Sanatana Dharmapadavali – Part 10
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങള്‍ ഭഗവദ്ഗീത തള്ളിക്കളയുന്നുണ്ടോ? വൈദിക ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളെ ഭഗവദ്ഗീത അംഗീകരിക്കുന്നുണ്ടോ? അതോ വൈദിക ആചരണങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തള്ളിക്കളയുകയാണോ ചെയ്യുന്നത്?
വേദങ്ങളെ തള്ളിക്കളയുന്ന ഏതെങ്കിലും ശാസ്ത്രമുണ്ടെങ്കില്‍ അത് നാസ്തികമാണെന്നു മനുസ്മൃതി ആണയിട്ടു പറയുന്നു. നാസ്തികോ വേദനിന്ദകഃ (മനുസ്മൃതി) അപ്പോള്‍ വേദത്തെ തള്ളിക്കളയുന്നതെല്ലാം നാസ്തികം അഥവാ നിരീശ്വരവാദപരമെന്ന് മനു ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. മനുസ്മൃതിയെ അംഗീകരിയ്ക്കുകയും പഠിക്കുകയും ചെയ്ത വേദവ്യാസന്‍ ഗീതയിലൂടെ വേദത്തെ തള്ളിപ്പറയുകയില്ല. മനുവിനെ അംഗീകരിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയുടെ നാലാം അദ്ധ്യായം തുടങ്ങുന്നതു തന്നെ നഷ്ടപ്പെട്ടുപോയ ഗീതാതത്ത്വം ആദ്യം മനുവിന് ഉപദേശിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ്. കാണൂ ആ ഗീതാ ശ്ലോകം
“വിവസ്വാന്‍ മനവേ പ്രാഹ
മനുരിക്ഷ്വാകവേളബ്രവീത് ”
നാശമില്ലാത്ത ആ യോഗം സൂര്യന്‍ പുത്രനായ മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചുവെന്നര്‍ത്ഥം. അപ്പോള്‍ മനുവിനെ അംഗീകരിക്കുന്ന ഭഗവാന്‍ വേദത്തെ തള്ളിക്കളയില്ല. വൈദിക ആചരണങ്ങളേയും ഭഗവാന്‍ തള്ളില്ല.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയെ ഉപദേശിച്ചത് ഏതാണ്ട് 5000 വര്‍ഷം മുന്‍പാണ്. അന്ന് നിലവിലുണ്ടായിരുന്ന ഗുരുകുലസമ്പ്രദായത്തില്‍ പഠിപ്പിച്ചിരുന്നത് നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളുമാണ്. ഇന്നു നാം കാണുന്ന ചിന്താധാരകളില്‍ ഭൂരിപക്ഷവും അടുത്തകാലത്തുണ്ടായതാണ്. അതിനാല്‍ത്തന്നെ ഗീതയിലെ ആശയങ്ങള്‍ക്ക് വേദങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നു കാണാം.
ഭഗവാന്‍ സ്വയം താന്‍ വേദമാണെന്നു പറയുന്നു
നോക്കൂ ഗീതയിലെ ഈ ശ്ലോകം
“പിതാമഹസ്യ ജഗതോ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാര
ഋക് സാമ യജുരേവ ച ”
(ഭഗവദ്ഗീത 9.17)
പ്രപഞ്ചത്തിന്റെ പിതാമഹനും, മാതാവും, പിതാവും പരമാത്മാവായ ഞാന്‍ തന്നെ. അറിയപ്പെടേണ്ടതും പവിത്രവുമായ ഓംകാരം ഞാന്‍ തന്നെ. ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം ഇവയും ഞാന്‍ തന്നെ.
വീണ്ടും ഭഗവാന്‍ പറയുന്നത് ഗീതയില്‍തന്നെ നമുക്ക് പഠിക്കാം.
“വേദാനാം സാമവേദോളസ്മി”
(ഭഗവദ്ഗീത 10.22)
വേദങ്ങളില്‍ ഞാന്‍ സാമവേദമാണ്.
ശ്രീമദ് ഭഗവദ്ഗീത യജ്ഞവിരോധിയാണോ ?
ഓരോ വര്‍ണത്തില്‍പ്പെട്ടവനും ഓരോ ധര്‍മം അനുശാസിച്ചിട്ടുണ്ട്. വര്‍ണമെന്നാല്‍ ഇന്നു കാണുന്ന ജാതിയല്ല. പശു ഒരു ജാതിയാണ്. മനുഷ്യനും ഒരു ജാതിയാണ്. വര്‍ണം വരിക്കുന്നതാണെന്ന് യാസ്‌ക്കന്‍ പറഞ്ഞിട്ടുണ്ട്. കര്‍മം അനുഷ്ഠിക്കാതിരിക്കുന്നത് ശരിയല്ല എന്ന് ഭഗവാന്‍ പറയുന്നു. നോക്കൂ.
“നിയതം കുരു കര്‍മ ത്വം
കര്‍മ്മജ്യായോ ഹ്യകര്‍മ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകര്‍മണഃ ”
(ഭഗവദ്ഗീത 3.8)
അര്‍ത്ഥം: അതിനാല്‍ നിനക്ക് വിധിച്ച കര്‍മ്മത്തെ അനുഷ്ഠിക്കുക. കര്‍മം ചെയ്യാതിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് കര്‍മം അനുഷ്ഠിക്കുന്നത്. കര്‍മം ചെയ്യാതിരുന്നാല്‍ നിന്റെ ശരീരത്തെപ്പോലും നിലനിര്‍ത്താന്‍ കഴിയില്ല
അതിനാല്‍ കര്‍മം ചെയ്യണം. പ്രതിദിനം അഗ്നിഹോത്രം ചെയ്യുമ്പോള്‍ നാം പലതവണ പറയുന്ന ഒരു വാചകമുണ്ട്. ഇദമഗ്നയേ ഇദം ന മമ; ഇദം സോമായ ഇദം ന മമ, ഇദമിന്ദ്രായ, ഇദം ന മമ. എന്താണ് ഈ ഇദം ന മമ? ഇത് എന്റേതല്ലെന്ന് അര്‍ത്ഥം. നാം ചെയ്യുന്ന പ്രവൃത്തികളിലൊന്നും ഞാനെന്നോ, എന്റേതെന്നോ ഉള്ള ഭാവമുïാകരുതെന്ന് പഞ്ചമഹായജ്ഞത്തിലെ പ്രമുഖമായ ദേവയജ്ഞം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന്‍ ഇതേ കാര്യം ഭഗവദ്ഗീതയില്‍ ശ്ലോകമായി ഓര്‍മ്മപ്പെടുത്തുന്നതു കാണൂ.
“യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേളര്‍ജ്ജുന
കര്‍മേന്ദ്രിയൈഃ കര്‍മയോഗം
അസക്തഃ സ വിശിഷ്യതേ”
(ഭഗവദ്ഗീത 3.7)
അര്‍ത്ഥം: ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ച് ഞാന്‍ എന്നോ എന്റേതെന്നോ ആയ ഭാവങ്ങളെ ഉപേക്ഷിച്ച്, കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് അസക്തനായി സ്വധര്‍മ്മം അനുഷ്ഠിക്കുന്നവന്‍ ശ്രേഷ്ഠനാണ്.
യജ്ഞമെന്നാല്‍ ത്യാഗമാണ്. അന്യന് കൊടുത്തു മാത്രം ഉണ്ണുന്നവനേ ശ്രേയസ്സുണ്ടാവൂവെന്ന് വേദം പറയുന്നു. നോക്കൂ ഋഗ്വേദത്തിലെ ഒരു മന്ത്രം.
“ഓം മോഘമന്നം വിന്ദതേ അപ്രചേതാ
സത്യം ബ്രവീമി വധ ഇത്‌സ തസ്യ
നാര്യമണം പുഷ്യതി നോ സഖായം
കേവലാഘോ ഭവതി കേവലാദീ ”
(ഋഗ്വേദം 10.117.6)
അര്‍ത്ഥം:
അപ്രചേതാഃ = ഉദാരമില്ലാത്ത മനസ്സോടുകൂടിയ സ്വാര്‍ത്ഥ വ്യക്തി
അന്നം മോഘം
വിന്ദതി = അന്നമാകുന്ന ധനത്തെ നേടുന്നത് വ്യര്‍ത്ഥമാണ്.
സത്യം
ബ്രവീമി = ഞാന്‍ (ഭഗവാന്‍)
സത്യം പറയുന്നു എന്തെന്നാല്‍
സഃ തസ്യ
വധ ഇത് = ആ അന്നമാകുന്ന ധനം അവന്റെ മരണം തന്നെയാകുന്നു, കാരണം
ന അര്യമണം
പുഷ്യതി = അവന്‍ വിദ്യ നല്‍കിയ ആചാര്യന്മാരെ പോഷി പ്പിക്കുന്നില്ല, ദേവതകള്‍ക്ക് ഒന്നും നല്‍കുന്നില്ല. ഇങ്ങനെയുള്ള
കേവലാദീ = തനിച്ചു ഭക്ഷിക്കുന്നവന്‍
കേവലാഘോ
ഭവതി = കേവലം പാപത്തെയാണ് ഭുജിക്കുന്നത്.
ഇതേ അര്‍ത്ഥത്തിലുള്ള ശ്ലോകം നമുക്ക് ഗീതയില്‍ കാണാം. നോക്കൂ.
യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സര്‍വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മകാരണാത
(ഭഗവദ്ഗീത 3.13)
ഈ ശ്ലോകത്തിന് ശ്രീ ഭഗവാന്‍ ശങ്കരാചാര്യ സ്വാമികള്‍ എഴുതിയ ഭാഷ്യം നമുക്കൊന്ന് പഠിക്കാം.
ദേവയജ്ഞം (അഗ്നിഹോത്രം) തുടങ്ങിയ പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിച്ചിട്ട് അതിന്റെ ശിഷ്ടമായുള്ള അമൃതം എന്നു പേരുള്ള അന്നത്തെ കഴിക്കുന്ന ശീലമുള്ളവരാണ് യജ്ഞശിഷ്ടാശികള്‍; അങ്ങനെയുള്ള സത്തുക്കള്‍ സര്‍വ്വദുഃഖങ്ങളില്‍ നിന്നും, അതായത് അടുപ്പില്‍ തീ കൂട്ടുന്നതിലൂടെ ജീവികള്‍ മരിക്കാനിടയാകുന്ന വിധത്തിലുള്ള അഞ്ചു ഹിംസാസ്ഥാനങ്ങളില്‍ നിന്നും, തെറ്റുകള്‍ ചെയ്യപ്പെടുന്നതില്‍ നിന്നും ഉണ്ടാകുന്ന പാപത്തില്‍ നിന്ന് മുക്തരാകുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ തനിയ്ക്കു വേണ്ടി മാത്രം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത്, അവര്‍ പാപത്തെത്തന്നെയാണ് ഭുജിക്കുന്നത്
1. അതായത് ഋഗ്വേദത്തില്‍ ദേവതകള്‍ക്ക് കൊടുത്തേ ആഹരിക്കാവൂ എന്ന് പറഞ്ഞിരിക്കുന്നു.
2. അതേ കാര്യം തന്നെ ഗീതയിലും പറഞ്ഞിരിക്കുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെ ഉണ്ണുന്നുവെന്ന് ഇരു ഗ്രന്ഥങ്ങളും പറയുന്നു.
3. ഇങ്ങനെ പാപം സ്പര്‍ശിക്കാതിരിക്കാന്‍ ദേവയജ്ഞം അഥവാ അഗ്നിഹോത്രം മുതലായ പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കണമെന്നര്‍ത്ഥം.
4. ബ്രഹ്മയജ്ഞം, ദേവയജ്ഞം (അഗ്നിഹോത്രം), അതിഥിയജ്ഞം, പിതൃയജ്ഞം, ബലിവൈശ്വദേവയജ്ഞം എന്നീ പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിച്ച ശേഷമേ ഒരാള്‍ ഭക്ഷിക്കാവൂ. അല്ലാതെ ഉണ്ണുന്നത് പാപമാണെന്ന് ഋഗ്വേദവും ഭഗവദ്ഗീതയും ഒരുപോലെ പറയുന്നു.
കാരണമെന്താണെന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.
അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം മന്ത്രോളഹമഹമേവാജ്യം
അഹമഗ്നിരഹം ഹുതം
(ഭഗവദ്ഗീത 9.16)
അര്‍ത്ഥം: ഭഗവാന്‍ പറയുകയാണ്. ദേവന്മാര്‍ക്കായി ചെയ്യുന്ന യജ്ഞം ഞാനാണ്. ഋഷിയജ്ഞവും ഞാനാണ്. പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മ്മവും ഞാന്‍ തന്നെ. മരുന്നും മന്ത്രവും ഞാന്‍ തന്നെ. ഹോമദ്രവ്യങ്ങള്‍, നെയ്യ്, അഗ്നി ഇവയും ഞാനാണ്. അഗ്നിയില്‍ അവര്‍ അര്‍പ്പിക്കുന്ന ക്രിയയും ഞാന്‍ തന്നെ.
അതിനാല്‍ അഗ്നിഹോത്രം തുടങ്ങിയ പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കാനും ഭഗവദ്ഗീത ഉപദേശിക്കുന്നു. കാണുക:
“തസ്മാച്ഛാസ്ത്രം പ്രമാണം തേ
കാര്യാകാര്യവ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം
കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി”
(ഭഗവദ്ഗീത 16.24)
അതിനാല്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന കാര്യത്തില്‍ ശാസ്ത്രത്തെ അഥവാ വേദത്തെ പ്രമാണമായി സ്വീകരിക്കുക. ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് നീ കര്‍മ്മങ്ങളെ അനുഷ്ഠിക്കുക.
അതിനാല്‍ ഭഗവദ്ഗീതയിലൂടെ നിങ്ങളും വേദത്തെ അറിയൂ.
യജ്ഞമനുഷ്ഠിക്കാന്‍ ഗീത പറയുന്നു
യജ്ഞദാനതപഃ കര്‍മ ന ത്യാജ്യം കാര്യമേവ
തത് യജ്ഞോദാനം തപശ്ചൈവ
പാവനാനി മനീഷിണാം
(ഭഗവദ്ഗീത 18.5)
അര്‍ത്ഥം: യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ല. അത് അനുഷ്ഠിക്കുക തന്നെയാണ് വേണ്ടത്. കാരണം, യജ്ഞം, ദാനം, തപസ്സ് എന്നിവ വിവേകികളെ പവിത്രരാക്കുന്നു.
അതിനാല്‍ ഭഗവദ്ഗീത വേദം പഠിക്കണമെന്നും, അഗ്നിഹോത്രാദികള്‍ ചെയ്യമമെന്നും അനുശാസിക്കുന്നു; സനാതനധര്‍മ്മികളെ ഉപദേശിക്കുന്നു.
നിത്യവും വേദം പഠിക്കണമെന്ന് ഗീത പറയുന്നു
അന്തഃകരണശുദ്ധിയ്ക്ക് പ്രധാനമായി സനാതന ധര്‍മ്മം ആവശ്യപ്പെടുന്നത് സ്വാധ്യായമാണ്. സ്വാധ്യായമെന്നാല്‍ അര്‍ത്ഥസഹിതം വേദപാഠം ചെയ്യലാണെന്ന് ശാസ്ത്രമറിയുന്നവര്‍ക്കറിയാം. ഇക്കാര്യം ഭഗവാന്‍ ഭഗവദ്ഗീതയുടെ 16-ാം അദ്ധ്യായത്തില്‍ തുറന്നു പറയുന്നത് കാണുക.
“സ്വാധ്യായസ്തപ ആര്‍ജവം (ഭഗവദ്ഗീത” 16.1)
ഇനിയും വേദത്തിന്റെ മഹത്ത്വം ഭഗവദ്ഗീത പാരാട്ടുന്നത് കാണുക.
“യദക്ഷരം വേദവിദോ വദന്തി വിശന്തി യദ്യതയോ
വീതരാഗാഃ യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത് തേ പദം സംഗ്രഹേണ പ്രവക്ഷ്യേ.”
(ഭഗവദ്ഗീത 8-11)
വേദത്തില്‍ നിഷ്ണാതരായവര്‍ ഏതൊന്നിനേയാണോ നാശമില്ലാത്തതെന്ന് വിശദീകരിക്കുന്നത്, ഏതൊന്നിലാണോ ആസക്തി രഹിതരും, പരിശ്രമശാലികളുമായ തപസ്വികള്‍ പ്രവേശിക്കുന്നത്, ഏതൊന്ന് പ്രാപിക്കുന്നതിനാണോ ബ്രഹ്മചാരികള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത്, ആ പരമപദത്തെക്കുറിച്ച് ഞാന്‍ നിന്നോട് ചുരുക്കിപ്പറയാം.
നോക്കൂ; വേദത്തില്‍ നിഷ്ണാതരായാല്‍ ആ പരമപദത്തെ അഥവാ ആത്മസാക്ഷാത്ക്കാരത്തെ നേടാമെന്ന് ശ്രീ ഭഗവാന്‍ തീര്‍ത്തു പറയുന്നു.