അത് ഏതെങ്കിലും വിശ്വാസങ്ങളേയോ ചിന്താപദ്ധതികളേയോ ഹനിക്കുന്നതിന്നായിരുന്നില്ല. അതിനാല്‍ ശ്രീനാരായണഗുരു ജീവകാരുണ്യപഞ്ചകം എന്നാണ് തന്റെ കൃതിയ്ക്ക് പേരിട്ടത്. ചട്ടമ്പി സ്വാമികളാകട്ടെ ‘ജീവകാരുണ്യ നിരൂപണ’മെന്നും തന്റെ കൃതിയ്ക്ക് പേരിട്ടു ഇരുകൃതികളിലേയും കാരുണ്യഭാവത്തെ വായിക്കൂ, തിരിച്ചറിയൂ. ഉത്സാഹത്തിന്റേയും കാരുണ്യത്തിന്റേയും യഥാര്‍ത്ഥ ഭാവങ്ങള്‍.
ജീവകാരുണ്യപഞ്ചകം
1. എല്ലാവരുമാത്മസഹോദരരെ
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ
ത്തെല്ലും കൃപയറ്റു ഭുജിക്കയതും.

എല്ലാ ജീവികളും ആത്മസഹോദരങ്ങളാണ് ഇക്കാര്യം നല്ലവണ്ണം ചിന്തിച്ചറിഞ്ഞാല്‍ മനുഷ്യര്‍ മറ്റു ജീവികളെ എങ്ങനെ കൊല്ലും? മാംസം എങ്ങനെ ഭക്ഷിക്കും?
2. കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ
ന്നല്ലേ പറയേണ്ടതു ധാര്‍മികരേ!

അഹിംസാവ്രതം നല്ലതാണ്. ഒന്നിനേയും കൊല്ലാതിരിക്കുന്നത് തന്നെ നല്ലത്. പക്ഷേ മാംസഭക്ഷണം ഉപേക്ഷിക്കുന്നത് അതിനേക്കാള്‍ നല്ലതാണ്. എല്ലാ മതങ്ങളുടെ സാരാംശവും ഈ അഹിംസയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
3 കൊല്ലുന്നതു തങ്കല്‍വരില്‍ പ്രിയമാ
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ
ത്തല്ലേ മരുവേണ്ടതു സൂരികളേ!

കൊല്ലുന്നവന്‍ താനാണെന്ന് വന്നാല്‍, അതിന്റെ സത്യാനുഭവത്തിന്റെ വഴി തെളിയിക്കുന്ന ഈ ധര്‍മ്മ നിയമമാണ് തിരിച്ചറിയേത് പണ്ഡിതന്മാര്‍ ഇതനുസരിച്ച് തന്നെ ജീവിക്കുകയും വേണം.
4. കൊല്ലുന്നവനില്ല ഭുജിപ്പതിനാ
ളിലെങ്കിലാശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം.

തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാന്‍ ആളുണ്ടാവില്ല. അപ്പോള്‍ തിന്നുന്നത് തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിന് മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത് തന്നെ.
5. കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ
നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഭേദമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളും ഉണ്ടെങ്കില്‍പ്പോലും അവനൊരിക്കലും അഭയാര്‍ഹനല്ല.

ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യനിരൂപണം
പ്രമുഖമായ താന്ത്രിക പൂജയായ ശ്രീചക്രപൂജയുടെ വിധാനം എഴുതി തയ്യാറാക്കിയ ചട്ടമ്പി സ്വാമികള്‍ മാംസാഹാരത്തിന് എതിരായിരുന്നു എന്നു കാണിക്കുന്നതാണ് ജീവകാരുണ്യനിരൂപണം
മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം, കടുവ, പുലി മുതലായവ മനുഷ്യരെയും മറ്റും പിടിച്ചുതിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദികളെ സൃഷ്ടിച്ചത് എന്നു വിചാരിക്കണം. അത്ര തന്നെയുമല്ല സിംഹാദികള്‍ക്ക് ഹിംസക്കായി അവയുടെ കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാള്‍, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്, തീയ്യ്, ഉപ്പ്, പലവ്യഞ്ജനം, പാകം ചെയ്യല്‍ മുതലായവ ഒന്നും തന്നെ വേണ്ടതാനും. അതിനാല്‍ ഇതാണ് സാധാരണ ശരിയായിട്ടുള്ളത്. മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താല്‍ പിടിച്ചതുമാണ്. സിംഹാദികള്‍ക്ക് അങ്ങിനെയല്ല. അതുകൊണ്ട് മൃഗങ്ങള്‍ക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്ന് വിചാരിക്കരുതോ?
ഇനി ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങിനെയുള്ളവരാണെന്ന് പറയാമെന്നും, ന്യായപ്രകാരം അവര്‍ക്ക് എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മാംസഭുക്കുകളായ സിംഹം, കടുവ മുതലായ ജന്തുക്കളെ ദുഷ്ടമൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാന്‍ മുതലായവയെ സാധുമൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. പ്രയാസപ്പെട്ടാലേ വല്ലപ്പോഴും അതിന് മാംസം കിട്ടുകയുള്ളൂ. നമുക്ക് മാംസാഹാരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ് അന്യജന്തുവിന് വേദനെയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് മൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന് ‘ദുഷ്ട ‘എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് ‘ദുഷ്ട ദുഷ്ട’ എന്ന വിശേഷണം കൊടുക്കണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ കൊല്ലാതിരിക്കുന്നവനോട് ദുര്‍ന്യായങ്ങള്‍ പറഞ്ഞ് കൊല്ലിക്കകൂടി ചെയ്യുന്നുണ്ട്. അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യന്‍ ഇവനോട് എങ്ങിനെ പെരുമാറാനാണ് ഇവന്റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്റെ ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍ ദുഷ്ടമൃഗത്തെക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നുചേരുന്നത്. ഇങ്ങനെയുള്ള മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്റെ ഹിംസാന്യായം കൊണ്ട് തന്നെ സിദ്ധിക്കുന്നു.
നമ്മുടെ ഹിന്ദുമതം മാംസഭക്ഷണത്തെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നുവെന്ന് വളരെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കാണുന്നത്. എല്ലാ പരമാചാര്യന്മാരും ഒന്നുപോലെ മാംസഭക്ഷണത്തെ നിരോധിച്ചിരിക്കയാണ്.